ഇന്ത്യയെ മാറ്റി നിർത്തി മെയിൽ ഷോവനിസ്റ്റെന്ന്,ആൺപ്രിവിലേജെന്ന്, ലിംഗവിവേചനമെന്ന് പച്ചയ്ക്ക് വിളിക്കാം

30

Dipin Das

‘ഇതുവരെ ചത്തില്ലേ, പോയി ചത്തുകൂടെ തള്ളേ?’
“രാമായണം ചൊല്ലി കാലംകഴിക്കേണ്ട കാലത്ത്…”
“അമ്മച്ചി വടി കുത്താറായല്ലോ… വയസ്സാം കാലത്ത് ഓരോ കോപ്രായങ്ങൾ…”
“ഓക്കാനം വരുന്നു, വൃത്തികെട്ട തള്ളയെ കണ്ടിട്ട്.”

നടി രാജിനി ചാണ്ടിയുടെ മെയ്ക്ക്ഓവർ ചിത്രങ്ങൾക്ക് ലഭിച്ച കമന്റുകൾ ഇതായിരുന്നു… ഇതുപോലുള്ളവയായിരുന്നു. മലയാളികളുടെ ബോധം കപ്പല് കടന്ന് എപ്പോഴേ പോയി എന്ന്… ഇപ്പോഴും തിരിച്ചുവന്നിട്ടില്ല എന്ന് മനസ്സിലാകുന്നത്, അഭിനയം അവരുടെ മേഖലയെന്നുകൂടി ഓർക്കുമ്പോഴാണ്. മോഹൻലാലിന്റെയും മമ്മൂക്കയുടെയും ചിത്രങ്ങൾക്കുതാഴെ വരുന്ന ‘ചുള്ളൻ’ വിളികളും… ഇക്കാ… ഏട്ടൻ വിളികളും… ആ ചിത്രങ്ങൾ കാണുമ്പോൾ വെട്ടുകിളികൾക്ക് രോമാഞ്ചം ഉണരുന്നതിന്റെയും… അതൊക്കെയും റദ്ദ് ചെയ്യപ്പെട്ട് ‘കിഴവാ’ എന്ന ലേബലിൽ ഒതുക്കപ്പെടാത്തതിന്റെയും, നടികൾമാത്രം കിഴവി എന്ന ഒറ്റവിളിയിൽ ഒതുക്കപ്പെടുന്നതിന്റെയും ശാസ്ത്രം തിരഞ്ഞാൽ, സഹപ്രവർത്തക പീഡനത്തിന് ഇരയായെന്ന് കേട്ടപ്പോൾ… പിന്നീട് സഹപ്രവർത്തകനാണ് പ്രതി എന്നറിഞ്ഞപ്പോൾ… ഏട്ടനിലും ഇക്കയിലും മറ്റുനടീനടന്മാരിലും, ആദ്യം തിളച്ച ചോര… തണുത്തുറഞ്ഞുപോയതിന്റെയും, ഉണർന്ന മനുഷത്വം മൗനമായതിന്റെയും പാട് കാണാം. ചോദ്യങ്ങളിൽ അവർ പെടാപാട് പെടുന്നത് കാണാം. തുല്യതയെന്ന് ഫെമിനിസ്റ്റുകൾ മുറവിളികൂട്ടുമ്പോൾ… ടോയ്‌ലെറ്റിൽ തുല്യത കാണിക്കെന്നുപറഞ്ഞുപോയ അനുശ്രീയെ കാണാം. ഇതൊക്കെയും സമ്മതിച്ചു കൊടുക്കുന്ന… പിന്തുടരുന്ന മലയാളികളുടെ പുരോഗമന ബോധം കാണാം… കമ്യൂണിസ്റ്റ് കേരളത്തെ കാണാം.

