വെള്ളിത്തിരയിൽ തന്റെ മോഹങ്ങൾ പൂവണിയിപ്പിച്ച മലയാളസിനിമയുടെ ഉടയോൻ – ഭദ്രൻ ദി ഗ്രെയ്റ്റ്‌.

Aneesh Nirmalan

ഭദ്രൻ എന്ന സംവിധായകന്റെ പേര് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക ആട് തോമയുടെയും, കടുവ ചാക്കോയുടെയും കഥ പറഞ്ഞ സ്‌ഫടികം എന്ന സിനിമ ആയിരിക്കും. ഉലയിൽ ഇട്ട് ഊതി മിനുക്കി എടുക്കേണ്ട ഒരുപാട് കഴിവുകളുള്ള മകനെ, കരിക്കട്ടയാക്കി ചെകുത്താനാക്കി മാറ്റിയ അച്ഛന്റെ കഥ പറഞ്ഞ സ്‌ഫടികം. അയാൾ മകൻ സ്‌ഫടികം ആണെന്ന് തിരിച്ചു അറിയുമ്പോഴേക്കും, ആ സ്നേഹം ആസ്വദിക്കാൻ ഉള്ള സമയം അച്ഛനും, മകനും വിധി നൽകിയില്ല. (ഇതേ രീതി തന്നെയാണ് വർഷങ്ങൾക്ക് ശേഷം രഞ്ജിത്തും, ഷാജി കൈലാസും നരസിംഹം എന്ന സിനിമയിലും ഉപയോഗിച്ചത്. മകനിൽ ചന്ദ്രക്കല ചൂടിയ ശിവനെ കണ്ട് സമസ്താപരാധം പറയുന്ന അച്ഛനെയും, ആ അച്ഛന് സ്നേഹം കൊടുക്കാൻ കഴിയാതെ പോയ മകനും തന്നെയാണ് ഇവിടെയും കാണാൻ കഴിയുക.) Parenting എന്ന കോൺസെപ്ടിനെ ഇത്രയും മനോഹരമായി കാണിച്ച സ്‌ഫടികം പോലൊരു മലയാളസിനിമ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. മലയാളത്തിലെ ലക്ഷണമൊത്ത ഈ ക്ലാസ്സിക്ക് മാസ്സ് മൂവി സമ്മാനിച്ച ഭദ്രൻ മാട്ടേൽ എന്ന സംവിധായകൻ അദ്ദേഹത്തിന്റെ മിക്ക സിനിമകളിലും വ്യത്യസ്തതക്ക് ശ്രമിച്ചിട്ടുള്ളതായി കാണാം. ആദ്യസിനിമകളായ എന്റെ മോഹങ്ങൾ പൂവണിഞ്ഞു, ചങ്ങാത്തം, ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ തുടങ്ങിയ സിനിമകളിൽ തന്നെ അദ്ദേഹം വ്യത്യസ്തതകൾ കഥയിലും, മേക്കിങ് സ്റ്റൈലിലും ഒക്കെ കൊണ്ട് വരാൻ ശ്രമിച്ചിരുന്നു. ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ എന്ന സിനിമയുടെ ക്ലൈമാക്സ് ഒക്കെ നമ്മൾ ഇപ്പോൾ പറയുന്ന ഫെമിനിസത്തിന്റെ പെർഫെക്റ്റ് ഉദാഹരണങ്ങളാണ്. അതിലെ ലക്ഷ്മി ചെയ്ത ശക്തമായ സ്ത്രീകഥാപാത്രം അധികം ചർച്ച ചെയ്യപ്പെടാതെ പോയ ഒന്നാണ് എന്ന് പറയാതെ വയ്യ.

