മാർക്ക് ആൻ്റണിയേപ്പോലെ പറ്റിയില്ലെങ്കിലും മോദിയേപ്പോലെ പ്രസംഗിക്കാൻ രാഹുൽഗാന്ധി പഠിക്കേണ്ടിയിരിക്കുന്നു

83

Dils Payyappilly

ജൂലിയസ് സീസർ എന്നൊരു വ്യക്തിയിലേയ്ക്ക് മാത്രമായി ഇത്രയും വലിയ അധികാരം കേന്ദ്രീകരിച്ചാൽ റോമിൻ്റെ സ്ഥിതിയെന്താകും ? എന്ന ചില റോമൻ സെനറ്റർമാരുടെ രാഷ്ട്രീയ ബോധ്യമാണ് ആ കൃത്യം നടത്താനായി ബ്രൂട്ടസിനെയും കാഷ്യസിനെയും പ്രേരിപ്പിച്ചത്.കൊലയ്ക്കുശേഷം ബ്രൂട്ടസ് ജനങ്ങളെ അഭിസംബോധന ചെയ്യുന്നുണ്ട്. റോമിനെ നന്മയ്ക്ക് വേണ്ടിയിട്ടാണ് സീസറിനെ കൊന്നതെന്നും, വ്യക്തിപരമായ നേട്ടത്തിനല്ല എന്നൊക്കെ പറയുമ്പോൾ ജനം അത് സ്വീകരിക്കുന്നുമുണ്ട്.എന്നാൽ പിന്നീട് രംഗത്ത് വന്ന മാർക്ക് ആൻറണി….,
“Friends, Romans, Countrymen, lend me your ears.”
എന്നുപറഞ്ഞ് തുടങ്ങുന്ന ഒരത്യുജ്ജല പ്രസംഗം നടത്തുന്നുണ്ട്….

പാവപ്പെട്ട മനുഷ്യർ കരഞ്ഞപ്പോൾ അവരോടൊത്തു കരഞ്ഞ സീസർ ഒരു അധികാരഭ്രമമുള്ളവനായിരുന്നുവെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ….?
ഞാൻ സീസറിന് മൂന്ന് പ്രാവശ്യം രാജകീയ കിരീടം സമ്മാനിക്കുകയും, മൂന്ന് പ്രാവശ്യവും അത് നിരാകരിക്കുകയും ചെയ്ത സീസർ ഒരു അധികാരഭ്രമമുള്ളവനായിരുന്നുവെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ….?
എന്നിട്ടും ബ്രൂട്ടസ് പറയുന്നു സീസർ അധികാരഭ്രമമുള്ളവനായിരുന്നുവെന്ന് എന്നൊക്കെ ആൻ്റണി പറയുമ്പോൾ….,
ആൻറണി പറഞ്ഞത് ശരിയാണല്ലോ എന്നു ജനക്കൂട്ടം ചിന്തിക്കുന്നു….
ശേഷം എല്ലാ റോമൻ പൗരന്മാർക്കും 75 ഡ്രാക്മസ് വീതം കൊടുക്കാൻ സീസറിൻ്റെ വിൽപ്പത്രത്തിൽ എഴുതിയിരിക്കുന്നു എന്ന് ആൻ്റണി പറയുമ്പോൾ….,
ജനം പ്രതികാരത്തിനായി മുറവിളി കൂട്ടുന്ന സ്ഥിതിയാകും കാര്യങ്ങൾ….

