തെക്കനും വടക്കനും ചില സ്വഭാവവ്യത്യാസങ്ങൾ (നാലുപേരുടെ കാഴ്ചപ്പാടുകൾ)

2334

Sarah Jesin Varghese എഴുതുന്നു

വീടെവിടെയെന്ന് ചോദിച്ചാൽ കൊട്ടാരക്കരയെന്നാണ് മറുപടി പറയാറുള്ളത്. അതെവിടെയെന്ന് എടുത്തു ചോദിക്കുന്നവരോട് കൊല്ലം ജില്ലയിലാണെന്ന് പറയാറുണ്ട്.

“ഓ തെക്കാണ് അല്ലെ..”
“തെക്കനേം മൂർഖനേം കണ്ടാലാദ്യം തെക്കനെ തല്ലണമെന്നാണ്..”
“തെക്കൻ തേക്കുമെന്നാണ്” (തേപ്പ് ഒരു ന്യൂജനറേഷൻ വാക്കായത് കൊണ്ട് ന്യൂജനറേഷൻ പഴഞ്ചൊല്ലാണ്) ഇങ്ങനെയൊരോന്നാവും കൂടുതലും തിരികെ കേൾക്കുക. സാധാരണ പ്രതികരിക്കാറില്ല. എന്നാലും ക്ഷമ കെടുമ്പോൾ, അഹ് തെക്കനെ തല്ലുന്ന നേരം കൊണ്ട് മൂർഖൻ നിങ്ങളെ കടിച്ചു റീചാർജ് ചെയ്യുമായിരുക്കുമല്ലേയെന്നോ, കൊടുക്കുന്നതാണ് കൊല്ലത്ത് കിട്ടുന്നതെന്നോ തമാശരൂപേണ പറഞ്ഞൊഴിവാക്കാറുണ്ട്.

എന്നാലും, എന്ത് കൊണ്ടാവും ഇങ്ങനെയൊരു അഭിപ്രായമെന്ന് കൊറേയേറെ അന്വേഷിക്കുകയും, ചിന്തിക്കുകയും, വായിക്കാൻ ശ്രമിക്കുകയുമൊ‌ക്കെ ചെയ്തു.

അതിലൊന്നാണ് ഭൂപ്രകൃതിയിലുള്ള വ്യത്യാസം. (ഒരു കുന്നകുളം റിപ്പോർട്ടാണ്) പൊതുവെ മലയും കാടുമായിരുന്ന തെക്കൻ പ്രദേശത്തുള്ളവർ അവയൊക്കെ വെട്ടിയൊതുകി ജീവിതം തുടങ്ങിയവരായത് കൊണ്ട് അരസികരായി മാറിയെന്നൊരു തൃശൂരുകാരി പറഞ്ഞു. ഇതിനോട് പൂർണമായും യോജിക്കാനാവുന്നതല്ലയെങ്കിലും ഒരു പരിധി വരെ സാറ്റിസ്ഫയിങായി തോന്നി.

പിന്നീടെനിക്ക് തോന്നിയ ഒന്നാണ് ഞങ്ങൾ കുറച്ചു സുതാര്യതയുള്ളവരും, സെൻസിറ്റീവുമാണെന്ന്. തെക്കനെ റോഡിൽ കാണണം, വടക്കനെ വീട്ടിൽ കാണണമെന്നാണ്. മനസ്സിലൊന്ന് വച്ച് പുറത്തേക്ക് മറ്റൊന്ന് കാണിക്കാതെ, ഈ കാണിച്ചത് ശരിയായില്ലയെന്ന് വെട്ടിതുറന്ന് പറയാറുണ്ട്. ഒരാളെ അടുത്തറിയാൻ വീട്ടിൽ പോകേണ്ട കാര്യമില്ലയെന്ന് സാരം. എനിക്കേറ്റവും കൂടുതൽ ഇടപഴകാൻ എളുപ്പമായി തോന്നിയിരിക്കുന്നത് തെക്കന്മാരോടാണ്. അവരെന്താണോ ഉദ്ദേശിക്കുന്നത്, അത് അതുപോലെ പറയുന്നത് കൊണ്ട് എല്ലാം കുറച്ചും കൂടെ ഈസിയാവും.

