നേരംവെളുക്കാത്തവന്മാരുടെ കമന്റുകളിൽ ഇന്ത്യൻ സംസ്കാരത്തിന്റെ മൃഗീയമുഖങ്ങളാണ്, കാലിന്മേൽ കാലുവച്ചു പെണ്ണിന് ഇരുന്നുകൂടാ, ആണിന് ഇരിക്കാം

121

Dipin Das

“പെൺകുട്ടികൾ, കാലിന്റെ മുകളിൽ കാൽവെച്ച് ഇരിക്കാൻ പാടില്ല.”
അപ്പോൾ, ആൺകുട്ടികൾക്ക് ആകാമെന്നാണ്… പുരുഷന്മാർക്ക് ആകാമെന്നാണ്.
“കാൽകയറ്റിവെച്ചുള്ള അവന്റെ ഇരുത്തം കണ്ടോ! അഹങ്കാരി. അവന്റെ മുത്തച്ഛൻ പണ്ട് ഞങ്ങളുടെ കുടിയാനായിരുന്നു.”
സംശയം വേണ്ടാ… പുതുതലമുറയിലെ സവർണമാടമ്പിയുടെ വാക്കുകൾ തന്നെയാണ്. അപ്പോൾ കാലിന്റെ മുകളിൽ കാൽകയറ്റി വയ്ക്കാൻ, വെറും ലിംഗം പോരാ, റോയൽ ബ്ലഡ്‌ ലിംഗംതന്നെ വേണമെന്നാണ്.
“മക്കളെ ഇതൊന്നും അത്ര നല്ലതിനല്ല”
“ആരുടെ നല്ലതിനല്ലെന്ന്?”

“ഞങ്ങളുടെ… ആണുങ്ങളുടെ… സവർണ മാടമ്പികളുടെ… മതങ്ങളുടെ… മനുസ്മൃതിയുടെ”
നന്മയെന്നും തിന്മയെന്നും അടയാളപ്പെടുത്തി മനുഷ്യനിൽ തലമുറകളായി അച്ചടിച്ചുപോയത്… ജീനിനെപ്പോലെ തലമുറകളായി കൈമാറ്റം ചെയ്യുന്നത്… ആ മനുസ്മൃതി നിയമങ്ങളാണ് എന്നറിയാൻ കൂടുതൽ തെളിവുകൾ വേണ്ടാ… ഇന്നും നിലനിൽക്കുന്ന സ്ത്രീവിരുദ്ധതയിലൂടെയും ദളിത്‌ വിരുദ്ധതയിലൂടെയും ഒന്ന് കണ്ണോടിച്ചാൽ മതി. ആർത്തവം ആശുദ്ധമെന്ന് നിലവിളിച്ചുപോയ നാമജപയാത്രകളിലൂടെ… സവർണരെ ബഹുമാനിച്ചില്ലെന്ന് പറഞ്ഞ്, കൊന്നുകളഞ്ഞ ദളിത്‌ സഹോദരങ്ങളുടെ മൃതശരീരങ്ങളിലൂടെ… സവർണദുഷ്പ്രഭുക്കളുടെ കൂട്ടബലാത്സംഗത്തിന് ഇരയായി… നാവ് മുറിക്കപ്പെട്ട്… നട്ടെല്ല് തകർക്കപ്പെട്ട്… അവസാനം പോലീസുകാർ ചവറുപോലെ കത്തിച്ചുകളഞ്ഞ , ക്രൂരമായ ജാതിവെറിക്ക് ഇരയായ മനീഷ വത്മീകിയുടെ സ്ത്രീശരീരത്തിലൂടെ… ഉറ്റവരുടെ മനസ്സിൽ… ആർഷഭാരത സംസ്കാരമേൽപ്പിച്ച മുറിവുകളിലൂടെ… ഒന്ന് ചികഞ്ഞാൽ മതി, ഇന്ത്യൻ സംസ്കാരത്തിന്റെ മൃഗീയമുഖമാണത്. ഇന്നും തുടരുന്നവ.

