“വിവാഹത്തിന് മുൻപ് സെക്സ് ചെയ്ത പെൺകുട്ടികളൊക്കെയും അടിപൊളിയാണ്”

0
566

Dipin Das

“വിവാഹത്തിന് മുൻപ് സെക്സ് ചെയ്ത പെൺകുട്ടികളൊക്കെയും അടിപൊളിയാണ്.”
മുൻപ് ആരോ പറഞ്ഞുപോയ വാക്കാണ്, “മഹത്തായ ഭരതീയ അടുക്കള” അല്ലെങ്കിൽ “ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ” കണ്ടുകഴിഞ്ഞപ്പോൾ ഓർത്തുപോയത്. എന്തോ ഒന്ന് പൊട്ടിപോയി എന്ന്… വിലപ്പെട്ടതെന്തോ നഷ്ടപ്പെട്ടുപോയി എന്ന്… ആ എന്തോ ഒന്നിലെ മൈരിൽ, വീണ്ടും വീണ്ടും കടിച്ചുതൂങ്ങി ജീവിതത്തിൽ കടന്നുപോകുന്ന ഓരോ ഇടങ്ങളിലും… ദിവസങ്ങളിലും… ആളുകളിലും… സ്നേഹമുണ്ടോ എന്ന്… ചിക്കിചികഞ്ഞ്… കൊത്തിപറിച്ച്… ജീവിക്കുന്ന മനുഷ്യരിൽ അവരുണ്ടാകില്ലല്ലോ എന്നുതന്നെയാണ്… അതിൽ നിർവൃതിയടഞ്ഞിരിക്കാൻ അവരെ കിട്ടില്ലല്ലോ എന്നുതന്നെയാണ് ചിന്തിച്ചുപോയത്.
“നാടൻ വേണം… അടക്കവും ഒതുക്കവുമുള്ള നമ്മുക്ക് ചേരുന്നൊരു പെൺകുട്ടിമതി.”

വീടിനൊരു അടിമയെ വേണമെന്ന്… മകന് ബെഡ്‌റൂമിലേക്ക് ഒരു മാംസതുണ്ടം വേണമെന്ന്, അത്രയും ഭീകരമായി പറയുന്ന… ഇന്ത്യയ്ക്കുമാത്രം അവകാശപ്പെടാൻ കഴിയുന്ന മഹത്തായ സംസ്കാരമാണ്. അതിനനുസരിച്ചു തന്നെയാണ് പെൺകുട്ടികളെ വളർത്തുന്നത്. മതത്തിൽ… ആചാരത്തിൽ… ഇതാണ് പവിത്രമെന്നും, നന്മയെന്നും, തിന്മയെന്നും പഠിപ്പിച്ചുപോയ വാക്കുകളിൽ…സ്ത്രീ വിരുദ്ധത തന്നെയാണ്. മുട്ടാതെ തട്ടാതെ അത്രയും നിശബ്ദമായി ഏതൊരാൾക്കും ചുഷണം ചെയ്യാൻ പാകത്തിൽ, ഉടച്ചുവാർക്കുമ്പോൾ ഉണ്ടാകുന്നത് വ്യക്തി അല്ല. അതുകൊണ്ടല്ലേ വീണുപോയാലും… ആശുപത്രികിടക്കയിലായാലും… പ്രീയപ്പെട്ടവരുടെ കല്യാണംമുതൽ മരണംവരെ… ഏതിടങ്ങളിലും ഇരുന്ന് വൈകാതെ, എന്റെ വീടെന്ന്… എന്റെ കുട്ടികളെന്നുപറഞ്ഞ് തിരിച്ചോടുന്നത്. ഇറങ്ങിനടക്കുന്ന പെണ്ണുങ്ങളെയല്ല, കാണാനാവുക ആണുങ്ങളെയാണ്. പുറത്തിറങ്ങിയാൽ വെടിയാകുന്നത് ആണുങ്ങളല്ല. സംസാരിച്ചാൽ… ഉറക്കെ ചിരിച്ചാൽ… പ്രതികരിച്ചാൽ… തുറന്നെഴുതിയാൽ… വെടിയാകുന്നതൊക്കെയും സ്ത്രീകളാണ്. വെടിമരുന്നുകൾ സൂക്ഷിക്കുന്ന വാക്കുകളിലൂടെ… മനുഷ്യരിലൂടെ, സ്വാതന്ത്ര്യമില്ലാത്ത… അവകാശങ്ങളില്ലാത്ത ഉടലാവുകയാണ്. ഭാരതീയ വീട് വെടിപ്പുരകളാവുകയാണ്.
ഇനി അതാണ് നിന്റെ വീടെന്ന്… കുടുംബമെന്ന് പറയുമ്പോൾ, പറയാതെ പറയുന്നത് ഇവിടെ നിനക്കിനിയൊരിടമില്ല എന്നുതന്നെയാണ്. തൊട്ടുപോകാൻ ഇവിടെ ആരുമില്ല എന്നുതന്നെയാണ്. ഇതിനേക്കാൻ നന്നായി മാർക്കറ്റിൽ നിങ്ങൾ ഇറച്ചി വാങ്ങും… വിൽക്കും.