വൈശാഖൻ തമ്പിയുടെ ബിരിയാണി പോസ്റ്റിൽ പറയുന്നത് പോലെ(ലിങ്ക് കമന്റിൽ) കേരളത്തിൽ ഏറ്റവും കൂടുതൽ പേര് മറ്റിടങ്ങളിൽ നിന്ന് വണ്ടി കേറി വന്നിറങ്ങിയിട്ടുള്ള സ്ഥലം തിരുവനന്തപുരമായിരിക്കും, അവിടെയുണ്ടാകുന്ന അനുഭവങ്ങൾ കഥയായി തെക്കൻ ദേശം മുഴുവനുമായി കാലക്രമേണ പരക്കുന്നതുമാകാം.

മറ്റൊന്നാണ് പെരുമാറ്റരീതി. അതിൽ പ്രധാനമാണ് സ്നേഹം പ്രകടിപ്പിക്കുന്ന രീതികൾ. ഏറ്റവും പിശുക്കുള്ളത് സ്നേഹം പ്രകടിപ്പിക്കാനാണ് ഞങ്ങൾക്ക്. എന്റെ സൗഹൃദവലയത്തിൽ അതിനാർക്കുമൊരു എതിരഭിപ്രായവുമുണ്ടാവില്ല. വഴക്കുണ്ടാക്കാത്ത, എടുത്തടിച്ചു വർത്തമാനം പറയാത്ത, ഞാൻ ചീത്ത പറയാത്ത ഒറ്റ സുഹൃത്ത് പോലും എന്റെ ക്ലോസ് ഫ്രണ്ട്സ് ലിസ്റ്റിൽ ഉണ്ടാവില്ല.

മറ്റൊന്ന് ഭാഷാ പ്രയോഗങ്ങളാണ്. നിഷ വൈദ്യയുടെ പോസ്റ്റിൽ പറയുന്ന പോലെ (ലിങ്ക് കമന്റിൽ) ഒരാളൊരു വീട്ടിലേക്ക് വന്നാൽ കയറി വരൂട്ടോ, ഇരിക്കൂട്ടോ എന്നൊന്നും ഇവിടത്തുകാർക്ക് വഴങ്ങില്ല. “അഹ്, കേറി ഇരിക്ക്”. അതിലിനിയപ്പോൾ എത്ര സ്നേഹമുണ്ടെങ്കിലും തോന്നുക കയറി ഇരുന്നില്ലേൽ തല്ലിക്കൊല്ലും എന്നാവും. അതുപോലെ തന്നെ ആരേലും എന്തേലും പറഞ്ഞത് കേട്ടില്ലെയെങ്കിൽ, എന്തെയ്നു, എന്തേ, എന്തൂട്ടാ പോലെ മയപ്പെടുത്തിയ ചോദ്യങ്ങളൊന്നുമില്ല.. “എന്തോന്നാ..?” ഒറ്റ ചോദ്യത്തിൽ പരിചയമില്ലാത്തവരുടെ സലക അടുപ്പവും പോയികിട്ടും.

മറ്റൊന്നാണ് സ്ത്രീ മേല്കോഴ്‌മ. തെക്കോട്ടുള്ള പെണ്ണുങ്ങൾ ആണുങ്ങളെ ഭരിക്കുന്നവരാണെന്നൊരു പറച്ചിലുണ്ട്. ഇതിനോട് ചേർത്തു വായിക്കേണ്ട ഒന്നാണ് ഉയർന്ന സ്ത്രീധനസമ്പ്രദായവും. തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന ജില്ലകളായത് കൊണ്ടതന്നെയാ സംസ്കാരമാണ് കൊല്ലം തിരുവനന്തപുരം ജില്ലകളിൽ. അതുകൊണ്ട് പണ്ട് മുതലേ ചെറുതെങ്കിലും സ്ത്രീകളും ജോലിക്ക് പോവുകയും, കുടുംബകാര്യങ്ങളിൽ തീരുമാനങ്ങളെടുകയും, അഭിപ്രായങ്ങൾ പറയുകയും ചെയ്തിരുന്നു. അതൊന്നും ശീലമില്ലാതെയിരുന്ന കാലത്ത് (ഇപ്പോഴും) അഭിപ്രായങ്ങളുള്ള പെണ്ണൊരു തെറ്റായി തോന്നിയിരിക്കാം. തീർച്ചയായും സ്ത്രീകൾക്ക് പ്രാധാന്യം കൊടുക്കുന്നൊരു സമൂഹമായത് കൊണ്ട് തന്നെ ഭൂസ്വത്ത് മകന് പോകുകയും, തുല്യമായ ധനം പെണ്കുട്ടികൾക്കായി കരുതുകയും, വിവാഹത്തോടെ അവൾക്കായി കൊടുക്കുകയുമാണ്. കാലക്രമേണ അതൊരു മോശമായ അനുകരണമായി മാറിയതാണ്.