Image may contain: 1 person, textകാലിന്മേൽ കാൽ കയറ്റിവെച്ച് ഇരിക്കുമ്പോൾ ഉണ്ടാകുന്ന അമർഷവും മുറുമുറുപ്പുകളും പ്രകടമാക്കുന്നത്… ഇവിടെ തുല്യതയില്ലെന്നാണ്. നിങ്ങൾ ഞങ്ങളോളം വളർന്നിട്ടില്ല എന്നാണ്. അതുകൊണ്ട് കാലിന്മേൽ കാൽകയറ്റിവെച്ചിരിക്കുന്നതിലും ഒരു രാഷ്ട്രീയമുണ്ട്. പ്രതിഷേധമുണ്ട്. വ്യക്തി സ്വാതന്ത്ര്യത്തിലൂടെയല്ലാതെ… അവകാശങ്ങളിലൂടെയല്ലാതെ, നമുക്ക് വേറെങ്ങനെയാണ് തുല്യരെന്ന് പറഞ്ഞുവയ്ക്കാനാവുക… മനുഷ്യരെന്ന് പറഞ്ഞു വയ്ക്കാനാവുക… അടിമയല്ലെന്ന് പറയുക.

കാൽ മാത്രമല്ല, സ്ത്രീയുടെ കാൽതൊട്ട് തലവരെയുള്ള ശരീരഭാഗങ്ങൾ ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും, ഇരിക്കുമ്പോഴും നടക്കുമ്പോഴും എങ്ങനെ ഇരിക്കണമെന്നും… എങ്ങനെ ചലിപ്പിക്കണമെന്നും പറയുന്ന പാട്രിയാർക്കിയുടെ ഒരുപടികൂടി കടന്ന, വിധുബാലയുടെ വാക്കുകൾ ഇതാണ്.

“സ്ത്രീകൾ രുചിയറിഞ്ഞ് ആഹാരം കഴിക്കരുത്.”
സ്ത്രീകളുടെ നാവിലെ സ്വാദ് മുകുളങ്ങൾ… അത്രയും ചെറുത്, അതുപോലും പ്രവർത്തനരഹിതമാക്കണമെന്ന് പറഞ്ഞ ആ ഉളുപ്പുമില്ലായ്മയെ, മലയാളികൾ അഭിസംബോധന ചെയ്യുന്നത്… കുടുംബത്തിൽ പിറന്നസ്ത്രീ എന്നാണ്. ഉപമിക്കാൻ ഐശ്വര്യം തുളുമ്പുന്ന വാക്കുകൾ വേറെയും കിട്ടും. ദൈവത്തോളം ഉയർത്തും. വേണേൽ കാലിൽ വീണ് തൊഴും. ഇതൊന്നുമല്ലെങ്കിൽ കാലേവാരിനിലത്തടിക്കും. അത്രേ ഉള്ളൂ.
“തല കുനിച്ച് നടക്കുക.”
“പൊട്ടി ചിരിക്കരുത്.”
“ഉറക്കെ സംസാരിക്കരുത്.”
“വീട്ടിൽ ആണിന്റെ ശബ്ദം മാത്രമേ ഉയരാൻ പാടുള്ളൂ.”
“കൈവീശി നടക്കരുത്.”
അത്ഭുതപ്പെടരുത്, വെറും ബഹുമാനമാണ്… അച്ചടക്കമാണ്. യോനിയെങ്കിലും ബാക്കിവയ്ക്കുന്നുണ്ടല്ലോ എന്ന്… ആ അവയവത്തെയെങ്കിലും ബാക്കിവയ്ക്കുന്നുണ്ടല്ലോ എന്ന് ചിന്തിക്കരുതേ. ആർത്തവം അശുദ്ധമെന്ന് ആക്രോശിച്ചുകൊണ്ട് നാട് കത്തിക്കാനോടിയവരുടെകൂടി നാടാണ്. നാടകമാണ്.
“ഇത് നീ എവിടുന്ന് പഠിച്ചെടീ…”