കെട്ടുകഴിഞ്ഞാൽപിന്നെ, സ്ത്രീജന്മത്തിന്റെ പൂർണതയിലേക്കും… ആണിന്റെ ആണത്തം തെളിയിക്കലിലേക്കുമുള്ള പരക്കം പാച്ചിലാണ്. ബന്ധുക്കളുടെയും നാട്ടുകാരുടെയും വക ഉരുളി കമഴ്ത്തലുംകൂടി ആകുമ്പോൾ, അതിനിടയിൽ ഏത് കളിയാണ്… പൊസിഷനാണ്… എന്ന് ചോദിച്ചാൽ, മുപ്പതിൽ, അങ്ങേര് കട്ടിലിലാണെങ്കിൽ… ഞാൻ നിലത്ത്കിടക്കുന്നതിനും, അങ്ങേര് നിലത്താണെങ്കിൽ ഞാൻ കട്ടിലിൽ കിടക്കുന്നതിനുംമുൻപുള്ള കളിയാണ് എന്ന്… നാൽപതിൽ, അങ്ങേര് വടക്കേമുറിയിൽ കിടക്കുന്നതും ഞാൻ തെക്കേമുറിയിൽ കിടക്കുന്നതുമാണ് എന്റെ ഫേവറേറ്റ് പൊസിഷൻ, എന്ന് പറയുന്നതിനും മുൻപുള്ള, ഏതോ പൊസിഷനാണ് എന്നേ കേൾക്കാൻ കഴിയൂ.
പ്രസവിച്ചുകഴിഞ്ഞ് ആശുപത്രിവിട്ട്… വീട്ടിലെ മുറിയിൽ പാതിരാത്രിയിൽ കട്ടിലിൽ കുഞ്ഞിനേയും പിടിച്ച്, മാതൃത്വത്തിന്റെ ഒരിരുപ്പുണ്ട്. പാടിയ കവിയും, ആടിയ ആങ്ങളയും, വെയിലുകൊണ്ട അച്ഛനും കൂർക്കംവലിച്ച് ഉറങ്ങുകയാവും. മാതൃത്വത്തിന്… ശരീരംപുളയുന്ന വേദനയിലും, കരച്ചിലും കടിച്ചുപിടിച്ചുകൊണ്ട് കയ്യിൽ കുഞ്ഞുമായിരിക്കുന്ന രൂപമാണ്. അമിത മദ്യപാനിയായ ഭർത്താവിന്റെ മർദനവും ബലാത്സംഗവും മടുത്ത്, ഡിവോഴ്സിന് തയ്യാറാകുന്ന… “അയാളുടെ കുഞ്ഞിനെ വളർത്താൻ എനിക്ക് കഴിയില്ലെന്ന്” പറയുന്ന, അബോർഷന് തയ്യാറായി നിൽക്കുന്ന പെൺകുട്ടികളുടെ മുഖമാണ്. നമുക്ക് കുഞ്ഞുങ്ങൾ വേണ്ടാ എന്നുപറയുന്ന, കാമുകിയുടെ ശബ്ദമാണ്. അയ്യോ നമ്മളൊന്നുമറിഞ്ഞില്ലല്ലോ എന്ന് അത്രയും നിഷ്‌കുവായി ചോദിച്ചുപോയാൽ കിട്ടുന്ന ഉത്തരം, നിങ്ങളിതുവരെയും സ്ത്രീയെ കേൾക്കാൻ നിന്നുകൊടുത്തിട്ടില്ല എന്നാവും.

