മതേതര ഇന്ത്യ താമസിയാതെ ഒരു ഹിന്ദു പാക്കിസ്ഥാനായി മാറും, അഭിമാനിക്കത്തക്കതായി അതിൽ യാതൊന്നുമുണ്ടാകില്ല.

258

കെ.ജയദേവൻ

അംബേദ്കറിൽ നിന്ന് അമിത് ഷായിലേക്കുള്ള ദൂരം, ഊഹിക്കാനാകാത്ത അത്രയും പ്രകാശവർഷങ്ങളായിരിക്കാനാണ് സാദ്ധ്യത. പൗരത്വഭേതഗതി ബിൽ അവതരിപ്പിച്ചും അതിനെ ന്യായീകരിച്ചും അദ്ദേഹം നടത്തിയ പരാമർശങ്ങൾ ആ ദൂരത്തെ ശരിയായി അടയാളപ്പെടുത്തുന്നുണ്ട്.
പാക്കിസ്ഥാൻ എന്ന രാഷ്ട്രം ഉണ്ടായത് മുസ്ലീങ്ങൾക്ക് വേണ്ടിയാണ് എന്ന് ആവർത്തിച്ചു പറയുന്നുണ്ട് അദ്ദേഹം. ആ യുക്തി വെച്ച്, ഇന്ത്യ ഹിന്ദുക്കളുടേതാണ് എന്നതിലാണ് അദ്ദേഹത്തിന്റെ ഊന്നൽ. ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളെ, വിശേഷിച്ച് മുസ്ലീങ്ങളെ എന്തിനാണ് ഈ വിധം പാർശ്വവത്ക്കരിക്കാൻ ശ്രമിക്കുന്നത് എന്ന വിമർശനത്തോടുള്ള ഷായുടെ മറുപടി നോക്കൂ – പാക്കിസ്ഥാനും ബംഗ്ലാദേശുമുൾപ്പെടെയുള്ള മുസ്ലീം രാജ്യങ്ങളിൽ ഹിന്ദുക്കളും ആ അവസ്ഥയിലല്ലേ എന്നാണ് അത്. ഈ ആശയത്തിന്റെ ചുവടുപിടിച്ചാണ് സാങ്കൽപ്പികമായ അടുത്ത ചോദ്യം വരുന്നത്. മോദിയും അമിത് ഷായും തൊട്ട്, സൈബർ ലോകത്തെ സംഘിക്കൂട്ടങ്ങൾക്ക് വരെ താൽപ്പര്യമുള്ള ആ ചോദ്യം ഇതാണ് – ഇന്ത്യയിൽ മുസ്ലീങ്ങളാണ് ഭൂരിപക്ഷമെങ്കിൽ ഇപ്പറയുന്ന മതേതരത്വവും മാങ്ങാത്തൊലിയുമൊക്കെ ഉണ്ടാകുമായിരുന്നോ….? (നീണ്ട കൈയ്യടി .. )

ഇത്തരം ലളിതയുക്തികളിലൂടെ അവർ പറയാൻ ശ്രമിക്കുന്ന കാര്യം ഇതാണ് – ജിന്നയും കൂട്ടരും ചേർന്ന് ഒരു മുസ്ലീം പാക്കിസ്ഥാൻ ഉണ്ടാക്കിയ പോലെ, ഞങ്ങൾ ഒരു ഹിന്ദു പാക്കിസ്ഥാന് വേണ്ടിയാണ് ശ്രമിക്കുന്നത് എന്ന്. അതിനെയാണ് ഞങ്ങൾ എതിർക്കുന്നതും. കാരണം, അവർ പറയുന്നത് പോലെ, ഹിന്ദു ഇന്ത്യ എന്നൊന്നില്ല. ഇന്ത്യയേയുള്ളൂ. അത് ഒരു ആധുനിക രാഷ്ട്രമാണ്. ഒരു ക്ഷേമരാഷ്ട്രം. അതിന്റെ മുഖമുദ്ര ആധുനികതയാണ്. ജനാധിപത്യം, മതനിരപേക്ഷത, തുല്യത, നീതി, സഹിഷ്ണുത തുടങ്ങിയ ആശയങ്ങളാണ് ആ രാജ്യത്തിന്റെ അടിത്തറ. അതിൽ നിന്നകന്നു പോയാൽ ,ബാക്കിയാവുന്നത് ഒരു ഭൂപ്രദേശം മാത്രമാണ്. നമുക്കതിനെ ഇന്ത്യയെന്ന് വിളിക്കാനാവില്ല.

മത രാഷ്ട്രങ്ങൾ ലോകത്ത് എത്ര വേണമെങ്കിലുമുണ്ട്. അവയുടെ തെറ്റുകളെ മാത്രമല്ല; ശരികളേയും നാം മാതൃകയാക്കുന്നില്ല. നമ്മുടെ വഴി തികച്ചും വേറെയാണ്. ആ വഴിയിലെ വെളിച്ചം ഭരണഘടനയുടെ വെളിച്ചമാണ്. ആ യാത്രയിലെമ്പാടും പിന്തുടരേണ്ട ധാർമ്മികത ഭരണഘടനാപരമായ ധാർമ്മികതയാണ്. പൗരത്വഭേതഗതി ബില്ലിലൂടെ സംഘപരിവാർ തകർക്കാൻ ശ്രമിക്കുന്നത് ആ ധാർമ്മികതയേയും അതുണ്ടാക്കുന്ന വെളിച്ചത്തേയുമാണ്.