എന്റെ മോഹങ്ങൾ പൂവണിഞ്ഞു എന്ന സിനിമയിലെ പ്രതികാരരീതിയും, അതിലെ ഗാനങ്ങളും, അതിന്റെ ഫ്രെയിമുകളും ഒക്കെ ആ കാലഘട്ടത്തിൽ വളരെ വ്യത്യസ്തത പുലർത്തിയവ ആയിരുന്നു. ഭദ്രന്റെ ഹോളിവുഡ് സിനിമകളോടുള്ള ഇഷ്ടത്തിൽ ഉണ്ടായ സിനിമ ആയിരിക്കണം ചങ്ങാത്തം. ഒരു con കപ്പിൾസിന്റെ കഥ പറഞ്ഞ ആ സിനിമയിലെ മോഹൻലാലിൻറെ സ്ത്രീലമ്പടൻ ആയ വില്ലൻ കഥാപാത്രം വളരെ ശ്രദ്ധേയം ആയിരുന്നു.

ഭദ്രന്റെ സിനിമകളിൽ എന്റെ പേഴ്‌സണൽ favourite എന്ന് പറയാവുന്ന സിനിമകളിൽ ഒന്നാണ് പൂമുഖപ്പടിയിൽ നിന്നെയും കാത്ത്‌. ഒരു പക്ഷെ മമ്മൂട്ടിയെ പോലെയൊരു നടൻ ഇന്ന് ചെയ്യേണ്ട കഥാപാത്രം ആയിരുന്നു അത്. സംശയരോഗമുള്ള ഒരു ഭാര്യയാണ് ശ്രീവിദ്യ എങ്കിൽ, അയല്പക്കത്തെ വീട്ടിൽ ഭർത്താവായ തിലകൻ ആണ് ആ രോഗം. ഈ രണ്ടു വീടുകളിലെയും കുട്ടികൾ തമ്മിൽ പ്രണയത്തിൽ ആകുന്നു. ശ്രീവിദ്യയുടെ മികച്ച വേഷങ്ങളിൽ ഒന്നാണ് ഇതിലെ ഭാര്യാകഥാപാത്രം. നിസ്സഹായനായ ഭർത്താവായി മമ്മൂട്ടി മികച്ച പ്രകടനം കാഴ്ച്ച വെച്ച ഈ ചിത്രത്തിലെ എവർഗ്രീൻ ഗാനങ്ങൾക്ക് സംഗീതം ചെയ്തത് ഇളയരാജ ആണ്. വിക്കനായ നെഗറ്റീവ് ഷെയ്ഡുള്ള അമ്മാവൻ കഥാപാത്രമായി മോഹൻലാലും മികച്ച പ്രകടനം കാഴ്ച്ച വെച്ചു. ഇത് കഴിഞ്ഞു അദ്ദേഹം ചെയ്ത ഇടനാഴിയിൽ ഒരു കാലൊച്ച മറ്റൊരു മ്യൂസിക്കൽ ചിത്രം ആയിരുന്നു. ദക്ഷിണാമൂർത്തി സ്വാമി സിനിമയിൽ നിന്ന് ഒരു വലിയ ബ്രേക്ക് എടുക്കുന്നത് ഈ സിനിമയ്ക്കു ശേഷമായിരിക്കും. ഭരതന്റെ ചാമരം, രതിനിർവേദം എന്ന സിനിമകളിൽ നിന്ന് ആ ഫിസിക്കൽ അട്ട്രാക്ഷൻ എന്ന എലമെന്റ് എടുത്തു കളഞ്ഞു, തന്നെക്കാൾ പ്രായമുള്ള ഒരു പെൺകുട്ടിയോട് ഒരാൾക്ക് തോന്നുന്ന ഉദാത്തമായ പ്രണയമാണ് ഈ സിനിമയിലൂടെ ഭദ്രൻ പറഞ്ഞത്. വിനീതും, കാർത്തികയും ആയിരുന്നു ഇതിൽ പ്രണയജോഡികൾ ആയത്.

