ശീമാട്ടി ഉടമ ബീനാ കണ്ണന്റെ രാഷ്ട്രീയ ബോധത്തോട് സഹതപിക്കുമ്പോൾ ആ ബോധം തന്നെയാണ് കാലങ്ങളായി ഇവിടെ നിലനിൽക്കുന്ന പുരുഷാധിപത്യ പൊതുബോധമെന്നും മനസിലാക്കണം

395

Dipin Das എഴുതുന്നു 

“Im not a feminist, i value guys much more than what i value females,
ഈ കാലഘട്ടത്തിൽ നമ്മൾ കാണാത്ത ഒരു കാര്യം ആണ്, ആണുങ്ങളെ റെസ്‌പെക്ട് ചെയ്യുക എന്നത് പെൺകുട്ടികളോട് പറഞ്ഞു പഠിപ്പിക്കേണ്ടിയിരിക്കുണു. അങ്ങനെയൊക്കെയാണ് ഞങ്ങളുടെ ബ്ലഡ്‌ഡിലൊക്കെ ഞങ്ങളെ വളർത്തി വിട്ടിരിക്കണത് ” – ബീന കണ്ണൻ
“എടീ നീ കുറേ ദിവസം ആയില്ലേ സാരി വാങ്ങണമെന്ന് പറയുന്നു. ഷീമാട്ടിന്ന് വാങ്ങിച്ചോ, എന്തൊരു കുലമഹിമ, ആ തറവാടിത്തം”. ശരിയാണ് സ്ത്രീകളെക്കൂടി ബഹുമാനിക്കണം എന്ന് പറഞ്ഞിട്ടില്ലല്ലോ. തീർച്ചയായും കേരളകരയിലെ പുരുഷപ്രജകൾ ഒന്ന് സടകുടഞ്ഞ് എഴുന്നേറ്റിരിക്കും.

“ആൺമയിലിന് മാത്രേ പീലിയുള്ളൂ, പെൺമയിലിന് ഇല്ല, പെൺമയിലിനെ കണ്ടാൽ നമ്മൾ തിരിഞ്ഞോടും. ആൺ ആനയ്ക്ക് മാത്രേ കൊമ്പുള്ളൂ, പെണ്ണിന് കൊമ്പില്ല്യ. നമ്മൾ കളറുള്ള ഡ്രസ്സൊക്കെ ഇടുന്നുണ്ടെന്നതൊക്കെ ശരിതന്നെ. പക്ഷേ, എല്ലാജീവജാലങ്ങളെയും നോക്കുമ്പോൾ ആണിന് കൂടുതലായി പ്രകൃതി എന്തോ…”

വിദ്യാഭ്യാസം ഉള്ളവരിലിലും വിവരമില്ലാത്തവരെ കണ്ടിട്ടില്ലേ? ശബരിമല നാമജപയാത്രയിൽ കോളേജ് പ്രൊഫസർമാരൊക്കെ ഉണ്ടായിരുന്നത്രെ. ഒരിക്കൽ സ്കൂൾ ആനിവേഴ്സറിക്ക് പള്ളീലച്ചൻ പ്രസംഗിക്കുകയാണ്. മക്കളെ ശാസ്ത്രം പറയുന്നു, എല്ലാ വസ്തുക്കളും നിർമിച്ചിരിക്കുന്നത് ആറ്റങ്ങൾകൊണ്ടാണെന്ന്. കർത്താവും അതുതന്നെ ആയിരം വർഷങ്ങൾക്കുമുൻപേ പറഞ്ഞു. (വേണെങ്കിൽ നിങ്ങളുടെ വക രണ്ട് ഹലേലൂയയും, സ്തോത്രവുംകൂടി കൊടുത്തോ.) അത്രേ ഉള്ളൂ കാര്യം. കാറിൽ പോയാലും കാളവണ്ടിയുടെ അല്ലെ ടയറ് എന്നുപറയും. ചിലരങ്ങനെയാണ്. അധികം പഠിച്ചാലും കുഴപ്പമാണ്. വിമാനം കണ്ടുപിടിച്ചത് രാവണനല്ലേ എന്നുപറഞ്ഞു കളയും.

