ചില ക്രിസ്തീയ ഭൂരിപക്ഷ സംസ്ഥാനങ്ങളിൽ ബിജെപി സഖ്യം ഭരിക്കുന്നതിന്റെയും കേരളത്തിൽ അത് സാധിക്കാത്തതിന്റെയും കാരണം അറിയാമോ ? പ്രബുദ്ധജനത ആയതുകൊണ്ടൊന്നും അല്ല.

158


Dils Davis Payyappilly

പണ്ട് ചില ക്രിസ്ത്യൻ ഭവനങ്ങളിൽ, ‘ക്രിസ്തു ഈ ഭവനത്തിന്റെ നാഥൻ’ എന്നെഴുതിയ ഫലകം കാണാമായിരുന്നു. ഇപ്പോൾ കാണാറില്ല, അന്യം നിന്നുപോയി കാണണം.ഇത്തരത്തിലൊന്ന് കേരളത്തിലെ ഇടതനും വലതനും അവരുടെ പാർട്ടി ഓഫീസുകളിലും വയ്ക്കണം., ‘മണ്ടന്മാരായ ബി.ജെ.പി നേതാക്കൾ ഈ പാർട്ടിയുടെ ഐശ്വര്യം’ എന്നൊന്ന്.കേരളത്തിലെ ബഹുഭൂരിഭാഗം ബി.ജെ.പി നേതാക്കളും വെറും മോഴകളാണ്. അതുകൊണ്ട് മാത്രമാണ് കേരളത്തിൽ ബി.ജെ.പി ഇതുവരെ വേണ്ടത്ര ക്ലെച്ച് പിടിക്കാത്തതും, അല്ലാതെ സാച്ചര കേരളം ചുന്ദര കേരളം ആയതുകൊണ്ടൊന്നുമല്ല.ശബരി മലയിൽ ഹാൻസ് വായിൽ തിരുകി കയറ്റി, പോലീസ് സ്റ്റേഷനിൽ തോള് ചെരിച്ച് കെട്ടുനിറ സ്വയം താഴേയ്ക്കിടുന്ന ഉള്ളി സുര. ”വീർ ഷഹീദ് ഭഗത് സിംങ്ങ് ജബ് ജയിൽ മേ ദേ, മുക്കഥമ ചൽ രഹാ താ, ക്യാ കോയി കോൺഗ്രസ്സി പരിവാർ കാ വ്യക്തി ഷഹീദ് വീർ ഭഗത് സിംങ്ങ് കൊ മിൽനെ ഗയാ ഥാ”.. എന്നു മോദി പറയുമ്പോൾ, വീരനായിട്ടുള്ള ഭഗത് സിംങ്ങൻ വീര ചരമം പ്രാപിച്ചപ്പോൾ കോൺഗ്രസ്സിലെ ഏതെങ്കിലും ഒരു വ്യക്തി ഷഹീദായിട്ടുള്ള ഭഗത് സിംങ്ങിനെ സന്ദർശിച്ചിട്ടുണ്ടോ എന്നാണ് മോദി പറഞ്ഞതിനർത്ഥം എന്നു പറഞ്ഞ് സ്വയം അപഹാസ്യയാകുന്ന മഞ്ഞൾ കൃഷിക്കാരി ശോഭേച്ചി.’ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയിൽ വാദിക്കുന്നതിന് ഹരീഷ് സാൽവേയ്ക്ക് ഫീസ് ഉൾപ്പെടെ സംസ്ഥാന സർക്കാർ എത്ര രൂപയാണ് നാളിതുവരെയായി ചിലവഴിച്ചതെന്ന് വിശദ്ധമാക്കാമോ’ എന്ന തരത്തിലുള്ള നക്ഷത്രമിടാത്ത ചോദ്യങ്ങൾ ചോദിച്ച്, ലാവ്ലിൻ കേസ് സുപ്രിം കോടതിയിൽ വാദിച്ചിട്ടില്ല എന്ന നക്ഷത്ര ഉത്തരങ്ങൾ വാങ്ങിക്കൂട്ടുന്ന അവരുടെ ഏക എം.എൽ.എ രാജേട്ടൻ.ജയ് ശ്രീറാം വിളി സഹിക്കാത്തവർ അന്യഗ്രഹങ്ങളിൽ ജീവിക്കാൻ പോകൂ എന്നു പറയുന്ന ഒട്ടകം കോവാലൻ.തിന്നാനും, നുണ പറയാനും, വർഗ്ഗീയത പറയാനും മാത്രം വാ തുറന്ന് വിഷം ചീറ്റുന്ന ശശികല.

