നേതാക്കൾ അയാളെ സ്ഥാനാർത്ഥിയാക്കി, അണികൾ അയാളുടെ സ്ത്രീവിരുദ്ധ, ന്യൂനപക്ഷ വിരുദ്ധ സിനിമകൾ ചർച്ചചെയ്തു സമയംകളയും

171

രഞ്ജിത്തിനെ ഇടതുപക്ഷ സ്ഥാനാർത്ഥിയാക്കിയത് ഇടതുപക്ഷത്തിന്റെ പൊള്ളത്തരം. ഇത്രയും സ്ത്രീവിരുദ്ധതയും ന്യുനപക്ഷവിരുദ്ധതയും പറയുന്ന സിനിമകൾ എഴുതുകയും സംവിധാനം ചെയുകയും ചെയ്ത ആളാണ് കക്ഷി. അയാളുടെ സിനിമകളെ ന്യൂനപക്ഷ വിരുദ്ധ സ്ത്രീവിരുദ്ധ സിനിമകൾ എന്ന് പറയുന്ന അണികൾ ഇനി എന്താണ് ചെയ്യാൻ പോകുന്നത് ? Prajeesh Preman എഴുതുന്ന കുറിപ്പ് വയ്ക്കാം

തിരക്കഥകൃത്തും സംവിധായകനുമായ രഞ്ചിത്ത് LDF സ്ഥാനാർത്ഥിയായി കോഴിക്കോട് മത്സരിക്കാൻ പോവുന്നു എന്ന് കേൾക്കുന്നു. ലിബറൽ കമ്മികൾ എന്ന് പറയുന്നവരുടെ ഇരട്ടതാപ്പ് കാണണമെങ്കിൽ രഞ്ജിത്ത് സ്ഥാനാർഥിയാവുന്നു എന്ന വാർത്ത കേട്ടാലുള്ള സ്ട്രാറ്റജിക്കൽ സൈലൻസ് നോക്കിയാൽ മതി. ഇനി വാർത്തകൾ പ്രകാരം സ്ഥാനാർഥി ആയാൽ പോസ്റ്റർ അടിക്കാനും ഇതേ ആളുകൾ മുന്നിൽ കാണും.

രഞ്ജിത്ത് സ്ഥാനാർഥിയായാൽ എന്താണ് കുഴപ്പം എന്ന് ചിന്തിക്കുന്നുണ്ടോ? എനിക്ക് കുഴപ്പം ഒന്നുമില്ല. ഇവിടെ പറയുന്നത് ലിബറൽ കമ്മികളുടെ സിനിമയിലെ ഓഡിറ്റ് ചെയ്യപ്പെടുന്ന കപട പൊ. ക. യാണ്. മോഹൻലാൽ സിനിമകളിൽ സവർണ്ണ ഗ്ലോറിഫിക്കേഷനിലും സ്ത്രീ വിരുദ്ധതയിലും ഓഡിറ്റ് ചെയ്യപ്പെട്ടിട്ടുള്ളവയിൽ മുൻപന്തിയിൽ നിൽക്കുന്ന സിനിമകളാണ്. ആറാം തമ്പുരാനും നരസിംഹവും.
ആറാം തമ്പുരാനിൽ ഏറ്റവും അടുത്ത സുഹൃത്ത്‌ ജഗൻ, ജഗൻനാഥൻ എന്ന് തൊണ്ട പൊട്ടി അനേകം തവണ പേര് വിളിച്ചിട്ടും തിരിഞ്ഞ് നോക്കാതിരിക്കുകയും ഒടുവിൽ “തമ്പുരാൻ” എന്ന് നീട്ടി വിളിക്കുമ്പോൾ മാത്രം തിരിഞ്ഞു നോക്കുകയും ചെയ്യുന്ന കഥാപാത്രമായാണ് സിനിമ അവസാനിപ്പിക്കുന്നത്. ഇനി നരസിംഹത്തിലേക്ക് വന്നാൽ പുരുഷന്‍മാരില്‍ ലഹരി കുത്തിവെയ്ക്കുമ്പോലെ സ്വീകരിക്കപ്പെട്ട സീനാണ് അതിലെ ക്ലൈമാക്സിലെ പ്രപ്പോസൽ സീൻ. അത്‌ പ്രപ്പോസൽ എന്ന് പറയുന്നത് തന്നെ തെറ്റാണ് എന്നത് വേറെ കാര്യം.

