വൈദ്യുതി യുദ്ധം
ഡിബിൻ റോസ് ജേക്കബ്

1880, ഇരുണ്ട രാവ്.ന്യൂജെഴ്സിയിലെ മെൻലോ പാർക്കിൽ മുപ്പത്തിമൂന്ന് വയസ്സുള്ള തോമസ് ആൽവ എഡിസണെ കാണാം. തുറന്ന ആകാശം, തുറന്ന ഭൂമി. മുന്നിൽ മാന്യമായി വേഷം ധരിച്ച ഒരു കൂട്ടം ആളുകൾ. സംരഭകരും നിക്ഷേപകരും. പുതുതായി പേറ്റന്റ് കിട്ടിയ ഒരു ഗ്ളാസ് ട്യൂബാണ് എഡിസന്റെ കയ്യിൽ.
വെളിച്ചം വിതറുന്ന ചില്ലുഗോളം. സ്വിച്ചിട്ടപ്പോൾ അതിന്റെ പകർപ്പുകൾ തുറസ്സായ ഇടത്തെ പ്രകാശ പൂരിതമാക്കി, ഇരുട്ടിന്റെ തിരശ്ശീലയെ കീറിമുറിച്ച ദ്യുതി. ദീർഘനേരം പ്രകാശിക്കുന്ന ലോകത്തെ ആദ്യത്തെ ലൈറ്റ് ബൾബ്.
Gentleman, I hope you brought your checkbooks!
~

മൈക്കൽ മിട്നിക്കിന്റെ തിരക്കഥയിൽ അൽഫോൻസോ ഗോമസ് റിജൺ സംവിധാനം ചെയ്ത The current war (2019) ആരംഭിക്കുന്നു. ക്രാന്തദർശി തോമസ് എഡിസണും, വ്യവസായി ജോർജ് വെസ്റ്റിംഗ്ഹൗസും, അതുല്യ പ്രതിഭ നിക്കോള ടെസ്ലയും തിരശ്ശീലയിൽ. ബനഡിക്ട് കുംബർബാച്ച്, മൈക്കൽ ഷാനൺ, നിക്കൊളാസ് ഹൂൾട്ട്- മികച്ച താരനിര.Stellar cast, scintillating stage.എഡിസൺ-ടെസ്ല മാൽസര്യം ഏറെ
ചർച്ച ചെയ്യപ്പെട്ടതാണ്. പക്ഷേ ഇവിടെ പോരാട്ടം എഡിസണും വെസ്റ്റിംഗ്ഹൗസും തമ്മിൽ.
രണ്ടു തരം ചിന്തകൾ തമ്മിൽ, രണ്ടു തരം വൈദ്യുതി ഉൽപാദന-വിതരണ രീതികൾ തമ്മിൽ. It’s a war of currents. The man who controls the current, controls the future.
~
ആധുനികതയ്ക്ക് അടിത്തറയിട്ട പ്രതിഭകളെ പരാമർശിക്കുമ്പോൾ ജോർജ് വെസ്റ്റിംഗ്ഹൗസിന്റെ പേര് കേൾക്കാറില്ല. എന്നാൽ ഇരുപതാം നൂറ്റാണ്ടിൽ, മനുഷ്യരാശിയുടെ വൻ മുന്നേറ്റത്തിന് അടിത്തറ പാകിയ ഏതൊരു പ്രതിഭയോടും കിടപിടിക്കും ആ അമേരിക്കക്കാരൻ.1846-ൽ പെൻസിൽവേനിയയിൽ ജനിച്ച വെസ്റ്റിംഗ്ഹൗസ് യൗവനത്തിൽ എൻജിനീയറും വ്യവസായിയുമായി വളർന്നു. കൗമാര പ്രായത്തിൽ, റെയിൽ റോട്ടറി സ്റ്റീം എഞ്ചിൻ രൂപകൽപ്പന ചെയ്ത് പേറ്റന്റ് നേടി. തുടർന്ന്,പാളം തെറ്റിയ റെയിൽ കാറുകളെ ട്രാക്കിലേക്ക് നയിക്കുന്ന ഉപകരണം കണ്ടു പിടിച്ചു. ട്രെയിനിന്റെ ട്രാക്ക് മാറ്റുന്ന റെയിൽവേ സ്വിച്ച് പേറ്റന്റിനും ഉടമയായി.