നിങ്ങളുടെ മാനസിക ഉല്ലാസത്തിനായി അദ്ദേഹത്തിൻ്റെ സ്വകാര്യ മട്ടുപ്പാവും ഉദ്യാനവുമെല്ലാം അദ്ദേഹം നിങ്ങൾക്കായി നല്കിയിരിക്കുന്നു എന്നൊടുവിൽ ആൻ്റണി പറഞ്ഞു വയ്ക്കുമ്പോൾ, ഗൂഢാലോചനക്കാരെയെല്ലാം കൊല്ലണമെന്നും അവരുടെ വീടെല്ലാം അഗ്നിക്കിരയാക്കണമെന്നും പറഞ്ഞ് ജനക്കൂട്ടം ഒടുവിൽ ഇളകി മറയുകയാണ്. മാർക്ക് ആൻറണി തൻ്റെ പ്രസംഗത്തിലൂടെ ജനങ്ങളെ ഇളക്കിമറിച്ചു എന്നതാണ് സത്യം.കലികയറിയ ജനങ്ങൾ ഗൂഢാലോചനക്കാരെ ഒന്നൊന്നായി കൊലചെയ്യുകയാണ്. കാഷ്യസും ബ്രൂട്ടസും അവസാനം നിവൃത്തിയില്ലാതെ ആത്മഹത്യ ചെയ്യുകയാണ്.ഇവിടെ ആൻ്റണി തൻ്റെ പ്രസംഗത്തിലൂടെ ആൾക്കൂട്ട മനഃശാസ്ത്രത്തെ വിദഗ്ദമായി ഉപയോഗിക്കുന്നതായി നമുക്ക് കാണാൻ സാധിക്കും.

മാർക്ക് ആൻ്റണിയുടെ ആ ചരിത്ര പ്രസംഗം ഷേക്സ്പിയർ പുനരാവിഷ്ക്കരിക്കുമ്പോൾ അതു വല്ലാതെ പ്രോജ്വലിക്കുന്നുമുണ്ട്. ഇന്ത്യയിൽ ഇതുപോലെ തൻ്റെ പ്രസംഗത്തിലൂടെ ആൾക്കൂട്ട മനഃശാസ്ത്രത്തെ വിദഗ്ദമായി ഉപയോഗിക്കുന്ന ഒരാളാണ് നരേന്ദ്രേ മോദിയും. പുള്ളിക്കാരൻ്റെ പ്രസംഗങ്ങൾ കേട്ടാലേ അതുമനസ്സിലാകും.

എന്തൊക്കെ ചെയ്താലും പതിവുപോലെ ഇലക്ഷന് രണ്ടുമാസംമുമ്പ് മോദി വരും. എന്നിട്ട് സ്റ്റേജിൽ കയറി, രണ്ടു കൈയും നീട്ടി, മേരി ബായോം ബഹനോം എന്നുപറഞ്ഞ്, ഞാനെൻ്റെ രാഷ്ട്രത്തിനായി ജീവിതം തന്നെ ഉഴിഞ്ഞുവെച്ച ആളാണെന്നും, പാക്കിസ്ഥാന് ഇപ്പോഴത്തെ ഇന്ത്യയെ പേടിയാണെന്നും, ചൈനയെ നമ്മൾ മുട്ട്കുത്തിച്ചു എന്നൊക്കെ പറഞ്ഞ് ഞാൻ അതു ചെയ്തില്ലേ ഇതു ചെയ്തില്ലേ എന്നൊക്കെ പതിവുപോലെ കീറും. മോദിജിയുടെ പ്രസംഗം കേൾക്കുന്ന ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങൾ അത്കേട്ട് വീണ്ടും താമരയ്ക്ക് തന്നെ വോട്ട് കുത്തും.പെട്രോൾ വിലവർദ്ധനവും, തൊഴിലില്ലായ്മയും, ജി.ഡി.പിയുമെല്ലാം ജനം സൗകര്യപൂർവ്വം മറക്കേം ചെയ്യും.

ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ, അവരിലൊരാളായിട്ടാണ് മോദി പ്രസംഗിക്കുന്നത്. ആ പ്രസംഗം അവരെയെല്ലാം വല്ലാതെ സ്വാധീനിക്കുന്നുമുണ്ട്. മാർക്ക് ആൻ്റണിയേപ്പോലെ പ്രസംഗിക്കാൻ പറ്റിയില്ലേലും, മോദിയേപ്പോലെയെങ്കിലും പ്രസംഗിക്കാൻ, ജനങ്ങളുമായി നേരിട്ട് സംവദിക്കാൻ രാഹുൽഗാന്ധി ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.