Entertainment
ഷാജിന്റെ കൊച്ചിച്ചായൻ എന്ന കഥാപാത്രം പിൽക്കാലത്ത് പരിഹാസ രൂപേണയുള്ള കൾട്ട് സ്റ്റാറ്റസ് നേടിയെടുത്തു

Dinshad Ca
അനിയത്തിപ്രാവിലെ കൊച്ചിച്ചായൻ എന്ന കഥാപാത്രത്തെ ഒരിക്കലെങ്കിലും ഓർക്കാത്തവരോ ആ കഥാപാത്രത്തെക്കുറിച്ച് ഒരിക്കലെങ്കിലും സംസാരിക്കാത്തവരോ സിനിമാ പ്രേമികൾക്കിടയിൽ കുറവായിരിക്കും. പലപ്പോഴും വിമർശിച്ചോ പരിഹസിച്ചോ തന്നെയായിരിക്കും ആ കഥാപാത്രത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ടാകുക.
സംവിധായകൻ ഫാസിലിന്റെ അസിസ്റ്റന്റ് ഡയറക്ടറും അടുത്ത ബന്ധുവും കൂടിയായ ഷാജിൻ വളരെ യാദൃശ്ചികമായാണ് കൊച്ചിചായൻ എന്ന കഥാപാത്രം ചെയ്യേണ്ടി വന്നത് എന്ന് കേട്ടിരുന്നു. അനിയത്തിപ്രാവ് വലിയ വിജയമാവുകയും ട്രെൻഡ് സെറ്റർ ആകുകയും ചെയ്തു എങ്കിലും ഇദ്ദേഹത്തിന്റെ കൊച്ചിചായൻ എന്ന കഥാപാത്രം പിൽക്കാലത്ത് പരിഹാസ രൂപേണയുള്ള കൾട്ട് സ്റ്റാറ്റസ് നേടിയെടുത്തു.
പക്ഷേ 25 വർഷങ്ങൾക്കിപ്പുറം അനിയത്തിപ്രാവ് കാണുമ്പോൾ ആദ്യമായി അഭിനയിക്കുന്ന ഒരു തുടക്കക്കാരൻ എന്ന നിലയിൽ അദ്ദേഹം ശരാശരിക്ക് മുകളിൽ പെർഫോം ചെയ്തിട്ടുണ്ട് എന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ മുഖഭാവവും ശരീരഭാഷയും ചലനങ്ങളും എല്ലാം ഏറെക്കുറെ നല്ലത് തന്നെയായിരുന്നു.
കൊച്ചിച്ചായൻ എന്ന കഥാപാത്രത്തെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുമ്പോൾ സംവിധായകൻ ഫാസിലിന് ആകെ പിഴച്ചത് എവിടെയാണെന്ന് വച്ചാൽ, അത് ഡബ്ബിങ്ങിൽ മാത്രമാണ്. കഥാപാത്രവുമായി യാതൊരു രീതിയിൽ സിങ്ക് ആവാത്ത ശബ്ദവും ഡയലോഗ് ഡെലിവറിയും നല്ല രീതിയിൽ തന്നെ ആ കഥാപാത്രത്തെ പിന്നോട്ടടിച്ചു. ഷമ്മി തിലകനെയോ ഷോബി തിലകനെയോ പോലെ ശബ്ദം നല്ല രീതിയിൽ modulate ചെയ്യാൻ അറിയുന്ന ആരെങ്കിലും ആണ് ആ കഥാപാത്രത്തിന് ഡബ്ബ് ചെയ്തിരുന്നത് എങ്കിൽ കുറച്ചുകൂടി നന്നായേനെ എന്ന് ഇപ്പോൾ കാണുമ്പോൾ തോന്നുന്നുണ്ട്.
ഷാജിൻ എന്ന നടൻ അനിയത്തിപ്രാവിന് ശേഷം വേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടോ എന്നറിയില്ല. പിന്നീട് ആകെ കണ്ടത് ക്രോണിക് ബാച്ചിലറിൽ ആണ്. ഇടയ്ക്ക് ഒന്നുരണ്ടു സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. അതിൽ എല്ലാം ഡബ്ബ് ചെയ്തത് വേറെ ആളുകൾ ആയതുകൊണ്ട് അഭിനയത്തെ പറ്റി കാര്യമായ വിമർശനങ്ങൾ ഒന്നും നേരിടേണ്ടിവന്നിട്ടില്ല അദ്ദേഹത്തിന് എന്ന് തോന്നുന്നു.
ഇപ്പോൾ അഭിനയം പൂർണമായും ഉപേക്ഷിച്ചു ബിസിനസും മറ്റു കാര്യങ്ങളുമായി അദ്ദേഹം തിരക്കിലാണ്. അദ്ദേഹം താൽപര്യമുള്ള ആളാണ് എങ്കിൽ തീർച്ചയായും അഭിനയ രംഗത്തേക്ക് മടങ്ങി വരണം എന്നാണ് അഭിപ്രായം. ഒന്നോ രണ്ടോ പടങ്ങൾകൊണ്ട് വിലയിരുത്താവുന്നതല്ലല്ലോ ഒരു അഭിനേതാവിന്റെ കാലിബർ. അതിനുള്ള ഉദാഹരണം തേടി അദ്ദേഹത്തിന് പുറത്തെങ്ങും പോകേണ്ട കാര്യവുമില്ല
1,332 total views, 8 views today