കുത്തഴിഞ്ഞ വിദ്യാഭ്യാസ സംവിധാനം; കേരളത്തിലെ വിദ്യാർത്ഥി സമൂഹം വഞ്ചിക്കപ്പെടുന്നു

370

കുത്തഴിഞ്ഞ വിദ്യാഭ്യാസ സംവിധാനം; കേരളത്തിലെ വിദ്യാർത്ഥി സമൂഹം വഞ്ചിക്കപ്പെടുന്നു

കേരളത്തിലെ റവന്യൂ വരുമാനത്തിന്റെ 86 ശതമാനവും ചിലവഴിക്കപ്പെടുന്നത് സർക്കാർ ജീവനക്കാരുടെ ശമ്പളത്തിനും പെൻഷനും വേണ്ടിയാണ്. ഇതിൽ 35 ശതമാനവും സാധാരണക്കാരന്റെ മക്കൾക്ക് വിദ്യഭ്യാസം നൽകാനാണ് വിനിയോഗിക്കുന്നതെന്നാണ് ഉദ്യോഗസ്ഥർ തന്നെ പറയുന്നത്. സാധാരണക്കാരന്റെ പിന്തുണ പ്രതീക്ഷിക്കുന്ന ഈ ന്യായീകരണം ന്യായീകരണമില്ലാത്ത ന്യായീകരണമാണെങ്കിലും ഇത്രയും തുക വിദ്യഭ്യാസ മേഖലയിൽ ചിലവഴിക്കുമ്പോൾ അതിന് ആനുപാതികമായ എന്ത് ഫലമാണ് കേരളത്തിലെ വിദ്യഭ്യാസ മേഖലയിൽ ഉണ്ടാവുന്നതെന്നതിനെ കുറിച്ച് സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഒന്നു മുതൽ ബിരുദ തലം വരെയുളള വിദ്യാർത്ഥികളുടെ കണക്കെടുത്താൽ ശരാശരി 1,80,000 രൂപയാണ് ഒരു വിദ്യാർത്ഥിക്ക് വേണ്ടി ഒരു വർഷം ഖജനാവിൽ നിന്ന് ചിലവഴിക്കുന്നത് ! ഒന്നാം ക്ലാസ്സിൽ തുടങ്ങി ബിരുദം കഴിയുമ്പോഴേക്ക് ഒരു കുട്ടിയ്ക്ക് വേണ്ടി ചിലവഴിക്കുന്നത് 27 ലക്ഷത്തോളം രൂപയാണ്. നമ്മുടെ രാജ്യത്തെക്കാളും പതിൻമടങ്ങു ആളോഹരി വരുമാനമുള്ള വികസിത രാജ്യങ്ങൾ പോലും ഇത്രയും തുക ഒരു വിദ്യാർത്ഥിയുടെ വിദ്യാഭ്യാസത്തിനു ചിലവൊഴിക്കുന്നില്ലയെന്നതാണ് യാഥാർത്ഥ്യം. പൊതുഖജനാവിൽ നിന്ന് 27 ലക്ഷം രൂപ മുടക്കി പഠിപ്പിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് ഈ സമൂഹത്തിന് എന്താണ് തിരികെ ലഭിച്ചത് ? 3,24,131 ബിരുദധാരികളും 1,36,519 ഫ്രൊഫഷണൽ ബിരുദധാരികളും ഉൾപ്പെടെ
35,17,411 തൊഴിൽ രഹിതരായ യുവതീയുവാക്കളെ !