ആദ്യരാത്രിയിൽ ഭർത്താവ്, അണ്ടിവിഴുങ്ങിയ അണ്ണാനെപോലെ നിൽക്കുന്നതുകണ്ടപ്പോൾ ഭാര്യയൊന്ന് മുന്നിട്ടിറങ്ങിയതിന് കേട്ടതാണ്. ഭാര്യയുടെ മുഖംപിടിച്ച് നിലത്തുരച്ചു. പിന്നെ നടന്നത് ബലാത്സംഗമാണ്. അയാളൊരു കുഞ്ഞാടായിരുന്നു. ദൈവഭയമുള്ളവൻ. അനാഥാലായത്തിൽ വളർന്നതുകൊണ്ട് വിനയമുള്ളവൻ. അവനിൽനിന്ന് നേരിട്ട…പല ദിവസങ്ങളായി തുടർന്ന മർദ്ദനങ്ങൾക്കും, ക്രൂരമായ ബലാത്സംഗത്തിനുമൊടുവിൽ വീട്ടിലേക്ക് രക്ഷപ്പെട്ടോടിയവൾക്ക് കിട്ടിയത്… സഹിക്കണം എന്നൊരു വാക്കായിരുന്നു. വീട്ടുകാർക്ക് മുൻപിൽ മർദ്ദനത്തിന്റെ മുറിപ്പാടുകൾ കാട്ടിയിട്ടും!മാതാപിതാക്കൾ അത്രയ്ക്കും ഭക്തർ. ഇന്ന് വായിച്ച ജീവിതമാണ്. മതം ഇത്രയ്ക്ക് ക്രൂരമാണോ എന്ന് ചിന്തിക്കരുത്. ഇതിനേക്കാൾ ഭീകരമാണ്. അവസാനം വീട്ടിൽ നിന്നിറങ്ങി, പാർട്ട്‌ ടൈം ജോലിയെടുത്ത് ബിരുദം പൂർത്തിയാക്കേണ്ടി വന്നു, ആ കുട്ടിക്ക്.സ്ത്രീകളോട് കാലിന്റെ മുകളിൽ കാൽ വയ്ക്കരുതെന്ന് കല്പിക്കുന്ന, അതേ സ്വരം തന്നെയല്ലേ… നിയമം തന്നെയല്ലേ കിടപ്പറയിലും ഉള്ളത്. അതിനുശേഷം കേൾക്കേണ്ടി വരുന്ന പിഴച്ചവൾ എന്നോ… പുലിയാടിച്ചിയെന്നോ ഉള്ള വിളികളിൽ, തുല്യത വേണ്ടാ എന്ന, ആ ഉത്തരം തന്നെയല്ലേ ഉള്ളത്… വ്യക്തികളില്ല, ആണും പെണ്ണും മാത്രമേയുള്ളൂ എന്നുതന്നെയല്ലേ പറയുന്നത്.
“ഡിവോഴ്സ് ആയെങ്കിലും നിന്റെ ഭർത്താവിന്റെ അമ്മയെ നീ മിസ്സ്‌ ചെയ്യുന്നുണ്ടാകും അല്ലെ?”
“എന്തിന്?”
“നീയല്ലേ നിനക്ക് അസുഖം വന്നപ്പോൾ നിന്റെ മേലും, തലയും കഴുകി തന്നിരുന്നെന്ന്.”
“ആ മൂദേവിയാ! കുഞ്ഞ് ഒന്ന് മൂത്രമൊഴിച്ചാൽ തുടക്കില്ല. ഞാൻ അടുക്കളയിൽ പണിക്കിടയിൽനിന്ന് വന്ന് തുടക്കണം. ”
കൂട്ടുകാരി ഫോണിലൂടെ പറഞ്ഞതാണ്… ചക്കരയും തേനുംപോലെ ആണെന്നൊക്കെ തള്ളിവിട്ടതാണ്.
“എനിക്ക് രണ്ട് അമ്മായിയമ്മയുണ്ട്. ഞാൻ അടുക്കളയിൽ കയറിയാൽ… കുറ്റമാണ്… ഇപ്പോൾ രണ്ടാളും മാറിമാറി വെച്ചുണ്ടാക്കുന്നു. അല്ലപിന്നെ… രണ്ടുവയസ്സായ മകളെയും തർക്കുത്തരം പറയാൻ ശീലിപ്പിച്ചിട്ടുണ്ട്. ‘ഒലക്ക’ എന്ന് ഇടയ്ക്കിടെ അവരോട് തന്നെ പറയുന്നത് കേൾക്കാം. അല്ലാതെ ഈ ലോകത്ത് ജീവിക്കാൻ പാടാണ്. ”

