കളി നിർത്തി ഭൂമിയെന്ന മൈതാനത്തിൽ നിന്നും നിങ്ങൾ വിടവാങ്ങുമ്പോൾ ഞങ്ങൾ വേദനിക്കുകയാണ്…

0
38

Biju Kombanalil

അയാൾ പന്തുമായി മുന്നോട്ട് കയറുമ്പോളെല്ലാം കസേരയിൽ നിന്ന് മുന്നോട്ട് കയറി ഇരുന്ന് കളി കണ്ടിട്ടുള്ളത് ഞാൻ മാത്രമായിരിക്കില്ല എന്നെനിക്ക് ഉറപ്പുണ്ട്. ആ കാലുകളിൽ പന്ത് കിട്ടുമ്പോൾ എല്ലാം അപ്പുറത്തെ പോസ്റ്റിലെ വല കുലുങ്ങുമെന്ന് അടങ്ങാതെ പ്രതീക്ഷിച്ചിട്ടുള്ളവരുടെ കൂട്ടത്തിൽ ഞാൻ ഒറ്റയ്ക്കല്ല എന്നെനിക്ക് ഉറപ്പുണ്ട്. അന്നൊക്കെ രാത്രികളെ പകലാക്കി ഉറക്കം കളഞ്ഞിരുന്ന് കളി കണ്ടിരുന്നവരുടെ കൂട്ടം ഒട്ടും ചെറുതല്ല എന്നും എനിക്ക് ഉറപ്പുണ്ട്

അർജന്റീനയിലെ തെരുവുകളിൽ കാൽപന്തു കളിയുമായി വന്ന ചെറുപയ്യന്റെ കളി കണ്ട് അത് പോലെ കളിക്കണമെന്നാഗ്രഹിച്ചു കയ്യിൽ കിട്ടിയ പേപ്പറുകളെ ചുരുട്ടി എടുത്ത് അതിനുമുകളിൽ റബർ ബാൻഡ് വലിച്ചു കെട്ടി സ്കൂൾ വരാന്തയിലേക്ക് കളിക്കാൻ ഇറങ്ങാൻ വേണ്ടി ബെഞ്ചിൽ ഇരിപ്പുറപ്പിക്കാനാകാതെ ഇരുന്നവരുടെ കൂട്ടത്തിൽ കൂട്ടുകാരെ ഞാൻ ഒറ്റയ്ക്കല്ല എന്നും എനിക്ക് ഉറപ്പുണ്ട്. കളിയുടെ ഇടയിൽ കറന്റുപോകുമ്പോൾ വീട്ടിലെ സൈക്കിലും എടുത്ത് കൂട്ടുകാരന്റെ വീട്ടിലേക്ക് വെളുപ്പാൻ കാലത്ത് വെച്ചു പിടിപ്പിച്ചു പോയവരിൽ കൂട്ടുകാരെ ഞാനും ഉണ്ടായിരുന്നു എനിക്ക് ഉറപ്പുണ്ട്.

ഒരുപാട് ദുശീലങ്ങൾക്കും വിവാദങ്ങൾക്കുമിടയിൽ ഇടയിൽ നിന്നപ്പോൾ പോലും നിങ്ങളുടെ കളി നിപുണതകൾ അതിനേക്കാൾ ഒക്കെ അപ്പുറത്ത് നിങ്ങളെ കളി ഭ്രാന്തൻമാർക്കിടയിൽ, അവരുടെ മനസ്സിൽ ഉറപ്പിച്ച് നിറുത്തി. ഇന്ന് നിങ്ങൾ ഈ ലോകത്തെ കളി നിറുത്തി മൈതാനത്തുനിന്ന് തിരിച്ചു കയറുമ്പോൾ അത് വിശ്വസിക്കാൻ ഇഷ്ടമില്ലാതെ മുഖം തിരിക്കുന്നവരുടെ കൂട്ടത്തിൽ ഞാൻ ഒറ്റയ്ക്ക് നിൽക്കുക അല്ല എന്നുറപ്പിക്കുമ്പോളും നിങ്ങളെ ഓർത്ത് പിന്നെയും വേദനിക്കുകയാണ്…

മറഡോണ…ലോകത്തിന്റെ വിവിധ ഗ്രാമങ്ങളിലെ തെരുവുകളിൽ,കളിക്കളങ്ങളിൽ, വഴിയോരങ്ങളിൽ, നിങ്ങളുടെ പേര് സ്വന്തം പേരെന്ന് സ്വയം മനസ്സിൽ വിചാരിച്ചു കളിക്കിറങ്ങിയ എത്രയോ ബാല്യങ്ങൾ ഈ ലോകത്തിന്റെ പല കോണുകളിലും ഉണ്ടായിരിക്കും…

കാല്പന്തു കളിയുടെ ലോകത്തേക്ക് ഒരു തലമുറയെ ആകവേ കൂട്ടി കൊണ്ടുപോയത് നിങ്ങളാണ്.ഞങ്ങളുടെ സിരകളിൽ ഫുട്‌ബോളിന്റെ ആവേശം കുത്തി വെച്ചത് നിങ്ങളാണ്. ലോകത്തിന്റെ മറ്റേതോ കോണിൽ കിടന്ന അർജന്റീന എന്ന കൊച്ചു രാജ്യം ഞങ്ങളുടെ സ്വപ്നങ്ങളിൽ ഇടം പിടിക്കുന്നത്‌ അങ്ങനെയാകും. പുൽമൈതാനങ്ങളിൽ പന്തു കൊണ്ടയാൾ അക്ഷരാർത്ഥത്തിൽ കവിത രചിക്കുകയായിരുന്നു. ഒപ്പം കോടിക്കണക്കിന് ഹൃദയങ്ങളിലേക്ക് വഴി വെട്ടുകയും കളിച്ചു കൊതി തീരാത്ത മൈതാനങ്ങളിൽ നിന്നുയർന്ന ആർപ്പുവിളികൾക്കിടയിൽ എന്നും നിങ്ങളുണ്ടായിരുന്നു. ഫുട്‌ബോളിന്റെ സമസ്ത സൗന്ദര്യവും കാലുകളിൽ ആവാഹിച്ചു നിറഞ്ഞാടിയതിനു നന്ദി. ഫുട്‌ബോളിന്റെ പര്യായമെന്നോണം മനസ്സിൽ പതിഞ്ഞ മുഖമായി ‘ഡീഗോ മറഡോണ’ കാൽപന്തുമായി ലോകം കീഴടക്കിയ അർജന്റീനക്കാരൻ ഇതാ യാത്രയായി…’ദൈവത്തിന്റെ കൈ’ ചലനമറ്റു! പക്ഷേ ഫുട്‌ബോൾ ആരാധകരുടെ ഹൃദയങ്ങളിൽ താങ്കൾക്കൊരിക്കലും മരണമില്ല

വിട… മറഡോണ… വിട…