Shymon Sebastian Parassery

ഒരു ‘ഫാഷിസ്റ്റ് വിരുദ്ധ’ ബംഗാള്‍ വീരഗാഥ

ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രത്തില്‍ ‘തങ്കലിപികളില്‍’ രേഖപ്പെടുത്തിയതാണ് മമതയുടെ ‘പോരാട്ടവീര്യം’. 1991-ല്‍ നരസിംഹ റാവുവിന്‍റെ കേന്ദ്ര മന്ത്രിസഭയില്‍ മാനവവികസന ശേഷി വകുപ്പ് മന്ത്രിയായിരുന്നു അന്ന് കോണ്‍ഗ്രസുകാരിയായിരുന്ന മമത. മന്ത്രിസഭയിലെ മറ്റുള്ളവരുമായുള്ള നീരസം കാരണം 1993-ല്‍ അവര്‍ക്ക് വകുപ്പുകളെല്ലാം നഷ്ടപ്പെട്ടു. അങ്ങനെ കോണ്‍ഗ്രസില്‍ ഒതുക്കപ്പെട്ടിരുന്ന കാലത്താണ് ബി.ജെ.പി.യുടെ വളര്‍ച്ച അവരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ബി.ജെ.പി.യെ ‘ചെറുക്കാന്‍’ കോണ്‍ഗ്രസ് പോരെന്നു തോന്നിയപ്പോള്‍ 1997-ല്‍ ബംഗാളിലെ കോണ്‍ഗ്രസിനെ പിളര്‍ത്തി തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിച്ചു. ബി.ജെ.പി.യെ തകര്‍ക്കാന്‍ എന്താണൊരു വഴിയെന്ന് തലപുകഞ്ഞ് ആലോചിച്ചുകൊണ്ടിരുന്ന മമതക്കു മുന്നില്‍ ഒരു വഴി തെളിഞ്ഞു. ശത്രുവിന്‍റെ മടയില്‍ കയറി അവരെ നേരിടുക എന്നതായിരുന്നു അത്. അങ്ങനെയാണ് 1999-ല്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ മുന്നണിയില്‍ ചേരുന്നത്.

ബി.ജെ.പി.യുടെ കൂടെ കൂടി അവരുടെ തന്ത്രങ്ങള്‍ മനസിലാക്കി അവരെ ദുര്‍ബലമാക്കുക എന്നതായിരുന്നു മമതയുടെ ‘തന്ത്രം’. അങ്ങനെ വാജ്പേയ് മന്ത്രിസഭയില്‍ റെയില്‍വേ മന്ത്രിയുമായി. അങ്ങനെ മന്ത്രിസഭയില്‍ ഇരുന്ന് കനത്ത ‘ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം’ തുടരുന്നതിനിടെയാണ് പ്രതിരോധ മന്ത്രിയായ ജോര്‍ജ് ഫെര്‍ണാണ്ടസുമായി ഇടയുന്നത്. മന്ത്രിസഭയില്‍ ഇരുന്നുകൊണ്ട് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയ മമത 2001-ല്‍ എന്‍.ഡി.എ വിട്ടു മാതൃസംഘടനയായ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി. അക്കൊല്ലത്തെ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയെ തോല്‍പ്പിച്ച് സി.പി.എമ്മിന്‍റെയും ബി.ജെ.പി.യുടെയും ഫാഷിസത്തെ ഒരു പോലെ നേരിടുകയായിരുന്നു ലക്ഷ്യം. പക്ഷേ, ആ തിരഞ്ഞെടുപ്പി തൃണ-കൊങ്കി സഖ്യം എട്ടു നിലയില്‍ പൊട്ടി. അധികാരമില്ലാതെ കുറേ കാലം അങ്ങനെ കടന്നുപോയി.

