മനുഷ്യനാണ്, ബുദ്ധിയുള്ള ജീവിയാണ്,എന്തിനെയും എക്കാലത്തും അതിജീവിച്ച ചരിത്രമേയുള്ളൂ

82
Dils Davis Payyappilly
മനുഷ്യനാണ്, ബുദ്ധിയുള്ള ജീവിയാണ്. എന്തിനെയും എക്കാലത്തും അതിജീവിച്ച ചരിത്രമേയുള്ളൂ. മനുഷ്യചരിത്രം ഒരിക്കലും സമരസപ്പെടലതിൻ്റെതായിരുന്നില്ല. പ്രകൃതിയോടും പ്രകൃതിക്ഷോഭങ്ങളോടും വിവിധ രോഗങ്ങളോടും മൃഗങ്ങളോടും എക്കാലത്തും അവർ പോരാടിയേട്ടുള്ളൂ, അതിനെയെല്ലാം കീഴ്പ്പെടുത്തിയിട്ടേയുള്ളൂ…
യുറോപ്പിൽ മാത്രം 30%-60% മനുഷ്യരെ കൊന്നൊടുക്കിയ ബ്ലാക്ക് ഡെത്തെന്ന പ്ലേഗ് അക്കാലത്ത് 150 മില്യണിലധികം മനുഷ്യരുടെ ജീവനാണെടുത്തത്.പിന്നെ മില്യണിലധികം മനുഷ്യരെ കൊന്നൊടുക്കിയ കോളറ, ഫ്ലൂ, ടൈഫോയ്ഡ്, സ്മോൾപോക്സ്, മീസൽസ്, ക്ഷയം, കുഷ്ഠം, മലേറിയ, യെല്ലോ ഫീവർ തുടങ്ങി ഇപ്പോൾ നമ്മുടെ കാലത്ത് പരിചിതമായ സാർസ്, എബോള, h1n1, പക്ഷിപ്പനി, നിപ തുടങ്ങി കോവിഡ് വരെയായി.ഈ കോവിഡിനെയും നാം അതിജീവിക്കുക തന്നെ ചെയ്യും. മനുഷ്യ ചരിത്രം അതിജീവനത്തിൻ്റേതാണ്.
ജെ.എം കൂറ്റ്സിയെ ബുക്കർ അവാർഡ് ജേതാവാക്കിയ അദ്ദേഹത്തിന്റെ ഒരു നോവലാണ് ”ലൈഫ് ആൻഡ് ടൈംസ് ഓഫ് മൈക്കിൾ കെ”. മനുഷ്യന്റെ അതിജീവനത്തിന്റെ കഥ പറയുന്ന, രക്ഷപ്പെടാനും ജീവിതം തിരിച്ചുപിടിക്കാനും മൈക്കിൾ എന്ന മനുഷ്യൻ നടത്തുന്ന യാത്രകളുടെ കഥ പറയുന്ന അതിമനോഹരമായ ഒരു നോവൽ.അതിൽ മൈക്കിളിന്റെ അതിജീവനം അപാരമാണു. ഏത് കെടുതികള്ക്കിടയിലും തന്റെ ജീവിതം നിലനിര്ത്തി ലക്ഷ്യത്തിലെത്തി ചേരുന്നുണ്ട് അയാൾ….
വീട്ടുവേലയെടുത്ത് കഴിയുന്ന രോഗിയായ അമ്മയുമൊത്ത് സ്വന്തം നാട്ടിലെ വീട്ടിലേക്ക് പോകുന്ന മൈക്കിൾ, ഒരു ഉന്തുവണ്ടിയില് തന്റെ അമ്മയെയും ഇരുത്തി അതും തള്ളിക്കൊണ്ടാണു അയാളുടെ ആ യാത്ര.അതിനിടയിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുന്നു. യുദ്ധക്കെടുതി അനുഭവിക്കുന്ന മൈക്കിൾ….
രോഗിയായ അമ്മ വഴിയിൽവച്ച് മരിക്കുന്നു. ദുഖവാനായ മൈക്കിൾ. മൃതദേഹം ദഹിപ്പിച്ച് ചിതാഭസ്മവുമായി പ്രതീക്ഷയോടെ ആ യാത്ര വീണ്ടും തുടരുന്ന മൈക്കിൾ.ഒരു മലമുകളിലും, ജയിലിലും അയാൾക്ക് കുറേനാൾ കഴിയണ്ടി വരുന്നുമുണ്ട്.അതിജീവനത്തിനായി അവിടെ വച്ച് അയാൾ മത്തങ്ങ നടുന്നുണ്ട്. മത്തങ്ങയും ഇലകളും വേരുകളും കഴിച്ചാണ് അയാൾ തന്റെ ജീവിതം നിലനിർത്തുന്നത്.അവശനായ മൈക്കിൾ ഒടുവിൽ തകർന്ന് പൊടിപിടിച്ചുകിടക്കുന്ന തന്റെ വീട്ടിലെത്തുന്നു.വീട്ടുകിണറ്റിലെ വെള്ളം കോരിക്കുടിച്ച് ഒടുവിൽ അയാൾ തന്റെ കിടക്കയിൽ സംതൃപ്തനായി കിടക്കുന്നു.സ്വഭവനത്തിൽ സംതൃപ്തനായി കിടക്കുന്ന മൈക്കിളിന്റെ അതിജീവനം നമുക്കേവർക്കും ഒരു പ്രചോദനവും പ്രതീക്ഷയുമാണ്.അതിജീവനം.., അത് എല്ലായിടത്തും എക്കാലവും എല്ലാവരിലും നടക്കുന്നുണ്ട്. ഈ മൈക്കിളിനേപ്പോലെ ഗർഭബീജങ്ങളേപ്പോലെ ഉയിർത്ത് നാം ഈ കോവിഡിനെയും അതിജീവിക്കുക തന്നെ ചെയ്യും.