ദിപിൻ ജയദീപ്
വലിയ കഷ്ടമാണ് ചിലരുടെയൊക്കെ കാര്യം.നേരെ ചൊവ്വേ ഒരു കളി ചോദിക്കാൻ പോലും അറിയില്ല, ഇതൊക്കെ ഇവരൊക്കെ എന്നാണ് പഠിക്കുക? പ്രായപൂർത്തിയാകുന്നതോടെ ചുരുങ്ങിയത് അവനവന്റെ ആവശ്യങ്ങൾ മറ്റുള്ളവരെ അറിയിക്കാനുള്ള കാര്യപ്രാപ്തി എങ്കിലും ഉണ്ടാകണം. പ്രായോഗിക തലത്തിലുള്ള സാമൂഹിക അവബോധവും ആളുകളോട് ഇടപഴകാനുള്ള ശേഷമാണ് പ്രായപൂർത്തി എന്നതുകൊണ്ട് യഥാർത്ഥത്തിൽ അർത്ഥമാക്കേണ്ടത്. അല്ലാതെ ശാരീരികമായി പക്വത ഉണ്ടാകുന്നത് ഒരു അളവുകോൽ അല്ല.ഫേസ്ബുക്കിൽ ഒരു പ്രൊഫൈൽ ഉണ്ടാക്കാൻ ആർക്കും പറ്റും. അതിനു വലിയ ബുദ്ധിമുട്ടൊന്നുമില്ല. വ്യാജ ഐഡി എത്ര വേണമെങ്കിലും ഉണ്ടാക്കാം. പക്ഷേ അത് ഉപയോഗിക്കുക എന്നത് വലിയ ടാസ്ക് ആണ്. അതിന് ഉപയോഗിക്കാനുള്ള രീതികൾ അറിയണം. അതാണ് പലർക്കും അറിയാത്തത്.
ഇൻബോക്സിൽ ചിലർ വരും, സെക്സ് ചെയ്യുകയാണ് ഉദ്ദേശമെങ്കിൽ ( അത് ശരീരം കൊണ്ട് തന്നെ വേണമെന്നില്ല ചിലർക്ക് ചാറ്റിങ് ആയിരിക്കും താല്പര്യം ) ഹായ്… ഹലോ… യിൽ തുടങ്ങി നമ്മുടെ സകല കാര്യങ്ങളും അന്വേഷിച്ച് അറിയാൻ തുടങ്ങും. എന്തിനാണ് ഇതൊക്കെ ചെക്ക് ചെയ്യാൻ വരുന്നത്? എന്താണ് നിങ്ങളുടെ ഉദ്ദേശം അത് മാന്യമായ രീതിയിൽ അവതരിപ്പിക്കുകയാണ് നിങ്ങൾ ചെയ്യേണ്ടത്.എനിക്ക് നിങ്ങളെ വല്ലാതെ ഇഷ്ടപ്പെട്ടു, നിങ്ങൾക്ക് എന്നോട് ഇഷ്ടമുണ്ടോ?എന്നൊരു അടിസ്ഥാന ചോദ്യം ആയിരിക്കും എപ്പോഴും നല്ലത്. തിരിച്ചുള്ള മറുപടി ഇഷ്ടമാണ് എന്നാണെങ്കിൽ മാത്രം, അടുത്ത താല്പര്യം അറിയിക്കാം. ഇഷ്ടമല്ല എന്നാണെങ്കിൽ… സമയം കളയാതെ അടുത്ത പച്ചവെളിച്ചം കാണുന്ന ദിക്കിലേക്ക് പോകാം. അതൊരു സാമാന്യ മര്യാദയാണ്. പാശ്ചാത്യ ലോകത്ത് ആളുകൾ പാലിക്കുന്ന മര്യാദ. മലയാളികൾക്ക്, അല്ലെങ്കിൽ പൊതുവായി പറഞ്ഞാൽ നമ്മൾ ഇന്ത്യക്കാർക്ക്, ബംഗാളികൾക്ക്, പാക്കിസ്ഥാനികൾക്ക് , നേപ്പാളികൾക്ക് ഒക്കെ ഇല്ലാത്ത ഒരു സാമാന്യ മര്യാദയും ഇതാണ്..