തൊഴിൽ ദിനങ്ങളിലൊന്നിൽ വെസ്റ്റിംഗ്ഹൗസ് ഒരു റെയിൽ അപകടത്തിന് സാക്ഷിയായി.
രണ്ട് എൻജിൻ ഡ്രൈവർമാരും വാഹനങ്ങൾ ഒരേ ട്രാക്കിൽ എതിരെ വരുന്നത് ദൂരെ നിന്നേ കണ്ടിരുന്നു, പക്ഷേ കൂട്ടിയിടി തടയാൻ കഴിഞ്ഞില്ല. അക്കാലത്ത് ട്രെയിനിന് കേന്ദ്രീകൃത ബ്രേക്കിംഗ് സംവിധാനം ഉണ്ടായിരുന്നില്ല. ഡ്രൈവർ ബോഗികൾക്ക് ഇടയിലൂടെ ഓടി ഓരോ ബോഗിയും ബ്രേക്കിട്ട് നിർത്തണം. പരിഹാരം തേടിയ വെസ്റ്റിംഗ്ഹൗസ് കംപ്രസ്ഡ് എയർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബ്രേക്കിംഗ് സംവിധാനം വികസിപ്പിച്ചു. വായു നിറച്ച നീണ്ട ഒരു പൈപ്പ് എല്ലാ ബോഗികളേയും ബന്ധിപ്പിക്കും. ഇതൊരു ഫെയിൽസേഫ് സിസ്റ്റവുമാണ്, പൈപ്പിന് തകരാറ് പറ്റിയാൽ ട്രെയിൻ ഓട്ടം നിർത്തും. എണ്ണ വിളക്ക് മുഖേന പ്രവർത്തിച്ചിരന്ന റെയിൽവേ സിഗ്നലിനേയും വെസ്റ്റിംഗ്ഹൗസ് മെച്ചപ്പെടുത്തി. പുതിയ പേറ്റന്റുകളുടെ ബലത്തിൽ രണ്ട് കമ്പനികൾ സ്ഥാപിച്ചു, അതിസമ്പന്നനായി. ഇപ്പോഴും ട്രെയിനുകളും ഹെവി ട്രക്കുകളും
വെസ്റ്റിംഗ്ഹൗസിന്റെ ആശയങ്ങളുടെ പരിഷ്ക്കരിച്ച പതിപ്പാണ് ഉപയോഗിക്കുന്നത്.
പേരു കേട്ട ശാസ്ത്രജ്ഞനായി വളരാൻ തുടങ്ങിയ എഡിസണുമായി സഹകരിക്കാൻ വെസ്റ്റിംഗ്ഹൗസ് ആഗ്രഹിച്ചു. എഡിസണ് താൽപര്യമില്ലായിരുന്നു, സമീപനത്തിലെ വ്യത്യസ്ത അവരെ അകറ്റി.
ആ പ്രതിഭാശാലികൾ രണ്ടു തരം വൈദ്യുതിയുടെ പേരിൽ കൊമ്പുകോർത്തു.
~

വൈദ്യുതി ആരും കണ്ടു പിടിച്ചതല്ല, അതൊരു പ്രകൃതി പ്രതിഭാസം. ആദിമുതൽ മനുഷ്യൻ ഭയന്നിരുന്ന ശക്തി. ഇടിമിന്നൽ ഇന്ദ്രന്റെ ആയുധമാണെന്ന് ഭാരതീയരും സ്യൂസ് ദേവന്റെ സംഹാര മാർഗ്ഗമാണെന്ന് ഗ്രീക്കുകാരും വിശ്വസിച്ചു. ശാസ്ത്ര പുരോഗതി വഴി വൈദ്യുതിയെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും സ്വയം സംരക്ഷിക്കാനും നാം പഠിച്ചു. രണ്ടു തരം വൈദ്യുതിയുണ്ട്-
സ്ഥിത വൈദ്യുതി (Static electricity),
ധാരാ വൈദ്യുതി (Current electricity).
