മനോഹരമായ നിർമ്മാണശൈലി ഈ കൊച്ചുകേരളത്തിലും നിലനിന്നിരുന്നുന്നു

66

Dilin Das

പട്ടാമ്പി താലൂക്കിൽ കൂറ്റനാടിന് മുൻപ് റോഡരികിൽ ആരാലോ ഉപേക്ഷിക്കപ്പെട്ടതുപോലെ കാണാൻ കഴിയുന്ന ഒരു കരിങ്കൽ ശിലാനിർമിതിയാണ് കട്ടിൽമാടം. ആയിരത്തിലധികം വർഷം പഴക്കമുള്ള കട്ടിൽമാടം അതിശയിപ്പിക്കുന്നത് പ്രധാനമായും ആ ഒരു കാലഘട്ടത്തിലും ഈ രീതിയിൽ മനോഹരമായ നിർമ്മാണശൈലി ഭാരതത്തിൽ,അതുപോലെ ഈ കൊച്ചുകേരളത്തിലും നിലനിന്നിരുന്നുന്നു എന്നുള്ളതാണ്.കൊത്തുപണിയുടെ കരവിരുതും,കലാബോധത്തിന്റെ അച്ചടക്കവും കൈമുതലായുണ്ടായിരുന്ന കലാകാരൻമാർ അന്നും ഇവിടെയൊക്കെ ഉണ്ടായിരുന്നു,അവരീവഴിയും കടന്നുപോയിരുന്നു എന്ന് നമുക്ക് മനസിലാക്കാം. ആ ഒരു കാലഘട്ടത്തെ,അന്നത്തെ പ്രഗത്ഭരായ മനുഷ്യരെ അടയാളപ്പെടുത്താൻ കഴിയുന്ന വിരളമായ കാലത്തിന്റ കയ്യൊപ്പുകളിൽ ഒരെണ്ണമായി പാലക്കാട്‌ ജില്ലയിലെ കൂറ്റനാടുള്ള കട്ടിൽമാടത്തെയും നമുക്ക് കാണാവുന്നതാണ്.

പഴക്കമേറുന്നതിനൊപ്പം മൂല്യത്തിന് വിലയിടാൻ കഴിയാതാവുന്നതാണ് ഓരോ ചരിത്രകൗതുകവും,നിർമിതിയും അതുപോലെ ചരിത്രം പരിശോധിച്ചാൽ കട്ടിൽമാടവും.സംരക്ഷണത്തിലേക്കുള്ള കട്ടിൽമാടത്തിൻ്റെ സമയദൈർഘ്യത്തിന് കുറവ് വരുമെങ്കിൽ വരും കാലത്തോട് ഇന്നോളം ഈ നാട് നടന്നുനീങ്ങിയ ഒരു വലിയ കാലത്തിന്റെ നാൾവഴികൾ അടിയുറച്ച യാഥാർഥ്യങ്ങളോടെ കഥകളായി കട്ടിൽമാടത്തിന് വിളിച്ചുപറയാനാകും.ഭംഗിവാക്കല്ല. ഇന്നത്തെ നമ്മുടെ ചുറ്റുമുള്ള മനുഷ്യനിർമിതമായവയ്‌ക്കെല്ലാം നമ്മൾ കാണുന്ന പഴക്കം നൂറോ,ഇരുന്നൂറോ വർഷങ്ങളായിരിക്കും.വീടുകൾ,റോഡുകൾ,പാലങ്ങൾ അവയെല്ലാം തന്നെ.അതിനാൽ തന്നെ അതിനും മുൻപ് ഇവിടെ മനുഷ്യസഞ്ചാരമുണ്ടായിരുന്നു എന്ന് വിശ്വസിക്കാൻ തന്നെ സ്വല്പം ബുദ്ധിമുട്ട് തോന്നും.നമ്മുടെ തന്നെ ചുറ്റുമുള്ള പല പ്രദേശങ്ങളിലൊക്കെത്തന്നെയും അധികമായില്ല മനുഷ്യവാസം തുടങ്ങിയിട്ട് എന്ന് നമ്മൾ തന്നെ പറയാറുണ്ട്, അതല്ലെങ്കിൽ പറഞ്ഞുകേൾക്കാറുണ്ട്.പക്ഷെ നൂറല്ല,ഇരുന്നൂറല്ല ആയിരത്തിനടുത്ത്,അതല്ലെങ്കിൽ അതിലേറെ വർഷങ്ങൾക്ക് മുൻപ് ഇവിടെ സ്ഥാപിക്കപ്പെട്ട കട്ടിൽമാടം പറയുന്നതെന്താണ്?