കുഞ്ഞിന്റെ ഭാവി… അച്ഛനില്ലാതെ വളരരുത്… ആൺതുണയില്ലാതെ നിനക്കെങ്ങനെ… ”
മൈര് എന്നുപറഞ്ഞു കുഞ്ഞുങ്ങളെയും എടുത്ത് ഓടുമ്പോൾ, തിരിച്ചു വിളിക്കുന്ന ഇതേപോലുള്ള ആയിരം വാക്കുകളിലാണ് തുടങ്ങിയ ഓട്ടം നിന്നുപോകുന്നത്. അതിലൊന്നും തട്ടാതെ എനിക്കെന്റെ ജീവിതവും ജീവിച്ചുതീർക്കണമെന്ന്… സ്നേഹമെന്നാൽ ഇതൊന്നുമല്ലെന്ന്… കേട്ടതൊന്നുമല്ലെന്ന് ചിന്തിച്ചുപോകാൻ കഴിയുമെങ്കിൽ, സർട്ടിഫിക്കറ്റുകൾ അലമാരയിലിരുന്ന് തന്തയ്ക്കും തള്ളയ്ക്കും വിളിക്കില്ല. എല്ലാവീട്ടിലും ഇറങ്ങിപോകാൻ പെട്ടിയും ഒരുക്കിവെച്ച് കാത്തിരിക്കുന്ന, ഒരു സ്ത്രീയുണ്ട്. എപ്പോഴെങ്കിലും അതെടുത്ത് ഓടിപ്പോകാൻ തുടങ്ങുമ്പോഴാണ്… താക്കോൽവച്ചിടം മറന്നുപോയിട്ടുണ്ടാവുക. വീട്‌ മുഴുക്കെ തേടും… അപ്പോഴാണ് അരിതിളച്ചുമറിയാൻ തുടങ്ങുന്നുണ്ടാവുക… കുക്കർ വിസിൽ മുഴക്കാൻ തുടങ്ങുന്നുണ്ടാവുക… അടുക്കളയിലേക്ക് പോകുമ്പോഴാണ് സിങ്കിൽ, പാത്രം നിറഞ്ഞിരിക്കുന്നത് കാണുക… നോക്കൂ താക്കോലിന്റെ കാര്യം നിങ്ങൾപോലും മറന്നുപോയി. എത്ര വലുതും തണുത്തുപോകാൻ ആ സമയംതന്നെ ധാരാളം. തണുത്തുപോകാൻ എന്നേ പരിശീലിച്ചുപോയതാണ്… ആ അടക്കവും ഒതുക്കവും അതല്ലേ.

അവസാനം ഇതെന്റെ രാജ്യമെന്ന് പ്രഖ്യാപിച്ച്… അടുക്കളയിൽ ഒരു ചാരു കസേരയുമിട്ട്… പാട്ടും കേട്ട് ഇരുന്നുപോയാലും… താൻ കറിവേപ്പിലയായിരുന്നോ എന്ന് … അവഗണിക്കപ്പെടുകയായിരുന്നോ എന്ന്… ചിന്തിച്ചുപോകുന്ന നിമിഷങ്ങളുണ്ട്. ഏതെങ്കിലും ഒരു രോഗത്തിന്റെ വീഴ്ചയിലായിരിക്കാം… അല്ലെങ്കിൽ തളർച്ചയിലായിരിക്കാമത്. അപ്പോളുയരുന്ന… തന്നോട് തന്നെ ചോദിച്ചുപോകുന്ന ചോദ്യമുണ്ട്,
“ഇത്രയും അവഗണിക്കപ്പെടാൻ… വിലയില്ലാതാവാൻ… ഞാനെന്തേ ആരുടെയെങ്കിലും കൂടെ പോയോ? കിടന്നോ?”
അവസാനം എത്തി നിൽക്കുന്നത് അതുവരെ കാത്തുസൂക്ഷിച്ച പാതിവ്രത്യത്തിലാണ്. ഏതോ ഒരു നിമിഷത്തിൽ എല്ലാം തകർന്നെന്നുകരുതി, ‘മിഡ്‌നൈറ്റ്‌ ഫ്രീഡ’, ത്തിൽ ചന്ദ്രപറഞ്ഞുവയ്ക്കുന്ന
അതേ ഡയലോഗ് തന്നെയാണ്. ഞാൻ സാക്രിഫേസ് ചെയ്യുന്നു… അതുകൊണ്ട് നീയും അതുതന്നെ ചെയ്യുക. കല്യാണം എന്നതുകൊണ്ട് പരസപരം പറഞ്ഞുവയ്ക്കുന്നത് ഇത് തന്നെയാണ്. പിഴച്ചുപോകാതിരിക്കാൻ ആണിന് ഒരു കുറവും വരുത്തതാതെ കൊണ്ടുനടക്കുന്ന ഭാര്യ. താലി കെട്ടലിലൂടെ… തല കുനിക്കുന്നതിലൂടെ… ഇനി ഞാൻ നിനക്ക് സ്വന്തമെന്ന… അടിമയെന്ന… ആപ്‌തവാക്യം തന്നെയല്ലേ കാലങ്ങൾകഴിഞ്ഞും ഓടുന്നത്.