എങ്ങോട്ട് തിരിഞ്ഞു നോക്കിയാലും ബംഗാളികളെ മാത്രം കാണുന്ന കേരളത്തിൽ തൊഴിലില്ലായ്മ എന്നത് സാങ്കല്പികം മാത്രമാണെന്ന് ന്യായീകരിക്കുന്നവർ ഉണ്ടാവാം.
ഒരു പൊതു കാഴ്ച്ചപ്പാടിൽ ആ ന്യായം ശരിയുമാണ്. പക്ഷേ എന്താണ് യാഥാർത്ഥ്യം ?
20 വർഷങ്ങൾക്കു മുമ്പ് കേരളത്തിലെ എസ്.എസ്.എൽ.സി.യുടെ വിജയ ശതമാനം 40-45 ശതമാനമായിരുന്നു. ഉയർന്ന മാർക്ക് കിട്ടിയവർക്ക് പ്രീ -ഡിഗ്രിക്ക് അഡ്മിഷൻ കിട്ടിയപ്പോൾ മാർക്ക് കുറഞ്ഞവർ സമാന്തര വിദ്യഭ്യാസ സ്ഥാപനങ്ങളിൽ ചേർന്നു. 210 മാർക്ക് ലഭിക്കാത്ത കുട്ടികൾ തൊഴിൽ മേഖല അന്വേഷിച്ച് പോയി. നിർമ്മാണമേഖലകളിലേക്കും കാർഷിക മേഖലകളിലേക്കും അവർ ചേക്കേറി. പ്രീ -ഡിഗ്രിക്ക് ചേർന്നവരിൽ കൂടുതൽ മാർക്ക് ലഭിച്ചവർ ബിരുദത്തിന് ചേർന്നു. അവിടെയും ഡിഗ്രിക്ക് പ്രവേശനം ലഭിക്കാത്ത കുട്ടികളിൽ കുറച്ച് പേർ വ്യാവസായിക മേഖലയിലേക്കും കുറച്ച് പേർ വിദേശത്തേക്കും പറന്നു. നിലവിലുള്ള കുടുംബ സാഹചര്യത്തിൽ ഏത് തൊഴിൽ മേഖലയും തിരഞ്ഞെടുക്കാൻ പരാജിതനായ അവൻ നിർബന്ധിതനായപ്പോൾ ആർക്കും ആരോടും പരിഭവം ഇല്ലായിരുന്നു. പ്രീ – ഡിഗ്രിക്കും ഡിഗ്രിക്കും പോകാൻ കഴിയാത്തത് എനിക്ക് കഴിവില്ലാത്തത് കൊണ്ടാണെന്ന യാഥാർത്ഥ്യം അംഗീകരിക്കാൻ അവന്റെ മനസ്സ് പ്രാപ്തമായിരുന്നു.

ഇന്ന് അക്ഷരതെറ്റില്ലാതെ സ്വന്തം പേര് എഴുതാൻ അറിയാത്ത വിദ്യാർത്ഥി പോലും പ്ലസ്സ് വൺ അഡ്മിഷന് യോഗ്യത നേടുന്നു. 4.5 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ എസ്.എസ്.എൽ.സി. യുടെ വിജയശതമാനം 100%. ഏതൊരു സർക്കാറിനും ഉയർത്തി കാട്ടാനും അഭിമാനിക്കാവുന്നതുമായ നേട്ടമാണ് 100 ശതമാനം വിജയമെന്നത്. ഈ വിജയശതമാനത്തിന്റെ ലക്ഷ്യവും രഹസ്യവുമാണ് കേരളത്തിലെ യുവതലമുറയെ തൊഴിൽ രഹിതരുടെ പട്ടികയിൽ എത്തിച്ചത്. തന്റെ കുട്ടി യോഗ്യത നേടുന്നതോടെ ഏതൊരു രക്ഷിതാവിന്റെയും മനസ്സിൽ തന്റെ കുട്ടിക്ക് പ്ലസ് വണ്ണിന് സീറ്റ് കിട്ടുക എന്നൊരു ആഗ്രഹം ഉണ്ടാവുക സ്വാഭാവികമാണ്. അപ്പോൾ ആ രക്ഷിതാവിന്റെ മനസ്സറിയാവുന്ന ഭരണാധികാരികൾ പ്ലസ് വണ്ണിന് എല്ലാ സ്ക്കൂളുകളിലും വീണ്ടും വീണ്ടും സീറ്റുകൾ വർദ്ധിപ്പിച്ച് നൽകുന്നു. കൂട്ടത്തിൽ കുട്ടികൾ ഇല്ലായെങ്കിലും ചില സ്ക്കൂളുകളിൽ സീറ്റുകൾ വെറുതെ ബോണസ്സായും അനുവദിക്കുന്നു. അനുവദിക്കപ്പെട്ട സീറ്റുകളിൽ 80 ശതമാനവും എയ്ഡഡ് മേഖലയിലാണെന്ന കാര്യം ഓർക്കുക. ഓരോ സ്കൂളുകളിലും ഇത്തരത്തിൽ പ്ലസ് വണ്ണിന് സീറ്റ് അനുവദിക്കപ്പെട്ടപ്പോൾ അവിടെ പുതിയ അധ്യാപക തസ്തികകൾ അനിവാര്യമാവുന്നു. അപ്പോൾ മാനേജ്മെന്റ് 5 ലക്ഷം മുതൽ 50 ലക്ഷം വരെ വിലപേശി അദ്ധ്യാപകരെ നിയമിക്കുന്നു. അങ്ങനെ സൃഷ്ടിക്കപ്പെട്ട ആയിരക്കണക്കിന് അദ്ധ്യാപക തസ്തികകൾക്ക് പിന്നിൽ നടന്ന കോടികളുടെ കച്ചവടം പാവം പൊതുജനം കാണുന്നില്ല. കാരണം പാവപ്പെട്ടവന്റെ മക്കൾക്ക് പഠിക്കാനുള്ള സൗകര്യം ഉണ്ടാക്കുകയാണല്ലോ സർക്കാർ ചെയ്തത്. അങ്ങനെ
പ്ലസ്ടു പഠനം കഴിഞ്ഞ് കുട്ടി പുറത്തിറങ്ങുമ്പോൾ തൊട്ടുമുൻപിൽ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്നുവരികയാണ്.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാൻ വേണ്ടി പാവപ്പെട്ടവന്റെ മക്കൾക്ക് ബാങ്കുകൾ സുതാര്യമായി വായ്പകൾ വിതരണം ആരംഭിച്ചു. ബാങ്കുകളിൽനിന്ന് വായ്പകൾ ഇഷ്ടംപോലെ ലഭിക്കാൻ തുടങ്ങിയപ്പോൾ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവരുടെ ഫീസുകൾ കുത്തനെ ഉയർത്തി. കാട്ടിലെ തടി തേവരുടെ ആന, ആർക്കും നഷ്ടമില്ലാത്ത കച്ചവടം. അദ്ധ്യാപക നിയമനത്തിലൂടെയും സ്വാശ്രയ കോളേജുകൾ വഴിയും വേണ്ടപ്പെട്ടവരുടെ അക്കൗണ്ടുകൾ നിറഞ്ഞപ്പോൾ തകർന്നത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയാണ്. കഴിഞ്ഞ 15 വർഷത്തിനിടയിൽ സർക്കാർ മേഖലയിൽ 38 വിദ്യഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചപ്പോൾ വിവിധ യൂനിവേഴ്സിറ്റികൾക്ക് കീഴിൽ ആരംഭിച്ചത് 1152 സ്വാശ്രയ വിദ്യഭ്യാസ സ്ഥാപനങ്ങളാണ്.
കോഴിക്കോട് : 392
കണ്ണൂർ : 138
കൊച്ചി : 18
കേരള : 312
ഗാന്ധി : 292