രണ്ടു വസ്തുക്കൾ തമ്മിൽ ഉരസുന്നതു
വഴി അവയുടെ ഉപരിതലത്തിൽ രൂപം കൊള്ളുന്നത് സ്ഥിത വൈദ്യുതി. വസ്തുക്കൾ തമ്മിൽ ആകർഷണമോ, അപകടരഹിതമായ തീപ്പൊരിയോ ഉണ്ടാകാം. ചില വസ്ത്രങ്ങൾ അണിയുമ്പോൾ രോമം ഉയരുന്നത് ശ്രദ്ധിക്കുക.
ഇലക്ട്രോണുകളുടെ ചലനം മൂലം ഉണ്ടാകന്നത് ധാരാ വൈദ്യുതി, ഒഴുകാൻ മാധ്യമം വേണം.
(ഉദാഹരണം ചെമ്പുകമ്പി).17-18 നൂറ്റാണ്ടുകളിൽ ഓട്ടോ വാൻ ഗ്യൂറിക്കും കൂംളംബും സ്ഥിത വൈദ്യുതിയെ ആദ്യമായി നിരീക്ഷിച്ചു. 1752-ൽ ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ബെഞ്ചമിൻ ഫ്രാങ്ക്ളിൻ ഇടിമിന്നലിൽ രണ്ടു തരം വൈദ്യുതി പ്രഭാവം പഠിച്ചു (Kite flying experiments). പതിനെട്ടാം നൂറ്റാണ്ടിൽ മൈക്കൽ ഫാരഡേ വികസിപ്പിച്ച ഇലക്ട്രോ മാഗ്നറ്റിക് തത്വങ്ങൾ പിന്നീട് ഫ്രഞ്ച് ഇൻവെന്റർ ഹിപ്പോലൈറ്റ് പിക്സിയെ AC ജനറേറ്റർ രൂപകൽപന ചെയ്യാൻ സഹായിച്ചു. 1878-ൽ ഹംഗറിയിലെ ബുഡാപെസ്റ്റിലെ ഗാൻസ് ഫാക്ടറി രാജ്യത്ത് വൈദ്യുതി വിതരണം ആരംഭിച്ചു, ഉപയോഗിച്ചത് AC വൈദ്യുത വിതരണ ശ്രൃംഖലയും, എഡിസൺ വികസിപ്പിച്ച ബൾബും.
~

ഡിസി എന്നാൽ Direct current.
ഒരേ ദിശയിൽ ഒഴുകുന്ന വൈദ്യുത ചാർജ്.
(ഉദാഹരണം ബാറ്ററി). മാധ്യമങ്ങൾ ചാലകമോ, അർധചാലകമോ. എസി എന്നാൽ Alternating current, ഇടക്കിടെ ദിശ മാറും. പ്രധാന ഉപയോഗം ദൂരസ്ഥലത്തേക്കുള്ള ഊർജ്ജ വിതരണം.1800-ൽ ഇറ്റാലിയൻ ശാസ്ത്രജ്ഞൻ അലസാന്ദ്രോ വോൾട്ട ഡിസിയുടെ സ്വഭാവം കണ്ടെത്തി ബാറ്ററി വികസിപ്പിച്ചു. എട്ടു വർഷം കഴിഞ്ഞ് എഡിസൺ ഡിസി ഉപയോഗിച്ച് പുതിയൊരു വെല്ലുവിളി ഏറ്റെടുത്തു. ന്യൂയോർക്കിലെ ഒരു സ്ക്വയർ മൈൽ പ്രദേശം പ്രകാശം കൊണ്ട് നിറയ്ക്കുക, തനിക്കു മുമ്പേ പോയവർ ലോകത്തിന് നൽകിയ ഇലക്ട്രിക് ബൾബിനെ മെച്ചപ്പെടുത്തി പൊതുജനത്തിന് ലഭ്യമാക്കുക. വാതക-എണ്ണ വിളക്കുകളുടെ കാലം പിന്നിലാക്കി മനുഷ്യൻ വൈദ്യുത യുഗത്തിലേക്കുള്ള പ്രയാണം തുടങ്ങി.
