വിമർശനാഭാസവും പ്രേമലേഖനവും

71

    ജലജാസുതൻ

     “ഒരു അഭിപ്രായത്തോടോ ആശയത്തോടോ ആവിഷ്കാരത്തോടോ ഒക്കെയുള്ള വിയോജിപ്പ്  ഇതേ മാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുന്നതിനെയാണ്വിമർശനംഎന്ന് പൊതുവെ പറയാറുള്ളത്. ഒരു ജനാധിപത്യ സമൂഹത്തിൽ പ്രക്രിയകൾ സർവ്വസാധാരണമാണ്. സമൂഹത്തെ സ്ഫുടം ചെയ്തെടുക്കുന്നതിൽ ഇത്തരം കൊടുക്കൽ വാങ്ങലുകൾക്ക് വലിയ പങ്കാണുള്ളത്.”

        വിവരസാങ്കേതികവിദ്യയുടെ വളർച്ചയും നവ സാമൂഹ്യ മാധ്യമങ്ങളുടെ ഉദയവും പ്രചാരണവും നമ്മുടെ ചിന്തകളുടെയും ബൗദ്ധികതയുടെയും ക്രിയാത്മകതയുടെയും വ്യവഹാരത്തിന് അദ്ഭുതകരമായ വേഗമാണ് നൽകിയത്. എന്തും എതും വളരെ വേഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്കെത്തുകയും സമൂഹത്തിൽ പടരുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ വിയോജിപ്പുകളും വിമർശനങ്ങളും അതെവേഗത്തിലായിരിക്കും. പക്ഷെ വേഗത സ്വകാര്യതയുടെ സൗകര്യത്തെ കൂട്ട് പിടിക്കുമ്പോൾ വിമർശനം പലപ്പോഴും ആഭാസമായി മാറുന്ന കാഴ്ചയാണ് കാണുന്നത്.

         അടുത്തകാലത്ത് സാമൂഹ്യമാധ്യമങ്ങളിൽ ഒരുപ്രേമലേഖനംവളരെ ചർച്ചചെയ്യപ്പെടുകയുണ്ടായി. അഹാന കൃഷ്ണകുമാർ എന്ന ചലച്ചിത്ര താരത്തിന് ഒരു സാമൂഹ്യമാധ്യമത്തിലെ തന്റെ അഭിപ്രായ പ്രകടനവുമായി ബന്ധപ്പെട്ടു വളരെ മോശമായ പ്രതികരണങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. അതിനുള്ള മറുപടി ആയിട്ടാണ് അവർ സൈബർബുള്ളിയിങ്ങിനെതിരെ അത്തരമൊരു പ്രേമലേഖനത്തിന്റെ സൃഷ്ടിയിലേക്കു പോയത്. പക്ഷേ, സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണസ്ഥലങ്ങൾ ശൗചാലയങ്ങളാക്കുന്ന പ്രതികരണത്തൊഴിലാളികളെക്കുറിച്ചും, അവരുടെ വാക്കുകൾ കൊണ്ടുള്ള അമേധ്യവർഷത്തെക്കുറിച്ചും ഒരു ചെറു ചർച്ചക്കു വഴിവച്ചുവെന്നതിനപ്പുറം സമൂഹത്തിന് ഗുണമുള്ള എന്തെങ്കിലും പ്രേമലേഖനം നൽകിയോ എന്നുള്ളത് സംശയമാണ്.

