ജീവിതത്തിൽ പ്ലാൻ എയും ബിയും സിയും വേണം , അല്ലാതെ പ്ലാൻ എ-യിൽതന്നെ കെട്ടിപിടിച്ചിരിക്കരുത്

119
Dipin Das
ക്വാറന്റൈനിലാണ്… ചിലപ്പോൾ പുളിശ്ശേരിയും പയറുവറവും ചോറിൽ കൂടികുഴഞ്ഞ് വരും. ഉത്രാടമായതുകൊണ്ടാണോ എന്നറിയില്ല, ചിക്കൻ കറിയുമുണ്ട്. അല്ലെങ്കിലും ഓണം, വിഷു ഇവയൊന്നും വലിയ ഒന്നായി എനിക്ക് തോന്നിയിട്ടില്ല. ആൾക്കാർകൂടി അടിച്ചുപൊളിക്കാനുള്ള ഒരു ദിവസം. അത്രേ ഉള്ളൂ. കൊറോണ ടെസ്റ്റ്‌ ഇന്നലെ കഴിഞ്ഞു. ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവ് ആയിരുന്നെങ്കിലും, പ്രൈമറി കോൺടാക്ട് ആയതുകൊണ്ട് രണ്ടാഴ്ച മാറിനിൽക്കണമെന്നായിരുന്നു ആരോഗ്യപ്രവർത്തകരുടെ ഉപദേശം. എന്നും രാവിലെ ഉള്ള നടത്തം ഇല്ലാത്തതുകൊണ്ട് ശരീരത്തിനും മനസ്സിനും ചിന്തയ്ക്കും അതിൽനിന്നുകിട്ടുന്ന പ്രസരിപ്പും, ഊർജവും നഷ്ടമായി എന്നതൊഴിച്ചാൽ ഞാൻ സന്തോഷവാനാണ്.
“കുഞ്ഞൂട്ടന് പ്രശ്നം ഇല്ല, ഏട്ടന് ആണ് എവിടെയും പോകാതെ ഒറ്റയ്ക്ക് നിൽക്കാൻ കഴിയാത്തത്. ” ഏട്ടന്റെ ക്വാറന്റൈൻ സമയത്ത് ദീപ്തിയുടെ പ്രതികരണമായിരുന്നു. ശരിയാണ്, മുറിയിൽനിന്ന് പുറത്തിറങ്ങാതെ കഴിയാനാണ് എനിക്കിഷ്ടം. ഏകാന്തത, എനിക്ക് പ്രീയപ്പെട്ടതാണ്. ഭക്ഷണം അപ്പുറം വീട്ടിൽനിന്ന് ഇപ്പുറം വീട്ടിലേക്ക് കൊണ്ടുവരാനുള്ള ബുദ്ധിമുട്ട് ഒഴിച്ചാൽ വീട്ടുകാരും ഓകെ ആണെന്ന് പറയാം. സുഹൃത്തുക്കളും ബന്ധുക്കളും ഇടയ്ക്കിടയ്ക്ക് വിളിച്ച് അന്വേഷിക്കുമ്പോൾ, എന്റെ ഡിപ്രെഷൻ കാലത്ത് ഇതിന്റെ ഒരു ശതമാനം കരുതൽ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. ശരിയാണ് അത് ആരെയും വിളിച്ച് അറിയിക്കാൻ പറ്റുന്ന ഒന്നല്ലല്ലോ. പക്ഷേ തീർച്ചയായും അടുത്ത് പറ്റിച്ചേർന്ന് നിൽക്കുന്നവർക്കൊക്കെയും അറിയാൻ പറ്റണം. അറിഞ്ഞിരിക്കണം തോളത്ത് തട്ടിനടക്കുന്നവരുടെ മാനസിക പ്രശ്നങ്ങൾ…
പറയാൻ വന്നത് ഇതൊന്നുമല്ല ഇന്ന് കേട്ടതാണ്, പിഎസ് സി റാങ്ക് ലിസ്റ്റിൽ ഇടം നേടിയിട്ടും, ജോലി കിട്ടാതെ പോയതുകൊണ്ട് ആത്മഹത്യ ചെയ്ത 28 വയസ്സുകാരന്റെ വാർത്ത. കുടുംബത്തിൽ സർക്കാർ ഉദ്യോഗത്തിൽ എത്തിയവരുണ്ട്. കുറേ റാങ്ക് ലിസ്റ്റിൽ ഇടം നേടി, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ കഴിഞ്ഞാണ് ഒരു കസേരയിൽ ഇരിക്കാൻ പറ്റുന്നത്. അപ്പോഴേക്ക് നാലും അഞ്ചും വർഷങ്ങൾ കഴിഞ്ഞു പോയിരിക്കും. ഇതൊക്കെ അറിഞ്ഞുകൊണ്ടുതന്നെയാണ്… അതങ്ങനെ എളുപ്പത്തിൽ കിട്ടുന്ന കസ്തൂരി മാമ്പഴമല്ല എന്നറിഞ്ഞുകൊണ്ടുതന്നെയാണ്… ഓരോ മനുഷ്യനും സർക്കാർ ഉദ്യോഗത്തിന്റെ പിറകെ പോകുന്നത്. പിന്നെ ഈ മനുഷ്യനുമാത്രം എന്താണ് പ്രത്യേകത? ജീവിതത്തിൽ പ്ലാൻ എയും ബിയും സിയും വേണം ( എന്റെ കാര്യത്തിൽ അത് z കഴിഞ്ഞും പോകും ). അല്ലാതെ പ്ലാൻ എ-യിൽതന്നെ കെട്ടിപിടിച്ചിരിക്കരുത്. ഡിഗ്രിയും പിജിയും കഴിഞ്ഞ് നെറ്റും സെറ്റും എഴുതിയവരെ കാത്തിരിക്കുന്നത് രണ്ടോ മൂന്നോ വർഷംകൂടുമ്പോൾ പി എസ് സി റിപ്പോർട്ട്‌ ചെയ്യുന്ന ഒന്നോ രണ്ടോ മൂന്നോ നാലോ ഒഴിവുകളാണ്. ഒരു വർഷത്തിൽ എത്രപേർ പഠിച്ചിറങ്ങുന്നുണ്ട്???
