രണ്ട് ചിത്രങ്ങളാണ്, രണ്ട് സ്ത്രീകളാണ്.
“ഈ രാജ്യത്തിലെ, ലോകത്തിലെ കുട്ടികള്‍ സമത്വത്തിന്റെയും നീതിയുടേയും വായു ശ്വസിക്കുന്നതിനായി എന്റെ ഞെരമ്പുകളിലെ രക്തയോട്ടം നിലയ്ക്കുന്നതു വരെ, ഞാൻ ഈ സമരം തുടരും” – ബിൽക്കീസ് ദാദി
ടൈം മാഗസിൻ പ്രസിദ്ധീകരിച്ച പട്ടികയിൽ ലോകത്തെ സ്വാധീനിച്ച നൂറ് വ്യക്തികളിൽ ഒരാളായി ബിൽക്കീസ് എന്ന എൺപത്തിരണ്ടുകാരി മാറിയത് പൗരത്വനിയമഭേദഗതിക്കെതിരെ നൂറ്റിയൊന്ന് ദിവസം സമരം ചെയ്തുകൊണ്ടാണ്. ഡൽഹിയിലെ, ഷാഹിൻബാഗിലെ ആ തണുപ്പിൽ, വാർദ്ധക്യം വക വയ്ക്കാതെ, ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപിടിച്ചുകൊണ്ട് ഒരു സമരനായിക. അവരുടെ കയ്യിലെ ആ അംബേദ്കർ ചിത്രം കണ്ടോ? അവർ തന്റെ ജീവിതംകൊണ്ട് തലമുറയ്ക്ക് പകർന്നു നൽകുന്നത് അത്രയും തെളിച്ചമുള്ള വഴിയാണ്… ഭരണഘടനയുടെ വഴിയാണ്.
റോയൽ ലേഡി എന്താണ് തലമുറയ്ക്കുവേണ്ടി കാത്തുവെച്ച മൂല്യം… രാജ വെണ്ടക്കയോ? ഒരു ജനതയെ മുഴുവൻ അടിമയാക്കിവെച്ച പഴയ രാജപ്രതാപത്തെ അയവിറക്കി ജീവിക്കുന്ന ഒരു സ്ത്രീ എന്നതിനപ്പുറത്തേക്ക് ഇവരെ എങ്ങനെയാണ് വായിക്കേണ്ടത്? പശ്ചാത്താപം ഒട്ടുമില്ലാത്ത, ആ കുല ലേബലിൽ തന്നെ ഇന്നും ജീവിക്കുന്ന ഇത്തരം വ്യക്തിത്വങ്ങളെ അരികുവൽക്കരിച്ച് തള്ളുന്ന ഒരു തലമുറ വളർന്നുവരുമ്പോൾ… അവർക്ക് വഴികാട്ടിയായി ബിൽക്കീസ് ദാദിയെപോലുള്ളവർ ഇവിടെ ഉണ്ടാകുമ്പോൾ… ഈ കുലഫോട്ടോയും വാർത്തയും ഉണ്ടാക്കുന്നത് ചാണകം ചവിട്ടിയ പ്രതീതിയാണ്. മാധ്യമങ്ങൾക്കുനേരെ നടുവിരൽ കാട്ടിയാലും, അവരെ കുറ്റംപറയരുത്. സംഗതി സീരിയസ് ആണെങ്കിലും കോമഡിയായിട്ടുണ്ട്.
നബി : ജനാധിപത്യത്തെ കൊന്നും ലോകത്തെ സ്വാധീനിക്കാം എന്ന് മോദി തെളിയിക്കുമ്പോൾ, ലോകജനതയുടെ മുൻപിൽ ഒരു രാജ്യം ചെറുതാവുകയാണ്.