പിന്നെ കേട്ടത് കണ്ണീർ കഥകളാണ്. പെൺ സൗഹൃദങ്ങളോട് അത്രയും അടുത്ത്തുപോയാൽ മാത്രം… പ്രീയപ്പെട്ടവരെന്ന് തോന്നിയാൽ മാത്രം മനസ്സ് തുറന്ന് കേൾക്കാൻ പറ്റുന്നതാണ്. അതുവരെ ചിരിപ്പിച്ചവരൊക്കെയും അത്രയും വേദനയും ഉള്ളിലൊളിപ്പിച്ചു നടന്നവരായിരുന്നു. അല്ലെങ്കിൽ അത്രയും കൃത്യമായി അവരെ അടയാളപ്പെടുത്തിപോകാൻ എനിക്കെങ്ങനെ കഴിയാനാണ്???
കോടതി, പെൺകുട്ടികളുടെ വിവാഹപ്രായം പതിനെട്ടോ… ഇരുപത്തൊന്നോ… ഇരുപത്തിയഞ്ചോ ആക്കിക്കോട്ടേ… പ്രീയപ്പെട്ടവരെ നിങ്ങളൊരു ജോലി നേടുക എന്നാണ്. തകർന്നുപോയാലും പിടിച്ചുനിൽക്കാൻ അതൊരു കച്ചിത്തുരുമ്പാകുമെന്നാണ്.അതിനുശേഷം മാത്രമാകട്ടെ വേണമെങ്കിൽ കല്യാണം. മനസ്സിലാക്കേണ്ടത് നിങ്ങൾ മാത്രമാണ്. കല്യാണത്തിന് ചിരിച്ച് ഫോട്ടോയിൽ നിന്നവരൊന്നും ഉണ്ടാകില്ല ഒന്ന് ചേർത്തുപിടിക്കാൻ. “അതിഥി ദേവോ ഭവ” എന്നൊക്കെ പറയുമെങ്കിലും, സ്വന്തം പെൺമക്കളെ വീട്ടിൽനിന്നിറക്കിവിട്ട ചരിത്രമേ മലയാളി അച്ഛനമ്മമാർക്ക് ഉള്ളൂ…

“മോളെ, മരിക്കുന്നതിന് മുൻപ് നിന്റെ കല്യാണം നടന്നുകാണണമെന്നുണ്ട്. ഒരു കുഞ്ഞിക്കാല് കാണാണമെന്നുണ്ട്.”
കിടപ്പിലായ മുത്തച്ഛനോ മുത്തശ്ശിയോ ഇതുപറയുന്നത്, സ്നേഹംകൊണ്ടെന്ന് തെറ്റുധരിക്കരുതേ… എന്നെ പുകയ്ക്കുന്നതിന് മുൻപ് നിന്റെ പുക കാണണമെന്നാണ്. ഇല്ലെങ്കിൽ നിങ്ങളുടെ പ്രണയം പറഞ്ഞു നോക്കൂ… സുമംഗലിയായി കാണണമെന്ന… കുഞ്ഞിക്കാൽ കാണണമെന്ന… ആഗ്രഹത്തിന്റെ സ്ഥാനത്ത്, ജാതി വരും… മതം വരും… നിങ്ങൾ പ്രണയത്തിൽ ഉറച്ചുപോയാൽ, ഭ്രഷ്ടും വരും. അതുകൊണ്ട് കൊള്ളി പുകഞ്ഞുപോകട്ടെ എന്നുതന്നെ ചിന്തിക്കണം.