നീ എനിക്ക് സ്വന്തമെന്ന് പറയുന്നതിനേക്കാൾ വലിയ ടോക്സിക് വേർഡ് വേറെ ഇല്ല. കൂട്ടുകാരിയുമായി… കൂട്ടുകാരനുമായി… സെക്സ് ചെയ്യാൻ പോകുന്നു എന്ന്… ആഗ്രഹിക്കുന്നു എന്ന് കേൾക്കുമ്പോൾ, കോണ്ടമെടുക്കാൻ മറക്കരുത് എന്നല്ലാതെ… അയ്യോ എന്ന് പറയാൻ ഒന്നുമില്ല എന്നാണ്. വേദനിക്കാൻ പ്രണയം നഷ്ടപ്പെട്ടുപോയിട്ടില്ലെന്ന… എവിടെക്ക് പോയാലും ഇവിടെക്കുതന്നെ തിരിച്ചുവരുമെന്ന ഉറപ്പിൽ, പ്രീയപ്പെട്ടത് നിങ്ങളെന്നുതന്നെ പറഞ്ഞുപോകുന്നുണ്ട്. കൂട്ടുകാരുടെ കൂടെ സംസാരിച്ചുനിൽക്കുന്നതുപോലെ… ഒന്നിച്ചു ഭക്ഷണം കഴിക്കുന്നതുപോലെ… സന്തോഷം കിട്ടുമെങ്കിൽ സെക്സും ആകാം എന്നാണ്. അലമുറയിടാൻ അതിൽ വലുതായി ഒന്നുമില്ല എന്നുതന്നെയാണ്. പ്രണയം നഷ്ടപ്പെടുന്നുണ്ടെങ്കിൽ… സൗഹൃദത്തോടെ പിരിയാനുള്ള ഒരിടം അവിടെ ഉണ്ടെന്നാണ്. മക്കളോടുള്ള സ്നേഹം ബാക്കിയാവുന്നു എന്നാണ്. അതിനൊക്കെയും മുൻപും, അവിടെ വ്യക്തി എന്ന… ബഹുമാനമെന്ന… പരിഗണനയെന്ന… ചേർത്തുനിർത്തുന്ന വാക്കും ഉണ്ടായിരിക്കും. അതിനേക്കാൾ വലുതായി സ്ത്രീകളും, ആരെയും ഭാവിയിലേക്ക് പ്രതീക്ഷിക്കാതെ… തൊഴിൽ തേടാൻ തയ്യാറാകും. അതിന്, ഒറ്റയ്ക്ക് നിൽക്കാൻ പര്യാപ്തമാക്കുക എന്നതിനപ്പുറത്തേക്ക്, വിവാഹത്തിനായി… കുടുംബമുണ്ടാക്കാനായി… വംശം നിലനിർത്താനായി മക്കളെ വളർത്തരുതെന്ന ബോധം മാത്രംമതി.

ആണും പെണ്ണും എന്നല്ലാതെ… ഉടമയും അടിമയും എന്നല്ലാതെ മക്കളെ വ്യക്തിയായി വളർത്തൂ. ആർത്തവമുള്ള ആൺകുട്ടികളുമുണ്ടെന്ന്… ആർത്തവമില്ലാത്ത പെൺകുട്ടികളുമുണ്ടെന്ന് കേൾക്കുമ്പോൾ, എന്തെന്നുപോലും നോക്കാതെ… കാലിന്റെ ഇടയിലേക്ക് നോക്കി, ജൻഡറും ഐഡന്റിറ്റിയും തീരുമാനിക്കുന്ന അത്രയും ഇടുങ്ങിയ സംസ്കാരത്തിൽ… മതത്തിൽ… മതപുസ്തകത്തിൽ… ആ കോരിയൊഴിച്ച മലിനജലം മാത്രമാണ്. പ്രീയപ്പെട്ടവരെ പുറത്തെ ലോകവും കണ്ട് നടന്നാൽ തപ്പിത്തടഞ്ഞു വീഴുകയല്ലാതെ, ജീവിതത്തിന് വേറൊന്നും സംഭവിക്കില്ല. നിലനിൽക്കാൻ ഒരു ജോലി തേടുക… നിൽക്കാൻ ഒരിടവും. അവിടെ നിങ്ങൾ പൂക്കുക… കായ്ക്കുക… നാളത്തെ മനുഷ്യരിലേക്ക് പുതിയ വിത്തിടുക… തീർച്ചയായും നിങ്ങളെ അവർ വായിച്ചിരിക്കും.

നബി : തുറന്നെഴുതിയാൽ താഴുന്ന ആണത്തമേ ആ പിരിച്ചുവെച്ച മീശയിലുള്ളൂ. അത് വടിച്ചുകളയാവുന്ന വെറും മൈരാണ് എന്നുപറഞ്ഞുപോകുന്ന പെൺകുട്ടികളെ, നിങ്ങൾക്ക് ഉമ്മകൾ