“വെള്ളമടിച്ച് കോണ്‍ തിരിഞ്ഞ് പാതിരാക്ക് വീട്ടി വന്നുകേറുമ്പോ ചെരിപ്പൂരി കാലുമടക്കി ചുമ്മാ തൊഴിക്കാനും തുലാവര്‍ഷ രാത്രികളില്‍ ഒരു പുതപ്പിനടിയില്‍ സ്‌നേഹിക്കാനും എന്റെകുഞ്ഞുങ്ങളെ പെറ്റുപോറ്റാനും ഒടുവിലൊരുനാള്‍ വടിയായി തെക്കേപറമ്പിലെ പുളിയന്‍മാവിന്റെ വിറകിനടിയില്‍ എരിഞ്ഞുതീരുമ്പോ നെഞ്ചു തല്ലിക്കരയാനും എനിക്ക് ഒരു പെണ്ണിനെ വേണം.”
സ്ത്രീയെന്നാല്‍ ഒന്നിനും കൊള്ളാത്ത, പുരുഷന് തോന്നുമ്പോഴൊക്കെ ചെണ്ടപോലെ കൊട്ടാനുള്ള, ഒരു കളിപ്പാട്ടമായാണ് ആ കഥാപാത്രം അവതരിപ്പിക്കുന്നത്.

ആറാം തമ്പുരാനിലും ജഗനാഥനും നരസിംഹത്തിലെ ഇന്ദുചൂഡനും മോഹൻലാൽ അഭിനയിച്ചു, ഷാജി കൈലാസ് സംവിധാനം ചെയ്തു. ഇതിനപ്പുറം മറ്റൊരു വലിയ ഫാക്റ്റർ കൂടെയുണ്ട്. ഈ വൃത്തികേട് എല്ലാം എഴുതി വിട്ടത്. രഞ്ജിത്ത് ബാലകൃഷ്ണൻ എന്ന രഞ്ജിത്ത് ആണ്. ആ രഞ്ജിത്ത് ആണ് ഇപ്പോൾ സ്ഥാനാർഥി ആവുന്നു എന്ന് കേൾക്കുന്നത്. നടനും സംവിധായകനും ഓഡിറ്റ് ചെയ്യപ്പെടുമ്പോൾ, കമ്മി ആണെന്ന ഒരൊറ്റ കാരണം കൊണ്ട് ഓഡിറ്റ് ചെയ്യപെടാതെ ലിബറൽ കമ്മികൾ ഒഴിവാക്കി വിടുന്ന വിഭാഗമാണ് എഴുത്തുകാർ. ഇത് ഒരു രഞ്ജിത്ത് മാത്രമല്ല. ആര്യൻ എന്ന സിനിമയിൽ പറഞ്ഞിട്ടുള്ള ദളിത്‌ വിരുദ്ധത ഓഡിറ്റ് ചെയ്യപ്പെടുമ്പോൾ കുറ്റവാളി മോഹൻലാൽ, മഹത്മായിലെ മുസ്ലീം വിരുദ്ധത ചർച്ചയാവുമ്പോൾ കുറ്റവാളി സുരേഷ് ഗോപിയാണ്, ബൽറാം vs താരാദാസിലെ ക്ഷയിച്ച ഇല്ലം എന്ന രോധനത്തെ ഓഡിറ്റ് ചെയ്യുമ്പോൾ പരിഹസിക്കപ്പെടുന്നത് മുകേഷും മമ്മൂട്ടിയുമാണ്. ഇവിടെ അഭിനയിച്ചവർ കമ്മികൾ ആയതുകൊണ്ട് ചെറിയ പരിഹാസമേ ഉള്ളൂ എന്നുള്ള ഡിസ്‌കൗണ്ട് ഉണ്ട്. ആര്യൻ ആയാലും മഹാത്മയായാലും ബൽറാം vs താരാദാസ് ആയാലും കോമൺ ആയ ഒരു ഫാക്റ്റർ ഉണ്ട്‌. ഇതെല്ലാം എഴുതിയത് ഒരാളാണ്. മറ്റാരുമല്ല ടി. ദാമോദരൻ. ഇനി വേറെ ഒരു കോമഡി ഈ ദളിത്‌, മുസ്ലീം വിരുദ്ധത എഴുതിവച്ച മഹാൻ സഖാവാണ്. അതുകൊണ്ട് തന്നെ ഓഡിറ്റിങ് ഉണ്ടാവില്ല.