സ്പടികത്തിന് മുന്പിറങ്ങിയ അതേ പോലെയുള്ള സൂപ്പർഹിറ്റ് സ്റ്റാറ്റസ് അർഹിച്ച രണ്ടു സിനിമകൾ ആയിരുന്നു ഇടനാഴിയിൽ ഒരു കാലൊച്ച കഴിഞ്ഞിറങ്ങിയ അയ്യർ ദി ഗ്രെയ്റ്റും, അങ്കിൾ ബണ്ണും. അയ്യർ ദി ഗ്രേറ്റ് ഒക്കെ ആ കാലത്തെ ഏറ്റവും മികച്ച ടെക്‌നിക്കലി brilliant സിനിമ ആണെന്ന് നിസ്സംശയം പറയാം. അതിലെ പെരുമൺ ട്രെയിൻ അപകടം ഒക്കെ അതിമനോഹരം ആയിട്ടാണ് ഭദ്രൻ ചിത്രീകരിച്ചിട്ടുള്ളത്. ഒബീസിറ്റി എന്ന വിഷയമേ ആദ്യം കൈകാര്യം ചെയ്ത ഒരു സിനിമ ആയിരിക്കും അങ്കിൾ ബൺ. മോഹൻലാലിന്റേയും, മമ്മൂട്ടിയുടേയും ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്ന് തന്നെയായിരിക്കും ചാർളി ചാക്കോയും, അയ്യരും. മരത്തിൽ കയറിയാൽ sixth sense കിട്ടുമോ, കാമുകി മരിച്ചയാൾ ഇത്രയും തടിക്കുമോ എന്നൊക്കെയുള്ള ലവലേശം ലോജിക്ക് ഇല്ലാത്ത വിമർശനങ്ങൾ കൊണ്ടായിരുന്നു, ബുദ്ധിജീവികൾ എന്ന് നടിക്കുന്ന ക്രിട്ടിക്കുകൾ ഈ സിനിമകളെ തകർത്തത്.

