‘അംഗീകരിക്കണം’ എന്നൊരു വാക്ക് പറയുന്നില്ല, അതില്ലെങ്കിലും കുഴപ്പമില്ല, ഉപദ്രവിക്കാതിരുന്നാൽ മതിയായിരുന്നു

359

Dipin Das

“ബസ്സിൽനിന്നിറങ്ങിയപ്പോൾ തുടങ്ങിയ വേദനയാണ്. വീട്ടിലെത്തിയതും സ്കൂൾ ബാഗ് ഇറയത്തേക്ക് വലിച്ചെറിഞ്ഞ് വീടിന്റെ പിറകിലേക്കോ… കക്കൂസിലേക്കോ ഒരോട്ടം. രാവിലെമുതൽ വൈകിട്ടുവരെ കെട്ടികിടന്ന വിഴുപ്പ്, അത്രയും ദുർഗന്ധം പരത്തി മഞ്ഞനിറത്തിൽ അരക്കെട്ടിൽനിന്നൊലിച്ചുപോയിട്ടും, അടിവയറ്റിലെ വേദന… അതവിടെതന്നെ ബാക്കിയായി.”
ഇത് കേരള വിദ്യാർത്ഥിയുടെ മൂത്രക്കഥയാണ്. വൃത്തികെട്ടതെന്ന് ചിന്തിച്ചുപോകരുതേ… അത്രയും വൃത്തികെട്ട ലോകത്തിൽ ജീവിച്ചുപോകുന്ന ക്വിയർ മനുഷ്യരുടെ ജീവിതമാണ്. ആൺകുട്ടികളെന്നും പെൺകുട്ടികളെന്നും തരംതിരിച്ചുപോയ സ്കൂൾ മൂത്രപുരകൾ… ഇത് നമ്മുടെ ഇടമല്ലെന്ന് തോന്നിപോയിരിക്കും… തോണ്ടലും… പിച്ചലും… ചന്തുപോട്ടെന്ന… കുണ്ടനെന്ന… ഒമ്പതെന്ന വിളി ഭയന്ന്, തിരക്കൊഴിയാൻ കാത്തിരുന്ന്… അവസാനം ഒരു മോഷ്ടാവിനെപ്പോലെ കാര്യംസാധിച്ചു വരുമ്പോഴേക്കും ഇന്റർവെൽ കഴിഞ്ഞുപോയിട്ടുണ്ടാകും… ബെല്ലടിച്ച് നിമിഷങ്ങളായിട്ടുണ്ടാകും.

“കൂട്ടുകാർ അതുവരെ വിശേഷിപ്പിച്ചിരുന്ന ആണുംപെണ്ണും കെട്ടവൻ എന്ന വിളിയിൽ, ഏഴാംക്ലാസ്സുമുതൽ ഒരു പുരോഗതിയുണ്ടായി… “ചാന്തുപൊട്ട്”. ഉത്സവപറമ്പിലും… ആളുകൾ കൂടുന്ന ഇടങ്ങളിൽനിന്നൊക്കെയും ഏതെങ്കിലും മൂലയിൽനിന്നുറക്കെ അത് കേൾക്കാറായി. അങ്ങനെയാണ് എനിക്കെന്റെ കൂട്ടുകാരുടെ സാന്നിധ്യം തിരിച്ചറിയാൻ കഴിഞ്ഞത്. അപ്പോഴേക്കും വേദനയിലും ചിരിക്കാൻ ഞാൻ പഠിച്ചുപോയിരുന്നു.