രഞ്ജിത്തിലേക്ക് തന്നെ തിരിച്ചു വരാം. ഈ ഇലക്ഷനിൽ രഞ്ജിത്ത് മത്സരിക്കുകയാണെങ്കിൽ രഞ്ജിത്തിന് വേണ്ടി വോട്ടും ചോദിക്കും അത് കഴിഞ്ഞു ജനുവരി 26നു ഏതേലും ഫാൻസുകാർ നരസിംഹം വാർഷികം ആഘോഷിച്ചാൽ അയ്യേ ഈ സ്ത്രീവിരുദ്ധത നിറഞ്ഞ സിനിമയാണോ ആഘോഷിക്കുന്നത് എന്ന് ചോദിച്ചുകൊണ്ട്, അവരെ പരിഹസിക്കാൻ ഇതേ കമ്മികൾ തന്നെ മുന്നിൽ വന്നു നിൽക്കും. കമ്മികൾക്ക് അത്‌ പുത്തരി ഒന്നുമല്ല. നടിയെ ആക്രമിച്ച കേസിൽ ഇരയെ പരസ്യമായി അവഹേളിച്ച ഇന്നസെന്റിനു ലോക്സഭയിൽ മത്സരിക്കാൻ അവസരം നൽകിയ ടീമാണ്. ദിലീപിനു വേണ്ടി പരസ്യമായി മാധ്യമങ്ങളോട് തട്ടികയറിയ മുകേഷും ഗണേഷും ഇപ്പോഴും ഇടതുപക്ഷ MLA മാരാണ്. ഇതൊക്കെ സ്വന്തം കക്ഷത്തിൽ എടുത്തു വച്ചിട്ട്, ജാമ്യത്തിൽ ഇറങ്ങിയ ദിലീപിനെ ജയിലിനു പുറത്ത് ധർമ്മജൻ കാണാൻ പോയെന്ന് പറഞ്ഞു ധർമ്മജന്റെ മെക്കട്ട് കയറിയവരാണ്. ആ അവർക്കാണോ സവർണ്ണ ഗ്ലോരിഫിക്കേഷനും സ്ത്രീ വിരുദ്ധതയും സ്വന്തം സിനിമകളിൽ എഴുതിപിടിപ്പിച്ച രഞ്ജിത്തിനെ തലയിൽ വയ്ക്കാൻ ബുദ്ധിമുട്ട് ഉണ്ടാവുക? നല്ല ചേലായി.
ഇതിനോടൊപ്പം Faizal Ks എഴുതിയ 2 പോസ്റ്റുകളും ഷെയർ ചെയ്യുന്നു.