ആ കമന്റുകൾ കണ്ട്… പുരോഗമന കേരളമാണ്… ‘എന്നിട്ടും’ എന്ന് മൂക്കിൽ വിരൽ വയ്ക്കാൻ തോന്നാത്തത്, നവോത്ഥാനകാലം കഴിഞ്ഞ് മുങ്ങിപ്പോയ ആ ടൈറ്റാനിക്ക്, ഇപ്പോഴൊന്നും പൊങ്ങില്ല എന്നുറപ്പുള്ളതുകൊണ്ടാണ്. പൊക്കാൻ ശ്രമിച്ചാലും… എന്നെ കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല ഷാജിയേട്ടാ എന്ന് നിലവിളിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ്.  തത്കാലം, ഇന്ത്യയെ മാറ്റി നിർത്തി മെയിൽ ഷോവനിസ്റ്റ് ചിന്താഗതിയെന്ന്… ആൺപ്രിവിലേജെന്ന്… ലിംഗവിവേചനമെന്ന്… അവരുടെ നാടെന്ന് പച്ചയ്ക്ക് വിളിക്കാം. ഇപ്പോഴും സ്ത്രീകൾ പുറത്തിറങ്ങുന്ന നേരവും കാലവും… ഇട്ടിരിക്കുന്ന വസ്ത്രവും നോക്കി… കൺസന്റ് ഉറപ്പിക്കുന്ന ഉത്തമ രാമൻമാരുടെ നാട് തന്നെയാണ് കേരളം. തുറന്നെഴുതുന്നവരോട് ഒരു കളി തരുമോ എന്ന് ചോദിക്കുന്നവരുടെ… ചേച്ചിയുടെ മുലയോന്ന് പിടിച്ചോട്ടെ എന്ന് പതിനാല് വയസ്സുള്ള ആൺകുട്ടി ചോദിക്കാൻ യാതൊരു ഉളുപ്പുംകൂടാതെ തയ്യാറാവുന്ന… അത്രയും വളർന്നുപോയിരിക്കുന്ന നാട്ടിൽ, ഒന്നും ചലിച്ചിട്ടില്ല… ഒന്നും മാറിയിട്ടില്ല… ഒന്നും എവിടെയും പോയിട്ടില്ല.

ഇതൊക്കെയും മാറ്റി നിർത്തി, രാജിനി ചാണ്ടിയുടെ വസ്ത്രധാരണം തന്നെയായിരുന്നോ പ്രശ്നമെന്ന് വെറുതേ ഒന്ന് ആലോചിച്ചു പോയാൽ, ഒരു വ്യക്തി എന്തിടണമെന്നും, എങ്ങനെ നടക്കണമെന്നും, എങ്ങനെ ഇരിക്കണമെന്നും നിശ്ചയിക്കുന്ന മൊബൈൽ സംസ്കാരം കാണാം. ജീവിതത്തിൽ കാണുകപോലും ചെയ്യാത്ത… കേൾക്കുകപോലും ചെയ്യാത്ത വ്യക്തിയോട്… ബഹുമാനമോ, പരിഗണനയോ, സ്നേഹമോ കൂടാതെ ഒരു മാനസികാരോഗിയെപോലെ നിർദേശങ്ങൾ നൽകുന്നു… നിർബന്ധബുദ്ധിയോടെ വാശി പിടിക്കുന്നു. തെറിയഭിഷേകം നടത്തുന്നു. പ്രോഗ്രാം മനുസ്മൃതിയുടേതാണ്. മതഗ്രന്ഥത്തിന്റെതാണ്.പിന്തുടരുന്നവർ നല്ലവരാവുകയാണ്… അനുസരിക്കാത്തവർ മോശമാവുകയാണ്. ഹനിക്കപ്പെടുന്നത് വ്യക്തിസ്വാതന്ത്ര്യമാണ്. സംരക്ഷിക്കാൻ പോകുന്നത് മതമാണ്… ദൈവങ്ങളെയാണ്… ജാതിവിവേചനമാണ്… ലിംഗവിവേചനമാണ്.