“ഒരു മരം കയറുക, മലയുടെ മുകളിൽ പോകുക, നാല് പെട്ടി വലിച്ച് വയ്ക്കുക. നമ്മളുടെതന്നെ നടുപിടിച്ചു എന്നുപറഞ്ഞു മാറിനിൽക്കും, എല്ലാ പെൺകുട്ടികളും”

സന്ധ്യയ്ക്ക് വിളക്കും പിടിച്ചുവന്ന തമ്പ്രാട്ടിയെ ഓർമ വന്നോ ആർക്കെങ്കിലും? ഇറയത്തേക്ക് വിളക്കുവെച്ച്, കയ്യിൽ പറ്റിയ എണ്ണ കാർകൂന്തലിൽ തുടച്ചുകൊണ്ട്, തിരിച്ചു മന്ദം മന്ദം നടന്നു നീങ്ങുന്ന സിനിമയിലെ നായികയെ! എനിക്കുപക്ഷെ ഓർമ വന്നത്, സക്കറിയായുടെ ഗർഭണികളിൽ സാന്ദ്ര പറഞ്ഞ ഡയലോഗ് ആണ്…

About Beena Kannan“നീ വെറും വിത്തുകളയാണ് ഡാ. വെറും വിത്തുകാള.”
“രണ്ട് കസേരയുള്ളൂ മൂന്ന് പേരുണ്ടെങ്കിൽ ആണുങ്ങളെ ഇരുത്താനെ ഞാൻ ആദ്യം നോക്കൂ. എന്നിട്ടേ സ്ത്രീയ്ക്ക് ഇരിക്കാൻ കസേരയോ സ്റ്റൂളോ നീക്കികൊടുക്കൂ ”

അപ്പോൾ ബീനാകണ്ണൻ എവിടെ ഇരിക്കുമെന്ന് നിങ്ങൾ ചോദിക്കരുത്. പ്രിവിലേജിന്റെ പുറത്തിരുന്ന് പറയുന്ന രാജാവിന്റെ വാക്കുകളാണ്. ജാതി വ്യവസ്ഥതന്നെയാണ്. ബ്രാഹ്മണർ, വൈശ്യർ… പുരുഷൻ, സ്ത്രീ… എവിടെയൊക്കെ ആരൊക്കെ നിൽക്കണമെന്ന മനുവാദം.

ഇവിടെ ഞങ്ങളിൽ സാരി ചുറ്റുന്നവരും, പൊട്ട് തൊടുന്നവരും, മൂക്കുത്തി ഇടുന്നവരുമുണ്ട് മാഡം. പുരുഷന്റെ ഉള്ളിൽ സ്ത്രീയും, സ്ത്രീയുടെ ഉള്ളിൽ പുരുഷനുള്ളവരും ഉണ്ട്. സ്വവർഗാനുരാഗികൾ ഉണ്ട്. ആലോചിച്ചാൽ അതിൽ തീരുന്ന, തീർക്കാവുന്ന പ്രശ്നമേ നിങ്ങളെപ്പോലുള്ളവർക്കുള്ളൂ. അവരെ ബഹുമാനിക്കണം. വലിയ നിലയിലാണ്. ശക്തിയുള്ള സ്ത്രീയാണ്… ഉരുക്കുവനിതയാണ് എന്നൊക്കെ പറഞ്ഞു വരുന്നവരോടാണ്. അവർ തന്നെ പറയുന്നു ഞങ്ങളെകൊണ്ട് ഒന്നും കഴിയില്ല. സ്ത്രീകൾക്ക് കഴിവില്ല എന്ന്… ഇവരെയൊക്കെ എങ്ങനെ ബഹുമാനിക്കാനാണ്


