സുശാന്ത് സിംഗ് രാജ്പുത്… എനിക്കയാൾ ‘കായ് പോ ചെ’ ആണ്

107

Dipin Das

സുശാന്ത് സിംഗ് രാജ്പുത്… എനിക്കയാൾ ‘കായ് പോ ചെ’ ആണ്. ക്ലാസ്സ്‌ കഴിഞ്ഞുവന്ന മിക്ക ദിവസങ്ങളിലും ഞാൻ ആ സിനിമയിലെ വീഡിയോ സോങ് ടീവിയിൽ കാണും. അപ്പോൾ ഇറങ്ങിയതേ ഉണ്ടായിരുന്നുള്ളൂ ബോളിവുഡിൽ ആ സിനിമ. ആ ഒരു വീഡിയോ പാട്ടിലെ മൂന്നുപേരുടെ സൗഹൃദം അതത്രയും എന്നെ തൊട്ടുപോയിരുന്നു. ഒന്നിച്ച് കളിച്ചു രസിക്കുന്നതും, തമാശ പറയുന്നതും, യാത്രയും എല്ലാം ഞങ്ങളും ചെയ്തിരുന്നല്ലോ. ഞാനും വിനിയും ഗിരിയും… അവരോട് ഞാൻ ഈ സിനിമയെക്കുറിച്ച് പറഞ്ഞും പോയിരുന്നു… പക്ഷേ എനിക്ക് കാണാൻ കഴിഞ്ഞത് ഈ അടുത്ത കാലത്താണ്. വിഷാദരോഗത്തിൽനിന്ന് അല്പം ഒന്ന് ആശ്വാസം കിട്ടിയപ്പോൾ മാത്രം. ഇന്ന് നിങ്ങൾ മരിച്ചെന്ന് കേൾക്കുന്നു. അതേ വിഷാദരോഗത്താൽ ജീവിതം അവസാനിപ്പിച്ചിരിക്കുന്നു!
വിഷാദം എന്നാൽ ഇന്നും, മലയാളികൾക്ക് എന്നല്ല ഇന്ത്യക്കാർക്ക് തന്നെ അതൊരു വലിയ പ്രശ്നമായി തോന്നിയിട്ടില്ല.

ആത്മഹത്യയിലേക്ക് നയിച്ചേക്കാവുന്ന ഒരു രോഗം. ലോകത്തിൽ തന്നെ കൂടുതൽ ആളുകൾക്ക് പിടിപെടുന്ന രണ്ടാംസ്ഥാനത്തുള്ള രോഗം, അതെന്താണ് അത്ര ഗൗരവമല്ലാത്തത്? മരണത്തിലേക്ക് നയിച്ചേക്കാവുന്ന ഒരു മാനസികരോഗത്തെക്കുറിച്ച് ജനത ഇന്നും ബോധവാന്മാരായില്ലെങ്കിൽ പിന്നെ ഇനി ഏത് നൂറ്റാണ്ടിലാണ് വിഷാദരോഗിയെ അവർക്ക് രക്ഷപ്പെടുത്താനാവുക??? അവരൊക്കെയും മരിച്ചുപോകട്ടെ എന്നാണോ? പ്രതീക്ഷകൾ കൈവിട്ട് ജീവിതം തള്ളി നീക്കണമെന്നാണോ? മനുഷ്യമനസ്സിനെ ബാധിക്കുന്ന രോഗമെന്നാൽ മലയാളികൾക്ക് ഭ്രാന്താണ്. അല്ലെങ്കിൽ മന്ത്രവാദംകൊണ്ട് മാറ്റാൻ പറ്റുന്ന പ്രേതബാധ… അതിനപ്പുറം ഒരു കുഞ്ഞിനെപ്പോലെ പരിചരിക്കേണ്ടുന്ന രോഗിയാണ് അവരെന്നും… ഏത് നേരവും കരുതൽ വേണ്ടുന്ന ഒരാളാണെന്നും ഇല്ലെങ്കിൽ താളംതെറ്റി ഒരു കയറിലോ ബ്ലേഡിലോ ജീവിതം അവസാനിച്ചുപോകുന്ന ഒരു മഹാരോഗമാണ് അവരെ ബാധിച്ചിരിക്കുന്നത് എന്ന തിരിച്ചറിവുണ്ടാകാൻ മനുഷ്യരെതന്നെ തട്ടുതട്ടായി തിരിച്ചിരിക്കുന്ന രാജകീയ ജാതി,മത, വർഗ സമ്പ്രദായത്തിൽ ഇനിയും കാലമേറെ കഴിയണമായിരിക്കും. ഇവർക്കെങ്ങനെയാണ് മനുഷ്യമനസ്സിന്റെ താളപിഴകൾ അറിയാൻ പറ്റുക? ചികിൽസതേടാൻ പറ്റുക?

