ചോദ്യങ്ങളിലും ഉത്തരങ്ങളിലുമായി ഒരാളിങ്ങനെ കുഴഞ്ഞുമറിഞ്ഞു നിൽക്കുമ്പോൾ… നിലപാടുകൊണ്ട് ഉറച്ചുപോയൊരാളുണ്ട്

0
101

“ചോദ്യം : ഭാവനയുണ്ടാകുമോ അടുത്ത ട്വന്റി – ട്വന്റിയിൽ?

ഇടവേള ബാബു : ഇപ്പൊ ഭാവന അമ്മയിലില്ല. അത്രേ എനിക്ക് പറയാൻ പറ്റുള്ളൂ.

ചോദ്യം : കഴിഞ്ഞ ട്വന്റി ട്വന്റിയിൽ നല്ല റോൾ…
ഇടവേള ബാബു : നല്ല റോൾ ചെയ്തതാണ്… അതിപ്പൊ മരിച്ചുപോയവരെ തിരിച്ചുകൊണ്ടുവരാൻ പറ്റില്ല. അതുപോലെയാണ്. നമുക്ക് അമ്മയിൽ ഉള്ളവരെവെച്ച് എടുക്കേണ്ടി വരും. അമ്മയിലില്ല എന്നേ എനിക്ക് പറയാൻ പറ്റൂ.”

ഞാൻ അവൾക്കൊപ്പമല്ല എന്ന് വാക്കുകളിൽകൂടി വ്യക്തമാക്കുന്നു, എന്നതിനപ്പുറം ചവിട്ടേറ്റവരെ വീണ്ടും ചവിട്ടി താഴ്ത്തുന്ന ക്രൂരത, അതുകൂടി വായിച്ചെടുക്കാൻ പറ്റണം നമുക്ക് ഇതിൽനിന്ന്. നീതിയുടെ ഒരു തരി എന്നല്ല… അതുപോലുമില്ലാത്ത സംഘടനയുടെ ഉറച്ച ഭാവി അത്രയും തെളിമയോടെ കാണാൻ കഴിയുന്നതുകൊണ്ടാണ്, പാർവതി അമ്മയിൽനിന്ന് രാജിവച്ചുപോകുന്നത്. ഞാൻ ഇങ്ങനെയാണ്, ഞങ്ങളുടെ സംഘടന ഇങ്ങനെയാണ് എന്ന് അംഗങ്ങളുടെ പിൻബലത്തോടുകൂടിയല്ലാതെ അയാൾക്ക് ഇങ്ങനെ പച്ചയായി വിളിച്ചുപറയാൻ കഴിയില്ല. അതുകൊണ്ടുതന്നെ ആണായിട്ടും പെണ്ണായിട്ടും സ്വാർത്ഥലാഭക്കാരുടെ ഇടയിൽനിന്ന് തിരിച്ചുപോകുന്ന അവസാന വ്യക്തിയായിരിക്കും പാർവതി എന്നു കരുതിപോയാലും തെറ്റില്ല.

” ചോദ്യം : ‘അമ്മ’ യിലില്ലാത്തവരെ അഭിനയിപ്പിക്കുന്നില്ല?

ഇടവേള ബാബു : സ്വാഭാവികമായിട്ടും. ‘അമ്മ’ യിൽ ഇഷ്ടംപോലെ ആൾക്കാരുണ്ടല്ലോ. ”
Wcc യുടെ അംഗങ്ങൾക്ക് അവസരമില്ലാതായതിന്റെ, അവൾക്ക് അവസരം നിഷേധിച്ചതിന്റെ ഉത്തരവാദിത്വം എത്രഭംഗിയായിട്ടാണ് ഏറ്റെടുത്തിരിക്കുന്നത്?

ജാതിപരമായി അധിക്ഷേപിച്ചു എന്നും, രാമകൃഷ്ണന് വേദി നിഷേധിച്ചു എന്നുംപറയുമ്പോൾ ഇടവേളബാബുവിന്റെ മറുപടി, ലളിതചേച്ചി അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല എന്നാണ്. എനിക്ക് വർഷങ്ങളായി അറിയുന്നതല്ലേ… എന്നാണ്. അങ്ങനെയൊക്കെ ഇപ്പൊ ഉണ്ടോ എന്നാണ്. പറയുന്നത് ജാതീയതയെക്കുറിച്ചാണ്. (ദിലീപിന്റെ വിഷയം ചോദിച്ചപ്പോഴും ഇതേ മറുപടിയാണ്). അറിയാത്തതുകൊണ്ടാണ് പാവം എന്നൊന്നും കരുതല്ലേ… മെയിൽ ഷോവനിസ്റ്റും, സവർണതയെ പിന്താങ്ങുന്നവരുമൊക്കെ നിഷ്പക്ഷതയുടെ മുഖംമൂടി അണിയുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്. പാപികളെ കുളിപ്പിച്ചെടുക്കുക എന്ന ദുരുദ്ദേശം മാത്രമേ ഇതിലുള്ളൂ. അവരിൽനിന്ന് നീതി പ്രതീക്ഷിച്ചുപോകരുത്. ഒരു മാറ്റം പ്രതീക്ഷിക്കരുത്.