അതേസമയം വെസ്റ്റിംഗ്ഹൗസ് വിശ്വസിച്ചത് ഓൾട്ടർനേറ്റിംഗ് കറന്റിനെ. യുദ്ധം തുടങ്ങുകയാണ്. അമേരിക്കൻ നഗരങ്ങൾ വൈദ്യുതവൽക്കരിക്കാനുള്ള അടങ്ങാത്ത മാൽസര്യം. അന്തരീക്ഷത്തിൽ നിന്ന് അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന മാന്ത്രികർ!റെയിൽവേ പരിഷ്കാരങ്ങളിലൂടെ നേടിയ സ്വത്ത് ജോർജ് വെസ്റ്റിംഗ്ഹൗസിന് മുതൽക്കൂട്ടാണ്. ആശയങ്ങൾ മാത്രം പോര,ശരിയായ സമയത്ത് പണത്തിന്റെ അഭാവം
ഏറ്റവും മികച്ച ഉദ്ദേശ്യങ്ങളെ പോലും തോൽപിച്ചു കളയും. വെസ്റ്റിംഗ്ഹൗസ് ഒറ്റയ്ക്കല്ല. മുന്നേറ്റങ്ങൾ ഒരാളുടെ മാത്രം കുത്തകയല്ല. പേരു കേട്ട എല്ലാ തലച്ചോറിന് പിന്നിലും അതിസാമർത്ഥ്യമുള്ള ഒരു സംഘമുണ്ട്. 1884-ൽ വില്യം സ്റ്റാൻലി എന്ന ഭൗതിക ശാസ്ത്രജ്ഞനെ വെസ്റ്റിംഗ്ഹൗസ് എസി വൈദ്യുത വിതരണ (AC power transmission) ഗവേഷണ ചുമതല ഏൽപ്പിച്ചു.
അതേസമയം കിഴക്കൻ യൂറോപ്പിലെ ഹംഗറിയിൽ നടക്കുന്ന കാര്യങ്ങൾ അവർ നിരീക്ഷിക്കുന്നുണ്ട്. സ്റ്റെപ് അപ്/സ്റ്റെപ് ഡൗൺ ട്രാൻസ്ഫോർമർ ഉപയോഗിച്ച് വോൾട്ടേജ് കൂട്ടിയും കുറച്ചും, വൈദ്യുതി ദൂരേക്ക് കൊണ്ടു പോകണം. ഭൂമിക്കടിയിലല്ല, മുകളിലാണ് വൈദ്യുത കമ്പികൾ, പോസ്റ്റുകളിൽ നാട്ടിയവ. ഈ രീതിയിൽ ചെലവു കുറയ്ക്കാമെന്ന് വെസ്റ്റിംഗ്ഹൗസ് കരുതുന്നു. അങ്ങനെ വ്യവസായിക അടിസ്ഥാനത്തിൽ ഡിസിയെ ജയിക്കാൻ എസിക്ക് കഴിയും.ഡിസിയെ ജയിക്കുക എന്നാൽ എഡിസണെ തോൽപ്പിക്കുക എന്നാണ് അർത്ഥം.
അക്കാലത്ത് ഡിസിയുടെ ഏറ്റവും വലിയ വക്താവാണ് എഡിസൺ.
~
If you want to be remembered, leave the world better than you found it.
