അത്താഴം – കഥ

0
601

dinner

ഇന്നലെ അത്താഴം കഴിക്കും നേരം ആ മുഖം മനസ്സിലേക്കോടിയെത്തി. സത്യം പറഞ്ഞാല്‍ പത്തിരുപതു വര്‍ഷം കഴിഞ്ഞിട്ടും ആ ഓര്‍മ്മകള്‍ ഉണരാതെ ഒരു റമദാനും കടന്നു പോയിട്ടില്ല .

പഠനങ്ങളില്‍ നിന്ന് പരീക്ഷകളിലേക്കും പരീക്ഷകളില്‍ നിന്ന് ജീവിതത്തിന്റെ വല്ലാത്ത ചില പരീക്ഷണങ്ങളിലേക്കും ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ എടുത്തെറിയപ്പെട്ടു കൊണ്ടിരുന്ന കാലം . കാലിക്കറ്റ് യുനിവേഴ്‌സിറ്റി നടത്തുന്ന ഒരു പരീക്ഷക്കാലം . റമദാനിലാണ് . പരീക്ഷ സെന്റര്‍ അരീക്കോട് സുല്ലമുസ്സലാം കോളേജ് .

റമദാനായത് കൊണ്ടും പരീക്ഷ എഴുതി തിരിച്ചു വീട്ടിലെത്തുന്നത് ഏറെ ശ്രമകരമായത് കൊണ്ടും ഞങ്ങള്‍ നാലുപേര്‍ ( ഹമീദ് പുന്നക്കാട്, ശരീഫ് കാളികാവ്, എന്റെ നാട്ടുകാരനും അയല്‍വാസി യുമായ വാക്കയില്‍ ബഷീര്‍ ) എന്നിവര്‍ പരീക്ഷ സെന്ററി നടുത്ത് എവിടെയെങ്കിലും ഒരു റൂമെടുത്തു താമസിക്കുന്നതാണ് നല്ലത് എന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു..

പരീക്ഷ തുടങ്ങുന്നതിന്റെ രണ്ടു ദിവസം മുമ്പ് തന്നെ ഞങ്ങള്‍ അരീക്കോട് ടൌണില്‍ ബസ്സിറങ്ങി. നേരെ കോളേജ് റോഡിലൂടെ വാടക റൂമും അന്വേഷിച്ചു നടന്നു.

ഗ്രാമീണതയുടെ സകലവിധ ഐശ്വര്യങ്ങളും ഹൃദയത്തില്‍ സൂക്ഷിച്ചു സൌമ്യമായി ഒഴുകുന്ന ചാലിയാറിന് കുറുകെ യുള്ള പാലം കടന്ന് പത്തനാപുരം വരെ അന്വേഷിച്ചു ചെന്നിട്ടും ഞങ്ങളുടെ കൊക്കിലൊതുങ്ങുന്ന ഒരു റൂമോ വീടോ തരപ്പെട്ടില്ല.

ഒന്ന് രണ്ടെണ്ണം കണ്ടെത്തിയെങ്കിലും അതിലൊന്ന് വലിയ വാടക ആയതു കൊണ്ട് വേണ്ടെന്നു വെച്ചു. മറ്റൊന്ന് ഞങ്ങള്‍ക്ക് മുന്‍പേ മറ്റൊരു പരീക്ഷാര്‍ഥി സംഘം അഡ്വാന്‍സ് കൊടുത്തു ഉറപ്പിച്ചു പോയതായിരുന്നു.. തെല്ലും നിരാശരാകാതെ കോളേജിന്റെ ഭാഗത്തേക്ക് തന്നെ നടന്നു അന്വേഷണം തുടര്‍ന്നു.

കുണ്ടും കുഴിയും പൊട്ടലും പൊളിയലുമൊക്കെയായി ചാലിയാറിന്റെ മനസ്സിലേക്ക് ഇറങ്ങിപ്പോവുന്ന നന്നേ ഇടുങ്ങിയ പോക്കറ്റ് റോഡിലൂടെ നടന്നു വരുമ്പോള്‍, എതിരെ വന്ന ഒരാളാണ് അവിടെ അടുത്തു ഒരു പീടിക മുറിയുണ്ടെന്നും അത് വാടകയ്ക്ക് കിട്ടുമെന്നും പറഞ്ഞു തന്നത്.പീടിക റൂമിന്റെ ഉടമയെ അന്വേഷിച്ചു ചെന്ന് , പതിനഞ്ചു ദിവസത്തിന് ഒരു മാസത്തെ വാടകയും കൊടുത്ത് താക്കോല്‍ വാങ്ങി ഞങ്ങള്‍ പീടിക റൂമിലേക്ക്..