നോക്കൂ – പൗരത്വം എന്നത് തന്നെ പുതിയൊരു കാര്യമാണ്. മതം ഉണ്ടാവുകയും ശക്തിപ്പെടുകയും ചെയ്ത കാലങ്ങളിലൊന്നും രൂപം കൊണ്ടിട്ടില്ലാത്ത ഒരാശയം. ആധുനിക ജനാധിപത്യമാണ് അതിനെ സൃഷ്ടിച്ചത്. അതുകൊണ്ട്, അക്ബറുടേയോ ശിവജിയുടേയോ സ്വാതി തിരുനാളിന്റേയോ അശോകന്റേയോ കാലത്തെ പ്രജയല്ല നരേന്ദ്ര മോദിയുടെ കാലത്തെ പോലും പൗരൻ. പറഞ്ഞല്ലോ – പൗരത്വം വേറൊരു കാര്യമാണ്.
1947 ന് മുൻപ് വരെ ഇന്ത്യയിൽ പൗരനില്ല. പ്രജയേയുള്ളൂ. അവകാശങ്ങളും ചുമതലുകളുമൊന്നുമില്ലാത്ത ഒരു വെറും ജീവി. ആ പ്രജയെ പൗരനാക്കിയത് ഭരണ ഘടനയാണ്. ഇന്ത്യയിൽ പൗരത്വത്തിന്റെ അടിസ്ഥാനം ഭരണഘടനയാണ്; മതമല്ല. 1955 ൽ രൂപം കൊണ്ട പൗരത്വ നിയമത്തിൽ, പൗരത്വത്തിന് കാരണമായ നാല് കാര്യങ്ങളാണുള്ളത്. സ്വാഭാവികമായോ ജന്മ സിദ്ധമായോ, പാരമ്പര്യമായോ രജിസ്ട്രേഷൻ വഴിയോ ആണ് ഒരാൾ ഇന്ത്യൻ പൗരനാവുന്നത് . ഈ നാല് വഴികളിൽ ഏതെങ്കിലും ഒന്നിലൂടെ നിങ്ങൾക്ക് ഇന്ത്യൻ പൗരനാകാം എന്നത് നിയമം മൂലം ഭരണഘടന നൽകിയ ഉറപ്പാണ്. ഇതിലെവിടെയാണ് മതം വരുന്നത്?

എന്നാൽ ഇപ്പോഴത്തെ പൗരത്വഭേതഗതി ബില്ലിനെ നോക്കൂ – പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് വന്ന ആറ് മതത്തിൽ പെട്ടവർക്ക് ( ഹിന്ദു, സിക്ക്, ക്രിസ്ത്യൻ, പാഴ്സി, ജൈന, ബുദ്ധ) പൗരത്വം നൽകുമെന്നാണ് അത് പറയുന്നത്. അതായത്, മേൽ പറഞ്ഞ രാജ്യങ്ങളിൽ നിന്ന് വന്നവരാണെങ്കിലും ഭരണഘടന പറഞ്ഞ നാല് വഴികളിൽ എതെങ്കിലും ഒന്നിലൂടെ വന്ന മുസ്ലീങ്ങൾക്കും ജൂതന്മാർക്കും ഇനി പൗരത്വമില്ല എന്നർത്ഥം. തന്നെയല്ല, ഇതേ വഴിയിലൂടെ വന്ന മതമില്ലാത്ത മനുഷ്യർക്ക് നേരെയും മതേതര ഇന്ത്യയുടെ പൗരത്വ വാതിലുകൾ അടഞ്ഞുകിടക്കുന്നു എന്ന കാര്യവും ഞെട്ടലോടെ മനസ്സിലാക്കണം.

പാക്കിസ്ഥാനിലേയും ബംഗ്ലാദേശിലേയും മറ്റും പീഡനമനുഭവിക്കുന്ന ന്യൂനപക്ഷങ്ങളാണ് ആ ആറ് മതക്കാർ എന്നാണ് അമിത് ഷാ പറയുന്നത്. മുസ്ലീങ്ങൾ അവിടെ അങ്ങിനെയല്ലല്ലോ. ആഹാ.. എന്തൊരു ന്യൂനപക്ഷ പ്രേമം ! എന്നാൽ അഹമ്മദീയ മുസ്ലീങ്ങളും രോഹിഗ്യൻ അഭയാർത്ഥികളും പാക്കിസ്ഥാനിൽ പീഡനമനുഭവിക്കുന്ന ന്യൂനപക്ഷമാണ്. അക്കാരണം കൊണ്ടാണ് അവരിൽ ചിലർ പണ്ട് ഇന്ത്യയിൽ വന്നത്. കൂടാതെ ബംഗ്ലാദേശ് വിഭജനകാലത്ത് പാക്കിസ്ഥാൻ പട്ടാളത്തിന്റെ ക്രൂരതകൾ സഹിക്കാതെയും ചിലരിവിടെ വന്നിട്ടുണ്ട്. ഭരണഘടനാ മാർഗ്ഗങ്ങളിലൂടെ അവർക്കെല്ലാം ലഭ്യമായ പൗരത്വമാണ് ഹിന്ദുത്വമാർഗ്ഗത്തിലുടെ ഇപ്പോൾ റദ്ദ് ചെയ്യപ്പെടുന്നത്. ആ മാർഗ്ഗത്തിലൂടെ ഇനിയും മുന്നോട്ടാണ് നീങ്ങുന്നതെങ്കിൽ, മതേതര ഇന്ത്യ താമസിയാതെ ഒരു ഹിന്ദു പാക്കിസ്ഥാനായി മാറും. അഭിമാനിക്കത്തക്കതായി അതിൽ യാതൊന്നുമുണ്ടാകില്ല.