വ്യത്യസ്തതയെ… പുതുമയെ ഉൾകൊള്ളാൻ മതങ്ങൾക്ക്… ദൈവങ്ങൾക്ക് ഭയമാണ്. ഇല്ലെങ്കിൽ നിങ്ങളുടെ താടിയിൽ പൂക്കൾ വെച്ച് ഒരു ഫോട്ടോ സ്റ്റാറ്റസായി ഇടൂ… മുഖത്ത് ഇലയോ… പൂവോ വരച്ചാലും മതി.
വട്ടാണോ?
ഭ്രാന്താണോ?
നിന്റെ പ്രശ്നം എന്താ?
കഞ്ചാവ് തന്നെയാണല്ലേ?
എന്താണിത്?
എനിക്ക് കിട്ടിയതുപോലെ, നിങ്ങളുടെ അത്രയും പ്രീയപ്പെട്ടവരിൽനിന്ന് ഇത്തരം ചോദ്യങ്ങൾ ഉയരുന്നത് കാണാം. മതത്തിന്റെ അടിമയെ കാണാം… എന്നോ അവസാനിച്ചുപോയ രാജ കാലഘട്ടത്തിലെ പ്രജകളെ കാണാം. എല്ലാവരും പിന്തുടരുന്ന വാർപ്പ് മാതൃകയിൽ ചെറിയൊരു വിള്ളൽ വീഴ്ത്തുക മാത്രമാണ് നിങ്ങൾ ചെയ്തത്. എടുത്തത് നിങ്ങളുടെ ചെറിയൊരു സ്വാതന്ത്ര്യമാണ്. നേരിടേണ്ടി വന്നതോ? വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള ഇതേ കടന്നുകയറ്റം തന്നെയല്ലെ രാജിനി ചാണ്ടിയും നേരിടേണ്ടി വന്നത്. ഭൂരിപക്ഷം പിന്തുടരുന്ന വാർപ്പ് മാതൃകയിൽ നിങ്ങൾ ഒറ്റപ്പെടുക മാത്രമാണ് ഉണ്ടായത്. ഭൂരിപക്ഷം വലിയ ശരിയാണെന്ന്… വലിയ ഒന്നാണെന്നുകണ്ട്, നിങ്ങളുടെ പ്രീയപ്പെട്ടവർ ഒന്നാംനൂറ്റാണ്ടിലെ ചിന്തയെ പിന്തുടരുക മാത്രമാണ് ഉണ്ടായത്.

ആരാണ് അവരോട് താടിയിൽ പൂചൂടരുതെന്ന് പറഞ്ഞത്?
വയസ്സായവർ മോഡേൺ ഡ്രസ്സ്‌ ഇടരുതെന്നു പറഞ്ഞത്?
ആരാണ് ആൺകുട്ടികൾ മുടി വളർത്തരുതെന്ന് പറഞ്ഞത്?
പെൺകുട്ടികൾ മുടി മുറിക്കരുതെന്ന് പറഞ്ഞത്?
ആരാണ് അവരോട് സ്വവർഗാനുരാഗികളില്ല എന്നുപറഞ്ഞത്?
ട്രാൻസ്‌ജെൻഡർ ഇല്ലെന്ന് പറഞ്ഞത്?

ആരും ആരും പറഞ്ഞില്ല എന്നതിനപ്പുറം… അവരൊന്നും അന്വേഷിക്കില്ല. അറിയുകയും വേണ്ടാ… എല്ലാവരും ചെയ്യുന്നതിനെ പിന്തുടരുന്നു എന്നതിനപ്പുറം അവരുടെ വാദം മനുവാദമാണ്… എന്നോ മനുഷ്യർ ആ കാലഘട്ടത്തിലെ കാഴ്ചപ്പാടിനുള്ളിൽ എഴുതിപോയ വിവരക്കേടാണ്… മതഗ്രന്ഥമാണ്. സംസ്കൃതം വായിക്കാൻ അറിയാത്ത… കേട്ടാൽ അറിയാത്ത… മനുഷ്യരെങ്ങനെയാണ് മനുസ്മൃതിയുടെ ആശയങ്ങൾ പിന്തുടരുന്നത്? സവർണ ചിന്ത കൊണ്ടുനടക്കുന്നത്?
നിന്റെ നിറം എന്താണ് കരിയും കലത്തിൽ വീണപോലെ… നിന്റെ അമ്മ വെളുത്തിട്ടല്ലേ?
ഇഷ്ടപ്പെട്ട വസ്ത്രം ഇട്ടാൽ…
“ഇതെന്താണ് കോളനി കളർ?”
നിനക്ക് മനുഷ്യരെപോലെ നടന്നുക്കൂടെ?
ജോലി ആയിട്ടില്ലേ?
എന്നാലല്ലേ കല്യാണം എപ്പോഴാണ് എന്ന് ചോദിക്കാൻ കഴിയൂ…
എന്നാലല്ലേ കുഞ്ഞുങ്ങളെ ഉണ്ടാക്കാൻ, എന്താ താമസം എന്ന് ചോദിക്കാൻ കഴിയൂ.

ഇങ്ങനെ ആയിരം ചോദ്യങ്ങൾ മേയ്ക്ക്ഓവറിലും അല്ലാതെയും വന്നുപോകും. ഇതിനിടയിൽപ്പെട്ട് ഇടമില്ലാത്ത മനുഷ്യരാകുന്നു. ചോദ്യമാതൃകയിൽ വീണുപോകുമ്പോൾ ബാക്കിയാവുന്നത് യന്ത്രങ്ങളാണ്… അടിമകളാണ്…മനുഷ്യൻ സ്വാതന്ത്രനായി ജനിക്കുന്നു… പക്ഷേ ചങ്ങലയിലാണ് എന്ന് അഭിപ്രായപ്പെട്ടത് എത്ര ശരി. കൂട്ടത്തിൽ ഒറ്റപ്പെടുന്നവരൊക്കെയും… ചുറ്റുപാടിൽ… അവരുടെ നോട്ടങ്ങളിൽ… വാക്കുകളിൽ ശ്വാസംമുട്ടുന്നവരൊക്കെയും… പൊളി മനുഷ്യരാണ്. വ്യക്തിത്വമുള്ളവരാണ്… ചിന്തിക്കുന്നത് തലച്ചോറുകൊണ്ടാണ്. ഉണ്ടാക്കുന്നത് പുതിയൊരു പതയാണ്… സ്വന്തമായൊരു ലോകമാണ്.

“ഇത് ഞാൻ എന്റെ സന്തോഷത്തിനായി ചെയ്യുന്നതാണ്. എനിക്ക് 70 വയസ്സാകാറായി, എന്നുകരുതി ‘ഞാൻ പോയി ചാവണം’ എന്ന് പറയാൻ ആർക്കാണ് അവകാശം. അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് എനിക്കും അറിയില്ല, ഈ കമെന്റ് പറയുന്നവർക്കും അറിയില്ല. ഈ നിമിഷം മാത്രമേ നമ്മുടെ കയ്യിൽ ഉള്ളൂ. ഉള്ള സമയം സന്തോഷമായി ഇരിക്കുക.”
രാജിനി ചാണ്ടി ആ കമന്റുകൾക്ക് കൊടുത്ത മറുപടിയാണ്. എന്റെ പ്രീയപ്പെട്ട പച്ച മനുഷ്യരെ, ലോകം ഇങ്ങനെയാണ്… ഏതോ പൊട്ടന്മാർ എഴുതിവെച്ച നിയമങ്ങൾ പിന്തുടരുന്ന മാനസിക രോഗികളാണ് ചുറ്റിലും. ആവരെ ഓർക്കാതെ… അവരുടെ വാക്കുകൾ കേൾക്കാതെ, നിങ്ങൾ നിങ്ങളെമാത്രമോർത്ത് ജീവിക്കുക… ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിക്കുക… ഇഷ്ടപ്പെട്ട ഇണയെ കണ്ടെത്തുക. തോന്നുമ്പോൾ കെട്ടുക… കുട്ടികളെ ഉണ്ടാക്കുക… അങ്ങനെ നിങ്ങളുടെ മാത്രം ജീവിതം ജീവിക്കുക😘😘🥰.

പല ചോദ്യങ്ങൾ പ്രീയപ്പെട്ടവരിൽ നിന്ന് കേട്ടിട്ടും, തെങ്ങിൻ പൂക്കൾ പെറുക്കിയെടുത്ത് ഇത് മീശയിൽ വയ്ക്കണോ… താടിയിലോ… തലയിലോ വയ്ക്കണോ എന്നാണ്, ഞാനിന്നും ആലോചിച്ചുപോയത്. അല്ലാതെ ചുറ്റുമുള്ളവരുടെ വാക്കുകളുടെ പിറകെ പോകാൻ എനിക്ക് ഭ്രാന്തില്ല. അതൊക്കെയും എന്റെ ലാസ്റ്റ് ഓപ്ഷനാണ്. എന്നെ ഞാൻ കൂടുതലായി കേൾക്കുന്നു എന്നതിലുപരി, ബോധംകെട്ടിരിക്കാൻ സമയമില്ല എന്നുതന്നെയാണ്. എഴുതാനും… വായിക്കാനും… പാട്ട് കേൾക്കാനും… സിനിമ കാണാനും… പ്രണയിക്കാനും… ഉറങ്ങാനും… ഭക്ഷണം കഴിക്കാനും… സന്തോഷിക്കാനും… നല്ല മനുഷ്യരെ കേൾക്കാനും… അവരുടെ വിഷമങ്ങൾ കേൾക്കാനും നമുക്ക് സമയം തികയില്ലെന്നിരിക്കെ… നമ്മൾ എന്തിനാണ് വേദനിക്കാൻ സമയം കണ്ടെത്തുന്നത്? സന്തോഷിക്കാൻ സമയം കണ്ടെത്തുക… നിങ്ങളായി ജീവിക്കുക… എത്ര പ്രീയപ്പെട്ടവരാണെങ്കിലും വിഷമുള്ള വാക്കുകൾ തുപ്പിയാൽ, ഇതെന്ത് മൈര് എന്നുതന്നെ ചിന്തിച്ചുപോവുക… നിങ്ങളെ കെട്ടിപ്പിടിക്കുക… ഉമ്മ വയ്ക്കുക… ചിരിക്കുക.😍☘️

ജീവിതം ചെറുതാണ്. നാളെയെന്ന ഉറപ്പിൽ ജീവിതം ഒന്നും ബാക്കി വയ്ക്കുന്നില്ല. പ്രീയപ്പെട്ട മനുഷ്യരെപോലും. അതുകൊണ്ട് നിങ്ങളിന്നേ ജീവിക്കുക… ജീവിച്ചു തുടങ്ങുക❣️.
നബി: ഒരിടത്തേക്ക് ഇറങ്ങുന്നുവെങ്കിൽ, തിരിച്ചുവരാനും അറിഞ്ഞിരിക്കണമെന്ന് വല്ല്യമ്മ പറയാറുണ്ട്. ഏതൊരാളും ആദ്യം പഠിക്കേണ്ടുന്ന ബുദ്ധി അതാണ് എന്ന് പറയാറുണ്ട്. നമ്മുടെ ശരികളിൽ ജീവിക്കാൻ പഠിക്കുക. അല്ലാതെ… ചുറ്റുമുള്ളവരുടെ ടോക്സിക് വാക്കുകളിൽ ശ്വാസംമുട്ടി… ഡിപ്രഷനടിച്ച്… ഒതുങ്ങി… ജീവിതം തീർക്കരുത് എന്നാണ്. പറയാനുള്ളത് ശക്തമായി മുഖത്തുനോക്കിതന്നെ പറയുക, അതിൽ ചൂളിപോകുന്ന ചോദ്യങ്ങളെ ചുറ്റുപാടുമുള്ളൂ. സമൂഹമെന്നത് നമ്മളുംകൂടിയല്ലേ… നമ്മളെന്തിന് മാറണം, വേണമെങ്കിൽ അവർ മാറട്ടെ എന്ന്… കട്ടയ്ക്ക് ചിന്തിച്ചുപോകാൻ കഴിഞ്ഞാൽ അത്രയും നല്ലത്. പതുക്കെയാണെങ്കിലും, പുതുമയെ ഉൾകൊണ്ടുകൊണ്ട് ചുറ്റുപാടും മാറി തുടങ്ങും. സ്വാതന്ത്രത്തിന് തേനിന്റെ മധുരമാണ്… നമ്മുടെ ഇടങ്ങൾക്ക് പൂക്കളുടെ ഗന്ധമാണ്… ചുറ്റുമുള്ളവർ കൊതിക്കട്ടെ… അസൂയപ്പെടട്ടെ… മാറി തുടങ്ങട്ടെ…💙🌸