ഇങ്ങനെ വിദ്യഭ്യാസ മേഖലയും കച്ചവടവൽക്കരിക്കപ്പെട്ടപ്പോൾ പലയിടങ്ങളിലും നാഥനില്ലാത്ത കെട്ടിട സമുച്ചയങ്ങൾ ഉയരുകയും നഗരങ്ങളിലെ കണ്ണായ ഭൂമികളുടെ ആധാരങ്ങൾ പലരുടെയും പേരിൽ രജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്തപ്പോൾ തകർന്നത് പാവപ്പെട്ടവന്റെ മക്കളുടെ ഭാവിയും നഷ്ടപ്പെട്ടത് അവന്റെ കിടപ്പാടങ്ങളുമായിരുന്നു. വിദ്യഭ്യാസ വായ്പയിൽ
കുരുങ്ങിയ 72000 വിദ്യാർത്ഥികൾ ജപ്തി നടപടി നേരിടുമ്പോൾ 38600 കോടി രൂപയാണ് ബാങ്കുകളിൽ വിദ്യഭ്യാസ വായ്പയുടെ കുടിശ്ശിക.

ചിലരുടെ മാത്രം സാമ്പത്തിക താല്പര്യത്തിൽ നാട്ടിലെ എല്ലാവരെയും ബിരുദധാരികളാക്കിയപ്പോൾ കഴിവും പ്രാപ്തിയും അറിവും വിദ്യാലയങ്ങൾക്ക് പുറത്തായി. മുക്കിലും മൂലയിലും ക്ലബ്ബുകളിലും വായനശാലകളിലും പാർട്ടി ഓഫീസുകളിലും പി.എസ്സ്.സി. കോച്ചിംങ്ങ് സെന്ററുകൾ ആരംഭിച്ച് അവന് സർക്കാർ ജോലിയെന്ന സ്വപ്നം നൽകി. സർക്കാർ ജോലിയിലെ ആകർഷകമായ ശബളവും സൗകര്യങ്ങളും ഞാനും ബിരുദധാരിയാണെന്ന ബോധ്യവും അവനിൽ വൈറ്റ് കോളർ സംസ്ക്കാരം സൃഷ്ടിച്ചു. നിർമ്മാണ – കാർഷിക മേഖലയിലെ അദ്ധ്വാനത്തെ മ്ലേച്ഛമായ തൊഴിലായി കാണുന്ന ഈ വൈറ്റ്കോളർ സംസ്ക്കാരമാണ് കാർഷിക മേഖലയിലേക്കും നിർമ്മാണമേഖലയിലേക്കും ബംഗാളികളുടെ പ്രവേശനം സാധ്യമാക്കിയത്. അല്ലാതെ കേരളത്തിലെ ചെറുപ്പക്കാർക്ക് തൊഴിൽ ഇല്ലാത്തതുകൊണ്ടല്ല. തൊഴിൽ മേഖലയിലേക്ക് കടന്നു ചെല്ലുന്ന തൊഴിൽ സംസ്ക്കാരം ഇല്ലാതാക്കുകയാണ് ചെയ്തത്. ആ തൊഴിൽ സംസ്ക്കാരം ഇല്ലാതാക്കിയതിന് ഉത്തരവാദികൾ കാലാകാലങ്ങളായി സംസ്ഥാനം ഭരിച്ച ഭരണാധികാരികളാണ്.