പത്മനാഭനെന്താണ് അങ്ങനെയൊരു പ്രതിഷ്ഠയെന്ന് ചോദിച്ചാൽ, എഴുന്നേറ്റ് നിന്നാൽ തെക്കന്മാർ അവസരം കിട്ടിയാൽ പുള്ളിയേയും കാലുവാരുമെന്നത് കൊണ്ടാണെന്ന് ഒരു ചൊല്ലുണ്ട്. വാമൊഴികൾ വളർന്നതാണ് ഈ പറച്ചിലുകൾക്കെല്ലാം പിന്നിൽ. ഏകദേശം കൊലയാളിയെ നമ്പിയാലും മലയാളിയെ നമ്പരുതെന്ന് തമിഴ് നാട്ടിൽ പറയുന്നത് പോലെയൊക്കെ തന്നെ

=======

Vaidya Nisha എഴുതുന്നു 

തൃശ്ശൂർ ഭാഷയിൽ ജിമ്മി ഡോക്ടറൊക്കെ തകർക്കുമ്പോൾ ഞാൻ ഞങ്ങളുടെ കായംകുളം ഭാഷയെ പറ്റി ഓർക്കും. തൃശ്ശൂർ ഭാഷയിലൊക്കെ തെറി വിളിച്ചാലും കേൾക്കാനൊരു സുഖമാണ്.

വടക്കന്മാരുടെ ഭാഷയിലും ഇങ്ങനെ ഒരു സൗകര്യം ഉള്ളതായി തോന്നിയിട്ടുണ്ട്. ന്നു വെച്ചാൽ “ഷമ്മി ദുഷ്ടനാടാ ” എന്നവര് പറഞ്ഞാൽ ഷമ്മി ദുഷ്ടനാട്ടോ എന്നൊരു ശൂ ആയിപ്പോകും.
തൃശൂർക്കാര് പറഞ്ഞാൽ ഷമ്മി ദുഷ്ടനാണ് ട്ടാ… ഇത്രേയുള്ളൂ.
മറിച്ചു ഞങ്ങൾ ഷമ്മി ശുദ്ധനാണ് എന്ന് പറഞ്ഞാൽ പോലും,ആ ഒരു സുഖം കിട്ടത്തില്ല.
അതായത് ഇപ്പം ബോബിയാണേലും ഷമ്മിയുടെ ഫലം ചെയ്യും 🙃
ഇപ്പോൾ ഒരാൾ വീട്ടിൽ വന്നാൽ കയറി വരൂ ട്ടോ, ഇരിക്കൂ ട്ടോ എന്നൊന്നും ഇവിടത്തുകാർക്ക് വഴങ്ങില്ല.
“കേറി ഇരിക്ക് ” ഠിം…😬
അതിൽ ഞങ്ങൾ സ്നേഹം ചേർത്തിട്ടുണ്ടാവും. സത്യമായിട്ടും. പക്ഷെ, പെട്ടെന്ന് ടോണിൽ നിന്ന് തോന്നുക, കയറി ഇരുന്നില്ലേൽ തല്ലിക്കൊല്ലും എന്നാവും. 🤐