      കുറച്ചു മാനസിക രോഗികൾ, അല്ലെങ്കിൽ ഒരു പണിയുമില്ലാത്ത കുറച്ചാൾക്കാർപ്രത്യേകിച്ച് ചെറുപ്പക്കാർ, അവരുടെ അശ്ലീലപദസമ്പത്തു മറ്റുള്ളവരെ അറിയിക്കാനുള്ള ഒരു വേദിയാക്കുകയാണ്സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണസ്ഥലങ്ങൾ എന്നും അതിനെ നമ്മൾ കണ്ടഭാവം നടിക്കേണ്ടതില്ലെന്നും (സൈബർ ബുള്ളിയിങ്ങിനു ഒരു മൗനാനുവാദം) പ്രചോദിപ്പിക്കുക മാത്രമാണ് ദൃശ്യത്തിൽ അവർ പറഞ്ഞുവയ്ക്കുന്നത്. അവസാനത്തെ കുറച്ചു സമയം തനിക്കുവ്യക്തിപരമായി നേരിട്ട അധിക്ഷേപങ്ങൾക്ക് തികച്ചും വ്യക്തിപരമായിത്തന്നെ മറുപടികൾ പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുകയും ചെയ്തു. ചുരുക്കത്തിൽ മുറിവേറ്റ സ്വന്തം അഹത്തെ തൃപ്തിപ്പെടുത്തുക എന്നതിലപ്പുറം സാമൂഹിക പ്രതിബദ്ധത പ്രകടിപ്പിക്കുന്ന ഒന്നും തന്നെ അതിലില്ലഅല്ലെങ്കിലും തന്റെ വളരെ തെറ്റിദ്ധാരണാജനകമായ ഒരു അഭിപ്രായത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നപ്പോൾ മൗനം പാലിക്കുകയും, പിന്നീട് ശങ്കയേതുമില്ലാതെ ആ പ്രസ്താവന പിൻവലിക്കുകയും, എതിർവാക്കുകൾക്കിടയിൽ ചില പ്രത്യേക ചിന്തകരുടെ മനോമുകുരത്തിൽ വിരിഞ്ഞ ആഭാസവർഷത്തെ ഒരവസരമായി കണ്ടു ഒരു പ്രേമലേഖനം ദൃശ്യവൽക്കരിച്ചു തന്റെ നേർക്കുയർന്ന വിമർശനങ്ങളിൽ നിന്നും മനോഹരമായ രക്ഷപ്പെടൽ ശ്രമം നടത്തുകയും ചെയ്ത ഒരു വ്യക്തിയിൽ നിന്നും സാമൂഹ്യപ്രതിബദ്ധത പ്രതീക്ഷിക്കുന്നതു തന്നെമണ്ടത്തരമാണ്.

         സെലിബ്രിറ്റികൾക്കു സാമൂഹ്യപ്രതിബദ്ധതയുണ്ടാകുന്നത് സമൂഹത്തിന് ഒരു മുതൽക്കൂട്ടാണ്. സമൂഹത്തിൽ വളരെ പ്രസിദ്ധിയുള്ള,  വിവിധ സാമൂഹ്യമാധ്യമങ്ങളിലായി ലക്ഷക്കണക്കിന് ജനങ്ങൾപിന്തുടരുന്ന, വളരെയധികം ആഘോഷിക്കപ്പെടുന്ന ഇവരുടെ വാക്കുകൾക്കു സമൂഹത്തിൽ വലിയസ്വാധീനം ഉണ്ടാക്കാൻ കഴിയും. പക്ഷേ, ഒരു വ്യക്തി (സെലിബ്രിറ്റി ആയാലും അല്ലെങ്കിലും) സ്വന്തംവാക്കുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ വിസമ്മതിക്കുന്നതും ന്യായീകരണമേതുമില്ലാതെ പറഞ്ഞകാര്യങ്ങൾ വിഴുങ്ങുന്നതും എന്റെ വാക്കുകളുടെ ഉത്തരവാദി ഞാനാണ് എങ്കിലും നിങ്ങൾ എങ്ങനെ മനസ്സിലാക്കി എന്നതിനു ഞാൻ ഉത്തരവാദിയല്ല എന്ന ഓഷോ വചനം ആചരിക്കുന്നതും ഭൂഷണമല്ല.