നാഴിക്ക് നാല്പതു വട്ടം മണ്ടത്തങ്ങളും വർഗ്ഗീയതയും മാത്രം പറയുന്ന ഇവരെക്കെയാണ് കേരളത്തിലെ ബി.ജെ.പി നേതാക്കളും ആ പാർട്ടിയുടെ മുഖവും. വർഗ്ഗീയതയും മണ്ടത്തരങ്ങളും പറയാത്ത സുബോധമുള്ള നേതാക്കൾ തുലോം തുഞ്ചമാണ്.കേരളത്തിൽ ഹിന്ദുക്കൾ 55% മേയുള്ളൂ, ഇന്ത്യൻ ശരാശരിയിലും വളരെ താഴെ. അതിനാൽ കേരളത്തിൽ മതം പറഞ്ഞ് അധികാരത്തിലേറാമെന്നത് വെറും വ്യാമോഹം മാത്രമാണ്. മുസ്ലിമുകൾ 27% വും ക്രിസ്ത്യനികൾ 18% ഉണ്ട്.ഇതിൽ 27% വരുന്ന മുസ്ലിം വോട്ടുകൾ ബി.ജെ.പിയ്ക്കു കിട്ടുന്ന കാര്യം വളരെ ബുദ്ധിമുട്ടാണ്. പക്ഷെ മനസ്സു വച്ചാൽ 18% വരുന്ന ക്രിസ്ത്യൻ വോട്ടുകളിൽ ചിലതു കിട്ടും. അല്ലേലും കേരളത്തിലെ എന്നല്ല, ഇന്ത്യയിലെ ക്രിസ്ത്യാനികൾക്ക് ഇപ്പറയണ വെല്യ ബി.ജെ.പി വിരോധമൊന്നും പണ്ടേയില്ല.  88% ക്രിസ്ത്യാനികളുള്ള നാഗാലാൻറ് സംസ്ഥാനം ഭരിക്കുന്നത്, NDPP യും ബി.ജെ.പിയും ചേർന്നാണ്.87% ക്രിസ്ത്യാനികളുള്ള മിസോറാം ഭരിക്കുന്ന NDPP യുടെ alliance ബി.ജെ.പിയുമായാണ്. 75% ക്രിസ്ത്യാനികളുള്ള മേഘാലയ ഭരിക്കുന്ന NPP തോളിൽ കയ്യിട്ടിരിക്കുന്നതും ബി.ജെ.പി യുമായാണ്.ക്രിസ്ത്യാനികൾ 41% ഉള്ള മണിപ്പൂരും, 30% ഉള്ള അരുണാചൽ പ്രദേശും, 25% ഉള്ള ഗോവയും ഭരിക്കുന്നതും ഇതേ ബി.ജെ.പി തന്നെയാണ്.ഇന്ത്യയിൽ ക്രിസ്ത്യാനികൾ ഭൂരിപക്ഷമായുള്ള മൂന്നേ മൂന്ന് സംസ്ഥാനങ്ങളും, അനിഷേധ്യമായ നെഗോഷിയേഷൻ പവറുമുള്ള മറ്റ് മൂന്നേ മൂന്ന് സംസ്ഥാനങ്ങളും എങ്ങനെ ബി.ജെ.പി ഭരിക്കുന്നു എന്നാലോചീച്ചേട്ടുണ്ടോ നിങ്ങൾ…?

ആ സംസ്ഥാനങ്ങളിൽ ആ പാർട്ടിയും അതിലെ നേതാക്കളും ‘മതം’ എന്ന വാക്കേ ഉച്ചരിക്കില്ല, അവർ പറയുന്നതും ഇടപെടുന്നതും പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ മാത്രമാണ്.പക്ഷെ ഇപ്പറയണ ബി.ജെ.പി കേരളത്തിൽ നേരെ തിരിച്ചാണ്, സീറോയാണ്. എങ്ങനെ സീറോ ആകാതിരിക്കും..?കേരളത്തിലെ ബി.ജെ.പി പൊതുജനങ്ങളെ ബാധിക്കുന്ന ഏതേലും വിഷയത്തിൽ നേരാവണ്ണം ഇടപെട്ടു നിങ്ങൾ കണ്ടീട്ടുണ്ടോ..?അവരുടെ ഏതേലും നേതാവ് ഇടതന്റെയും വലതന്റെയും അഴിമതികളും സ്വജനപക്ഷപാതവങ്ങളും, ധൂർത്തും ചൂണ്ടിക്കാണിച്ച് കണ്ടീട്ടുണ്ടോ..?അവർക്ക് പറയാൻ ആകെയൊരു ശബരിമലയുണ്ട്, രാവിലെയും, വൈകിട്ടും, രാത്രിയുമതേ. കേരളത്തിലെ ജനങ്ങളുടെ പ്രധാന പ്രശ്നം ഇപ്പൊ അതാണല്ലോ. ആ ശശികലയേപ്പോലുള്ളവർ വാ തുറന്നാൽ മാത്രം മതിയല്ലോ, പിന്നെ ഏതേലും ഇതര മതസ്ഥർ ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യോ..?അവരേപ്പോലുള്ളവർ വാതുറക്കാതിരുന്നാൽ മാത്രം കിട്ടും കുറേ ഇതരമതസ്ഥരുടെ വോട്ടുകൾ. മതം മാത്രം തിന്നു ജീവിക്കുന്ന മലരുകൾ.

കേരളത്തിലെ ബി.ജെ.പി നേതാക്കൾ, അവരെന്ന് മതത്തെപ്പറ്റി സംസാരിക്കുന്നത് നിറുത്തി, പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ഇടപെടുന്നുവോ അന്നേ ഈ പാർട്ടി കേരളത്തിൽ ഗതി പിടിക്കൂ. സംഘിയല്ലാത്ത ശ്രീജിത്ത് പണിക്കരേപ്പോലുള്ള കുറച്ചെണ്ണം ആ പാർട്ടിൽ വന്നാൽ, അന്നു തീരും ഇടതന്റെയും വലതന്റെയും വെടി. അതുവരെയ്ക്കും കെ.എസ്.ആർ.ടി.സി പോലും നേരാവണ്ണം നടത്താനറിയാത്ത ഇടതനും വലതനും കൂടി അഞ്ചു കോടിയുടെ സ്മാരകങ്ങളും പണിത് പൊതുജനങ്ങളെ വലിപ്പിച്ചു വലിപ്പിച്ചങ്ങനെയിരിക്കും. അപ്പൊ ‘കാട്ടിലെ തടി തേവരുടെ ആന, വലിയെടാ വലി’.