അത്രയും പ്രീയപ്പെട്ട കൂട്ടുകാരിൽനിന്ന് തമാശയായിപോലും കേൾക്കാൻ തുടങ്ങിയപ്പോൾ… ഞാൻ അറിയാതെതന്നെ അവരിൽനിന്നൊക്കെയും അകന്നുപോയി. എന്നിലേക്കുതന്നെ ഒതുങ്ങി. അവിടെ ഞാൻ എന്റെ സുരക്ഷിതത്വം ഒരുക്കി, പുസ്തകങ്ങൾ കൂട്ടായി… അതുവരെ മലയാളത്തിനുപോലും തോറ്റുപോയിരുന്ന ഞാൻ, പത്താംക്ലാസ്സിലെത്തിയപ്പോഴേക്കും, ജയിക്കുക മാത്രമല്ല ഉണ്ടായത്… പല പരീക്ഷാ ഫലങ്ങൾ വന്നപ്പോഴും എന്റെ പേരും ആദ്യം എന്ന് കാണാൻ തുടങ്ങി.
ഒരു സിനിമ ക്വിയർ മനുഷ്യരോട് ചെയ്ത ക്രൂരത. പക്ഷേ പ്ലസ്ടുവിലെത്തിയപ്പോഴേക്കും ആശ്വാസം തോന്നിപ്പോയത്… അത്രയും സന്തോഷിച്ചുപോയത്, പിറകിൽനിന്ന് അങ്ങനെ ഒരു വിളി ഇല്ലാതായതുകൊണ്ടാണ്. പക്ഷേ കോളേജിലെത്തിയപ്പോഴേക്കും ആ പേര് വീണ്ടും കേട്ടു.
“എന്താ നിന്നെ ചാന്തുപൊട്ട് എന്ന് വിളിക്കുന്നത്?”
പ്ലസ്ടുവിൽ പഠിച്ചുപോയ ഒരു കൂട്ടുകാരിയുടെ സുഹൃത്താണ് ചോദ്യവുമായി വന്നത്. തമാശയ്ക്ക് ഫോണിലൂടെ, എന്നെ നന്നായി പരിചയപ്പെടുത്താൻ അവൾ ഉപയോഗിച്ച വാക്ക്! അതെ, പ്ലസ്ടു കാലത്ത് ഞാൻ ആ വിളി കേട്ടിട്ടില്ല. ചിലരങ്ങനെയാണ്… ഉറക്കെ വിളിച്ചില്ലെങ്കിലും മനസ്സിൽ വിളിക്കും. പക്ഷേ അധികം എനിക്കാ വിളി കേൾക്കേണ്ടി വന്നില്ല… പരിഹാസം സഹിക്കേണ്ടി വന്നില്ല. മീശയും താടിയും മുളച്ചുപോയതുകൊണ്ടു മാത്രം രക്ഷപ്പെട്ടുപോയ ഒരുവനെ നിങ്ങൾക്കവിടെ കാണാം!”
കഥകളിയും, ഓട്ടംതുള്ളലും, മോഹിനിയാട്ടവും… പുഴയും, കായലും… കോട്ടകളും, കാടുകളും, കാവുകളും, അമ്പലങ്ങളും, പള്ളികളും, മിനാരങ്ങളും മാത്രമല്ല… ഇതുകൂടി നമ്മുടെ സംസ്കാരമാണ്. കാലങ്ങളേറെ കഴിഞ്ഞിട്ടും തകർന്നുപോകാതെ ജീർണിച്ചുപോയൊരു സംസ്കാരം… നിങ്ങൾ കാത്തുസൂക്ഷിക്കുന്നത്.

എന്തിനാണ് നമ്മുടെ കുട്ടികൾ പാതിയിൽ പഠിപ്പ് ഉപേക്ഷിച്ചുപോകുന്നതെന്ന്… പാതിയിൽ പൊഴിഞ്ഞുപോകുന്നതെന്ന്… ചിന്തിച്ചുപോകാൻ നിങ്ങൾക്ക് കഴിയുന്നുണ്ടെങ്കിൽ, ഈ റാഗിങ്ങിനെതിരെ ഇന്ത്യയിൽ… വിദ്യാലയങ്ങളിൽ… നിയമമുണ്ടോ എന്ന് ചോദിച്ചുപോകുന്നെങ്കിൽ… നിങ്ങൾ നല്ല അധ്യാപകരാണ്, മാതാപിതാക്കളാണ്, നല്ലൊരു സഹോദരിയോ, സഹോദരനോ, സുഹൃത്തോ… നല്ലൊരു നാട്ടുകാരോ ആണ്. അങ്ങനെ ആകാൻ നിങ്ങൾക്ക് സാധിച്ചില്ലെങ്കിൽ, ഇനിയും ക്വിയർ വ്യക്തികൾ ആത്മഹത്യ ചെയ്യും… കൊല്ലപ്പെടും. നിങ്ങൾ നിങ്ങളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന ആ പദവികളിൽ… ബന്ധങ്ങളിൽ… “വെറും” എന്നൊരുവാക്ക് കൂട്ടിചേർത്തുകൊണ്ട്, നിങ്ങൾ അത്രയും ചെറുതാകും.