          ലക്ഷങ്ങൾ വാഴ്ത്തിയ, നൂറു ശതമാനം ശരിയെന്നു പറഞ്ഞ ഒരു പ്രേമലേഖനം ശരിക്കൊന്നു വായിച്ചപ്പോൾ മനസ്സിലായ ശരിയല്ലാത്ത കുറച്ചു കാര്യങ്ങൾ ആണ് മുകളിൽ പറഞ്ഞത്. ഇനി ഈ പ്രേമലേഖനത്തിന്റെ സൃഷ്ടികാരണമെന്നു പറയെപ്പെടുന്ന സാമൂഹികവിപത്തിലേക്കു മടങ്ങാം. വിമർശനത്തിന്റെ പേരിൽ മാത്രമല്ല പ്രത്യേകിച്ച് കാരണമൊന്നുമില്ലെങ്കിലും ആൾക്കാർ അസഭ്യങ്ങൾ കൊണ്ട് പ്രതികരണം നടത്തുന്നത് കാണാം. സൈബർ ബുള്ളിയിങ് പലതരത്തിൽ നടക്കുന്നുണ്ടെങ്കിലും ഏറ്റവും ഭീകരമായത് വ്യക്തിപരമായി ആക്ഷേപിക്കുന്നതും കുടുംബത്തിലുള്ളവരെക്കുറിച്ചുപോലും കേട്ടാലറക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങൾ നടത്തി അപ്രിയരുടെ വായടപ്പിക്കുവാനുമുള്ള ശ്രമമാണ്. ഒരു പരിധിവരെ അത് വിജയിക്കാറുമുണ്ട്.

         എന്തുകൊണ്ടാണ് വിയോജിപ്പുകളിൽ സഭ്യത ലംഘിക്കപ്പെടുന്നത്? എന്തുകൊണ്ടാണ് ശരിയായ വിമർശനത്തിന് മൂല്യമില്ലാതാകുന്നത്?!!!

       ഒന്നാമത്തെയും പ്രധാനമായതുമായ കാരണം സ്വകാര്യത നൽകുന്ന ധൈര്യം ആണ്. നാലുചുവരുകൾക്കുള്ളിൽ ലോകം കൈവെള്ളയിൽ ഇരിക്കുമ്പോൾ തനിക്കെന്തുമാകാം എന്നുള്ള ഒരു ധൈര്യം. ഇത്തരം അസഭ്യം വിളമ്പുന്ന പല ഐഡികളും വ്യാജമാണ്. യാതൊരു ഐഡന്റിറ്റിയുമില്ലാത്ത ഇത്തരം ഐഡികൾ ഒരു ഉപയോഗത്തിന് വേണ്ടി മാത്രം ഉള്ളവയാണ്. മറ്റൊരു കാരണം ശുദ്ധമായ വിവരമില്ലായ്മ ആണ്.  തെറിവിളി അലങ്കാരമായികൊണ്ടുനടക്കുന്നവരിൽ വിദ്യാസമ്പന്നർ പോലുമുണ്ട്. ഇഷ്ടപ്പെടാത്ത ഒരു കാര്യത്തിനെതിരെയുള്ള പ്രതികരണം സഭ്യമായ ഭാഷയിൽ പ്രകടിപ്പിക്കാൻ കഴിയാതെവരുന്നത് സമൂഹത്തിന്റെ മൂല്യച്യുതിയാണ് കാണിക്കുന്നത്. മാത്രമല്ല ഇത്തരം വികലപ്രതികരണങ്ങളിലൂടെ ശരിയായി വിമർശിക്കപ്പെടേണ്ടേ പല വിഷയങ്ങളും രക്ഷപ്പെടുന്നതായി കാണാൻ കഴിയും. വ്യക്തിഹത്യയും അധിക്ഷേപവും ഒരു വ്യക്തിയെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്നത് ഒരു ജനാധിപത്യസമൂഹത്തിനുനന്നല്ല. ട്രോളുകൾ എന്ന പേരിൽ നിർദ്ദോഷമെന്ന വ്യാജേന ദിനംപ്രതി പുറത്തിറങ്ങുന്ന നേരമ്പോക്കുകൾ കൂടി ഇതിന്റെ കൂടെ ചേർത്തു വായിക്കാം. മാത്രമല്ല കൂട്ടം ചേർന്നുള്ള ഇത്തരം അക്രമണങ്ങൾ, ഏറ്റു വാങ്ങുന്ന വ്യക്തികൾക്ക് മനസികമായ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നുവെന്ന കാര്യം വിസ്മരിച്ചു കൂടാ. വിഷാദം അടക്കമുള്ള അവസ്ഥകളിലേക്കു നയിക്കാൻ ഇത്തരംസമീപനങ്ങൾ കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് ചികിത്സ ആവശ്യമായ ഒരുസാമൂഹികവിപത്താണ്.