ഇന്ന് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 80% വും സ്വാശ്രയ മേഖലയിലോ എയ്ഡഡ്‌ മേഖലയിലോ ആണ്. നാട്ടിൽ എവിടെ തിരിഞ്ഞു നോക്കിയാലും വിളിപ്പാടകലെ വിവിധ വിദ്യഭ്യാസ സ്ഥാപനങ്ങൾ കാണാൻ കഴിയും. ഈ കോളേജുകളും സ്കൂളുകളും ഒന്നും സർക്കാറിന്റെതല്ല, മതത്തിനെയും ജാതിയുടെയും നാട്ടിലെ പ്രമാണിമാരുടെയും ഉടമസ്ഥതയിൽ എയ്ഡഡ് മേഖലയിൽ ആരംഭിച്ചതാണ് ഇവയെല്ലാം. കേരളത്തിൽ പ്രവർത്തിക്കുന്ന ആകെ 11,759 സ്ക്കൂളുകളിൽ 7,140 എണ്ണവും എയ്ഡഡ് മേഖലയിലാണ്. എൽ.പി : 1406
യു.പി : 1848
ഹൈസ്ക്കൂൾ : 3886
ഒരു കാലഘട്ടത്തിൽ നാട്ടിലെ പാവങ്ങളുടെ മക്കൾക്ക് അക്ഷരഭ്യാസം നൽകാൻ വേണ്ടിയായിരുന്നു പള്ളിക്കൂടങ്ങൾ സ്ഥാപിച്ചത് എന്ന കാര്യത്തിൽ തർക്കമില്ല. അതുകൊണ്ടാണ് അന്നത്തെ നാലാം ക്ലാസ്സുകാരനും പിന്നീട് അദ്ധ്യാപകനാവാൻ കഴിഞ്ഞത്. പള്ളിക്കൂടങ്ങൾ സാവധാനത്തിൽ സ്ക്കൂളുകളായും പിന്നീട് വിദ്യഭ്യാസ സ്ഥാപനമായി സ്ഥാപനവൽക്കരിക്കപ്പെട്ടു. അതേ സമയം പാവപ്പെട്ടവന്റെ മക്കൾക്ക്‌ വേണ്ടി പുതിയ വിദ്യഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിൽ നിന്നും സർക്കാർ ബോധപൂർവ്വം പിന്നോട്ട് പോവുകയും പഠന നിലവാരം ഉയർത്താതെയും ജനങ്ങളെ യാത്രാ സൗകര്യവും പഠന നിലവാരവുമുള്ള അൺ എയ്ഡഡ് സ്ക്കൂളുകളിലേക്ക് മാറാൻ മാനസികമായി തയ്യാറാക്കി. ഇതിലെ സാമ്പത്തിക ലാഭം തിരിച്ചറിഞ്ഞവർ നാട്ടിൽ ജാതിയെയും മതത്തെയും കൂട്ടുപിടിച്ച് എൽ.പി.സ്ക്കൂൾ മുതൽ ഹയർ സെക്കണ്ടറി വരെ ആരംഭിച്ചു. നാട്ടിൽ അദ്ധ്യാപകരുടെ ശമ്പളം കുത്തനെ വർദ്ധിപ്പിച്ച് യുവതലമുറയെ അദ്ധ്യാപക ജോലിയിലേക്ക് ആകർഷിപ്പിച്ചു. ആകർഷകമായ ശമ്പള ഘടനയിൽ തൊഴിലന്വേഷകരായ ബിരുദധാരികളുടെ മനം മയങ്ങിയപ്പോൾ സ്വാശ്രയ കോളേജുകളുടെ പരമ്പര ആരംഭിച്ചു. ഈ കുത്തൊഴുക്കിൽ ഓരോ വർഷവും ആയിരക്കണക്കിന് ബി.എഡ്. ബിരുദധാരികളെ സൃഷ്ടിച്ചു. അദ്ധ്യാപക നിയമനത്തിന് മത്സരം സൃഷ്ടിച്ചു. അങ്ങനെ അഞ്ചു മുതൽ അമ്പത് ലക്ഷം വരെ ലേലം വിളിച്ച് രൂപ മേടിച്ചു കൊണ്ട് അവിടെ അദ്ധ്യാപക തസ്തികകൾ ഉണ്ടാകുന്നു. ഇത്രയും കോടിക്കണക്കിന് രൂപ വാങ്ങിച്ചു കൊണ്ട് അദ്ധ്യാപകരെ നിയമിക്കുകയും അദ്ധ്യാപകർക്ക് എല്ലാം സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം കൊടുക്കുകയും ചെയ്യുന്നതു വഴിയാണ് കേരളത്തിൽ ഇത്രയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടായത് അല്ലാതെ സർക്കാരിന്റെ ഖജനാവിൽ നിന്ന് പണം മുടക്കി ഇവിടുത്തെ പാവപ്പെട്ട ജനങ്ങളുടെ മക്കളെ പഠിപ്പിക്കാൻ വേണ്ടി സർക്കാർ ഉണ്ടാക്കിയതല്ല. മാനേജർമാർ സ്ക്കൂൾ ഉണ്ടാക്കുന്നു. അദ്ധ്യാപകരെ മാനേജർ തീരുമാനിക്കുന്നു. ശമ്പളം കൊടുക്കുന്നത് ഇവിടുത്തെ ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നും.