പൂട്ട് തുറന്ന് വലിയ ഓടാമ്പല്‍ നീക്കി, മെലിഞ്ഞ നിരപ്പലകകള്‍ അടര്‍ത്തിയെടുത്ത് മുറി തുറന്ന് നോക്കുമ്പോള്‍, ഇടുങ്ങിയ ഒരു അറ! മുറിയെന്നു പറഞ്ഞ് ഇതിനെയിങ്ങനെ അവഹേളിക്കണോ എന്ന് മനസ്സിലൊരുതമാശയുണ ര്‍ന്നപ്പോള്‍ ‘നമുക്ക് കാലാക്കാലം പാര്‍ക്കാനൊന്നുമല്ലല്ലോ പിന്നെ പരീക്ഷയുമല്ലേ ഇത് തന്നെ ധാരാളം .
ഈ വാടകക്ക് ഇതല്ലാതെ ഏതു കിട്ടാനാ …’ ? പഠിക്കാന്‍ മാത്രമല്ല മറ്റു പലതിനും മിടുക്കനായ സുഹൃത്ത് ഹമീദ് പ്രസ്താവിച്ചു! ആ പ്രസ്താവനക്ക് പിന്തുണ പ്രഖ്യാപിക്കുകയല്ലാതെ ഞങ്ങള്‍ക്ക് മൂന്നു പേര്‍ക്കും വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ല .

പ്രാഥമിക ആവശ്യങ്ങള്‍ക്കും മറ്റും ചാലിയാറിന്റെ പ്രവിശാലമായ തീരത്ത് മറഞ്ഞിരിക്കാവുന്ന, പൊന്തക്കാടുകളും നീന്തിത്തുടിക്കാനും നീരാടാനും വസ്ത്രങ്ങള്‍ അലക്കാനും സ്ഫടിക സമാനമായ പുഴയൊഴുക്കും. ഞങ്ങള്‍ മനസ്സില്‍ കണക്കു കൂട്ടി.
പിറ്റേന്ന് തന്നെ ബാഗും പുസ്തകങ്ങളും കിടക്കാന്‍ പായും ബെഡ് ഷീറ്റുമൊക്കെയായി ഞങ്ങളെത്തി. കട്ടിച്ചട്ടകളും കാര്‍ട്ട ണ്കളും വിരിച്ച് സിമന്റു തറയില്‍ നിന്ന് അരിച്ചു കേറുന്ന തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ ചില പൊടിക്കൈകളൊക്കെ ചെയ്തു മുറി ‘സംവിധാനിച്ചു’..!
ഞങ്ങളുടെ മുറിയോട് ചേര്‍ന്ന് ഒരു പീടികയുണ്ട്. ഒരു പെട്ടിക്കട. അത്യാവശ്യം വേണ്ട ലൊട്ടുലൊടുക്കു സാധനങ്ങള്‍ അവിടെ കിട്ടും. എട്ടു പത്തു ചില്ല് ഭരണികളില്‍ വിവിധയിനം വര്‍ണ്ണ മിട്ടായികള്‍ , ബീഡി, തീപ്പെട്ടി, വെറ്റില, പുകല, ഉണക്കമീന്‍ , പയര്‍, ചിരങ്ങ, ചെറുപഴം, നേന്ത്രപ്പഴം.. ഇങ്ങനെ പോകുന്നു അവിടെ കിട്ടുന്ന സാധനങ്ങളുടെ ലിസ്റ്റ്. കച്ചവടക്കാരന്‍ മുഹമ്മദ് ക്ക നല്ല ഒരു ബീഡി തെറുപ്പുകാരന്‍ ..
സമയം മഗ് രിബോടടുക്കുന്നു. നോമ്പ് തുറക്കാന്‍ ഇനി അധിക സമയമില്ല. ഞങ്ങള്‍ മുറി പൂട്ടി പുറത്തിറങ്ങി. അങ്ങാടിയിലെ പള്ളിയില്‍ നിന്ന് ഓസിക്ക് കിട്ടിയ കാരക്കയും വെള്ളവും തരിക്കഞ്ഞിയും കൊണ്ട് നോമ്പ് തുറന്നു. മഗ് രിബിനു ശേഷം ഹോട്ടലില്‍ നിന്ന് പൊറോട്ടയും ബീഫ് കറിയും കഴിച്ചു പോരുമ്പോള്‍ , അത്താഴത്തിനു ഇനി എന്ത് ചെയ്യും എന്ന ചോദ്യമായിരുന്നു മനസ്സില്‍.

