◾️ദിപിൻ ജയദീപ്
ആളുകൾ തമ്മിൽ ഇഷ്ടപ്പെടുന്നതും അവർ ഒരുമിച്ച് ജീവിക്കുന്നതും തമ്മിൽ പിരിയുന്നതും അതിനുശേഷം മറ്റൊരു പങ്കാളിയെ കണ്ടെത്തുന്നതും എല്ലാം ആളുകളുടെ വ്യക്തിപരമായ കാര്യമാണ്. എത്ര തവണ ഒരുമിക്കുന്നു, എത്ര തവണ വേർപിരിയുന്നു, ആളുകൾക്ക് എത്ര പങ്കാളികൾ ഉണ്ട്… ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും മറ്റുള്ളവരുടെ സ്വസ്ഥത കളയേണ്ട കാര്യമില്ല. അതൊന്നും മറ്റുള്ളവരെ ബാധിക്കുന്ന വിഷയവും അല്ല. ഇത് നമ്മൾ മലയാളികൾ പഠിച്ചിരിക്കേണ്ട ഒരു പ്രാഥമിക പാഠമാണ്. എന്തിനാണ് ആളുകൾ വിവാഹം കഴിക്കുന്നത്/ ഒരുമിച്ച് ചേരുന്നത്? പരമ്പരകളെ നിർമ്മിക്കാനുള്ള ഉപാധിയാണ് എന്ന പ്രാകൃത ബോധത്തിന് അപ്പുറം മനുഷ്യന്റെ സന്തോഷത്തിനും കൂടി വേണ്ടിയാണ് എന്ന യുക്തിവിചാരം കൂടി നമ്മൾ പുലർത്തേണ്ടതുണ്ട്. ആരുടെ കൂടെ കൂടുമ്പോൾ ആണോ നമുക്ക് സുഖവും സന്തോഷവും സമാധാനവും ലഭിക്കുന്നത് ആ ബന്ധം നമ്മൾ തുടരാനും നിലനിർത്താനും ആഗ്രഹിക്കും. അതേസമയം ഏതെങ്കിലും ബന്ധം കൊണ്ട് നമുക്ക് അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കിൽ ആ ബന്ധം തുടർന്നു പോകാൻ നമുക്ക് തോന്നില്ല… പക്ഷേ സമൂഹത്തിന്റെ പൊതുബോധം അത്തരം ചിന്തകളെ അടിച്ചമർത്താൻ നമ്മെ പ്രേരിപ്പിക്കുന്നു. പൊതുബോധത്തെ ഭയന്ന് സ്വന്തം സ്വസ്ഥതയും സമാധാനവും നശിപ്പിച്ച് ഒരു ജീവിതം ജീവിച്ചു തീർക്കേണ്ട ഗതികേടാണ് നമുക്ക് ചുറ്റും പലർക്കും ഉള്ളത്.
ഒരാൾ എങ്ങനെ ജീവിക്കുന്നു എന്നത് നമുക്ക് നോക്കേണ്ട ഉത്തരവാദിത്വമോ ചുമതലയോ ഇല്ല, പകരം നമ്മോട് ആളുകൾ എങ്ങനെ പെരുമാറുന്നു എന്ന് മാത്രം ചിന്തിച്ചാൽ മതി. നമ്മോട് നല്ല രീതിയിൽ പെരുമാറുന്ന വരോട് തിരിച്ചും അതേ മാന്യത പുലർത്താൻ മാത്രം ശ്രദ്ധിക്കുക. ലോകത്തോട് മുഴുവൻ കണക്ക് ബോധിപ്പിക്കേണ്ട ഉത്തരവാദിത്വം ഒന്നും ഒരു വ്യക്തിക്കും ഇല്ല. സമൂഹത്തെയോ സമുദായത്തെയോ സ്വന്തം കുടുംബാംഗങ്ങളെയോ ബോധിപ്പിക്കാൻ വേണ്ടി ആവരുത് നമ്മുടെയൊക്കെ ജീവിതം. വിവാഹം താല്പര്യം ഇല്ലെങ്കിൽ അതിനുവേണ്ടി ആരും ആരെയും നിർബന്ധിക്കരുത്. എന്ത് കാര്യമാണ് അതുകൊണ്ട്? സെക്സ് ചെയ്യാൻ വേണ്ടി വിവാഹം ആവശ്യമില്ല. കുടുംബത്തിൽ വേലക്കാരികളെ ആവശ്യമുള്ളതുകൊണ്ടാണ് വിവാഹം കഴിക്കുന്നത് എന്ന് പറയുന്ന ഒരുപാട് പേരെ കണ്ടിട്ടുണ്ട്. പ്രായമായ അമ്മയെ നോക്കാൻ വേണ്ടി ഒരു ഭാര്യയെ കൊണ്ടുവരുന്ന ഗതികെട്ട ഭർത്താവ് ഈ നൂറ്റാണ്ടിൽ എന്തൊരു ദുരന്തമാണ്?
