മൃഗങ്ങൾക്ക്‌ മനുഷ്യരിൽ നിന്നുള്ള പ്രധാന വ്യത്യാസം എന്താണെന്നറിയാമോ..?

21

Dr. Satheesh Kumar

മൃഗങ്ങൾക്ക്‌ മനുഷ്യരിൽ നിന്നുള്ള പ്രധാന വ്യത്യാസം എന്താണെന്നറിയാമോ..?മൃഗഡോക്ടറോടല്ല , നിന്നിലെ മനുഷ്യനോടാണ്‌ ചോദ്യം! അവ വാഗ്ദാനങ്ങൾ നൽകുന്നില്ല എന്നതാണത്‌.അവ ഒന്നിനെക്കുറിച്ചും ആണയിടുകയോ പ്രതിജ്ഞയെടുക്കുകയോ ചെയ്യുന്നില്ല എന്നതാണത്‌. നോക്കൂ, വാഗ്ദാനങ്ങൾകൊണ്ട്‌ എന്താണ്‌ പ്രയോജനം? പാലിക്കപ്പെടുവാനുള്ളവയല്ല എങ്കിൽ അവയോളം വൃത്തികെട്ടവ വേറെയുണ്ടോ? അളിഞ്ഞു നാറിയ പാൽക്കട്ടിപോലെ ഓക്കാനമുണ്ടാക്കുന്ന ഒരു ദുർഗന്ധമാണത്‌. “നീയാണെന്റെ എല്ലാം” എന്നോ “നീയില്ലാതെ എനിക്ക്‌ ജീവിതമില്ല” എന്നോ ഒരു കുറുക്കൻ അവന്റെ/അവളൂടെ ഇണയോട്‌ പറയുന്നില്ല. ഞാൻ ഉണ്ടില്ലെങ്കിലും നിന്നെ ഊട്ടിക്കോളാമെന്ന് ഒരു കരാറിലും ഏർപ്പെട്ടുകൊണ്ടല്ല അവർ ഒരുമിക്കുന്നതും ഇണ ചേരുന്നതും കുട്ടികളെ ഉണ്ടാക്കുന്നതും!

എന്നിട്ടും അവനോ അവളോ മരിച്ചുപോയാൽ അപരൻ ആജീവനാന്തം പിന്നെ ഒറ്റക്ക്‌ നടക്കുന്നു.ഇനി ഇഷ്ടമുള്ള പിടകളെയൊക്കെ ഭോഗിച്ചു നടക്കുന്ന ആ കോഴിയുണ്ടല്ലോ, നാം കോഴികളെന്ന് പരിഹസിക്കുന്ന ആ മനുഷ്യരെപ്പോലെ വഷളൻ വാഗ്ദാനങ്ങൾ നൽകിക്കൊണ്ടല്ല അവന്റെ ഇണയെ പ്രാപിക്കുന്നത്‌! ഒറ്റക്ക്‌ താമസിക്കുന്ന അവളെ സഹായിക്കാനെന്ന വ്യാജേനയല്ല അവൻ അവളെ സമീപിക്കുന്നത്‌! വിവാഹം കഴിച്ചോളാമെന്ന്, സിനിമയിൽ അഭിനയിപ്പിക്കാമെന്ന്, ജോലി സ്ഥിരപ്പെടുത്താമെന്ന്,”ഞാനല്ലേ”യെന്ന്, “എന്നെ വിശ്വാസമില്ലേ” എന്ന് “നീ എന്റെയല്ലേ ” എന്ന്.വാഗ്ദാനങ്ങളുടെ ചക്കരപ്പുഴകൾ ഒഴുക്കികൊണ്ടല്ല അവൻ അവളെ സമീപിക്കുന്നത്‌!അവൻ ചെല്ലുന്നത്‌ പ്രാപിക്കുവാൻ വേണ്ടി തന്നെയാണ്‌. അവന്റെ ശരീരവും ചലനവും അവളോട്‌ പറയുന്നതും അത്‌ തന്നെയാണ്‌. പ്രണയത്തിൽ, സഹതാപത്തിൽ, കരുതലിൽ, അധികാരത്തിൽ, സൗഹൃദത്തിൽ, വാത്സല്യത്തിൽ ഒന്നും മൃഗങ്ങൾ അവയുടെ കാമത്തെ ഒളിച്ചു കടത്തുന്നില്ല.

മനുഷ്യർക്ക്‌ മാത്രം സാധ്യമാവുന്ന ‘മനുഷ്യത്വം’ എന്ന സംഗതിയാണത്‌.തീർച്ചയായും മൃഗത്വത്തേക്കൾ മ്ലേച്ചമായ പലതുമുള്ള ഒന്ന്!നിങ്ങൾക്കറിയാമോ ബലാത്സംഗത്തേക്കാൾ ക്രൂരമാണ്‌ പ്രിയപ്പെട്ടവനെന്ന് നടിച്ചവനാൽ ചതിക്കപ്പെട്ടവളുടെ വേദന.പോൺ സൈറ്റുകളിൽ പോയി നോക്കൂ ,തന്റെ പ്രിയപ്പെട്ടവനുവേണ്ടി സർവ്വവും സമർപ്പിച്ച്‌ അവൾ അവനോടൊത്ത്‌ ചിലവഴിക്കുന്ന ആ സ്വകാര്യ നിമിഷങ്ങളെ അവളറിയാതെ ക്യാമറയിൽ പകർത്തുന്ന ഒരു വൃത്തികെട്ടവനെക്കാണാം.അതിമധുരമെന്ന് ധരിപ്പിച്ച്‌ അവൾക്ക്‌ നൽകുന്ന ചുംബനങ്ങൾക്കിടയിൽ തന്നെ ഇതെല്ലാം ഫ്രെയിമിൽ തന്നെയല്ലേ എന്ന് എത്തിനോക്കുന്ന ആ ദുഷിച്ച നോട്ടം കാണാം.ദയവായി അവനെ മൃഗമെന്ന് വിളിക്കാതിരിക്കുക, തിന്നുവാൻ വേണ്ടിയല്ലാതെ കൊല്ലുക പോലും ചെയ്യാത്ത മൃഗങ്ങളെ ആ വിധത്തിൽ അപഹസിക്കാതിരിക്കുക!

മൃഗാംശം അൽപം പോലുമില്ലാത്ത മനുഷ്യൻ എന്ന വൃത്തികെട്ട പടപ്പാണവൻ! കൊല്ലേണ്ടത്‌ അവനേയാ ബലാത്സംഗിയേയോ എന്ന് ഒരു തീർപ്പുവേണ്ടിവന്നാൽ അത്‌ അവനെയാണ്‌ ആദ്യം വേണ്ടത്‌ !അതും കഴിയുമെങ്കിൽ കല്ലെറിഞ്ഞു തന്നെ!അതു കൊണ്ട്‌ മനുഷ്യരേ….നിങ്ങൾ മൃഗങ്ങളിൽ നിന്ന് പഠിക്കുവിൻ.”പുലിവരുന്നേ” എന്ന് മാനുകൾ ശബ്ദംകൊണ്ട്‌ സൂചന നൽകുന്നത്‌ അവയുടെ ഭാര്യക്കും കുട്ടികൾക്കും മാത്രമല്ല,എന്തിന്‌ ,മാനുകൾക്ക്‌ മാത്രം പോലുമല്ല അത്‌ , പുലിയാൽ ആക്രമിക്കപ്പെടാൻ സാധ്യതയുള്ള സകല ജീവികൾക്കും വേണ്ടിയുള്ളതാണ്‌ ആ സിഗ്നലുകൾ..വിശപ്പ്‌ മാറിയ പുലിക്കു മുന്നിൽ മാൻ കുരുന്നുകൾ ആകുലതകളില്ലാതെ പുല്ല്‌ മേയുന്നത്‌ കണ്ടിട്ടുണ്ടോ?

ഒരു വിശ്വാസമാണത്‌ , മുദ്രപ്പത്രത്തിൽ എഴുതിക്കൊടുത്തിട്ടുള്ള ഉറപ്പിന്റെ പുറത്തല്ല ,അത്‌ അവനിലുള്ള വിശ്വാസമാണ്‌. വിശപ്പടക്കാനല്ലാതെ ,വീര്യം കാണിക്കുവാൻ വേണ്ടി മാത്രമായി അവൻ ആക്രമിക്കുകയില്ല എന്ന ഉറപ്പ്‌.മൃഗീയത എന്നത്‌ മാനവികതയേക്കാൾ നല്ല വാക്കല്ലേ അപ്പോൾ?എത്ര സംശയാലുക്കളാണ്‌ മനുഷ്യർ.ശത്രുക്കളെയല്ലാതെ സകലരേയും സംശയിക്കേണ്ടി വരുന്ന ഒരു ജീവി , സകല ജീവികളുടേയും ശത്രുവായ മനുഷ്യനല്ലാതെ മറ്റ്‌ ഏതുണ്ട്‌ ? ചിരിച്ചു കൊണ്ടാണ്‌ അവന്റെ കൂട്ടുകാർ വീട്ടിൽ നിന്ന് അവനെ വിളിച്ചിറക്കിക്കൊണ്ട്‌ പോയി കൊന്നത്‌!പ്രണയ മുന്തിരി മധുരം മനസിൽ നിറച്ചു കൊടുത്തിട്ടാണ്‌ അവളൂടെ പ്രിയപ്പെട്ടവൻ അവളെ കൂട്ട ബലാൽത്സംഗത്തിലേക്ക്‌ നടത്തി ക്കൊണ്ടു പോയത്‌!അതു കൊണ്ട്‌ ചങ്ങാതിമാരേ.ലോകത്തിന്റെ നന്മയെ ആഗ്രഹിക്കുന്നു എങ്കിൽ നിങ്ങൾ മനുഷ്യത്വമില്ലാത്ത മനുഷ്യരുണ്ടാകുവാൻ പ്രാർത്ഥിക്കുവിൻ! മനുഷ്യരിൽ മൃഗീയത നിറയുവാനും!