കൊറോണ കാലമാണ്. ജനങ്ങളെപ്പോലെ തന്നെ സർക്കാരും ആശങ്കയിലാണ്. അവർ നമ്മളെ അറിഞ്ഞിരിക്കുന്നതുപോലെ നമ്മളും അവരെ അറിഞ്ഞിരിക്കണം. എന്നിട്ടും കൊറോണ ക്വാറന്റൈൻ കേന്ദ്രങ്ങളിലെ രോഗികളെ അവർ നന്നായി പരിചരിക്കുന്നുണ്ട്. സൗജന്യ താമസവും ഭക്ഷണവും നൽകുന്നുണ്ട്. ജനങ്ങളൊക്കെയും ഈ മഹാമാരിയോട് പൊരുത്തപ്പെട്ടുകഴിഞ്ഞു. കുട്ടികൾക്കുവേണ്ടി ഓൺലൈൻ ക്ലാസുകൾ നടക്കുന്നുണ്ട്. പരീക്ഷകൾ നടക്കുന്നുണ്ട്. ഇതിനിടയിൽ കൊറോണ മൂലം ക്ലാസ്സ് അറ്റന്റ് ചെയ്യാൻ കഴിയാത്തവർ… പരീക്ഷ എഴുതാൻ കഴിയാത്തവർ… അതെ അവരുടെയൊക്കെയും വർഷങ്ങളാണ് പോകുന്നത്. തോൽവിയോടും പൊരുത്തപ്പെടാൻ പഠിക്കണം. പഠിച്ചേ പറ്റൂ.
ചൊറിൽകൂടി പുളിശ്ശേരിയും പയറുവറവും കുഴഞ്ഞുവരുന്നതിനെ അത്രയും നിസാരമായി കാണാൻ പഠിച്ചാൽ പിന്നെ എല്ലാം എളുപ്പമാണ്. കുഴഞ്ഞുവരാൻ പുളിശേരി പോയിട്ട് പയറുപോലും കിട്ടില്ലെന്ന്‌ ചിന്തിച്ചാൽ കുറച്ചുകൂടി എളുപ്പമാണ്. മയിലിനെ തോളിരുത്തി ഊട്ടുകയും, അവയുടെ അകമ്പടിയോടെ സവാരി പോവുകയും. പുൽമൈതാനിയിൽ അരയന്നങ്ങൾക്കൊപ്പം ഇരുന്ന് വായിക്കുകയും, ലാപ്ടോപ്പും, പുസ്തകങ്ങൾക്കുമിടയിൽ ഫോട്ടോ ഷൂട്ട്‌ നടത്തി രസിക്കുകയും ചെയ്യുന്ന സർക്കാരിന്റെ കാര്യമല്ല പറഞ്ഞത്.
പറഞ്ഞത് മരിച്ചവനോടുള്ള നീതിബോധത്തിൽ നിന്നുകൊണ്ടല്ല… ജീവിക്കുന്നവർക്ക് വേണ്ടുന്ന ബോധത്തെകുറിച്ചാണ്. ഞാൻ മൂന്നുവർഷമായി സർക്കാർ ജോലിക്കുവേണ്ടി പഠിക്കുന്നു. ചിലരുടെ ശെരി ആകും, നമ്മളെ ആയിട്ടില്ല… അത്രേ ഉള്ളൂ. കിട്ടും കിട്ടാതിരിക്കില്ല. ഓരോ പരീക്ഷയിൽ പ്രതീക്ഷ നശിക്കുമ്പോഴും അടുത്തത് എന്റെ നമ്പർ എന്ന് ചിന്തിച്ചുമുന്നേറും… ശ്രമിക്കും. ഒരിക്കൽ എല്ലാം കലങ്ങി തെളിയും എന്നത് തന്നെയല്ലേ പ്രതീക്ഷയും, സ്വപ്നവും ജീവിതവും.
നബി : ഡിപ്രെഷൻ നൽകുന്ന ഓരോ പാഠങ്ങളെ!