മനുഷ്യവാസവും,മനുഷ്യസഞ്ചാരവും, അവർ തമ്മിലുള്ള ആശയവിനിമയവുമെല്ലാം ഇവിടെയും അന്നുമുണ്ടായിരുന്നു,ഈ വഴിയും ഇതിലൂടെ സ്ഥിരമായി നടന്നിരുന്നവരുമുണ്ടായിരുന്നു എന്നുകൂടിയല്ലേ? ഒൻപതാം നൂറ്റാണ്ടിനും പതിനൊന്നാം നൂറ്റാണ്ടിനും ഇടയ്ക്കാണ് കട്ടിൽമാടത്തിന്റെ നിർമാണം ഉണ്ടായിട്ടുള്ളത് എന്ന് പറയപ്പെടുന്നു.കുറച്ചൊന്നുമല്ല ഒരായിരത്തിലേറെ വർഷങ്ങളുടെ പഴക്കം.കട്ടിൽ എന്ന പദം ബുദ്ധജൈന സംസ്കാരവുമായി ബന്ധപ്പെട്ടതാണ്.കട്ടിൽ എന്നാൽ നാലു ഭാഗങ്ങളോട് കൂടിയ അഥവാ കാലുകളോട് കൂടിയ പരന്ന വസ്തു, മാടം എന്നാൽ ഉയരത്തിലുള്ളത്(ഗോപുരം)എന്നും.പൂർണമായും കരിങ്കല്ലിൽ തീർത്ത കട്ടിൽമാടം ഒരു കാലത്ത് ജൈനക്ഷേത്രമായിരുന്നു എന്നും പറയുന്നു.പാണ്ഡ്യചോള രാജവംശത്തിന്റെ നിർമാണശൈലിയുമായി വളരെയധികം സാമ്യം കട്ടിൽമാടത്തിനുണ്ടത്രെ.

പറയിപെറ്റ പന്തിരുകുലത്തിന്റെ ആയിരത്തിലേറെ വർഷം പഴക്കമുള്ള കഥകൾ പാറിനടക്കുന്ന നാടായ തൃത്താലയ്ക്കടുത്തുതന്നെ സ്ഥിതി ചെയ്യുന്ന കട്ടിൽമാടം ഉൾപ്പെടുന്ന പ്രദേശം ഭാരതപ്പുഴയുടെ തീരം കൂടിയാണ്.1233ലെ ഒരു കന്നഡലിഖിതത്തിലെ ഏതാനും പരാമർശങ്ങളെ കട്ടിൽമാടവുമായി ചരിത്രകാരന്മാർ ബന്ധപ്പെടുത്തുന്നുണ്ട്.പട്ടാമ്പിക്കടുത്ത പള്ളിപ്പുറം കുളമുക്ക് എന്ന പ്രദേശം ദക്ഷിണേന്ത്യയിലെ ഒരു പ്രധാന വാണിജ്യപട്ടണമായിരുന്നത്രെ.ജൈനബുദ്ധമതക്കാരുടെ സാന്നിധ്യം കേരളത്തിൽ സജീവമായിരുന്ന അക്കാലത്ത് അറബിക്കടൽ വഴി വന്ന് കേരളത്തിന്റെ തെക്കു ഭാഗത്തുനിന്നും ഭാരതപ്പുഴയിലൂടെ സജീവമായ ചരക്കുനീക്കം വാണിജ്യവുമായി ബന്ധപ്പെട്ട് ഇവിടങ്ങളിലൂടെ ഉണ്ടായിരുന്നു.ഇന്നത്തെ പൊന്നാനി-പാലക്കാട്‌ പാത അന്നും ഒരു വ്യാപാരഇടനാഴിയായി നിലനിന്നിരുന്നു.ഇന്ത്യയുടെ തന്നെ നാനാഭാഗത്തുനിന്നും വ്യത്യസ്ത സംസ്കാരങ്ങളുമായി ബന്ധപ്പെട്ട മനുഷ്യർ ഈ തീരങ്ങളിലൂടെ സഞ്ചരിച്ചിരുന്നു.ഇവിടങ്ങളിൽ വിശ്രമിച്ചിരുന്നു,ജീവിച്ചിരുന്നു.

