നന്നാകാൻ കൂട്ടാക്കാത്തവരുടെ സ്വന്തം രാജ്യം; നവീകരിച്ച വേണാട് എക്സ്പ്രസ്സിലെ കാഴ്ചയാണ്

207

Arun Somanathan

നവീകരിച്ച വേണാട് എക്സ്പ്രസ്സിലെ കാഴ്ചയാണ്. ഡിസൈനുകൾ ഇനി ചവിട്ടാൻ വേണ്ടി മാറ്റുന്നതാണ് നല്ലത്. അടിച്ചവഴിയേ പോയില്ലെങ്കിൽ പോയവഴിയേ അടിക്കുക എന്നാണല്ലോ.അതാകുമ്പോൾ ഫുഡ് വയ്ക്കേണ്ട സ്നാക്ക് റ്റേബിളിൽ കാല് വയ്ക്കുമ്പോൾ അത് പൊട്ടിപ്പൊളിയുമെന്ന വിഷമം വേണ്ട.
അങ്ങനിരിക്കുമ്പോ സീറ്റ് കുത്തിക്കീറാൻ തോന്നും. അപ്പോൾ വിലയേറിയ ബുള്ളറ്റ് പ്രൂഫ് മറ്റീരിയലുകൾ കൊണ്ട് സീറ്റുകൾ നിർമ്മിക്കാൻ ആവശ്യപ്പെടണം.ഇതുമാത്രമല്ല ബയോടോയിലറ്റ് ഒക്കെ മാറ്റി അഞ്ചാറുവർഷം മുന്നത്തെപ്പോലെ റയിലിലേക്ക് ഓപ്പൺ ആക്കുന്ന രീതിയിൽ മാറ്റണം.. അതാകുമ്പോ സിഗററ്റും വെള്ളമടിച്ച പ്ലാസ്റ്റിക്ഗ്ലാസും ഒക്കെ ഇട്ട് ബ്ലോക്കാകുന്ന അവസ്ഥയും വരില്ല, തുറന്ന കക്കൂസെന്ന് ഇൻഡ്യൻ റയിൽവെയെ കളിയാക്കുവേം ചെയ്യാം. ഒപ്പം വിദേശരാജ്യങ്ങളിലെ സൗകര്യം കിട്ടാത്തതിന് ഗവണ്മെന്റിനെ കുറ്റം പറയുകയും ചെയ്യാം. പ്രബുദ്ധതയുടെ മൂക്കില്ലാരാജ്യത്തെ മുറിമൂക്കൻ രാജാവാണ് കേരളം. ആ കേരളത്തിൽ ട്രയിനിൽ സാമഗ്രികൾ മോഷണം റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ ടോയിലറ്റിലെ മഗ്ഗിന് ചെയിൻ എന്തുകൊണ്ട് വന്നു ചിന്തിക്കാവുന്നതാണ്. മഗ്ഗിലെ ചെയിൻ റയിൽവേയെ അല്ല, നമ്മളെയാണ് അടയാളപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ പൊതുമുതൽ നന്നായി ഉപയോഗിക്കാത്തവരുടെ ഫോട്ടോ അപ്പോൾത്തന്നെ എടുത്ത് സോഷ്യൽമീഡിയാ ബോധവത്കരണത്തിനു വിനിയോഗിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. നമ്മളെങ്ങിനെ ഇങ്ങനെയായതെന്ന് നമ്മളറിയണമല്ലോ