ആരാധനാലയങ്ങൾ തുറക്കാത്തതു കൊണ്ട് ആരെങ്കിലും തൂങ്ങിച്ചത്തോ?

119

അമ്പലം തുറക്കാത്തതു കൊണ്ട് ആരെങ്കിലും തൂങ്ങിച്ചത്തോ?

ടി.കെ.രവീന്ദ്രനാഥ്

നിയന്ത്രണങ്ങൾ എല്ലാം നീക്കിയാലും ആരാധനാലയങ്ങളുടെ നിയന്ത്രണം നീക്കരുത്. അത് അനന്തകാലം ലോക്ക് ഡൗണായി അടഞ്ഞുകിടക്കട്ടെ. എന്നാൽ നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കാൻ പറ്റുന്ന കെട്ടിടങ്ങൾ ഉപയോഗപ്പെടുത്തണം. ക്ഷേത്രങ്ങൾ പൂർണ്ണമായും ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കണം. (ഇപ്പോൾ ഏതാണ്ട് ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് ) ആരാധനാലയങ്ങൾ അടഞ്ഞുകിടക്കുന്നതു കൊണ്ട് വിശ്വാസികൾക്ക് പ്രത്യേകിച്ചൊരു കുറവും ഉണ്ടായതായി അറിയുന്നില്ല.

മദ്യം കിട്ടാത്തതു കൊണ്ട് ചിലർ ആത്മഹത്യ ചെയ്തു എന്ന് കേട്ടിട്ടുണ്ട്. അമ്പലത്തിൽ പോവാൻ കഴിയാത്തതു കൊണ്ട് ആരെങ്കിലും തുങ്ങിച്ചത്തതായോ കൌൺസലിങ്ങിനു പോയതായോ അറിയില്ല. അതായത് പ്രാർത്ഥിച്ചിട്ടില്ലെങ്കിലും വഴിപാട് കഴിച്ചിട്ടില്ലെങ്കിലും ഒരു കുഴപ്പവുമില്ലെന്ന്. ഇനി മനസ്സമാധാനം കിട്ടാനാണെങ്കിൽ വിശ്വാസിയുടെ വീട്ടിൽ പൂജാമുറിയുണ്ടല്ലോ, അവിടെ ഇരുന്നോ നിന്നോ കിടന്നോ തല കുത്തിയോ പ്രാർത്ഥിക്കാമല്ലോ. ദൈവം സർവ്വവ്യാപിയാണെന്നാണല്ലോ പറയുന്നത്!

അതു കൊണ്ട് മാവിൻ്റെ ചുവട്ടിൽ നിന്ന് പ്രാർത്ഥിച്ചാലും മതി.ക്ഷേത്രം കൊണ്ട് കഞ്ഞി കുടിച്ചു പോവുന്നവർ പട്ടിണിയാകുമെന്നതാണ്
മറ്റൊരു പ്രശ്നം. ഈ തട്ടിപ്പ് ജോലി നിർത്തി വേറെ പണിക്ക് പോകണം എന്നാണ് എനിക്കവരോട് പറയാനുള്ളത്. ചെറുപ്പക്കാർ നല്ല വിദ്യാഭ്യാസമൊക്കെ നേടി മാന്യമായ തൊഴിൽ നേടിയെടുക്കണം. ഇപ്പോൾ അമ്പലത്തിൽ ജോലി ചെയ്യുന്നവർക്ക് അവരുടെ തൊഴിൽ പരിചയം വെച്ച് ഏർപ്പെടാവുന്ന ജോലികൾ താഴെ പറയുന്നു:

(1) തന്ത്രി, ശാന്തിക്കാരൻ : പാലിയേറ്റിവ് കെയർ സെൻ്ററുകളിൽ രോഗികളെ പരിചരിക്കാം. വിഗ്രഹത്തെ പരിചരിച്ച് പരിചയമുണ്ടല്ലോ. സ്വന്തമായി ഭൂമിയുള്ളവർക്ക് കൃഷിയിലേർപ്പെടാം.
(2) വെളിച്ചപ്പാട്: മരം മുറിക്കാൻ പോകാം.
തലയ്ക്ക് വെട്ടി പരിചയമുണ്ടല്ലോ. കൃഷിയിലാണ് താൽപ്പര്യമെങ്കിൽ കൊയ്യാനും പോകാവുന്നതാണ്.
(3) മാലകെട്ടുന്നവർ: ഫ്ലവർ സ്റ്റാളുകളിൽ ജോലി സാധ്യതയുണ്ട്. സ്വന്തമായി ഫ്ലവർ സ്റ്റാൾ തുടങ്ങാവുന്നതാണ്.
(4) ക്ഷേത്ര വാദ്യക്കാർ, അഷ്ടപദി : നിലവിലുള്ള മ്യൂസിക്കൽ ട്രൂപ്പുകളിൽ ചേരാം. അല്ലെങ്കിൽ സ്വന്തമായി ട്രൂപ്പുണ്ടാക്കാം.

മുസ്ലിം ആരാധനാലയങ്ങൾ ക്ഷേത്രങ്ങളെ പ്പോലെ തൊഴിൽ സ്ഥാപനങ്ങളല്ലാത്തതു കൊണ്ട് അവയെപ്പറ്റി പറയുന്നില്ല. എന്നാൽ മതപ്രഭാഷണമെന്ന വിവരക്കേട് വിളമ്പി അന്തരീക്ഷം മലീമസമാക്കി ജീവിക്കുന്ന ഉസ്താദുമാർ ആ പണി നിർത്തി നിർമ്മാണമേഖലയിലേയ്ക്ക് പോകുന്നത് നല്ലതാണ്. വിയർപ്പിൻ്റെ വില അറിയട്ടെ. കൃസ്ത്യൻ പാതിരിമാരും കന്യാസ്ത്രീകളും തിരുവസ്ത്രം ഉപേക്ഷിച്ച് വിവാഹിതരാവണം.

വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള തൊഴിൽ കണ്ടെത്തി കുടുംബ ജീവിതം നയിക്കണം. ഒരു കരിയർ ഗൈഡൻസ് തന്നു എന്നേയുള്ളു. താൽപ്പര്യമുള്ള മററു മേഖലകൾ കണ്ടെത്തി ജീവസന്ധാരണം ഉറപ്പുവരുത്തണം. അന്ധവിശ്വാസം കൊണ്ടു ഉപജീവനം കഴിക്കുന്നത് മോശമാണെന്ന് നിങ്ങൾ മനസ്സിലാക്കണം. നിങ്ങളുടെ മക്കളെ ഒരിക്കലും അന്ധവിശ്വാസ തൊഴിലിലേയ്ക്ക്
നയിക്കാതിരിക്കുക എന്ന ഉപദേശത്തോടെ നിർത്തുന്നു.