കേരളം വിദ്യാഭ്യാസ മേഖലയിൽ ഒന്നാം സ്ഥാനത്താന്നെന്നാണ് പൊതുവെയുള്ള അഭിപ്രായങ്ങൾ. സർക്കാർ പ്രചരിപ്പിക്കുന്നതും കാലാകാലങ്ങളിൽ അധികാരത്തിൽ വരുന്ന രാഷ്ട്രീയ പാർട്ടികൾ പ്രചരിപ്പിക്കുന്നതും അദ്ധ്യാപക സംഘടനകളും ഉദ്യോഗസ്ഥരുമെല്ലാം പറയുന്നതും കേരളം വിദ്യാഭ്യാസ മേഖലയിൽ ഒന്നാം സ്ഥാനത്താണെന്നാണ്.
ഓരോ വർഷവും വിദ്യാഭ്യാസ മേഖലയ്ക്കു വേണ്ടി ചെലവഴിക്കുന്ന പണം, പഠിപ്പിക്കുന്ന അധ്യാപകരുടെ എണ്ണം, ഓരോ വർഷവും സ്കൂളിൽ ചേരുന്ന വിദ്യാർത്ഥികളുടെ എണ്ണം, പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികളുടെ എണ്ണം, സ്കൂൾ കെട്ടിടങ്ങളുടെ എണ്ണവും നിലവാരവും തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കുകയാണെങ്കിൽ കേരളം ഒന്നാം സ്ഥാനത്താണ് എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. പക്ഷേ വിദ്യഭ്യാസത്തിന്റെ നിലവാരവും വിദ്യർത്ഥികളിൽ നിന്ന് ലഭിക്കുന്ന ഔട്ട്പുട്ടും പരിശോധിച്ചാൽ കേരളത്തിന്റെ അവസ്ഥ പരിതാപകരമാണ്.