ഫോൺ വിളിച്ചാൽ എന്തൊക്കെയുണ്ട് വർത്താനം, എന്തൊക്കെയാണ് വിശേഷം… ഇങ്ങനെയൊക്കെയാവും ഭംഗി.
ഞങ്ങളുടെ നാട്ടിലെ തനി രീതി… “ഹാ.. എന്തോ ഒണ്ട് “എന്നാവും. 😁
അപ്പം വിളിച്ചവന് തോന്നും റബ്ബേ, ഒന്നുമില്ലാതെ വിളിക്കാൻ പാടില്ലായിരുന്നു എന്ന് 🤫🤭

എവിടേക്കെങ്കിലും പോവാൻ ഇറങ്ങുമ്പോൾ പോയി വരൂ ട്ടോ ഒന്നും കിട്ടില്ലാട്ടോ 😉

“എന്നാ പോയേച്ചു വാ ” ദാറ്റ്സ് ഓൾ. ഏതു ടോണിൽ? പോയി കാര്യം നടന്നില്ലേൽ ആ വഴി പൊക്കോണം ലൈൻ. 🙄😒

ആരേലും എന്തേലും പറഞ്ഞു കേട്ടില്ലെങ്കിൽ, എന്തെയ്നു, എന്തേ, എന്തൂട്ടാ ആ വക മയപ്പെടുത്താൽ ഒന്നുമില്ല.
“എന്തോന്നാ..? ” മിസൈൽ വരും പോലെ ആവും ചോദ്യം. പറഞ്ഞവന്റെ കോൺഫിഡൻസ് പോയിരിക്കും 🤭

ഒരൽപ്പം പുച്ഛം കലർത്തണമെങ്കിൽ വടക്കന്മാർ ഇത്തിരി പാട് പെടണ്ടേ? കായംകുളം മുതൽ തെക്കോട്ടു സിമ്പിൾ ആണത്… മുകേഷിനെ മനസ്സിൽ ധ്യാനിച്ച് “എന്തോന്നെടെ ” എന്നൊന്ന് നിർവ്വികാരമായി പറഞ്ഞാൽ മതി.

സ്വരത്തിൽ വരെ ഒരു പ്രത്യേക ബാസുള്ളവരാണോ ഞങ്ങൾ എന്ന് പോലും തോന്നാറുണ്ട്.
ഇനീം കൊറേ കാണും ഇതുപോലെ ഉള്ള രസികൻ ഭാഷാവ്യത്യാസങ്ങൾ. അവ കമെന്റ് ചെയ്യൂ.. 😇

ശുദ്ധ മലയാളം സംസാരിക്കുന്ന കൂട്ടരാണ് മധ്യ തിരുവിതാംകൂറുകാർ എന്ന് പറയുമെങ്കിലും, എനിക്ക് ഞങ്ങളുടെ ഭാഷയേക്കാൾ ഇഷ്ടം തൃശൂർ ഭാഷയാണ്. പി. സി. തോമസ് സർന്റെ അടുത്ത് പഠിക്കുന്ന കാലം മുതൽ ആ നാടിനോട് ഒരു പ്രത്യേക ഇഷ്ടമാണ്. 😍

=====

രേഖ ശാരദ എഴുതുന്നു 

തെക്കും വടക്കും ചേർന്നാൽ വെടക്കാവുമോ?

പ്രാദേശികപരമായി ഭാഷക്കും, ഭക്ഷണത്തിനുംതെക്കും, വടക്കും ഉള്ള വ്യത്യാസം പോലെ സ്വഭാവത്തിനും ഉണ്ടെന്നാണ് പറഞ്ഞും, അറിഞ്ഞും കേട്ട അറിവുകൾ….

തെക്കു രാജഭരണത്തിന്റെ കീഴിലും, വടക്കു ബ്രിടീഷ് ഇന്ത്യയുടെ ഭരണവും ആയിരുന്നതാകാം സ്വഭാവരൂപീകരണത്തിന് കാരണഹേതു…
വടക്കു -തീവ്രമായ സ്നേഹം
മദ്ധ്യം -സമദൂരം
തെക്കു -വളവളാ

തെക്കും അപൂർവം ചിലർ നിഷ്കളങ്കർ ഉണ്ടെന്നു.. സ്വന്തം കാര്യം നോക്കികൾ, തെറിവിളിയിൽ phd എടുത്തവർ (പെണ്ണുങ്ങൾ പോലും അനുഭവമുണ്ട് )കാര്യം നടക്കാൻ സോപ്പിടുന്നവർ, പരസ്പരം സഹായം കുറവ്, ഇതൊക്കെയാണ് കിട്ടിയ വിവരങ്ങൾ.

മലബാറുകാർ വികാരാധീനർ ആകും പെട്ടെന്ന്. അതാണത്രേ ടൂറിസം വളരാത്തതു. അഭിനയം ഒട്ടും അറിയില്ലെന്ന്. തെക്കന്മാർ മൊത്തത്തിൽ അഭിനയം ആണെന്ന്… അവിടെ ടൂറിസം വളരുന്നതു അതാണത്രേ…

തെക്കനേയും മൂർഖനെയും ഒരുമിച്ചു കണ്ടാൽ എന്നൊരു ചൊല്ലുണ്ട്… തെക്കിൽ നിന്ന് ആലോചന വന്നാൽ പെണ്ണുമില്ല വടക്കിൽ എന്നുമുണ്ട്…

മലബാറിലൊരാൾ ഗൾഫിൽ പോയാൽ കുടുംബവും, അയല്വക്കവും, സുഹൃത്തുക്കളും രക്ഷപെടുമെന്നാണ്…

അതായതുത്തമാ എന്റെ ലിസ്റ്റിലെ സൗഹൃദങ്ങൾ കേരളത്തിലെ എല്ലാ ദേശത്തെയും ഉണ്ട്.. ആരെയും വേദനിപ്പിക്കാനോ, ദേഷ്യം പിടിപ്പിക്കാനോ അല്ല.. വെറുതെ അറിയാനുള്ള ഒരു ത്വര.. നിങ്ങളുടെ എല്ലാരുടെ അഭിപ്രായം….

എന്റെ അഭിപ്രായത്തിൽ നല്ലതും, വെടക്കും ലോകത്തിൽ തന്നെ എല്ലാ ഭാഗത്തും ഒരേപോലെ ഉണ്ട്… തെക്കരോട് ഇടപെടേണ്ടി വന്നപ്പോളൊക്കെയും മാനസിക പീഡനം ഏറ്റിട്ടുണ്ട്… അതേപോലെ വടക്കും ഉണ്ട് ക്രൂരത നിറഞ്ഞവർ…

ഇനി എല്ലാരും പറഞ്ഞാട്ടെ ഓരോ ദേശക്കാരോടും ഇടപെട്ടപ്പോൾ ഉണ്ടായ അനുഭവങ്ങൾ… എന്നെ തല്ലരുത്.. ഒരു രസം മാത്രം അറിയാൻ

=======

Vaisakhan Thampi  എഴുതുന്നു

ഇത്തിരി പ്രദേശികവാദമാണ്… 
ചില ടീമുകളുണ്ട്; ആർക്ടിക് പ്രദേശത്ത് ചെന്നാൽ പോലും ചിക്കൻ ബിരിയാണി ചോദിയ്ക്കുകയും, അവിടെ അത് കിട്ടില്ല എന്നറിഞ്ഞ് ‘ഇവിടത്തുകാർക്ക് ആഹാരമുണ്ടാക്കാൻ അറിയില്ല’ എന്ന് വിധി പ്രസ്താവിക്കുകയും ചെയ്തുകളയും!

ആർക്ടിക് പ്രദേശമെന്നത് ഇത്തിരി കയറ്റി പറഞ്ഞതാണെങ്കിലും, ഇതുപോലെ അലോസരപ്പെടുത്തുന്ന കമന്റ് പാസ്സാക്കുന്ന ചില ആളുകളുണ്ട്. പ്രത്യേകിച്ച് മലബാർ ഭാഗത്ത്. നേരേ വണ്ടികേറി തിരുവനന്തപുരത്ത് വരും, എന്നിട്ട് തിരുവനന്തപുരത്തെ ഹോട്ടലിൽ കേറും, തിരുവനന്തപുരത്തെ ആഹാരം ഓർഡർ ചെയ്യും, കഴിയ്ക്കും, എന്നിട്ടൊരു ഡയലോഗാണ്- “ഛേയ്, ഇവിടത്തുകാർക്ക് ആഹാരം ഉണ്ടാക്കാൻ അറിയില്ല!”. തിരുവനന്തപുരത്തുകാർ ആരോ മലാബാറീന്ന് പിടിച്ചുവലിച്ചോണ്ട് വന്ന്, ക്രോബാറ് കൊണ്ട് വാ വലിച്ചുതുറന്ന് ആഹാരം വായിലേയ്ക്ക് കുത്തിക്കേറ്റിയതാണെന്ന് തോന്നും ഡയലോഗ് കേട്ടാൽ.

എന്റെ ഭായ്, ആഹാരം എന്നത് ഓരോരോ പ്രദേശത്തിന്റേയും സംസ്കാരത്തിന്റെ ഭാഗമാണ്. അതിൽ തന്നെ, ആ പ്രദേശത്തുള്ളവരിൽ തന്നെ വ്യത്യസ്ത ആളുകൾക്ക് വ്യത്യസ്ത ഇഷ്ടാനിഷ്ടങ്ങളുണ്ടാകും. അപ്പോൾ സ്വാഭാവികമായും മറ്റ് സ്ഥലങ്ങളിലേയ്ക്ക് പോകുമ്പോൾ ചിലപ്പോൾ നമുക്ക് ഇഷ്ടപ്പെടാത്ത, നമ്മുടെ അഭിരുചിയ്ക്ക് യോജിക്കാത്ത ആഹാരമായിരിക്കും അവിടെ കൂടുതൽ. അതിനർത്ഥം അവിടത്തുകാർക്ക് ആഹാരം ഉണ്ടാക്കാനറിയില്ല എന്നല്ല. പട്ടിയേയും പാമ്പിനേയും പഴുതാരയേയും വരെ തിന്നുന്ന നാടുകളുണ്ട്. അതിൽ അവർക്ക് കുഴപ്പമൊന്നും ഇല്ലെങ്കിൽ, പിന്നാർക്കാ കുഴപ്പം? ഉദാഹരണത്തിന്, തിരുവനന്തപുരത്തുകാർ ഉണ്ടാക്കുന്ന ബിരിയാണിയിൽ അവിടത്തുകാർക്ക് പ്രശ്നമൊന്നും തോന്നാത്തിടത്തോളം കാലം അവരത് അങ്ങനെ തന്നെയായിരിക്കുമല്ലോ ഉണ്ടാക്കുക. നിങ്ങളായിട്ട് ഒരു സ്ഥലത്ത് ചെന്നിട്ട്, നിങ്ങൾ വിചാരിക്കുന്ന ആഹാരം നിങ്ങൾ വിചാരിക്കുന്ന രീതിയിൽ കിട്ടിയില്ല എന്നതുകൊണ്ട് ആ നാടിന് മാർക്കിടാൻ നിൽക്കേണ്ട കാര്യമില്ല. തിരുവന്തോരം ഭാഷയിൽ അതിന് മറുപടി, “ഡേയ് അപ്പീ, വേണോങ്കി തിന്ന്*, ഇല്ലെങ്കി മൊട വർത്താനം പറയാതെ എഴിച്ച് പോ!” എന്നാണ്.