ശ്രീജ നെയ്യാറ്റിൻകര എഴുതുന്നു 

ശീമാട്ടി ഉടമ ബീനാ കണ്ണന്റെ രാഷ്ട്രീയ ബോധത്തോട് സഹതപിക്കുമ്പോൾ ആ ബോധം തന്നെയാണ് കാലങ്ങളായി ഇവിടെ നിലനിൽക്കുന്ന പുരുഷാധിപത്യ പൊതു ബോധം എന്നൊരോർമ്മ കൂടെ നമുക്കുണ്ടാകണം .ആ ബോധത്തിലാണ് ബഹുഭൂരിപക്ഷം സ്ത്രീകളുമിവിടെ ജീവിച്ചു കൊണ്ടിരിക്കുന്നത് … സ്ത്രീയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം പുരുഷനെന്ന് പറയുന്നതിൽ എന്ത് സ്ത്രീ വിരുദ്ധതയാണുള്ളതെന്ന് വളരെ നിഷ്കളങ്കമായി ചോദിക്കുന്ന മനുഷ്യർക്കിടയിലാണ് നമ്മൾ ജീവിക്കുന്നത് …. എന്റെ ഭർത്താവ് എനിക്കെല്ലാ സ്വാതന്ത്ര്യവും നൽകു ന്നുണ്ടെന്ന്‌ അഭിമാനത്തോടെ പറയുന്ന സ്ത്രീകൾക്ക് ബീനാ കണ്ണൻ മാതൃകാ സ്ത്രീയാണെന്ന കാര്യം മറക്കരുത്.

പൊതുബോധത്തിന്റെ സർട്ടിഫിക്കറ്റ് നേടിയെടുക്കാൻ ആഗ്രഹിക്കാത്ത ആപാദചൂഡം പൊളിറ്റിക്കലായ സ്വത്വ ബോധവും സ്വതന്ത്രാഭിപ്രായവുമുള്ള എത്ര പെണ്ണുങ്ങളെ നമുക്ക് ചുറ്റും കാണാനാകും? വിരലിലെണ്ണാവുന്നവരെ മാത്രം…. എന്നാൽ ബീനാകണ്ണൻമാരുടെ അനുയായികൾ ലക്ഷോപലക്ഷം വരും.ആ അനുയായികളിൽ ഒരു വിഭാഗത്തെയാണ് ശബരിമല യുവതീ പ്രവേശന സമയത്ത് നാമജപമെന്ന പേരിൽ തെറി ജപവുമായി നമ്മൾ തെരുവിൽ കണ്ടത്.

പൊളിറ്റിക്കലായ പെണ്ണുങ്ങൾ പ്രണയിനികളായിട്ടുള്ള സുഹൃത്തുക്കളായിട്ടുള്ള കാമുകിമാരായിട്ടുള്ള ഭാര്യമാരായിട്ടുള്ള എത്ര പുരുഷന്മാർ ഉണ്ടാകും നമുക്ക് ചുറ്റും. വളരെ വിരളമായിരിക്കും. പൊളിറ്റിക്കലായിട്ടുള്ള പുരുഷന്മാർ എന്ന് നമ്മൾ വിലയിരുത്തിയിട്ടുള്ള പുരുഷന്മാരുടെ മുഖം മൂടികൾ എത്രയെത്ര തവണ അഴിഞ്ഞു വീണിട്ടുള്ളതാണ്. ഐതീഹ്യകഥകളിലെ സീതയെയും സാവിത്രിയേയും ശകുന്തളയെയും ഒക്കെ സ്വപ്നം കണ്ട്‌ അഭിരമിച്ച് ജീവിക്കുന്ന പുരുഷൻമാർക്ക് സ്ത്രീയുടെ രാഷ്ട്രീയത്തെ, സ്വത്വ ബോധത്തെ എന്തിന് രാഷ്ട്രീയമായ പ്രണയ സമർപ്പണത്തെ പോലും കേവല ശരീരത്തിനപ്പുറം അടയാളപ്പെടുത്താനാകുമോ..? തനിക്ക് വഴങ്ങുന്ന ഒരു മാംസ പിണ്ഡത്തിനപ്പുറമുള്ള സ്ത്രീയെ കുറിച്ച് ഒരു സാധാരണ പുരുഷന് ചിന്തിക്കാനാകുമോ?

ബീനാ കണ്ണൻമാരുടെ ചിന്താ മണ്ഡലത്തെ രൂപപ്പെടുത്തിയിരിക്കുന്നത് പുരുഷാധിപത്യ പൊതു ബോധം ആണെന്നും അതുകൊണ്ടു തന്നെ ബീനാ കണ്ണൻമാർ ആകുക എന്നത് ഒരു രാഷ്ട്രീയ അശ്ലീലം ആണെന്നുമുഉള്ള രാഷ്ട്രീയ തിരിച്ചറിവെങ്കിലും പെൺ സമൂഹത്തിനുണ്ടാകുന്ന ഒരു കാലം ഉണ്ടാകട്ടെ.