വിദ്യഭ്യാസ മേഖലയിൽ ഉന്നത നിലവാരം പുലർത്തുന്നുവെന്ന് പറയുന്ന സംസ്ഥാനത്തേക്ക് അന്യസംസ്ഥാനത്ത് നിന്ന് എത്ര കുട്ടികൾ വിദ്യഭ്യാസത്തിനായി വരുന്നുണ്ട് ? അതേ സമയം 8000 നും 9000 നും ഇടയിൽ മലയാളി വിദ്യാർത്ഥികൾ കഴിഞ്ഞ വർഷം കർണാടകത്തിലും 8000- 9000 നും വിദ്യാർത്ഥികൾ തമിഴ്നാട്ടിലും എഞ്ചിനിയറിംങ്ങിന് ചേർന്നത്. മറ്റ് സംസ്ഥാനങ്ങളിൽ പോയി ചേർന്നത് ഏകദേശം 3000 വും. കഴിഞ്ഞ വർഷം കേരളത്തിലെ 26 എഞ്ചിനീയറിംങ്ങ് കോളേജിൽ ഒരു കുട്ടി പോലും അഡ്മിഷൻ എടുത്തിട്ടില്ല.
32 കോളേജിൽ ഒരു കുട്ടി പോലും പരീക്ഷ പാസ്സായിട്ടില്ല. മാസങ്ങൾക്ക് മുമ്പെ കേരള ഹൈക്കോടതി പോലും കേരളത്തിലെ എഞ്ചിനീയറിംങ്ങ് നിലവാരത്തിൽ അത്ഭുതം പ്രകടിപ്പിച്ചു.
കേരളത്തിൽ ഇത്രയും എഞ്ചിനീയറിംങ്ങ് സീറ്റ് ഒഴിഞ്ഞ് കിടക്കുമ്പോഴാണ് മലയാളികൾ ഗുണനിലവാരമുള്ള വിദ്യഭ്യാസത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നത്.
ഇന്ന് ഡിഗ്രി കഴിഞ്ഞ എത്ര കുട്ടികൾക്ക് സ്വന്തമായി ഇംഗ്ലീഷിലോ മലയാളത്തിലോ ഒരു അപേക്ഷ തയ്യാറാക്കാൻ കഴിയും ?
ഇന്ത്യൻ സിവിൽ സർവ്വീസിൽ മലയാളികളുടെ വിജയശതമാനം എത്രയാണ് ? കഴിഞ്ഞ വർഷം 488 ൽ 6 പേർ !
കഴിഞ്ഞ 10 വർഷത്തിനിടയിൽ
ഒരു അന്താരാഷ്ട്ര ജേർണലിലും കേരളത്തിൽ പഠിച്ച ഒരു മലയാളി വിദ്യാർത്ഥിയുടെയും ഒരു ലേഖനം പോലും വന്നിട്ടില്ല. ഓരോ വർഷവും ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ നിന്ന് പുറത്ത് വരുന്ന ഏകദേശം 750 വിദ്യാർത്ഥികളുടെ ഗവേഷണ പ്രബന്ധങ്ങളിൽ കേരളത്തിൽ പഠിച്ച മലയാളി വിദ്യാർത്ഥികളുടെത് 10 ൽ താഴെ മാത്രം.
എവിടെയാണ് കേരളത്തിലെ വിദ്യഭ്യാസത്തിന്റെ ഉന്നത നിലവാരം ?
ഇതാണോ ഇത്രയും കോടി ചിലവഴിച്ചിട്ട് കേരളത്തിന് ലഭിച്ച നേട്ടം ? സർക്കാർ മേഖലയിൽ എറ്റവും തൊഴിൽ നൽകുന്ന യു.പി.എസ്സ്.സി. പരീക്ഷകളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വൻ തോതിൽ വിദ്യാർഥികൾ കേന്ദ്ര സർക്കാർ ജോലികളിൽ പ്രവേശിക്കുമ്പോൾ മലയാളികൾ പിന്തള്ളപ്പെടുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് കേരളത്തിലെ പോസ്റ്റ് ഓഫീസുകൾ അടക്കമുള്ള കേന്ദ്ര സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന അന്യ സംസ്ഥാനക്കാരുടെ എണ്ണം.

സംസ്ഥാനത്ത് ഇന്ന് 58302 അദ്ധ്യാപകർ മാത്രമാണ് പി.എസ്സ്.സി. പരീക്ഷ എഴുതി പാസ്സായി വന്നവരെങ്കിൽ 138574 അദ്ധ്യാപകരും മാനേജ്മെന്റിന് കോയ കൊടുത്ത് സർക്കാർ ജീവനക്കാരായവരാണ്. അങ്ങനെയുള്ള അദ്ധ്യാപകരെ സംബന്ധിച്ച് തന്റെ മുന്നിൽ ഇരിക്കുന്ന വിദ്യാർത്ഥികളുടെ ഭാവിയെക്കാളും അയാൾക്ക് പ്രധാന്യം മാനേജർക്ക് കോഴ നൽകാൻ സംഘടിപ്പിച്ച പണം തിരിച്ച് നൽകാനായിരിക്കും.