അപ്പോഴും വേദനിച്ചുപോകുന്നവർ അവരെ നേരിട്ട് കാണാത്തവരോ… ജീവിതത്തിൽ ഇതുവരെ സംസാരിച്ചുപോകാത്തവരോ ആയിരിക്കും. സ്നേഹംകൊണ്ട് മനുഷ്യരെ ചേർത്തുപിടിക്കുന്നത് അവർ മാത്രമാണ്. മനുഷ്യരിലെ വ്യത്യസ്ഥതയെ… ആ മഴവില്ലിനെ… തിരിച്ചറിയുന്നവരും അവർ മാത്രമാണ്. ഇനിയും കൊല്ലരുതേ എന്നപേക്ഷിക്കുന്നതും അവർ മാത്രമാണ്.

നിങ്ങൾ ശ്രദ്ധിച്ചുവോ, ‘അംഗീകരിക്കണം’ എന്നൊരു വാക്ക് ഞാനിവിടെ പറഞ്ഞു പോയിട്ടില്ല. അതില്ലെങ്കിലും കുഴപ്പമില്ല, ഉപദ്രവിക്കാതിരുന്നാൽ മതിയായിരുന്നു എന്നൊരു മനുഷ്യൻ പറഞ്ഞുപോകുമ്പോൾ, ചുറ്റുപാടും എത്ര ക്രൂരമെന്ന് ചിന്തിച്ചുപോവുക. മലയാളികളായ നാം എത്ര ശൂന്യരെന്ന് മനസിലാക്കുക. വേണ്ടത് എവിടെയും ഒരു വ്യക്തി ‘നോ’ എന്നുപറഞ്ഞുപോകുമ്പോൾ, അത് സ്വീകരിക്കാനുള്ള മനുഷത്വമാണ്. അതില്ലാത്ത ബന്ധങ്ങളൊക്കെയും വെറും പിണ്ണാക്കാണ്. ഓരോ വിവാഹാലോചനയ്ക്കും ഈ കുട്ടിയും കൊടുത്തുപോയ മറുപടി, ‘വേണ്ട’ എന്നുതന്നെയായിരിക്കില്ലേ… ആ ‘വേണ്ടാ’ എന്നുള്ള മറുപടിയിൽ ഒരു കടൽ ഇരമ്പുന്നത് നിങ്ങൾക്കിപ്പോൾ കേൾക്കാൻ പറ്റുന്നില്ലേ… പൊള്ളുന്നു എന്ന്, നിങ്ങളും പറഞ്ഞു പോകുന്നില്ലേ…

**

പൊതുബോധത്തിന്റെ ഇരകൾ !! 😥

©Robo✍️

ആര്യയും അമൃതയും 21 വയസ്സുള്ള വിദ്യാർത്ഥിനികൾ.. ഉറ്റ സുഹൃത്തുക്കൾ .. ഇന്നലെ ഒരുമിച്ച് കായലിൽ ചാടി ആത്മഹത്യ ചെയ്തു !! പിരിയാനാവാത്ത വിധം അടുത്ത് പോയി അല്ലെങ്കിൽ സ്നേഹിച്ചു പോയി എന്നതാണ് പ്രശ്നം.. കാരണം “രണ്ടു പെൺകുട്ടികൾ ആണല്ലോ”.. അതോടെ കഴിഞ്ഞു !!