അത്താഴം ഹോട്ടലിലുണ്ടാകില്ലെന്നും അതിനു വേറെ വഴി കാണണമെന്നും വൈകാതെ ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു..

തിരിച്ചു റൂമിലേക്ക് പോരുമ്പോള്‍, കുറച്ചു ബ്രഡും പഴവും കൂടി കരുതിയിരുന്നു..

കമിഴ്ന്നു കിടന്നും ചമ്രം പടിഞ്ഞിരുന്നും വായന തുടരുമ്പോഴും മുഹമ്മദ് ക്കാന്റെ പെട്ടിക്കട തുറന്നു തന്നെ കിടന്നു. അത്താഴ സമയം വരെ കട തുറക്കുമെന്നും പിന്നീട് ഒന്നിച്ചു അടച്ചുപോകാറാണ് അദ്ദേഹത്തിന്റെ രീതിയെന്നും ഞങ്ങള്‍ക്ക് മനസ്സിലായി .. ഈ സമയത്താണ് കാര്യമായ ബീഡി തെറുപ്പ് നടക്കുന്നത്.

പഠനത്തിനിടെ വല്ലാതെ ബോറടിച്ചപ്പോള്‍, മുഹമ്മദ് ക്കയോട് ഒന്ന് ലോഹ്യം പറയാമെന്നു വിചാരിച്ചു ഞാന്‍. നോമ്പും പരീക്ഷയും, നോമ്പു തുറക്കലും അത്താഴവും ബ്രഡും പഴവുമൊക്കെ സംസാരത്തിനിടെ കടന്നു വന്നു. .
ഞങ്ങള്‍ നോമ്പെടുക്കുന്നവരാണെന്ന് മനസ്സിലായതോടെ അദ്ദേഹത്തിന്റെ മുഖത്ത് എന്തെന്നില്ലാത്ത സ്‌നേഹവും ബഹുമാനവും വിടരുന്നത് കണ്ടു!
അന്ന് , അത്താഴത്തിന് മുഹമ്മദ് ക്ക പീടിക അടക്കുമ്പോഴും ഞങ്ങള്‍ നിദ്രാവിഹീനമായ പരീക്ഷപ്പനിയിലായിരുന്നു..
അദ്ദേഹം ടോര്‍ച്ചുമെടുത്ത് വീട്ടിലേക്കു പോകാനിറങ്ങുമ്പോള്‍, ഞങ്ങളുടെ അടുത്ത് വന്ന് പറഞ്ഞു: ‘വരിന്‍ കുട്ട്യാളെ ഇന്ന് ങ്ങക്ക് പെലച്ച ചോറ് ന്റെ കുടീലാണ്…’
ഞങ്ങള്‍ അത്ഭുതത്തോടെ ആ മുഖത്തേക്ക് നോക്കുമ്പോള്‍, സ്‌നേഹപൂര്‍വ്വം അദ്ദേഹം നിര്‍ബന്ധിക്കുകയാണ്.. ഒന്നോ രണ്ടോ പേരല്ല നാല് പേര് തീരെ പ്രതീക്ഷിക്കാതെ അത്താഴ സമയത്ത് ഒരു വീട്ടിലേക്കു കയറി ചെല്ലുകയോ? അതൊരിക്കലും ശരിയാവില്ല .. ഞങ്ങള്‍ വളരെ ശക്തമായി ആ ക്ഷണം നിരസിച്ചു. ‘ഞങ്ങള്‍ പഴം വാങ്ങിയിട്ടുണ്ട്. ബ്രഡും ഉണ്ട്. മറ്റൊരു ദിവസം വരാം.. ഞങ്ങള്‍ പറഞ്ഞു.
‘ങ്ങള് ന്റെ കൂടെ പോന്നേ പറ്റൂ..’ മുഹമ്മദ് ക്ക വിടുന്ന ലക്ഷണമില്ല ..

ഒടുവില്‍ , സ്‌നേഹപൂര്‍വമുള്ള ആ ക്ഷണത്തിനു മുമ്പില്‍ ഞങ്ങള്‍ തോറ്റുപോയി.

പൂര്‍ണ്ണ മനസ്സോടെ അല്ലെങ്കിലും റൂം പൂട്ടി അദ്ദേഹത്തോടൊപ്പം ഞങ്ങള്‍ ഇറങ്ങി. ടോര്‍ച്ച് തെളിച്ചു കൊണ്ട് അദ്ദേഹം മുമ്പിലും ഞങ്ങള്‍ പിന്നിലുമായി നടന്നു.. കുറച്ചു നടക്കാനുണ്ട് ..