ബി.ജെ.പി.യെ ചെറുക്കാന്‍ അവരോടൊപ്പം കൂടുന്നതാണ് നല്ലതെന്ന് തിരിച്ചറിഞ്ഞ ദീദി 2003-ല്‍ തെണ്ടിത്തിരിഞ്ഞ് കിലുക്കത്തിലെ കിട്ടുണ്ണിയെ പോലെ എന്‍.ഡി.എ.യില്‍ തിരിച്ചെത്തി. സാക്ഷാല്‍ ജോര്‍ജ് ഫെര്‍ണാണ്ടസിന് പണി കൊടുത്തിട്ടു പോയ ഫാഷിസ്റ്റ് വിരുദ്ധ പോരാളിയെ ആരും മൈന്‍ഡ് ചെയ്തില്ല. എല്ലാവര്‍ക്കും തിലകന്‍റെ ഭാവം. മമതയോട് എന്നും ഒരു സോഫ്റ്റ് സ്പോട്ട് ഉണ്ടായിരുന്ന വാജ്പേയ് തന്നെ ഒടുവില്‍ രക്ഷക്കെത്തി. വീണ്ടും മന്ത്രിസഭയില്‍ തിരിച്ചെടുത്തെങ്കിലും വകുപ്പൊന്നും ലഭിച്ചില്ല. കുറേ കാലം അങ്ങനെ പോയി. 2004-ലെ പൊതുതിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ക്കു മുന്‍പ് വകുപ്പ് ലഭിച്ചു. ‘ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം’ തുടരുന്നതിനിടെ ലോക്സഭാ തിരഞ്ഞെടുപ്പെത്തി. വാജ്പേയിക്ക് പകരം അഡ്വാനി നയിച്ച തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ.ക്ക് അധികാരത്തുടര്‍ച്ച നഷ്ടപ്പെടുകയും കമ്മികളുടെ സഹായത്തോടെ കൊങ്കികള്‍ സര്‍ക്കാര്‍ ഉണ്ടാക്കുകയും ചെയ്തു. വാജ്പേയ് രാഷ്ട്രീയ വനവാസത്തിന് പോയതോടെ ബി.ജെ.പി.ക്കൊപ്പം ചേര്‍ന്നുള്ള ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയ ദീദി വീണ്ടും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുകയും പിന്നീട് 2009-ല്‍ മന്‍മോഹന്‍ സര്‍ക്കാരില്‍ റെയില്‍വേ വകുപ്പ് മന്ത്രിയായി. അതിനിടക്ക് സിംഗൂരിന്‍റെയും നന്ദിഗ്രാമിന്‍റെയും രൂപത്തില്‍ ശ്രീധരന്‍ പിള്ളക്കൊക്കെ ലഭിച്ചതു പോലെയൊരു സുവര്‍ണ്ണാവസരം. പിന്നീടുള്ളത് ചരിത്രം. ദീദി ഇപ്പോളും ‘ഫാഷിസ്റ്റ് വിരുദ്ധ’ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ബി.ജെ.പി.ക്കെതിരെയുള്ള ഈ പോരാട്ടത്തില്‍ ധര്‍ണ്ണയിരിക്കാന്‍ സ്വന്തം പൊലീസ് പോലും മമതക്കു കൂട്ടുണ്ട്. ഇതിലും മികച്ച ഭരണഘടനാ വാഴ്ച നിലനിര്‍ത്തിക്കൊണ്ടുള്ള ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം ലോക ചരിത്രത്തില്‍ വേറേയുണ്ടോ?

ദീദിയുടെ കഥ ത്രില്ലടിപ്പിക്കുന്നില്ലേ ഫ്രണ്ട്സ്? ഇത്രയും തീപ്പൊരിയായ മമതയെ പോലെയുള്ള ഫാഷിസ്റ്റ് വിരുദ്ധ പോരാളികളെ കാണുമ്പോളാണ് കുറേ ‘പീറപ്പെണ്ണുകളെ’ ശബരിമലയില്‍ കൊണ്ടുപോയി നവോത്ഥാനം നടപ്പിലാക്കാന്‍ നോക്കുന്ന ബി.ജെ.പി മുന്നണിയില്‍ ചേരാതെ പുറത്തു നിന്നു മാത്രം അവരെ എതിര്‍ക്കുന്നുവെന്ന് പറയുന്ന പിണറായിയെയൊക്കെ എടുത്ത് കിണറ്റിലിടാന്‍ തോന്നുന്നത്. ശരിയല്ലേ ഫ്രണ്ട്സ്? മമത ബാനര്‍ജിയുടെ ‘ഫാഷിസ്റ്റ് വിരുദ്ധ’ പോരാട്ടങ്ങളിലെ ജ്വലിക്കുന്ന ഓര്‍മ്മകളിലൊന്ന് ചിത്രത്തില്‍.

ചിത്രങ്ങള്‍: ആദ്യ ചിത്രം ഇന്നത്തെ ടെലിഗ്രാഫ് ദിനപ്പത്രത്തിന്‍റെ ഫ്രണ്ട് പേജ്. മമതയോടും മോഡിയോടും ബംഗാള്‍ വിടാന്‍ ജനങ്ങള്‍ ആവശ്യപ്പെടുന്നു എന്നാണ് തലക്കെട്ട്. രണ്ടാമത്തെ ചിത്രം മമതയും സംഘികളും മധുവിധു ആഘോഷിച്ചിരുന്ന കാലയളവില്‍ നിന്നുള്ളത്.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.