എനിക്കിന്നും ഓർമയുണ്ട് സഹോദരിയുടെ മടിയിൽ രണ്ടുമൂന്ന് ദിവസം കരഞ്ഞു കിടന്നത്…റോഡിന്നരികിലൂടെ പോകുമ്പോൾ ബസ്സിന്റെ ടയറിന്റെ അടുത്തേക്ക് ആരോ തള്ളിയിടുന്നെന്ന് പറഞ്ഞ് ഭയപ്പെട്ടത്… ഉറക്കമില്ലാത്ത, പ്രതീക്ഷിയില്ലാത്ത ദിവസങ്ങൾ… ആദ്യദിവസങ്ങളിൽ കട്ടിലിൽ അവരോടൊപ്പം കിടന്നുറങ്ങിയ ഞാൻ, എന്റെ മുറിയിൽ കിടക്കണമെന്ന് വാശിപിടിച്ചപ്പോൾ മുറിയുടെ ജനാലകൾ തുറന്നിടണമെന്നും കർട്ടൻകൊണ്ട് മറച്ചിടരുതെന്നും വാതിൽ പൂട്ടരുതെന്നും അവൾ വാശി പിടിച്ചു. ഇങ്ങനെ തൊട്ടറിഞ്ഞൊരാൾ കൂടെയുള്ളതുകൊണ്ട് മാത്രം ഇന്നും ജീവിച്ചിരിക്കുന്ന എനിക്ക് പറയാൻ കഴിയും… ആ നടന്റെ രക്തബന്ധങ്ങൾ, സൗഹൃദങ്ങൾ നിഴലുപോലെ അയാൾക്കൊപ്പം നിന്നിരുന്നെങ്കിൽ ചിലപ്പോൾ സുശാന്ത് ഇന്നും ലോകത്ത് ജീവിച്ചിരുന്നേനെ…
എന്റെ ജീവിതത്തെ തൊട്ടുപോയ, എന്റെ സൗഹൃദത്തെ കാണിച്ചു തന്ന നിങ്ങളെ ഞാനെങ്ങനെ മറക്കാനാണ് സുശാന്ത്. നേരിട്ട് കാണാൻ സാധിക്കാത്ത ഒരാൾക്കുവേണ്ടി എങ്ങനെയാണ് അന്ത്യോപചാരമർപ്പിക്കുക? വിട എന്നോ, rip എന്നോ ഇട്ടാൽ ചെറുതായിപോകും. വേദനയാണ്… കരഞ്ഞുപോകുന്നു. അത്രമാത്രം പറഞ്ഞുകൊള്ളൂന്നു 💜☘️…

(ഏറെ ഇഷ്ടപ്പെട്ട ആ വീഡിയോ സോങ് ഇനിയത് കേൾക്കുമ്പോൾ ഞങ്ങളുടെ സൗഹൃദത്തോടൊപ്പം സുശാന്ത്‌ എന്ന നടന്റെ ചിരിക്കുന്ന മുഖവുമോർക്കും… അവസാനം കണ്ടുകഴിഞ്ഞ് മനസ്സിലേക്ക് ഒരു വിങ്ങൽ കടന്നുവരും. വേദനയാണത്.. )