സ്‌ഫടികം കഴിഞ്ഞു വളരെയധികം പ്രതീക്ഷയോടെ വന്ന ഒളിമ്പ്യൻ അന്തോണി ആദം ഒഴിച്ചുള്ള മൂന്നു സിനിമകളും ബോക്സ് ഓഫീസിൽ തകർന്നതോടു കൂടിയാണ് ഭദ്രൻ അനിവാര്യമായ ബ്രേക്ക് എടുത്തത്. ഒളിമ്പ്യൻ അന്തോണി ആദം വളരെ സ്റ്റൈലിഷ് ആയ ഒരു സിനിമ ആയിരുന്നു. ഇവിടെയും വിദ്യാഭ്യാസത്തെ കുറിച്ച് ഭദ്രൻ നല്ല രീതിയിൽ പരാമർശിക്കുന്നുണ്ട്. നല്ല ഗാനങ്ങളും, മോഹൻലാലിന്റെ flexible പ്രകടനവും, technologically സൗണ്ട് ആയ രംഗങ്ങളും ഈ സിനിമയെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാക്കി. ജഗതി ശ്രീകുമാറിന്റെ വട്ടോളി എന്ന കഥാപാത്രം അദ്ദേഹത്തിന്റെ ഒരുപാട് കഥാപാത്രങ്ങളിൽ മറക്കാൻ കഴിയാത്ത ഒന്നാണ്. യുവതുർക്കി എന്ന് പറയുന്ന സിനിമ മലയാളത്തിലെ നിയോ നോയർ ഴോണറിൽ പെടുത്താവുന്ന ചുരുക്കം സിനിമകളിൽ ഒന്നായിരിക്കും. Extremely violent movie എന്ന രീതിയിലാണ് പക്ഷേ ഇതിനെ അന്നത്തെ പ്രേക്ഷകർ സ്വീകരിച്ചത്. പക്ഷേ, ഇന്നും കണ്ടിരിക്കാവുന്ന നല്ലൊരു ആക്ഷൻ പൊളിറ്റിക്കൽ നിയോ നോയർ സുരേഷ്‌ഗോപി ചിത്രം തന്നെയാണ് യുവതുർക്കി. യുവതുർക്കിയിൽ ജീവനുള്ള എലിയെ വരെ സുരേഷ്‌ഗോപിയെ കൊണ്ട് പെർഫെക്ഷന് വേണ്ടി അദ്ദേഹം കടിപ്പിക്കാൻ മടിച്ചില്ല. ആ കാലഘട്ടത്തിലെ നടന്മാർ കഥാപാത്രത്തിന്റെ പൂർണ്ണതക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാർ ആയിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ഇതിനെ കുറിച്ചുള്ള ഭാഷ്യം. ഭദ്രൻ ചെയ്ത സിനിമകളിൽ വേണ്ട രീതിയിലുള്ള ഹോംവർക്ക് നടത്തിയിട്ടില്ല എന്ന് തോന്നിയ ഒരു സിനിമ ഉടയോൻ ആയിരിക്കും. വളരെ മനോഹരമായ ഒരു സന്ദേശവും, വ്യത്യസ്തമായ വ്യാഖ്യാനശൈലിയും ഒക്കെയുണ്ടെങ്കിലും, വളരെ ശോഷിച്ച ഒരു തിരക്കഥ ആയിരുന്നു ഉടയോൻ എന്ന സിനിമയുടെ. അച്ഛനായി മോഹൻലാൽ നിറഞ്ഞാടിയപ്പോൾ, മകന്റെ സ്ഥാനത്ത് മറ്റാരെങ്കിലും മതിയായിരുന്നു എന്നും തോന്നി പോയി. കണക്കിൽ നിന്ന് മണ്ണിലേക്ക് എത്തിയപ്പോൾ, അത് കൊണ്ട് തന്നെ ആ സ്‌ഫടികം മാജിക്ക് അദ്ദേഹത്തിന് ഉടയോനിൽ ആവർത്തിക്കാൻ കഴിഞ്ഞില്ല. പൃഥ്‌വിരാജിനെ വെച്ചു അദ്ദേഹം ചെയ്ത വെള്ളിത്തിര എന്ന സിനിമ ഒരിക്കലും പരാജയപ്പെടേണ്ട ഒന്നല്ല എന്ന അഭിപ്രായക്കാരനാണ് ഞാൻ. മനോഹരമായ പാട്ടുകളും, ഫ്രെയിമുകളും, പെർഫോമൻസുകളും ഉള്ള ഈ സിനിമ പൃഥ്‌വിരാജിന്റെ തുടക്കസമയത്ത് ഇറങ്ങിയത് കൊണ്ടായിരിക്കാം ഹിറ്റ് ആകാത്തത്. പൃഥ്‌വിരാജിൽ മോഹൻലാലിനെ പ്രതീക്ഷിച്ചു പോയ പ്രേക്ഷകർക്ക് പക്ഷെ എന്ത് കൊണ്ടോ ആ ഒരു മോഹൻലാൽ-രജനികാന്ത് മിക്സ് ആയ സ്റ്റൈൽ രാജിനെ അംഗീകരിക്കാൻ കഴിഞ്ഞില്ല. പൃഥ്‌വി മോശമല്ലാത്ത രീതിയിൽ ചെയ്‌തെങ്കിലും ഭദ്രൻ തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കാൻ ശ്രമിച്ചു എന്ന രീതിയിലാണ് പ്രേക്ഷകർ അതിനെ കണ്ടത്. Watchable entertainer എന്ന് ഇന്നും വെള്ളിത്തിരയെ കുറിച്ച് പറയാൻ കഴിയും. സൗബിൻ-ജോജു-റിമ ചിത്രമായ ജൂതനും, പ്ലാനിലുള്ള മോഹൻലാൽ ചിത്രവും ഒക്കെയായി അദ്ദേഹം തിരിച്ചു വരുമെന്ന് തന്നെയാണ് ഇന്നും ഞാനടക്കമുള്ള അദ്ദേഹത്തിന്റെ ആരാധകരുടെ പ്രതീക്ഷ.