ഇവിടെ രോഗി പരിചരണം ഒരു തൊഴിൽ ആയി തിരഞ്ഞെടുത്ത എത്രയോ ആളുകൾ ഉണ്ട്. ഭാര്യയുടെ സൗജന്യ സേവനത്തിന് പകരം അവരെ ഉപയോഗിക്കാം. ഇനി ലൈംഗിക സുഖത്തിനു വേണ്ടി ആണെങ്കിൽ അതും തൊഴിലായി ചെയ്യുന്ന ആളുകളുണ്ട് നമുക്കിടയിൽ, നിയമാനുസൃതം ഇന്ത്യയിൽ അതിനുള്ള അവകാശം ഇപ്പോഴുണ്ട്. അതല്ല ഒരു പങ്കാളിയെയാണ് ആവശ്യമെങ്കിൽ പോലും വിവാഹം എന്ന സമ്പ്രദായത്തിനകത്തേക്ക് കടക്കേണ്ട നിർബന്ധമൊന്നുമില്ല. ലിവിങ് ടുഗെതർ ആയി കഴിയാനും ഇപ്പോൾ ഇന്ത്യയിൽ സാധിക്കും. പിന്നെ എന്തിനാണ് ആളുകളെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നത്?
ഒരാൾ വിവാഹത്തോട് എതിർപ്പ് കാണിക്കുന്നുണ്ടെങ്കിൽ അതിന് പല വ്യക്തിപരമായ കാരണങ്ങൾ ഉണ്ടാവും. പലപ്പോഴും പുരുഷനോട് ലൈംഗിക താൽപര്യമുള്ള പുരുഷനും സ്ത്രീയോട് താല്പര്യമുള്ള സ്ത്രീയും അത് തുറന്നു പറഞ്ഞാൽ ഉണ്ടാകുന്ന ഭൂകമ്പം ഓർത്ത് മറ്റുപല കാരണങ്ങളും പറഞ്ഞ് വിവാഹങ്ങൾ വൈകിപ്പിക്കുന്ന അവസ്ഥ ഉണ്ട്. അഥവാ ഇതൊക്കെ തുറന്നു പറഞ്ഞാലോ? ദുർ മന്ത്രവാദം മുതൽ ധ്യാനവും പൂജയും അശാസ്ത്രീയ ചികിത്സകളും പൂട്ടിയിടലും അങ്ങനെ എന്തൊക്കെ അനുഭവിക്കുന്നുണ്ട് നമുക്ക് ചുറ്റും നാം അറിയാത്ത പലരും.
അടിസ്ഥാനപരമായി നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം, ഇവിടെ ആരും ആരുടെയും അടിമകൾ അല്ല. ബന്ധങ്ങൾ മാത്രമാണ് നമുക്ക് ചുറ്റുമുള്ളത്. സ്നേഹം അധികാരം കാണിക്കാനുള്ള ഉപാധിയല്ല. കുട്ടികളെ വളർത്തിയതിന്റെ കടപ്പാട് പറഞ്ഞുകൊണ്ട് തങ്ങളുടെ ഇംഗിതങ്ങൾക്കൊക്കെ അവരെ ബ്ലാക്ക്മെയിൽ ചെയ്യുന്ന മാതാപിതാക്കളുടെ രീതി ഒരുതരം ഫാസിസമാണ്. തിരിച്ച് അവരുടെ ഇഷ്ടങ്ങൾ അറിഞ്ഞ്, മുതിർന്ന മക്കളുടെ മുന്നോട്ടു കിടക്കുന്ന ജീവിതം സന്തോഷകരമാക്കാൻ വേണ്ടി സഹായം ചെയ്യാൻ എത്രപേർക്ക് സാധിക്കും?
സ്വേച്ഛാധിപതികളായ ഭരണാധികാരിയെ പോലെ ഒരുതരം മോണോ പോളിക് നിലപാടുള്ള സമൂഹ ബോധം ആണ് ഇവിടെ. നമ്മുടെ സകല കാര്യങ്ങളിലും അത് ഇടപെടും. നമ്മൾ എന്തൊക്കെ ചെയ്യണം, എങ്ങനെ ജീവിക്കണം, എന്തു വസ്ത്രം ധരിക്കണം, എങ്ങനെ വിവാഹം കഴിക്കണം, എന്ത് ഭക്ഷണം കഴിക്കണം…. അങ്ങനെ നമ്മുടെ ജീവിതത്തിന്റെ സമസ്ത കാര്യങ്ങളും ഈ പൊതുബോധം നിയന്ത്രിക്കുന്ന സാഹചര്യം വലിയ ദുരന്തമാണ്. അതിൽ നിന്നും പുറത്ത് കടന്നുകൊണ്ട് പൊതുബോധത്തിന് എതിരെ നിൽക്കാനാണ് നമ്മൾ യുവാക്കളോട് ആഹ്വാനം ചെയ്യേണ്ടത്. യുവജനപ്രസ്ഥാനങ്ങൾ ഇതിനു വേണ്ടിയാണ് നിലകൊള്ളേണ്ടത്. അല്ലാതെ സംസ്കാരം സംരക്ഷിക്കാനും പരമ്പരാഗത പൊതുബോധത്തെ കെട്ടുപോകാതെ അടുത്ത തലമുറയിലേക്ക് കൊളുത്തി കൊടുക്കാനും വേണ്ടി കരാർ ഏറ്റെടുത്ത പോലെ ആവരുത് യുവജനപ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ.