നാളെ വേറൊരു വീട്ടിൽ പോകേണ്ട പെണ്ണാണ്… നീയൊക്കെ അപ്പോൾ പഠിച്ചോളും

34

Dipin Das

“എനിക്കും എഴുതണമെന്നൊക്കെയുണ്ട്… പക്ഷേ ചുറ്റിലും ഉള്ളത് പാട്രിയാർക്കിയുടെ അപ്പോസ്തലന്മാരാണ്… എക്സ്പ്ലനേഷൻ വേണ്ടി വരും.” സുഹൃത്ത് ഇന്ന് പറഞ്ഞുപോയതാണ്. അതെ, ആധുനിക മനുഷ്യനാകാൻ ശ്രമിച്ചുപോകുന്ന ഒരോ വ്യക്തിയുടെയും ചുറ്റിലുമുള്ളത്, അവരെ ഉൾക്കൊള്ളാൻ കഴിയാത്തതും, അവർക്ക് ഉൾകൊള്ളാൻ കഴിയാത്ത ഇടവുമാണ്. കുടുംബബന്ധങ്ങളിൽ… സൗഹൃദങ്ങളിൽ… എവിടെയും മനുഷ്യൻ നിരന്തരം സ്‌ക്രീനിങിന് വിധേയമാകുന്നുണ്ട്. പാട്രിയാർക്കി കാഴ്ചപ്പാടിൽ ഒരു തരിയൊന്ന് മാറിയാൽ, പിന്നെ ചോദ്യങ്ങളാണ്… ഉപദേശമാണ്… അനുസരിച്ചില്ലെങ്കിൽ, അവൻ കഞ്ചാവാകും… ഭ്രാന്തനാകും… അവൾ വെടിയാകും.

ഈ വിളികളെയൊക്കെയും പുഷ്പം പോലെ വലിച്ചെറിയാൻ കഴിയുന്ന കോളേജ് വിദ്യാർത്ഥികൾ, പുരോഗമനം പറഞ്ഞ്… വന്ന ചോദ്യങ്ങളെയൊക്കെയും തിരിച്ചൊടിക്കും. പക്ഷേ ഉത്തരമില്ലാതെ നിന്നുപോകുന്ന ആ പാട്രിയാർക്കി ചിന്തയെ ഒക്കെയും, അവർതന്നെ പിന്നീട് പുൽകും. കാലങ്ങൾ അത് തെളിയിക്കുന്നുണ്ട്. പഠനം കഴിഞ്ഞ് ജോലിയിലേക്ക് കയറുന്ന ഓരോ ആൺകുട്ടിയും വരവുചെലവ് കണക്കുകളിൽ നക്ഷത്രമെണ്ണി, അച്ഛനെ നൊക്ലാച്ചിയ അടിച്ചിരിക്കും. സാമ്പത്തിക ശാസ്ത്രത്തിൽ തോറ്റുപോയ മകൻ അച്ഛനാണ് ശരിയെന്നുപറയും… കുടുംബത്തെ കഷ്ടപ്പെട്ട് പോറ്റിയ മനുഷ്യനെ കെട്ടിപ്പിടിക്കും. അപ്പോഴും അവൻ അമ്മയുടെ മാൻപവറിനെക്കുറിച്ച് ചിന്തിച്ചു കാണില്ല. സ്ത്രീ പിന്നെ ദേവിയാണല്ലോ… വീടിനുള്ളിൽ പത്ത് കൈകളുംകൊണ്ട് കറങ്ങേണ്ടവൾ. അതുകൊണ്ടുതന്നെ വളർന്നുപോയാലും അവൻ സാമ്പത്തിക ശാസ്ത്രം ഉരുവിട്ട് കൊണ്ടിരിക്കും. സുഹൃത്തിനോട് പറയും…
“പെൺകുട്ടികളെ എന്തിനാ പഠിപ്പിക്കുന്നെ? നാളെ കല്യാണം കഴിച്ച് വിടേണ്ടതല്ലേ?”
“മകനെ നന്നായി പഠിപ്പിക്കേണം… നല്ല കോളേജിൽ അഡ്മിഷൻ നോക്കണം… നാളെ കുടുംബത്തെ നോക്കാനുള്ളതാണ്.”

പെൺകുട്ടികൾ കോളേജ് പഠനവും കഴിഞ്ഞ്… ചിലപ്പോൾ അതിനും മുൻപേ കല്യാണവും കഴിഞ്ഞിരിക്കും. (പ്രണയമുണ്ടെങ്കിൽ എന്നെ ഒന്ന് കെട്ടിപിടിച്ച് കരഞ്ഞാൽ മാറുന്ന പ്രശ്നമേ നിനക്കുള്ളൂ എന്ന് മാതൃസ്നേഹം മൊഴിഞ്ഞിരിക്കും. ഇല്ലെങ്കിൽ മറ്റേ സംഭവം ഉണ്ടല്ലോ… ഇമോഷണൽ ബ്ലാക്‌മെയിലിങ്. തീപ്പെട്ടിയും… മണ്ണെണ്ണയും. ഞാൻ നിന്ന് കത്തും എന്നുപറഞ്ഞാൽ കണ്ണീച്ചോരയുള്ള മകൾ ഫ്ലാറ്റ്. ഇതിനുവേണ്ടി മാത്രമാണോ റേഷൻ ഷോപ്പിൽ നിന്ന് കുറച്ചു കുറച്ച് മാത്രമായി കിട്ടുന്ന മണ്ണെണ്ണ, കന്നാസിൽ ശേഖരിച്ചുവയ്ക്കുന്നതെന്ന് തോന്നിപോയിട്ടുണ്ട്). കല്യാണവും കഴിഞ്ഞ്… ആണിന് തന്റെ ആണത്തം തെളിയിക്കേണ്ടതിനാലും, പെണ്ണിന് സ്ത്രീത്വം പൂർണതയിലേക്ക് എത്തിക്കേണ്ടതിനാലും… രണ്ടു വർഷം കത്തിരിക്കേണ്ടി വരില്ല… നാട്ടുകാരുടെയും കുടുംബക്കാരുടെയും വായ അടപ്പിക്കാനെങ്കിലും, ഒരു കുഞ്ഞിക്കാൽ കൊടുത്തിരിക്കും. മക്കളെ വളർത്താനുള്ള കഷ്ടപ്പാട് ഓർത്ത്, മകൾ അമ്മയെ ഓരോ നിമിഷവും സ്മരിക്കും. പക്ഷേ അച്ഛനും ഇതൊക്കെ ചെയ്യാമായിരുന്നല്ലോ എന്ന് ചിന്തിച്ചുപോകില്ല. അതുകൊണ്ടുതന്നെ പുരോഗമനവാദി ആയിരുന്ന മകളുടെ വായിൽ നിന്നുതന്നെ ഭാവിയിൽ കേൾക്കാം…

“നാളെ വേറൊരു വീട്ടിൽ പോകേണ്ട പെണ്ണാണ്… നീയൊക്കെ അപ്പോൾ പഠിച്ചോളും.”
പാട്രിയാർക്കിയിൽ ആണും പെണ്ണും മാത്രേ ഉള്ളൂ… അതിലപ്പുറം അവിടെ വ്യക്തിയില്ല… സ്വാതന്ത്ര്യമില്ല…അവകാശങ്ങൾ ഇല്ല… വീട്ടുജോലി ആണിനും ചെയ്യാമെന്ന് സ്ത്രീയോ… അവൾക്കും ജോലി ഉണ്ടെങ്കിൽ ഒരു സഹായം ആയേനെ എന്ന്… കുറച്ചുകൂടി നന്നായി ജീവിക്കാമല്ലോ എന്ന് പുരുഷനോ ചിന്തിക്കില്ല. (വേണേൽ വീട്ടുജോലിയും കഴിഞ്ഞു പൊക്കോ എന്ന് പറയുന്ന… പുരോഗമന സിംഹങ്ങളെയും ഓർത്തുപോകുന്നു). അങ്ങനെ പരാതികളില്ലാതെ, സന്തുഷ്ടമായി ജീവിക്കുന്ന മലയാളി കുടുംബമാണ്… നല്ലത്. പാട്രിയാർക്കിയാണ് മുഖമുദ്ര. കുടുംബത്തെ ചുമന്ന് എന്റെ നടുവൊടിഞ്ഞെന്ന്… നിങ്ങൾക്ക് വെച്ചുവിളമ്പി എന്റെ നടുവും പോയെന്ന്, വയസ്സാൻ കാലത്ത് പരസ്പരം പറഞ്ഞ് നിർവൃതി അടയാൻവേണ്ടിമാത്രമൊരു ജീവിതം. അതിനിടയിൽ വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയിൽ ആൺകുട്ടികൾക്കും പെൺകുട്ടികളെയും തരംതിരിച്ച് പാട്രിയാർക്കിയുടെ ക്ലാസ്സെടുത്ത് കൊടുക്കാനും മറക്കാറില്ല…ഏത്? സാമൂഹ്യ പ്രതിബദ്ധത. സുഹൃത്ത് പറഞ്ഞ വാക്കുകൾ വീണ്ടും പറഞ്ഞുപോകുന്നു…
“എനിക്കും എഴുതണമെന്നൊക്കെയുണ്ട്… പക്ഷേ ചുറ്റിലും ഉള്ളത് പാട്രിയാർക്കിയുടെ അപ്പോസ്തലന്മാരാണ്… എക്സ്പ്ലനേഷൻ വേണ്ടി വരും.”

ആ ചോദ്യം ചെയ്യലുകളൊക്കെയും പാട്രിയാർക്കിയിലേക്കുള്ള വിളികളാണ്… അതുകൊണ്ട് നിങ്ങളെഴുതുക. ജീവിതം ഇതാണ് എന്ന് പറഞ്ഞു പോകുന്നവരിലേക്ക്… ആ പൊട്ടകിണറല്ല ജീവിതമെന്നും, പുറത്ത് വേറൊരു ലോകമുണ്ടെന്നും… വലിയൊരു ആകാശമുണ്ടെന്നും, അവിടെ മഴവില്ലുകൾ വിരിയുന്നുണ്ടെന്നും… താഴെ പൂക്കൾ വിടരുന്നുണ്ടെന്നും, പുഴകൾ ഒഴുകുന്നുണ്ടെന്നും… പച്ചപ്പുകളിലൂടെ തണുത്ത കാറ്റൊഴുകി വരുന്നുണ്ടെന്നും കാട്ടികൊടുക്കാൻ, നിങ്ങൾ ചിത്രം വരയ്ക്കുക. വീണുപോയ കുഴിയിൽ ആണുംപെണ്ണും മാത്രമേയുള്ളൂവെന്നും… വ്യക്തിയില്ലെന്നും… അവിടെ അവകാശമില്ലെന്നും സ്വാതന്ത്ര്യമില്ലെന്നും പറയാൻ… നിങ്ങൾ പാടുക. ചിറക്കരിഞ്ഞു പോകുന്നവരിലേക്ക് ഇനി ജീവിതത്തിൽ ക്ഷമിക്കാൻ കഴിയാത്തവണ്ണം വേദനിച്ചുപോയെന്ന് പറയുക.

കൃഷിയിറക്കാൻ ഇവിടെ പെൺനിലങ്ങളില്ല… കെട്ടികഴിഞ്ഞ് കഴിവ് തെളിയിക്കാൻ ഇവിടെയുള്ളത് വിത്തുകാളയുമല്ല. ഉള്ളത് സംസ്കാരവും മതവും ചുറ്റിയ ഉടലുകളാണ്. സ്വാതന്ത്രമാകുന്നു… അത്രമാത്രം. വ്രണപ്പെടുന്നവർ പുഴുത്ത് തീരട്ടെ എന്നതിനപ്പുറം, ഒരു നെടുവീർപ്പുപോലുമരുത്. ഞാനെന്നാൽ ഉടൽമാത്രമല്ല, എന്റെ ചിന്തയും, തീരുമാനങ്ങളും തീരഞ്ഞെടുപ്പുകളുംകൂടിയാണെന്ന്… പറഞ്ഞുതന്നെ പോവുക.
അപ്പോഴും കേൾക്കാം…
“ജീവിതമെന്നാൽ നിങ്ങൾ ചിന്തിച്ചു കൂട്ടുന്നതൊന്നും അല്ല. സഹിക്കാനും പൊറുക്കാനും കഴിയണം… ക്ഷമ വേണം.”
വറ ചട്ടിയിലെരിയാൻ, ഇനിയുമൊരു ജീവിതമുണ്ടാകാതിരിക്കട്ടെ എന്നുമാത്രം പറഞ്ഞുപോവുക. സഹതപിച്ചുപോയതാണെന്നുപോലും പാവങ്ങൾ അറിഞ്ഞിരിക്കാൻ വഴിയില്ല