വിദ്യാഭ്യാസവും രാഷ്ട്ര പുരോഗതിയും ബന്ധപ്പെട്ട വിഷയമാണെങ്കിലും ഇവിടെ കുറെ ബിരുദധാരികളെ സൃഷ്ടികൾ മാത്രമാണ് ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. വിജയകരമായ സമ്പത്ത് വ്യവസ്ഥയോടൊപ്പം വിദ്യാഭ്യാസവും വളരണം അല്ലാത്തപക്ഷം വിദ്യാഭ്യാസം തൊഴിൽ ഇല്ലാത്ത അഭ്യസ്തവിദ്യരുടെ സമൂഹ സൃഷ്ടി മാത്രമായി മാറും. അതുകൊണ്ട് ഉന്നതവിദ്യാഭ്യാസത്തേക്കാൾ നമുക്ക് ആവശ്യം ഉന്നത ഗുണനിലവാരമുള്ള വിദ്യാഭ്യാസം ആണ്. സംസ്ഥാനത്തെ തൊഴിലില്ലായ്മയേക്കാൾ ഗുരുതരമായ പ്രശ്നം വിദ്യാഭ്യാസത്തിന്റെ നിലവാര തകർച്ച കാരണം തൊഴിലന്വേഷകർക്ക് തൊഴിൽ ലഭിക്കാനുള്ള നിലവാരമില്ലാത്ത അവസ്ഥയാണ്. 90% തൊഴിലവസരങ്ങളും തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ആണ് ആവശ്യമെങ്കിലും ഭൂരിഭാഗം സ്കൂളുകളും കോളേജുകളും ടെസ്റ്റ് ബുക്ക് അടിസ്ഥാനമായ വിദ്യാഭ്യാസത്തിൽ ആണ് ഇന്നും പ്രാധാന്യം നൽകുന്നത്. തൊഴിലുടമകളുടെ വിലയിരുത്തൽ അനുസരിച്ച് പ്രൊഫഷണൽ ബിരുദധാരികളിൽ 25 ശതമാനത്തിനും മറ്റു ബിരുദധാരികൾ 10 ശതമാനത്തിനു മാത്രമാണ് തൊഴിൽ ലഭിക്കാനുള്ള നിലവാരം ഉള്ളത്. അഖിലേന്ത്യാ ശരാശരിയേക്കാൾ വളരെ മോശമാണ് കേരളത്തിലെ ബിരുദധാരികളെ അവസ്ഥ എന്നാണ് വിദഗ്ധാഭിപ്രായം.

ഇന്റർനാഷണൽ അഡൽറ്റ് ലിറ്ററസി സർവേയുടെ അടിസ്ഥാനത്തിൽ കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് ഒട്ടാവ തൊഴിലിലേക്ക് പ്രവേശിച്ച ആളുകളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് പഠിച്ചതിൽ നിന്നും വിദ്യഭ്യാസ നിലവാരത്തിൽ ഒരു ശതമാനം പുരോഗമിക്കുമ്പോൾ ആനുപാതികമായി തൊഴിലാളികളുടെ ഉത്പാദനക്ഷമതയിൽ 2.5 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ജനങ്ങളുടെ അറിവിന്റെ നിലവാരം ഉയർത്തുക വഴി സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിന് ഉദാഹരണങ്ങളാണ് ബെൽജിയം, അയർലൻഡ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ. ഈ രാജ്യങ്ങളെ തൊഴിലാളികളുടെ ആളോഹരി ഉത്പാദനക്ഷമത ലോകത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. അതായത് വിദ്യാഭ്യാസ മേഖലയുടെ വളർച്ചയും വിദ്യാസമ്പന്നരുടെ വർദ്ധനവും ഒരു രാജ്യത്തെ വ്യാവസായിക പുരോഗതിയിലേക്ക് നയിക്കുമെന്നാണ് വികസിതരാജ്യങ്ങളുടെ അനുഭവങ്ങൾ.എന്നാൽ കേരളത്തിലെ വിദ്യാഭ്യാസ മേഖല വികസിച്ചപ്പോൾ ഉൽപാദന മേഖല മുരടിക്കുകയാണ് ഉണ്ടായത്. വികസിത രാജ്യങ്ങളിലെല്ലാം തന്നെ വിദ്യാസമ്പന്നർ രാജ്യത്തിന്റെ ആസ്തിയായി മാറുമ്പോൾ കേരളത്തിൽ വിദ്യാസമ്പന്നർ ഒരു ബാധ്യതയായി മാറുകയാണ്.
എഞ്ചിനീയറിംഗ് പോലുള്ള പ്രൊഫഷണൽ വിദ്യാഭ്യാസയോഗ്യത നേടിയവർക്ക് സ്വയം തൊഴിൽ കണ്ടെത്താനാകും. മൂലധനത്തിനായി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പല വായ്പ പദ്ധതികളും ഉണ്ട്, പക്ഷെ വിദ്യാഭ്യാസവായ്‌പ്പ നിലവിലുള്ള ഇവർക്ക് മറ്റു വായ്‌പകൾ കൊടുക്കുവാൻ ബാങ്കുകൾ തയ്യാറാവുന്നില്ല.