മെൻലോ പാർക്കിലെ എഡിസന്റെ പരീക്ഷണ ശാലയിലും ആവേശം നുരയുകയാണ്. ഭാര്യയും കുട്ടികളും, വിശ്വസ്ഥനായ സെക്രട്ടറി സാമുവൽ ഇൻസലും കൂടെയുണ്ട്. സാമുവൽ പരീക്ഷണശാലയിലെ മിടുക്കൻമാരെ ഏകോപിപ്പിക്കുന്നു. എഡിസൺ അപ്പോൾ സമ്പന്നനല്ല. മുന്നോട്ടു പോകാൻ ജെ പി മോർഗനെ പോലുള്ള കുത്തകകളുടെ സഹായം വേണം. മോർഗന് സർഗാത്മകതയുടെ കനൽവഴിയേക്കാൾ വലുത് മുടക്കിയ പണത്തിന്റെ ലാഭമാണ്. എഡിസന്റെ ലാബ് അമേരിക്കയിലെ ഏറ്റവും മിടുക്കരായ എൻജിനീയർമാരാൽ സമ്പന്നം. പിന്നീട് എഡിസൺ ആയിരത്തിലധികം പേറ്റന്റുകൾക്ക് ഉടമയായി, അതെല്ലാം എഡിസന്റെ തലയിൽ വിരിഞ്ഞതല്ല, പക്ഷേ താൻ ഉദ്ദേശിച്ചത് ലഭിക്കുന്നതു വരെ ടീമിനെ സമ്മർദ്ദത്തിലാക്കാനും പ്രചോദിപ്പിക്കാനുമുള്ള അസാമാന്യ പാടവമുണ്ടായിരുന്നു.

Edison was a scientist, leader, visionary and entrepreneur- all rolled into one.
പരീക്ഷണ ശാലയിൽ മസ്തിഷ്കങ്ങൾ
പുകഞ്ഞ ദിനങ്ങളിൽ മസ്തിഷ്ക രോഗം ബാധിച്ച് എഡിസന്റെ ഭാര്യ മരിച്ചു. വേദന സഹിച്ച്, കുട്ടികളെ ചേർത്തു പിടിച്ച് ജോലി തുടർന്നു. എഡിസന്റെ ഇലക്ട്രിക് ബൾബ് ഗ്യാസ് ലൈറ്റിനേക്കാൾ വിലകുറവും വൃത്തിയുള്ളതുമാണ്, പക്ഷേ ഡിസി വഴിയുള്ള വൈദ്യുത വിതരണം പരിമിതവും ചെലവ് കൂടിയതുമാകുന്നു. അമേരിക്കയിലെ നഗരങ്ങൾ തങ്ങളുടെ രീതി സ്വീകരിക്കാനുള്ള സമ്മർദ്ദ തന്ത്രങ്ങളിൽ എഡിസണും വെസ്റ്റിംഗ്ഹൗസും മുഴുകി.
~
Sometimes you have to work outside the rules to get it right. That’s how you truly win.
ക്രൊയേഷ്യയിൽ നിന്നും കുടിയേറിയ നിക്കോള ടെസ്ല എഡിസന്റെ ടീമിൽ. എസിയാണ് ഭാവി എന്ന് ടെസ്ല വിശ്വസിക്കുന്നു. പക്ഷേ തന്റെ ബോധ്യം തിരുത്താൻ എഡിസൺ തയ്യാറല്ല.
എസി വൈദ്യുതിയിലൂടെ കുറഞ്ഞ ചെലവിൽ വിതരണം നടത്താമെന്ന ബോധ്യത്തിൽ ടെസ്ല ഉറച്ചു നിൽക്കുന്നു, എഡിസൺ വഴങ്ങുന്നില്ല. മനം മടുത്ത ടെസ്ല എഡിസനെ വിട്ട് വെസ്റ്റിംഗ്ഹൗസിനെ സമീപിക്കുന്നു, വില്യം സ്റ്റാൻലിയുമായി ചേർന്ന് പ്രവർത്തിക്കുന്നു. ടെസ്ല ആഗ്രഹിച്ചതിന്റെ പതിന്മടങ്ങ് പ്രതിഫലം നൽകാൻ വെസ്റ്റിംഗ്ഹൗസ് തയ്യാറായി.
Nikola Tesla will shake the world!
ഡിസി മോട്ടോർ ലാഭകരമാക്കാൻ എഡിസൺ ബുദ്ധിമുട്ടുമ്പോൾ, വെസ്റ്റിംഗ്ഹൗസ് ഹൈ വോൾട്ടേജ് എസി സിസ്റ്റം വികസിപ്പിക്കുന്നു.രണ്ടു പേരും സ്വത്ത് മുഴുവൻ സ്വപ്ന പദ്ധതിയിൽ ഇറക്കി, ഭാവി തുലാസിൽ.