“ബോംബ് വച്ച് തകർത്താലോ എന്നൊരു ആലോചന വരണണ്ട്. ഇപ്പഴത്തെ ലേബർ ചാർജ് ഭയങ്കരല്ലേ? ബോംബാണെങ്കിൽ ഈസിയാണ്. മലപ്പുറത്ത് സാധനം കിട്ടും. “[ആറാം തമ്പുരാന്‍]ബോംബ്‌ എവിടെ കിട്ടും എന്ന് ഏതു എല്‍കെജി കുട്ടിയോട് ചോദിച്ചാലും കണ്ണൂര്‍ എന്നേ ആദ്യം പറയൂ , മാത്രമല്ല ചരിത്രം വെച്ച് നോക്കുമ്പോ മലപ്പുറവും ബോംബും തമ്മില്‍ ഒരു ബന്ധവും കാണാനും ഇല്ല. പിന്നെ എന്തായിരിക്കും ആ ഡയലോഗ് അങ്ങനെ? അവിടെയാണ് രഞ്ജിത്ത് എന്ന പുരോഗമന നാട്യക്കാരന്റെ മുഖം മൂടി അഴിയുന്നത്…
മലപ്പുറം എന്ന് പറഞ്ഞാൽ അത് മുസ്ലിം ജില്ലയാണെന്ന് കരുതുന്ന കുറേ വിഡ്ഢികൾ ഇപ്പുറത്ത് ജീവിക്കുന്നുണ്ട്. അങ്ങനെയൊന്നുമില്ല…അവിടെ മനുഷ്യരാണുള്ളത്. തെക്കൻ തിരുവിതാംകൂറിലുള്ള സുഹൃത്തുക്കളുടെ വീടുകളിൽ ചെല്ലുമ്പോൾ, മുൻകാലങ്ങളിൽ, കോഴിക്കോടാണ് എന്ന് പറഞ്ഞാൽ, (നെഗറ്റിവ് ടോണിൽ) ‘കോഴിക്കോടൊക്കെ മുസ്ലിംസ് അല്ലേ!’ എന്ന് ചോദിക്കും
അവരുടെ വിവരദോഷത്തിന്റെയാണ്, അല്ലെങ്കിൽ അടിസ്ഥാന വിദ്യാഭ്യാസത്തിന്റെയാണ്.”

രഞ്ജിത്ത് തന്റെ തന്നെ അനുഭവം പറയുകയാണ്. തിരുവനന്തപുരത്തുള്ള തന്റെ സുഹൃത്തുക്കൾക്ക് മലബാറിനെ കുറിച്ച് കേൾക്കുമ്പോൾ ഉണ്ടാകുന്ന നെഗട്ടീവ് ഫീലിംഗിനെ കുറിച്ച്. അതിന് കാരണമായി അദ്ദേഹം പറയുന്നത് അറിവില്ലായ്മ, വിദ്യാഭ്യാസകുറവ് ഒക്കെയാണ്.
അറിവില്ലായ്മയും വിവരക്കുറവും ഒന്നുമല്ല സുഹൃത്തേ, ആ ചോദ്യം വന്ന മെന്റാലിറ്റിയെയാണ് ‘പൊതുബോധം’ എന്ന് പറയുന്നത്. തങ്ങൾ ഒരിക്കലും കണ്ടിട്ടില്ലാത്ത, ഇടപഴകിയിട്ടില്ലാത്ത ഒരു ജനസമൂഹം. അവരെക്കുറിച്ച് എങ്ങനെ ആയിരിക്കും ഇത്ര മോശം അഭിപ്രായം അവർക്ക് വന്നതെന്ന് ആലോചിച്ച് നോക്കിയിട്ടുണ്ടോ? അവിടെയാണ് താങ്കളുടെ പോലുള്ളവർ പിടിക്കുന്ന സിനിമകൾ പ്രതിസ്ഥാനത്ത് വരുന്നത്. സിനിമ മാത്രം ആണെന്നല്ല. പത്രങ്ങൾ, ചാനലുകൾ, കഥകൾ, തുടങ്ങി എല്ലാ മീഡിയകളും പൊതുബോധ രൂപീകരണത്തിൽ പങ്ക് വഹിക്കുന്നുണ്ട്. അതിൽ ഏറ്റവും ശക്തമായ മീഡിയങ്ങളിൽ ഒന്നാണ് സിനിമ. ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത ജനങ്ങളെ കുറിച്ച്, ഭൂമിശാസ്ത്രത്തെ കുറിച്ച്, സംസ്കാരങ്ങളെ കുറിച്ച് എല്ലാം ധാരണകൾ ഉണ്ടാക്കുന്നതിൽ സിനിമക്കുള്ള പങ്ക് വളരെ വലുതാണ്. അങ്ങനെ കാലാകാലമായി ഇവിടത്തെ സിനിമാക്കാരും നോവലിസ്റ്റുകളും മറ്റനേകം മീഡിയകളും ഒക്കെ ചേർന്ന് ഉണ്ടാക്കിയ പൊതുബോധമാണ് രഞ്ജിത്തിനോട് തിരുവനന്തപുരത്ത് ചെന്നപ്പോൾ പുറത്തേക്ക് വരുന്ന ആ ചോദ്യം. അത് താങ്കൾക്കിനിയും മനസ്സിലാവാത്തത് കൊണ്ടാണ്, അവരെ വിഡ്ഢികൾ എന്ന് വിളിച്ചുകൊണ്ട് ഇപ്പുറത്ത് തന്റെ സിനിമയിൽ ഈ പറഞ്ഞ പൊതുബോധം സൃഷ്ടിക്കാൻ പാകത്തിൽ ‘മലപ്പുറത്ത് ബോംബ് ഈസിയായി കിട്ടുമെന്ന’ ഡയലോഗ് പ്ലേസ് ചെയ്യുന്നത്.