“മലയാളത്തിൽ ജാതിവിവേചനമുണ്ടെന്ന് പറഞ്ഞത് മഹാനായ തിലകനാണ്.”
ചേട്ടന്റെ അനുഭവമല്ലേ, എനിക്കുണ്ടായിട്ടില്ല എന്ന് ഇടവേള ബാബു മറുപടി പറയുമ്പോൾ, ഒരു ലീഡർക്ക് തന്റെ ചുറ്റുപാടിനെ ക്കുറിച്ച് ബോധമുണ്ടക്കണമെന്നും. ആ ബോധ്യത്തിൽനിന്ന്, തന്റെ പ്രവർത്തന മേഖലയെ എല്ലാവർക്കുമുള്ള ഇടമാക്കി മാറ്റാൻ പരിശ്രമിക്കുമെന്നും തെറ്റുധരിച്ചുപോകരുത്. അയാൾ അത്തരക്കാരൻ നഹി ഹേ.
ഹത്രാസിൽ, നീതി തേടുന്ന കൂട്ടബലാത്സംഗത്തിന് ഇരയായ… ചവറുപോലെ പോലീസ് കത്തിച്ചുകളഞ്ഞ ദളിത്‌ പെൺകുട്ടിയെ ഓർമയില്ലേ? അവിടെയൊരു ദളിത്‌ നേതാവ് ഉണ്ടെന്ന് കേട്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുമ്പോൾ സവർണർക്ക് അയിത്തമാകരുതല്ലോ എന്നുകരുതി അവർ തരുന്ന ഭക്ഷണം കഴിക്കാനായി കയ്യിൽ പാത്രം കരുതുന്ന നേതാവ്! തൊട്ടുകൂടായ്മയെ രണ്ടുകൈകൊണ്ടും സ്വീകരിച്ച അയാൾ ജയിച്ചു കെട്ടോ… ജയിച്ചിട്ടും സവർണരുടെ കൂറുള്ള അടിമയായി തുടരുന്നു. അപ്പോൾ, ഇടവേളബാബു എന്തുകൊണ്ടും സംഘടനയുടെ തലപ്പത്ത് ഇരിക്കാൻ യോഗ്യതയുള്ള വ്യക്തി തന്നെയാണ്. സിനിമയിൽ ജാതിവിവേചനമില്ലെന്നോ, ലിംഗവിവേചനമില്ലെന്നോ പറയരുത്… എല്ലാം ഉണ്ട്. ഇല്ലാത്തത് വ്യക്തിയാണ്.
“ഭാവന ആ സിനിമയിൽ മരിച്ചുപോയ കഥാപത്രമല്ലേ? ”

ഏത്? തുടങ്ങനിരിക്കുന്നത് ട്വന്റി-ട്വന്റിയുടെ രണ്ടാംഭാഗമാകണമെന്നില്ല, എന്ന് ഉറപ്പ് പറഞ്ഞ വ്യക്തിയുടെ ന്യായീകരണം. സ്ത്രീവിരുദ്ധ പരാമർശമായികൊള്ളട്ടെ… ജാതിപരമായ അധിക്ഷേപമായിക്കൊള്ളട്ടെ ന്യായീകരിക്കാൻ ഏതെങ്കിലും ഒരു തുമ്പ് ബാക്കിവയ്ക്കും എന്നാണ്… അതുകൊണ്ടുതന്നെ ഏട്ടൻമാർക്കും അനിയന്മാർക്കും ഏട്ടത്തിമാർക്കും, അനിയത്തിമാർക്കും ‘അവനൊപ്പം’ എന്നുപറയാൻ ബുദ്ധിമുട്ടുണ്ടാകില്ല. ആരാണ് പറഞ്ഞത് ‘അമ്മ’ എന്നുള്ള പേര് സംഘടനയ്ക്ക് ചേരുന്നില്ല എന്ന്? നന്നായി ചേരുന്നുണ്ട്. ഏത് അമ്മയാണ് മലയാളക്കരയിൽ അവൾക്കൊപ്പം എന്നുപറഞ്ഞു മകളെ ചേർത്തു നിർത്തിയിട്ടുള്ളത്?
“മിണ്ടാതിരിക്കെടി, ഒന്നുമില്ലെങ്കിലും അവനൊരു ആണല്ലെ”

ഇത് കേൾക്കാത്ത വീടില്ല എന്നുപറയുമ്പോൾ… എല്ലാ അമ്മമാരും അങ്ങനെയല്ല എന്നായിരിക്കും നിഷ്കു ചിന്തിച്ചുപോകുന്നത്. ഭൂരിപക്ഷത്തിന്റെ തീരുമാനം ഒരു രാജ്യത്തിന്റെ ഭാവി തീരുമാനിക്കുമ്പോൾ… അതേ ഭൂരിപക്ഷത്തിന്റെ സ്വഭാവം സമൂഹത്തെ ബാധിക്കില്ലേ? ബാക്കിയുള്ള ഒരുപിടിയെ ചെറുതായി കാണുകയല്ല. ആ ഒരുപിടിയിലാണ് ലോകം ഇങ്ങനെ തകരാതെ ഇരിക്കുന്നതെന്നുകൂടി പറഞ്ഞുപോകുന്നു.
ചോദ്യങ്ങളിലും ഉത്തരങ്ങളിലുമായി ഒരാളിങ്ങനെ കുഴഞ്ഞുമറിഞ്ഞു നിൽക്കുമ്പോൾ… നിലപാടുകൊണ്ട് ഉറച്ചുപോയൊരാളുണ്ട് Parvathy Thiruvothu❣️☘️