ഹരിഹരന്റെ കളരിയിൽ നിന്ന് പഠിച്ചിറങ്ങിയ ഭദ്രൻ എന്ന സംവിധായകൻ ഇത് വരെ മലയാളികൾക്ക് 12 സിനിമകളാണ് സമ്മാനിച്ചിട്ടുള്ളത്. അതിലൂടെ നനഞ്ഞു നേരിയ പട്ടുറുമാൽ, ഈറൻപ്പീലി കണ്ണുകളിൽ, കൊഞ്ചി കരയല്ലേ, പൂങ്കാറ്റിനോടും, വാതിൽപഴുതിലൂടെൻ മുന്നിൽ, ഇടയരാഗരമണദുഃഖം, ഏഴിമലപൂഞ്ചോല, നിലാപൈതലേ, നീ മണിമുകിലാടകൾ തുടങ്ങി ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് മികച്ച ഗാനങ്ങളും നമ്മുക്ക് സമ്മാനിച്ചിട്ടുണ്ട്. സിനിമയെ ഒരുപാട് സ്നേഹിക്കുന്ന ഈ സംവിധായകന്റെ വ്യത്യസ്തമായ പെർഫെക്റ്റ് സിനിമകൾ ഇനിയും ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ ഈ കുറിപ്പ് നിർത്തട്ടെ.

Leave a Reply
You May Also Like

ചന്തയിലേക്കുള്ള വഴി, വീട്ടിലേക്കും ….!!!

വീട് തുടങ്ങുന്നിടത്തുനിന്നും ചന്തയിലേക്ക് പോകുവാന്‍ രണ്ടു വഴികളാണ് ഉണ്ടായിരുന്നത്. മൂന്നാമതൊരു വഴി വേണമെങ്കില്‍ അടുത്ത വീടിന്റെ അര മതില്‍ ചാടിക്കടന്ന് പുതിയൊരു എളുപ്പവഴി ഉണ്ടാക്കാമെങ്കിലും ഇപ്പോള്‍ ഉള്ള ഈ രണ്ടു വഴികള്‍ തന്നെ ധരാളമായതിനാല്‍, അതിനുള്ള സാഹസം കാണിക്കേണ്ടതില്ല എന്ന് തീരുമാനിച്ചു അപ്പോള്‍….!

ഒരു സിനിമ കാണാന്‍ പോയാല്‍ അവിടെയും വിവാഹ അഭ്യര്‍ത്ഥന..

ഇങ്ങനെ ഒരു വിവാഹ അഭ്യര്‍ത്ഥന നിങ്ങള്‍ ഒരിക്കലും കണ്ടിട്ടുണ്ടാവില്ല തീര്‍ച്ച … കണ്ടു നോക്കൂ …

ദുല്‍ഖര്‍, ആസിഫ് അലി പിന്നെ സന്തോഷ്‌ പണ്ഡിറ്റ്‌; ഇതാണ് മോനെ മിമിക്രി

മലയാളത്തിലെ യുവ നടന്മാരായ ദുല്‍ഖര്‍ സല്‍മാനെയും ആസിഫ് അലിയെയും ഒക്കെ അബില്‍ വേദിയില്‍ എത്തിച്ചപ്പോള്‍

ചന്ദ്ര ഗോപുരവും വെണ്‍ നിലാവും കണ്ട് – ചെറുകഥ

ഒരു നിലാവിന്റെ പൊന്‍ മെത്തപോലെ ഞാനോടിയെത്തുമെന്‍ ബാല്യം. അറിയാതെ ഞാന്‍ കണ്ട കിനാവുകളെല്ലാം ഒരു നോവായ് ദിനവും എന്നെ കരയിച്ചു. ഏതോ വിദൂരമാം അന്തസലിലത്തില്‍ തിമിര്‍ത്ത അവരാണ് എന്റെ ബാല്യം തച്ചുടച്ചത് . ഞാന്‍ ആ സമൂഹത്തിന്റെ അന്ധത ചുമന്നു. ദിവസവും അടിവാങ്ങി ചമ്മട്ടിയാല്‍ . മത വൈര്യങ്ങള്‍ തമ്മില്‍ തല്ലി അതിവര്‍ എന്നെ കരുവാക്കി . ബാല്യ മെന്ന നൊമ്പരം എന്നെ വിട്ടകന്നപ്പോള്‍ ഞാനും തിമിര്‍ത്തു അറിയാ നേരത്ത്.