രഞ്ജിത്തിനോട് അവിടുള്ളവർ ചോദിച്ച ചോദത്തിന്റെ പല വാരിയേഷനുകൾ നിത്യേന കേൾക്കുന്നവരാണ് അധികം മുസ്ലിം/മലപ്പുറം സ്വത്വം പേറുന്നവരും. നിങ്ങൾക്ക് നാല് കെട്ടിക്കൂടെ, താടി എന്തിനാ തീവ്രവാദിയാണോ, എന്നും ബിരിയാണിയാണോ വീട്ടിൽ അങ്ങനെയങ്ങനെ എത്രയോ ചോദ്യങ്ങൾ. ഇതൊക്കെ ഭാവനയിൽ നിന്നുയരുന്ന ചോദ്യങ്ങളും ചിന്തകളുമാണെന്ന് കരുതുന്നുണ്ടോ?
അദ്ദേഹം മറ്റൊരു ന്യായം പറയുന്നത്, എനിക്ക് മലപ്പുറത്ത് ബന്ധങ്ങളുണ്ട്, സുഹൃത്തുക്കളുണ്ട്, ഷഹബാസ് അമനുണ്ട് എന്നൊക്കെയാണ്. അത് കൊണ്ട്??

ഈ ന്യായം മുൻപ് പലയിടത്തും നാം കേട്ടിട്ടുണ്ട്. സ്ത്രീപീഡകരെ, സ്ത്രീ വിരുദ്ധത പറയുന്നവരെ ഒക്കെ ചോദ്യം ചെയ്‌താൽ ഏതാണ്ട് ഇതുപോലെ ഒരു മറുപടി കേൾക്കാം, ‘എനിക്കും അമ്മയും പെങ്ങളും ഒക്കെയുണ്ട്, അത് കൊണ്ട് ഞാൻ അങ്ങനെ ചെയ്യില്ല’ എന്ന്.
സ്ത്രീവിരുദ്ധതയെ പറ്റിയുള്ള ചോദ്യത്തിന്റെ ഉത്തരവും കോമഡിയാണ്. വടക്കൻവീരഗാഥയിലെ എംടിയുടെ സംഭാഷണം ഇറങ്ങിയ സമയത്ത് ആരും വിമർശിച്ചില്ല. പിന്നെ എന്തിന് എന്നെ വിമർശിക്കുന്നു എന്നതാണ് ആദ്യ ന്യായം. 😂
രഞ്ജിത്ത് ഇത്രക്ക് അജ്ഞതയുള്ള ആളാണെന്ന് ഒരിക്കലും കരുതിയിട്ടില്ല, മലയാള സിനിമയിലെ സ്ത്രീ വിരുദ്ധത ചർച്ചക്ക് വന്നാൽ സ്ഥിരം എക്‌സാമ്പിൾ ആയി പറയുന്ന കുറച്ച് ഡയലോഗ്കൾ ഉണ്ട്. കിംഗിലെ നീ വെറും പെണ്ണാണ്, വടക്കൻ വീരഗാഥയിലെ നീയടക്കമുള്ള സ്ത്രീകൾ എന്ന് തുടങ്ങുന്ന ഡയലോഗ്, പിന്നെ നരസിംഹത്തിലെ ഡയലോഗ്. എത്രയോ ആർട്ടിക്കിളുകൾ, ചർച്ചകൾ വടക്കൻ വീരഗാഥയിലെ സംഭാഷണത്തെ കുറിച്ച് പറഞ്ഞിരിക്കുന്നു. എന്നിട്ടും രഞ്ജിത്തിന്റെ പരാതി, എന്ത് കൊണ്ട് എംടിയെപ്പറ്റി പറയുന്നില്ല എന്നതാണ്.