എഡിസൺ നല്ലൊരു ഷോമാൻ.മാധ്യമങ്ങളേയും പൊതുജനത്തേയുംഉപയോഗിക്കാൻ മിടുക്കൻ. എസിയുടെ അപകടം ബോധ്യപ്പെടുത്താൻ എഡിസൺ ജനങ്ങളെ സാക്ഷി നിർത്തി ഒരു കുതിരയെ ഷോക്കടിപ്പിച്ച് കൊന്നു. വധശിക്ഷ നടപ്പിലാക്കാൻ ഇലക്ട്രിക്ക് ചെയർ നിർമിക്കണം എന്ന ആവശ്യം മുമ്പ് നിരസിച്ചിരുന്നു. നശീകരണ ആയുധങ്ങൾ ഉണ്ടാക്കാൻ ശാസ്ത്രം ഉപയോഗിക്കില്ല എന്നായിരുന്നു നിലപാട്. പക്ഷേ വെസ്റ്റിംഗ്ഹൗസിനെ തോൽപ്പിക്കാൻ എസി ഇലക്ട്രിക് ചെയർ ഉണ്ടാക്കാൻ എഡിസൺ
തയ്യാറായി. അധികാരികൾ വധശിക്ഷ നടപ്പാക്കാൻ ശ്രമിച്ചപ്പോൾ ദയനീയമായി പരാജയപ്പെട്ടു. കുറ്റവാളിയായ വില്യം ക്ളെമർ ഷോക്കേറ്റ് മരിക്കാതിരുന്നതിനാൽ കത്തിക്കരിഞ്ഞ ശരീരത്തിൽ വെടിയുണ്ട പ്രയോഗിക്കേണ്ടി വന്നു.എസി അപകടമാണെന്ന് എഡിസൺ ആവർത്തിച്ചു, വെസ്റ്റിംഗ്ഹൗസിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉന്നയിച്ചു. മെൻലോ പാർക്ക് ലാബിലെ രേഖകൾ മോഷ്ടിക്കാൻ വെസ്റ്റിംഗ്ഹൗസ് ചാരൻമാരെ അയച്ചു. He is playing dirty, you can too!
ഇതിനകം വെസ്റ്റിംഗ്ഹൗസിനു വേണ്ടി പ്രായോഗികമായ ഒരു എസി മോട്ടോർ ഉണ്ടാക്കുന്നതിൽ ടെസ്ല വിജയം കണ്ടു.എഡിസൺ വൈദ്യുതി യുദ്ധത്തിൽ പിന്നിൽ പോകാൻ തുടങ്ങി. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജെ പി മോർഗൻ എഡിസൺ ഇലക്ട്രിക്കിനെ ജനറൽ
ഇലക്ട്രിക്ക് കമ്പനിയുമായി ലയിപ്പിച്ചു.
There are vultures in every venture.
~

1893, പ്രകാശത്തിൽ കുളിച്ച ചിക്കാഗോ വേൾഡ് ഫെയർ. എഡിസണും വെസ്റ്റിംഗ്ഹൗസും നേർക്കുനേർ. രണ്ടു പേരും ബിഡ് സമർപ്പിച്ചു, വെസ്റ്റിംഗ്ഹൗസ് യുദ്ധം ജയിച്ചു. ഇനി എസിയുടെ കാലം. ഫെയറിന്റെ അവസാന ദിവസം അവർ നേരിൽ കണ്ടു, ശത്രുത മറന്ന് സംസാരം തുടങ്ങി. ഇലക്ട്രിക് ബൾബ് നിർമിച്ച ദിനങ്ങളെ പറ്റി എഡിസൺ വാചാലനായി:
“അത് വിവരിക്കുക അസാധ്യമാണ്.