അസമയത്ത് നാലുപേരെ കൂട്ടി വീട്ടിലേക്കു കേറി വരുന്ന ഗൃഹനാഥനെ വീട്ടുകാര്‍ എങ്ങനെ സ്വീകരിക്കുമെന്നും അവരുടെ മനോഗതം എന്തായിരിക്കും എന്നൊക്കെയുള്ള ചിന്തകളാണ് മനസ്സില്‍. വീടുകര്‍ക്ക് തയ്യാറാക്കിയ ഭക്ഷണം ഞങ്ങള്‍ കഴിച്ചാല്‍.. മാത്രവുമല്ല നോമ്പുകാലവും.

ടോര്‍ച്ചിന്റെ വെളിച്ചം കണ്ടാകണം വീടിനു മുമ്പില്‍ ഞങ്ങളെത്തിയ പാടെ വാതില്‍ തുറക്കപ്പെട്ടു.

ഒരു കൊച്ചു വീട്. ഓടിട്ടതാണ്. ഇരുട്ടില്‍ കൂടുതലൊന്നും കാണാനോ മനസ്സിലാക്കാനോ കഴിഞ്ഞില്ല.

അകത്ത് പാത്രങ്ങള്‍ കൂട്ടിമുട്ടുന്ന തിന്റെയും പപ്പടം വറചട്ടിയിലേക്ക് ഊളിയിട്ടിറങ്ങി പൊള്ളച്ചു വരുന്നതിന്റെയും ശബ്ദം.ഒരു പത്തുപതിനഞ്ചു മിനിട്ടിനുള്ളില്‍ പെലച്ചച്ചോറ് റെഡി .

മുരിങ്ങാച്ചാറും പപ്പടം പൊരിച്ചതും പോത്തിറച്ചി വരട്ടിയതും പയര്‍ ഉപ്പേരിയും ചെറുപഴവും. കൂടെ കട്ടനും. നല്ല വിശപ്പുണ്ടായിരുന്നു എങ്കിലും ഞങ്ങള്‍ കുറച്ചേ കഴിച്ചുള്ളൂ. ഞങ്ങളുടെ കാരണം കൊണ്ട് ഒരു കുടുംബം മൊത്തം പട്ടിണി യാവരുതെന്ന നിര്‍ബന്ധം മാത്രമായിരുന്നു മനസ്സില്‍.. പറഞ്ഞിട്ടെന്ത് ? മൂപ്പരുണ്ടോ വിടുന്നു? വീണ്ടും വീണ്ടും വിളമ്പിത്തന്നും കറി ഒഴിച്ച് കഴിക്കാന്‍ പ്രേരിപ്പിച്ചും അദ്ദേഹം ഞങ്ങളെ സത്ക്കരിച്ചു കൊണ്ടിരുന്നു.

തിരികെ റൂമില്‍ തന്നെ കൊണ്ടുവന്നാക്കിയിട്ടാണ് അദ്ദേഹം തിരിച്ചു പോയത്..!

അപ്പോഴേക്കും പുഴയിലേക്കുള്ള വഴി ഒച്ചയും ബഹളവും കൊണ്ട് മുഖരിതമായിരുന്നു. കത്തിച്ചു പിടിച്ച മണ്ണെണ്ണ വിളക്കുകളും ചട്ടിയും കലവും പായും പുതപ്പും കുട്ടികളുമായി സുബഹിക്ക് മുന്‍പേ ‘തിരുമ്പിക്കുളിക്കാന്‍’ പുഴയിലേക്ക് പോകുന്ന സ്ത്രീ ജനങ്ങളുടെയും കുട്ടികളുടെയും വര്‍ത്തമാനവും കുതൂഹലങ്ങളും ..

പിറ്റേന്ന് മുഹമ്മദ് ക്ക കട തുറക്കാന്‍ വന്ന പാടെ ഞാന്‍ ചെന്ന് ചോദിച്ചു..
‘ന്നലെ ങ്ങളൊക്കെ പട്ടിണി യായിട്ടുണ്ടാവും ല്ലേ…?
‘ഏയ്.. ല്ല.. കൊറച്ചു ചോറും കൂടി ബെക്കേണ്ടി ബന്നൂന്നു മാത്രം..’
‘ഇനി ങ്ങള് പോണത് വരെ പെലച്ച ചോറിനു ന്റൊപ്പം പോന്നോണ്ടീ.. വാസി പുട്ച്ചനോന്നും നിക്കര്ത്..’
‘ഇല്ല ഞ്ഞി ങ്ങള് കെട്ടി ബലിച്ചാലും ഞങ്ങള് പോരൂലാ.. അത് ശരിയാവൂല മയമ്മദ്ക്കാ..’
‘എങ്കി ഒരു കാര്യം ചെയ്യാം.. ങ്ങള് ചോറ് ബെയ്ച്ചീനു ഒന്നായിറ്റ് കായി തന്നളോണ്ടു..’ പരീക്ഷ കഴിഞ്ഞു പോവുമ്പോ..’