അടുത്ത ന്യായീകരണം സിനിമയെ സിനിമയായി കാണാൻ പഠിക്കൂ മോഡൽ ആണ്. ഈ സംഭാഷണങ്ങൾ ഒക്കെ പറയുന്നത് കേവലം കഥാപാത്രങ്ങൾ മാത്രമാണ്. അത്കൊണ്ട് അതിനെ കുറ്റം പറയാൻ പാടില്ല. ഈ വാദം ഈയടുത്ത് തന്നെ നമ്മൾ മറ്റൊരു സ്ഥലത്ത് കേട്ടിട്ടുണ്ട്. കസബയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ പറ്റി വിമർശനം വന്ന സമയത്ത് ഇക്കാ ഫാൻസ് നാടുനീളെ പറഞ്ഞ് നടന്നിരുന്ന അതേ ന്യായം. അതൊരു കഥാപാത്രമല്ലേ, അതിനെ വിമർശിക്കാൻ പാടുണ്ടോ, അങ്ങനെ ഒരാൾ ഉണ്ടായിക്കൂടെ… അങ്ങനെ മുടന്തൻ ന്യായങ്ങൾ. മറ്റൊരു ഡയലോഗ് “എന്റെ രാഷ്ട്രീയം എന്റെ സിനിമയിലെ ഡയലോഗുകളിലോ സീനുകളിലോ ഒന്നും പറയേണ്ട കാര്യമില്ല” എന്നതാണ്. രാഷ്ട്രീയം എന്നാൽ എന്താണെന്നാണ് ഇദ്ദേഹത്തിന്റെ ധാരണയാവോ? പിന്നെ എന്താണ് താങ്കളുടെ രാഷ്ട്രീയം എന്ന ചോദ്യത്തെ നൈസായിട്ട് അതല്ലല്ലോ ചോദ്യം എന്നുംപറഞ്ഞ് മുക്കികളഞ്ഞു.

എതിരഭിപ്രായം പറയുന്നവരൊക്കെ മണ്ടന്മാർ, വിഡ്ഢികൾ, വിവരദോഷികൾ അങ്ങനെ പലതും വിശേഷിപ്പിക്കലാണ് ആകെയുള്ള ഉത്തരം. സിനിമയിൽ എങ്ങനെയാണ് സ്ത്രീവിരുദ്ധത, ദളിത് വിരുദ്ധത, മുസ്ലിം സ്റ്റിരിയോടൈപ്പിംഗ് തുടങ്ങിയവ വരുന്നത് എന്ന വളരെ അടിസ്ഥാനപരമായ കാര്യം പോലും രഞ്ജിത്തിന് അറിഞ്ഞുകൂടാ എന്നതാണ്. ഇതിന്റെയൊക്കെ തുടക്കം സ്‌ക്രിപ്ടിൽ ആണെന്നോ, എന്തിന്.. ഇത്തരം പ്രശ്നങ്ങൾ ഈ ലോകത്ത് നിലനിൽക്കുന്നുണ്ടെന്നോ പോലും അറിയാത്തൊരു രഞ്ജിയേട്ടൻ.