ഒരാൾ ഇഷ്ടമല്ല എന്ന് പറഞ്ഞാൽ പിന്നെ അവിടെ നിൽക്കരുത്, മറിച്ച് ഇഷ്ടമാണെന്ന് പറഞ്ഞാൽ തനിക്ക് താല്പര്യമുള്ള രീതിയിൽ ഇഷ്ടമുണ്ടോ എന്ന് തിരിച്ചറിയുകയാണ് രണ്ടാമത് ചെയ്യേണ്ടത്. ഒരു സൗഹൃദം നിലനിൽക്കണം അത് നല്ല ബന്ധം ആവണം എന്ന് ആഗ്രഹമുണ്ടെങ്കിൽ അത് സാഹചര്യങ്ങൾ നോക്കി മാത്രം വളരെ ശ്രദ്ധിച്ച് വേണം കൈകാര്യം ചെയ്യുവാൻ. ചിലപ്പോൾ നിങ്ങളോട് ചാറ്റ് ചെയ്യാൻ പറ്റുന്ന ഒരു മാനസികാവസ്ഥയിൽ ആയിരിക്കില്ല മറുവശത്തുള്ളയാൾ. അതുകൂടി മനസ്സിലാക്കണം.എന്തെങ്കിലുമൊക്കെ കടുത്ത മാനസിക അസ്വസ്ഥതയിലിരിക്കുന്ന ഒരാൾക്കു നിങ്ങൾ തുടരെത്തുടരെ അരോചകമാകുന്ന വിധത്തിൽ മെസ്സേജുകൾ അയച്ചുകൊണ്ടിരുന്നാൽ അത് എത്രമാത്രം വെറുപ്പിക്കുന്നുണ്ടാകും എന്ന് ഒന്ന് സങ്കൽപ്പിക്കുക.
മറ്റൊന്ന്, എല്ലാവർക്കും അവരവർ വലിയ സൗന്ദര്യം ഉള്ളവർ ആയിരിക്കും. ചുരുക്കം ചിലർക്ക് അപകർഷതാബോധം ഒക്കെ തോന്നുംഎന്നാലും ഭൂരിപക്ഷം പേരും തങ്ങൾ അത്യാവശ്യം കൊള്ളാമെന്ന് തന്നെ കരുതുന്നവരാണ്. എന്നാൽ മറ്റൊരാൾക്ക് അവരുടെ ഇഷ്ടത്തിനൊത്ത രൂപമാണ് നിങ്ങളുടേത്, അല്ലെങ്കിൽ അവർ ആഗ്രഹിക്കുന്ന തരത്തിലുള്ള സ്വഭാവ വിശേഷമാണ് നിങ്ങൾക്കുള്ളത് എങ്കിൽ മാത്രമേ അവർക്ക് നിങ്ങളോട് താല്പര്യം ഉണ്ടാകുള്ളൂ. അത് മനസ്സിലാക്കാതെ, എനിക്ക് ഒരുപാട് ആരാധകർ ഒക്കെ ഉള്ള ആളാണ്… നിങ്ങൾക്ക് എന്താ എന്നെ ഇഷ്ടപ്പെട്ടാൽ ??? വലിയ ജാഡ ആണല്ലേ? എന്നൊക്കെയുള്ള ചോദ്യങ്ങൾ കടുത്ത അല്പത്തരങ്ങളാണ്.
പരസ്പരം താല്പര്യത്തോടെ കൂടി സെക്സ് ചാറ്റ് ചെയ്യുന്നത് ഒരു തെറ്റായ കാര്യമാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. പക്ഷേ ഉഭയകക്ഷി താൽപ്പര്യം അവിടെ പരമപ്രധാനമാണ്.പിന്നെ ആളുകളുടെ സെക്സിനോടുള്ള ആഭിമുഖ്യം പലതരത്തിലാണ്. ചിലർക്ക് സെക്സ് ചെയ്യുമ്പോൾ എന്നുള്ളതു പോലെ തന്നെ ഒരാളോട് ഒരുതവണ ചാറ്റ് ചെയ്ത് കഴിഞ്ഞാൽ രണ്ടാമത് ആ വ്യക്തിയോട് താല്പര്യം ഉണ്ടാവണമെന്നില്ല. ഒരുതലം ചിലന്തിയുടെ പോലുള്ള സ്വഭാവം. അതൊരു തെറ്റല്ല, അത് തിരിച്ചറിഞ്ഞ് തൽക്കാലം മാറി നിൽക്കുകയാണ് യുക്തിപൂർവ്വം ചിന്തിക്കുന്നവർ ചെയ്യുക. മറിച്ച് ഒരുതവണ നമ്മൾ ചാറ്റ് ചെയ്തില്ലേ ഇനി എപ്പോഴും എനിക്ക് താല്പര്യമുള്ളപ്പോൾ ഒക്കെ നീ ചെയ്തോണം… എന്ന് ഒരു ലൈസൻസ് കിട്ടിയത് പോലെ പെരുമാറുന്നത് ഭയങ്കര ടോക്സിക് ആണ്.