വർഷങ്ങളുടെ അധ്വാനം. പതിനായിരം തരം ഫിലമെന്റുകൾ, പതിനായിരം തവണ പരീക്ഷണം. വൈദ്യുതി പ്രവഹിക്കാൻ തുടങ്ങിയപ്പോൾ ഞങ്ങൾ വലിയ പ്രതീക്ഷ
വച്ചില്ല. അപ്പോൾ അസാധാരണമായ എന്തോ സംഭവിച്ചു. ഇതിനു മുമ്പുള്ള ഏറ്റവും മികച്ച ഫിലമെന്റ് വെറും പത്തു മിനിറ്റ് മാത്രമാണ് ജ്വലിച്ചത്, എന്നാലിത് ഇരുപത് മിനിറ്റ് പിന്നിട്ടിരിക്കുന്നു. എന്റെ സംഘം സംസാരം തുടങ്ങി. 30 മിനിറ്റ്, 40 മിനിറ്റ്, ഒരു മണിക്കൂർ,രണ്ട് മണിക്കൂർ, മൂന്ന് മണിക്കൂർ…ഞങ്ങൾ അലറി വിളിക്കാൻ തുടങ്ങി. ചിലർ സന്തോഷം കൊണ്ട് ചുവരിൽ വലിഞ്ഞു കയറി.ആറ് മണിക്കൂർ, ഏഴ് മണിക്കൂർ, എട്ട് മണിക്കൂർ…പത്തു മണിക്കൂർ കഴിഞ്ഞപ്പോൾ
ഞങ്ങൾ നിശബ്ദരായി. ജ്വലിക്കുന്ന ആ ചില്ലുകുമിളയെ നിർനിമേഷരായി നോക്കി നിന്നു. ഞങ്ങളുടെ മാന്ത്രികത സ്വയം നുകരുന്നതു പോലെ. പതിമൂന്ന് മണിക്കൂറിനു ശേഷം ഗ്ളാസ് പൊട്ടി, ലോകം ഇനി പഴയതു പോലാകില്ല എന്നു ഞാനറിഞ്ഞു….ഞാനിപ്പോൾ മറ്റൊന്നിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. അതു പുറത്ത് വരുമ്പോൾ വൈദ്യുതിയിൽ നിന്ന് എഡിസന്റെ പേര് ലോകം മായ്ച്ചു കളയും”. എഡിസൺ ലോകത്തിലേക്കു കൊണ്ടു വന്ന പുതിയ അഗ്നിയാണ് സിനിമ. ചലച്ചിത്രത്തിന് വഴി പാകിയ കൈനറ്റോഗ്രാഫ് മെൻലോ പാർക്കിൽ നിന്നും പുറത്തു വന്നു.
വൈദ്യുതി യുദ്ധം ടെസ്ലയുടെ സഹായത്തോടെ, വെസ്റ്റിംഗ്ഹൗസ് ജയിച്ചു. എസി ലോകത്തെ ഭരിക്കാൻ ആരംഭിച്ചു. പക്ഷേ എഡിസന്റെ പ്രിയ സങ്കേതം ഡിസി മറഞ്ഞു പോയില്ല, പ്രസരണ ശ്രൃംഖല വഴി നമ്മിലെത്തുന്ന ഓർട്ടർനേറ്റിംഗ് കറന്റിനെ ഡയറക്ട് കറന്റാക്കി മാറ്റുന്നില്ലെങ്കിൽ വീട്ടുപകരണങ്ങൾ പ്രവർത്തിക്കില്ല. ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ, ലാപ്ടോപ്പ്, മൊബൈൽ ഫോൺ, ഹോം തിയറ്റർ, മൈക്രോ വേവ്, റഫ്രിജറേറ്റർ, ഇർവെർട്ടർ, എയർ കണ്ടീഷനർ. എസി ഇല്ലാതെ
അവയ്ക്ക് ജീവനില്ല. AC/DC adapter domesticates the wild beast. വന്യജീവിയായ എസിയെ ഗാർഹിക ജീവിയാക്കി നമ്മൾ.എസിയും ഡിസിയും ചേർന്ന് ലോകത്തെ ചലിപ്പിക്കുന്നു. എഡിസൺ, വെസ്റ്റിംഗ്ഹൗസ്, ടെസ്ല- പോരടിച്ചത് മൂന്ന് വ്യക്തികൾ,ജയിച്ചത് ലോകവും. വൈദ്യുതി യുദ്ധം-അതാരും തോൽക്കാത്ത യുദ്ധമായിരുന്നു.
~