ഇരുവരും പഠന കാലത്ത് ഏത് സമയത്തും ഒരുമിച്ച് നടന്നിരുന്ന ഉറ്റ സുഹൃത്തുക്കൾ ആണെന്ന് വീട്ടുകാർ പറയുന്നത്.. ഈയിടെ ഒരു കുട്ടിയുടെ പിതാവ് ഗൾഫിൽ നിന്നും വന്ന് കോറന്റൈൻ ഇരുന്നപ്പോൾ ഈ കുട്ടി പതിനാല് ദിവസം മറ്റേ കുട്ടിയുടെ വീട്ടിൽ ആണ് താമസിച്ചത്. ഇതിനുശേഷം ഒരു കുട്ടിയുടെ കല്യാണം വീട്ടുകാർ തീരുമാനിച്ചതോടെ കടുത്ത മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു എന്ന് പറയുന്നു.. കോളേജിലേക്ക് എന്ന് പറഞ്ഞു ഇറങ്ങിയ പെൺകുട്ടികൾ നേരെ വൈക്കം കായലിലേക്ക് ആണ് പോയത്.. പാലത്തിൽ നിന്നും കായലിലേക്ക് ചാടുകയായിരുന്നു.. ചെറുപ്പത്തിലേ രണ്ടു ജീവനുകൾ പൊലിഞ്ഞു !

ഇന്ന് ഒരേ ജെന്ററിൽ പെട്ട വ്യക്തികൾക്ക് ഒരുമിച്ച് ജീവിക്കാൻ ഉള്ള നിയമ അനുവാദം ഉള്ള നാടാണ് നമ്മുടേത്.. എന്നാൽ മാറാത്ത മനോഭാവമുള്ള സമൂഹവും.. ആ സമൂഹത്തിനോടുള്ള ഭയമാണ് ആ പൊലിഞ്ഞ ജീവനുകൾ.. പുരോഗമനത്തിനും പുരോഗതിക്കും വേണ്ടി മാറ്റങ്ങൾ അനിവാര്യമാകുമ്പോൾ മതങ്ങളും പ്രാകൃത ബോധങ്ങളും അതിനു വിലങ്ങുതടിയാവുന്നു.. ഉന്നത രാജ്യങ്ങളിൽ ഇതൊരു വിഷയമേയല്ല ഒരു വ്യക്തി അയാളുടെ പങ്കാളിയെ തിരഞ്ഞെടുക്കുന്നതിലെ പങ്കാളിയുടെ ജെന്റർ ആരും നോക്കാറില്ല കാരണം അതൊരു സാധാരണ കാര്യമായി അവർ കരുതുന്നു ..

എന്നാൽ ഈ നിയമം നമ്മുടെ നാട്ടിലും വന്നു പലരും ജീവിച്ചു കാണിച്ചു അതുകൊണ്ട് അത്രെയെങ്കിലും ഇതുപോലുള്ള ആത്മഹത്യകൾ കുറഞ്ഞു കിട്ടി ..എന്നിട്ടും നമ്മുടെ സമൂഹം മാറിയോ മത സമൂഹങ്ങൾ അത് അൽഗീകരിച്ചോ.. എന്തോ മഹാ അപരാധം ചെയ്ത പോലെ കൊടിയ പാപം ചെയ്ത പോലെ നമ്മുടെ സമൂഹം ഇന്നും കാണുന്നു..അതുപോലെ തന്നെ സമൂഹത്തിന്റെ കാഴ്പാടിനെ ഭയപ്പെടുന്നു ആത്മഹത്യകൾ തിരഞ്ഞെടുക്കുന്നു.. എത്രയെത്ര ഉദാഹരണങ്ങൾ നമ്മുടെ കൺമുന്നിൽ ഉണ്ട് എന്നാലും സംസ്കാരം ആചാരം കോപ്പ് മണ്ണാങ്കട്ട എന്ന പ്രാകൃത ചിന്താഗതിയുമായി മുന്നോട്ടു പോകാൻ ആണ് താത്പര്യം.. സ്വാതന്ത്ര്യം എന്ന വാക്ക് കോമഡിയായി മാറുന്നു.

// മാറ്റം മാതാപിതാക്കളിൽ നിന്നും തുടങ്ങണം.. യുവതീയുവാക്കൾ ചിന്തിച്ചു തുടങ്ങണം.. സമൂഹം പിന്തുണയേകണം.. നിയമം വലയം തീർക്കണം… എന്നാലേ മനുഷ്യൻ പുരോഗതിയിലേക്ക് കുതിക്കൂ.. //