നമ്മൾ ഏതൊരു കാര്യത്തിലും മറ്റൊരു വ്യക്തിയുടെ സ്വാതന്ത്ര്യം, താൽപര്യം, സ്വകാര്യത ഇവയെ മാനിക്കണം. അതിന് പ്രഥമ പരിഗണന കൊടുക്കണം. എങ്കിൽ മാത്രമേ നമുക്ക് ബന്ധങ്ങൾ നിർമ്മിച്ചു എടുക്കുവാനും അത് നിലനിർത്തുവാനും സാധിക്കുകയുള്ളൂ. സ്വന്തം സുഖവും സ്വന്തം താല്പര്യവും സ്വന്തം കാര്യവും മാത്രം ചിന്തിക്കുന്നവർക്ക് ഇതൊന്നും സാധ്യമാവുകയില്ല.ഒരു പരിചയമില്ലാത്ത ഒരാളുടെ ഇൻബോക്സിലേക്ക് കയറി ചെന്ന് ഒരു റിപ്ലൈ പോലും തന്നില്ലെങ്കിലും തുടർച്ചയായി സെക്സ് കിട്ടണമെന്ന ഉദ്ദേശത്തോടുകൂടി മെസ്സേജുകൾ അയക്കുന്നത് സൈബർ കുറ്റകൃത്യമാണ്. അതുപോലും അറിയാത്ത ആളുകളാണ് സമൂഹമാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നത്. ഇതിൽ സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും സാഹിത്യകാരന്മാരും ഒക്കെ ഉൾപ്പെടും.
ഏറ്റവും കൂടുതൽ ഇത്തരം ടോക്സിക് ഇൻബോക്സ് അനുഭവങ്ങൾ ഉണ്ടാവുന്നത് അല്പം സ്വാതന്ത്ര്യം മറ്റുള്ളവർക്ക് കൊടുക്കുന്ന സ്ത്രീകൾക്കാണ്. പ്രത്യേകിച്ച് മദ്യം കഴിക്കുകയോ സിഗരറ്റ് വലിക്കുകയോ സെക്സിനെ കുറിച്ച് ഒക്കെ അല്പം സ്വതന്ത്രമായി സംവദിക്കുകയോ ഒക്കെ ചെയ്യുന്ന സ്ത്രീകൾ പെട്ടെന്ന് കളിക്ക് വരുന്നവരാണ് എന്നൊരു ധാരണ നമ്മുടെ പൊതുസമൂഹത്തിന്റെ ഇടയിൽ ഉണ്ട്. അതിന്റെ ഭാഗമാണ് വളരെ കൂടുതലായി അത്തരം ഇൻബോക്സുകളെ തേടിപ്പിടിച്ച് ചിലർ ചെല്ലുന്നത്.സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും ഇതുപോലുള്ള ടോക്സിക് മെസ്സേജുകൾ ഒരുപാട് വരും. ഒരു പുരുഷന് അങ്ങോട്ട് ആദ്യമായി ചാറ്റ് ചെയ്യാൻ പല സ്ത്രീകൾക്കും പേടിയാണ്. കാരണം അങ്ങോട്ട് രണ്ടു മെസ്സേജ് അയച്ചാൽ താനൊരു മോശക്കാരി ആണെന്ന് ടിയാൻ കരുതുമോ എന്ന ഒരു പൊതുബോധം അവരുടെ ഉള്ളിലും ഉണ്ടാകും. മലീമസമായ ഒരുപാട് ഇത്തരം ചിന്തകൾ നമ്മുടെ സമൂഹത്തിൽ നിന്ന് സമൂലം പിഴുതെറിയേണ്ടതുണ്ട്. വരുന്ന തലമുറ എങ്കിലും ഇത്തരം ചിന്തകളിൽ നിന്ന് മുക്തമാവട്ടെ.