അന്ന് ഏതൊക്കെയോ കരവിരുതുകൾ കൈമുതലായുണ്ടായിരുന്നവർ നിർമിച്ചതാണ് ഈ കട്ടിൽമാടം.ഇത് ജൈനക്ഷേത്രമായി ഉപയോഗിച്ചു പോന്നിരുന്നുവെന്നും പറയുന്നു.പട്ടാമ്പിയിലെ പ്രശസ്തമായ തളിക്ഷേത്രത്തിന്റെ നിർമ്മാണകലയുമായി വളരെയധികം സാമ്യം കട്ടിൽമാടത്തിനുണ്ട്.ആ ക്ഷേത്രത്തിന്റെ ഗോപുര ആവശ്യത്തിന് വേണ്ടി നിർമ്മിച്ചതായിരിക്കണം ഇതെന്നും അഭിപ്രായമുണ്ട്.ആ വസ്തുതകൾ ശരിയാണെങ്കിൽ കട്ടിൽമാടം പോലുള്ള പല നിർമിതികളും ജൈനബുദ്ധഹൈന്ദവ സംസ്കാരങ്ങളുടെ സമന്വയമാണെന്ന് ഉറപ്പിക്കാം.ഇന്ന് വേറിട്ട് നിൽക്കുന്ന പലതും മുൻകാലങ്ങളിൽ ഒന്നായിരുന്നെന്ന് ചരിത്രകാരന്മാർ പറയുന്നത് പോലെ.

കട്ടിൽമാടത്തിന്റെ പരിസരപ്രദേശങ്ങളിൽ പലരാലും പറഞ്ഞുകേൾക്കാവുന്ന അതിശയോക്തി നിറഞ്ഞ ഒരു കഥയുമുണ്ട്.ഒരൊറ്റ രാത്രി കൊണ്ട് ചെകുത്താന്മാരാണ് ഇത് നിർമ്മിച്ചത് എന്ന്.എന്നാൽ പണിക്കിടയിൽ പാതിരാത്രി കോഴി കൂവിയപ്പോൾ നേരം വെളുത്തെന്ന് കരുതി പണി പൂർത്തിയാക്കാതെ ചെകുത്താന്മാർ പോയി എന്നും. എന്തൊക്കെയായിരുന്നാലും ഇത്രയും വർഷങ്ങൾക്കു മുൻപ് ടെക്നോളജിയുടെ നിലവിലെ സാധ്യതകൾ ഒന്നുമില്ലാതിരുന്ന ഒരു കാലത്തും ഈ രീതിയിലുള്ള നിർമ്മാണശൈലികൾക്ക് പ്രാപ്തരായിരുന്ന മനുഷ്യൻമാർ ജീവിച്ചിരുന്നു എന്നോർക്കുമ്പോൾ അതിശയം തോന്നുന്നു.ആ ഒരു കാലത്തെ സൃഷ്ടികളെ സമകാലികനിർമിതികളുമായി മുട്ടിച്ചു നോക്കുമ്പോൾ അവർ ബുദ്ധിപരമായും,കഴിവുകൊണ്ടും നമ്മെക്കാൾ എത്രയോ മുൻപിലായിരുന്നു എന്ന് തിരിച്ചറിയുന്നു.പഴയ കാലത്തിന്റെ സൃഷ്ടികളിൽ നമ്മളിത്രയും അത്ഭുതപ്പെടുന്നുണ്ടെങ്കിൽ നിലവിൽ അത്രയൊന്നും നിലവാരത്തിലുള്ളവ ഉണ്ടാകുന്നില്ല എന്നല്ലേ അർത്ഥം?

മണ്മറഞ്ഞുപോയ കാലം എന്നൊക്കെ പറയുന്ന നൂറ്റാണ്ടുകളുടെ പിറകിലെ ജീവിതങ്ങളെ അടയാളപ്പെടുത്തുന്ന ഇത്തരം കാഴ്ചകൾ ഇനിയുമെത്രയോ പലയിടങ്ങളിലായി നിലനിൽക്കുന്നു.അവയെ തിരഞ്ഞിറങ്ങുന്നതിനെ ചരിത്രങ്ങളുടെ ചരിത്രം തേടിപ്പോകുന്ന യാത്രകളാണെന്ന് പറയാം.കട്ടിൽമാടത്തിനെക്കുറിച്ച് ഏതാനും പരിമിതമായ, കേട്ടറിഞ്ഞ വിവരങ്ങൾ മാത്രമാണ് പങ്ക് വച്ചത്.ഒരുപാട് വിവരങ്ങൾ ഇനിയും ഉണ്ടായിരിക്കണം.അത്തരം വിവരങ്ങൾ അറിയുന്നവർ അവകൂടി പങ്ക് വയ്ക്കണം എന്നാഗ്രഹിക്കുന്നു.