ജനങ്ങളുടെ നികുതി പണത്തിൽ പഠിച്ച ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും മക്കളെ പഠിപ്പിക്കുന്നത് പൊതുവിദ്യാലയങ്ങളിലല്ല. സി.ബി.എസ്സ്.സി. സിലബസ്സിലോ കേന്ദ്രീയ വിദ്യാലയങ്ങളിലോ മുൻനിര അൺ എയ്ഡഡ് സ്ഥാപനങ്ങളിലോ ആണ്. പണവും സമയവും സൗകര്യങ്ങളും ഉള്ളതിനാൽ മക്കൾക്ക് ഏറ്റവും നല്ല വിദ്യഭ്യാസവും ഏറ്റവും നല്ല തൊഴിൽ മേഖലയും കണ്ടെത്താൻ ഇവർക്ക് കഴിയും. റവന്യൂ വരുമാനത്തിന്റെ സിംഹഭാഗവും ഉപയോഗിക്കുന്നവർ തങ്ങളുടെ മക്കളുടെ ജീവിതം സുരക്ഷിതമാക്കുകയും സാധാരണ ജനങ്ങളുടെ മക്കളുടെ ഭാവി അനിശ്ചിതത്ത്വത്തിലുമാക്കുകയാണ്. സർക്കാർ ഉദ്യോഗസ്ഥർ തങ്ങളുടെ കുട്ടികളെ നിർബന്ധമായും സർക്കാർ വിദ്യാലയങ്ങളിൽ പഠിപ്പിക്കണം എന്ന് പല സംസ്ഥാന സർക്കാരുകളും ഉത്തരവിടുകയും, കർശനമായി അത് നടപ്പാക്കുകയും ചെയ്തതോടെ ആ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ നിലവാരം കുത്തനെ ഉയർന്നു.

നിലവിൽ പ്രൈവറ്റ് വിദ്യാഭ്യാസ മേഖലയിൽ കൂടിയ ഫീസ് ഒരു വർഷത്തേക്ക് 40000 രൂപ വരെയാണ്. ഇതിന്റെ നാലിരട്ടിയിലധികം ആണ് സർക്കാർ ശമ്പളത്തിന് മാത്രമായി ചിലവാക്കുന്നത്. പല വികസിത രാജ്യങ്ങളിലും ഉള്ളതുപോലെ രക്ഷിതാക്കൾക്ക് കുട്ടികളെ പഠിപ്പിക്കുവാൻ വൗച്ചർ സമ്പ്രദായം ഏർപ്പെടുത്തിയാൽ. രക്ഷിതാക്കൾ എറ്റവും നല്ല വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ വിദ്യാർത്ഥികളെ ചേർക്കും. അതായതു ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഇന്നത്തെ നാലിലൊന്നു ചിലവിൽ സാധ്യമാകും.
തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസത്തിനു മറ്റു സംസ്ഥാനങ്ങൾ ഊന്നൽ നൽകുമ്പോൾ കേരളത്തിൽ ഇന്നും വിദ്യാഭ്യാസം പഴയതു പോലെ തന്നെ. ഒരു ജോലിയിലും പ്രവർത്തി പരിചയം ഉള്ളവരല്ല അദ്ധ്യാപകർ ആകുന്നത് എന്നത് തന്നെ വിദ്യാർത്ഥികൾക്ക് യോജിച്ച തൊഴിൽ നേടുക എന്നതിന് ഒരു സഹായവുമാകുന്നില്ല.
കേരളത്തിലെ സർക്കാർ സംവിധാനങ്ങൾക്ക് തൊഴിൽ നൽകുവാൻ കഴിയുന്നതിലും എത്രയോ അധികം ആളുകൾ ഉയർന്ന വിദ്യാഭ്യാസ യോഗ്യതകളുമായി പുറത്തുവരുന്നു. ഇവർ മറ്റു സംസ്ഥാനങ്ങളിലും ആഗോള തലത്തിലും തൊഴിൽ അന്വേഷകരാകുമ്പോഴാണ് തങ്ങളുടെ സംസ്‌ഥാനത്തെ പൊതു വിദ്യാഭ്യാസം തങ്ങളെ കബളിപ്പിച്ചു എന്ന് തിരിച്ചറിയുക. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുകയും തൊഴിലില്ലായ്മ വർദ്ധിച്ച് കൊണ്ടിരിക്കുകയും ചെയ്യുമ്പോൾ തൊഴിലവസരങ്ങളിൽ നിന്നും മലയാളികൾ പിന്തള്ളപ്പെടുമ്പോഴാണ് 15 വർഷം വിദ്യ അഭ്യസിച്ചപ്പോൾ തങ്ങൾ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന യാഥാർത്ഥ്യം യുവതലമുറ തിരിച്ചറിയുക.

തയ്യാറാക്കിയത്
അഡ്വ.വി.ടി.പ്രദീപ് കുമാർ
കോ-ഓഡിനേറ്റർ
ദി പീപ്പിൾ
9947243655

Previous articleജീവിക്കാൻ മറന്ന ഭാര്യമാർ (a true story)
Next articleസ്പീച്ച് തെറാപ്പി, പുസ്തകങ്ങളിലൂടെ
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.