അത് കേട്ടപ്പോള്‍ ആ ആശയം കൊള്ളാമെന്നു മനസ്സ് പറഞ്ഞു.

ഇക്കാര്യം എല്ലാവര്ക്കും സമ്മതമായിരുന്നു… വെറുതെ അല്ലല്ലോ കാശ് കൊടുത്തിട്ടല്ലേ?

അങ്ങനെ നോമ്പ് തുറ ഹോട്ടലില്‍ നിന്നും അത്താഴം മുഹമ്മദ് ക്കാന്റെ വീട്ടില്‍ നിന്നുമായി..

ഒടുവില്‍ അവസാനത്തെ പരീക്ഷയും കഴിഞ്ഞ് സര്‍വതന്ത്ര സ്വതന്ത്രരായി വല്ലാത്തൊരു ഭാരം ഇറക്കി വെച്ച ആശ്വാസവുമായി എല്ലാം കെട്ടിപ്പെറുക്കി വീട്ടിലേക്കു പോകാനൊരുങ്ങുമ്പോള്‍, കണക്കു കൂട്ടി അത്താഴത്തിന്റെ കാശ് കൊടുക്കാനും യാത്ര പറയാനുമായി ഞങ്ങള്‍ നാലുപേരും മുഹമ്മദ് ക്കയുടെ അടുത്തെത്തി.

എത്രയായാലും സാരമില്ല. വല്ലാത്ത ഒരു അനുഗ്രഹമായി അദ്ദേഹത്തിന്റെ സഹായം.. ബ്രഡും പഴവും ഒരു ദിവസവും രണ്ടു ദിവസവുമൊക്കെ കൊള്ളാം .. നോമ്പ് പൂര്‍ത്തിയാവണമെങ്കില്‍ അത്താഴം തന്നെ വേണം. കാശ് കൊടുത്താലെന്ത്? അങ്ങനെ ഒരു സഹായം കിട്ടിയില്ലായിരുന്നെങ്കില്‍ കാര്യം കഷ്ടമായേനെ…

ഞങ്ങള്‍ നന്ദി പൂര്‍വ്വം മുഹമ്മദ് ക്കയോട് പറഞ്ഞു: ‘ന്നാ ഞങ്ങള് ഇറങ്ങട്ടെ…’
‘ആയിക്കോട്ടെ.. കുട്ട്യാള് പോയ്‌ക്കോളിന്‍..’
‘പെലച്ചച്ചോറിന്റെ കാശ് …’

അത് കേട്ടപ്പോള്‍ മുഹമ്മദ് ക്ക ഒരു ചിരി ചിരിച്ചു! ഹൃദയം നിറഞ്ഞ ചിരി..
എന്നിട്ട് അദ്ദേഹം പറഞ്ഞു: ‘ ങ്ങക്ക് ചോറ് തിന്നതിന്റെ കായി ഞാന്‍ വേറെ ഒരാളെ അടുത്ത് ന്ന് വാങ്ങിക്കോണ്ട്. നാളെ മഹ്ഷറീന്ന്.. പിന്നെ ഞാനങ്ങനെ അന്ന് പറഞ്ഞിട്ടില്ലായിരുന്നെങ്കി ങ്ങളൊട്ട് ന്റൊപ്പം പോരൂം ല്ല , ച്ച് മഹ്ഷറീന്നു ആ കൂലി ഒട്ട് കിട്ടൂം ല്ലാ.. ന്റെ കുട്ട്യാള് ദുആ ചെയ്യുമ്പം ന്നേം കൂട്ട്യാ മതി…’

ആ ഹൃദയ വിശാലതക്ക് മുമ്പില്‍ എന്ത് പറയണമെന്നറിയാതെ അന്തിച്ചു നില്‍ക്കുമ്പോള്‍, അദ്ദേഹം പറഞ്ഞു:
‘ന്നാ ന്റെ കുട്ട്യാള് പോയ്‌ക്കൊളീന്‍.. നോമ്പ്വറക്കുമ്പത്തേക്കും കുടീക്ക് എത്തണ്ടതല്ലേ…?