        മിണ്ടാതെ സഹിക്കുന്നതെന്തിനാണ്?!’ നമ്മുടെ നിശബ്ദതയാണ് ഇത്തരം ദുഷിച്ച കീഴ്‌വഴക്കങ്ങൾ സമൂഹത്തിൽ പടരാൻ കാരണമാകുന്നത്. ഇത്തരം പ്രതികരണങ്ങൾ നാണമില്ലാത്തവരുടെ സൃഷ്ടിയാണെന്നും നമ്മൾ ശ്രദ്ധിക്കേണ്ട കാര്യമില്ലെന്നും ഉള്ള നിലപാടല്ല വേണ്ടത്. അതുപോലെ തെറിവിളിക്കുന്നവരെ തിരിച്ചു തെറിവിളിച്ചു പ്രധിരോധിക്കുകയുമല്ല ചെയ്യേണ്ടത്. നമ്മുക്ക് ഇത്തരക്കാരെ കൈകാര്യം ചെയ്യാൻ സാങ്കേതികമായും നിയമപരമായും എന്തൊക്കെ സാധ്യമാണ് എന്നാണു നോക്കേണ്ടത്. അതിനു നിലവിലുള്ള സംവിധാനങ്ങളെക്കുറിച്ചു  മനസ്സിലാക്കി തെറ്റുകാരെ സമൂഹത്തിന്റെ, നിയമസംവിധാനത്തിന്റെ മുന്നിൽ കൊണ്ടുവന്നു അവർ അർഹിക്കുന്ന ശിക്ഷ വാങ്ങിച്ചു കൊടുക്കുകയാണ് വേണ്ടത്. നാല് ചുവരുകൾ, വ്യാജ ഐഡികൾ ഇവയൊന്നും തന്നെ പിതൃശൂന്യത വിളമ്പാനുള്ള സംരക്ഷണവലയങ്ങളല്ല എന്ന് മനസ്സിലാക്കിച്ചു കൊടുക്കുകയാണ് വേണ്ടത്. നമ്മുടെ സൈബർപോലീസും നിയമസംവിധാനങ്ങളും വളരെ കാര്യക്ഷമമാണ്. ഇനി വേണ്ടത് സൈബർബുള്ളിയിങ്ങിനു വിധേയമാക്കപ്പെടുന്നവരുടെ വിവേകപൂർവ്വമായ പ്രതികരണമാണ്.

         അസഭ്യവർഷത്തിന്റെ അപ്പോസ്തലന്മാരായ പ്രതികരണത്തൊഴിലാളികളോട്, ശരിയായരീതിയിൽ ഒരു കാര്യത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാൻ ഉള്ള  കഴിവില്ലായ്മയാണ് നിങ്ങളുടെ പ്രതികരണങ്ങളിൽ കാണുന്നത്. അതിനു വ്യാജ ഐഡികൾ ഉപയോഗിക്കുന്നത് നിങ്ങളുടെ ഭയത്തെയാണ് കാണിക്കുന്നത്. വ്യക്തിഹത്യയും അധിക്ഷേപവും നടത്തി എതിരാളിയുടെ വായടപ്പിക്കാൻ ശ്രമിക്കുന്നത് നിങ്ങളുടെ വിവരമില്ലായ്മയെ ആണ് കാണിക്കുന്നത്. നിങ്ങൾക്ക് ഇതൊക്കെ വലിയ അഭിമാനമായി തോന്നുന്നുവെങ്കിൽ വിജയിച്ചുവെന്ന് കരുതുന്നുവെങ്കിൽ  തെറ്റി, ഇരകളാക്കപ്പെടുന്നവർ ശരിക്കൊന്നു പ്രതികരിച്ചാൽ തീരാവുന്നതേയുള്ളൂ നിങ്ങളുടെ ചിരിയും അഹങ്കാരവും.