മലബാർ മലയാളിയുടെ ഭാഷയിൽ ‘മൂർഖന് മുൻപേ തല്ല് കിട്ടാൻ യോഗ്യതയുള്ള തെക്കൻ’ എന്ന നിലയിൽ നമ്മളിത്തരം കാര്യങ്ങളോട് കൂടുതൽ സെൻസിറ്റീവാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ മോഷണം റിപ്പോർട്ട് ചെയ്യപ്പെടുന്നത് തിരുവനന്തപുരത്താണോ? കേരളത്തിലെ ജയിൽപുള്ളികളിൽ ഏറ്റവും കൂടുതൽ തിരുവനന്തപുരംകാരാണോ? ഏറ്റവും കൂടുതൽ അഴിമതിക്കേസ് വരുന്നത് തിരുവനന്തപുരത്തുകാരായ രാഷ്ട്രീയക്കാരുടെ പേരിലാണോ? പിന്നെ എന്തിന്റെ പേരിലാണ് തിരുവനന്തപുരത്തിന് ഈ ചീത്തപ്പേര്? ഒരുപക്ഷേ, കേരളത്തിൽ ഏറ്റവും കൂടുതൽ പേര് മറ്റിടങ്ങളിൽ നിന്ന് വണ്ടി കേറി വന്നിറങ്ങിയിട്ടുള്ള സ്ഥലം തിരുവനന്തപുരമായിരിക്കും. ഒരുപക്ഷേ, തിരുവനന്തപുരംകാരല്ലാത്തവരിൽ ഏറ്റവും കൂടുതൽ പേർ പോയിട്ടുള്ള അന്യജില്ലയും തിരുവനന്തപുരമായിരിക്കും. പാലക്കാടുകാർക്ക് കോട്ടയത്തുപോയ കഥയോ, കോട്ടയംകാർക്ക് പാലക്കാട് പോയ കഥയോ അധികം പറയാനുണ്ടാവില്ല. പക്ഷേ രണ്ടുകൂട്ടർക്കും തിരുവനന്തപുരത്ത് പോയ കഥകൾ പറയാനുണ്ടാകും. അപ്പോ സ്വാഭാവികമായും തിരുവനന്തപുരം കഥകളായിരിക്കും പ്രചരിക്കുന്ന അന്യജില്ലാക്കഥകളിൽ അധികവും. മോശം അനുഭവങ്ങൾക്ക് പ്രചാരം കൂടുതലായിരിക്കും എന്ന ലോജിക്കിൽ അങ്ങനെ തിരുവനന്തപുരം മോശം സ്ഥലമായി! ഓട്ടോക്കാരുടേയും കടക്കാരുടേയുമൊക്കെ കഥകളാണ് എണ്ണത്തിൽ കൂടുതൽ. ജനത്തിരക്കുള്ള നഗരപ്രദേശങ്ങളിൽ പൊതുവേ ആളുകൾ നെട്ടോട്ടത്തിലായിരിക്കും. കസ്റ്റമേഴ്സിനെ പ്ലീസ് ചെയ്താലും ഇല്ലെങ്കിലും ഓട്ടോയിൽ കേറാൻ ആളെ കിട്ടും. പ്രത്യേകിച്ചും സ്ഥിരതാമസക്കാരെക്കാൾ കൂടുതൽ വന്നുപോകുന്ന ആളുകളുള്ള സ്ഥലങ്ങളിൽ. തിരുവനന്തപുരത്തേയും കൊച്ചിയിലേയും ഓട്ടോക്കാരെ ശ്രദ്ധിച്ചാൽ ഇത് മനസിലാകും. അതിനർത്ഥം അവരെല്ലാം കൊള്ളക്കാരാണെന്നല്ല. അവരിൽ മറ്റേത് വിഭാഗത്തിലേയും പോലെ പല തരത്തിലുള്ള ആളുകൾ ഉണ്ടാകും. അവർ എണ്ണത്തിൽ കൂടുതലുമായിരിക്കും. (കോഴിക്കോട്ടെ ‘നന്മ നിറഞ്ഞ’ ഓട്ടോക്കാരിൽ നിന്ന് പല തവണ പണി കിട്ടിയിട്ടുള്ള ആളാണ് ഞാൻ)

ഇനി ഏറ്റവും വലിയ തമാശയെന്താന്നുവെച്ചാൽ തിരുവനന്തപുരം നഗരത്തിലിറങ്ങിയാൽ അവിടെ അവിടത്തുകാരെക്കാൾ കൂടുതൽ അന്യജില്ലക്കാരായിരിക്കും എന്നതാണ്. പലരും നല്ല നല്ല ജില്ലകളിൽ നിന്ന് തിരുവനന്തപുരം എന്ന മോശം ജില്ലയിൽ വന്ന് സ്ഥിരതാമസം ആക്കിയവരാണ്, മനുഷ്യരെന്താ ഇങ്ങനെ!

(‘കന്നുകാലി’യിലെ ‘ന്ന’ അല്ല, ‘ചിന്നത്തമ്പി’യിലെ ‘ന്ന’)

Advertisements