കോവിഡ് മഹാമാരി ‘സ്ക്രാപ്പു’കളാക്കിയ ക്രൂയിസുകൾ

79

Ditty Jose (ഒരു സീമാൻ )

ഒരു വർഷം മുൻപ് വരെ രാജകീയ പ്രൗഡിയിൽ ലോകത്താകമാനം സഞ്ചരിച്ചിരുന്ന ആഡംബര കപ്പലുകൾ ഇന്ന് ഒരു തകർച്ചയുടെ വക്കിലാണ്. കൊറോണയെന്ന മഹാമാരി ലോകമകമാനം തകർത്താടിയപ്പോൾ വലിയൊരു തകർച്ച സംഭവിച്ചത് നമ്മുടെ ക്രൂയ്‌സ് ഇൻഡസ്ട്രിക്കും കൂടിയാണ്.2020 മാർച്ച്‌ മാസം അവസാനത്തോട് കൂടി ഏകദേശം എല്ലാ യാത്രാ കപ്പലുകളും യാത്ര അവസാനിപ്പിച്ചു. കപ്പലുകൾ വിവിധ തുറമുഖങ്ങളിലായി നങ്കൂരമിട്ടു.യാത്രക്കാർ മടങ്ങി. പുതിയ യാത്രകൾ മുടങ്ങി. ഭൂരിപക്ഷം ജോലിക്കാരും സ്വന്തം നാട്ടിലേക്ക് തിരികെ എത്തപ്പെട്ടു. ഇനിയെന്ന് ഒരു മടങ്ങിപ്പോക്ക്, ജോലിക്കായി ഉണ്ടാകുമെന്നറിയാതെ കാത്തിരിക്കുന്നു ഞങ്ങളും ഞങ്ങളുടെ കുടുംബങ്ങളും.

കപ്പലിൽ പല ജോലികൾ ചെയ്തിരുന്നവരും ഇന്ന് പുതിയ തൊഴിലുകളിൽ, മേഖലകളിൽ എത്തപ്പെട്ടു.ഇപ്പോൾ കുറേ അധികം ഷിപ്പിങ് കമ്പനികൾ ചിലവ് ചുരുക്കലിന്റെ ഭാഗമായി കുറേ കപ്പലുകൾ ഒഴിവാക്കിതുടങ്ങി.അത് ഇപ്പോൾ പൊളിക്കുവാനായിട്ട് ‘സ്ക്രാപ്പ്’ എന്ന ഓമനപ്പേരിൽ പ്രമുഖ തുറമുഖങ്ങളിൽ എത്തിപ്പെട്ടു. ലോകത്തിലെ സ്ക്രാപ്പ് ലേബലിൽ ഉള്ള പകുതിയിലധികം കപ്പലുകൾ പൊളിക്കുവാൻ എത്തിപ്പെടുന്നത് ഇന്ത്യയിലെ ഗുജറാത്തിൽ ഉള്ള “അലാങ്” തുറമുഖത്ത് ആണ്.എന്നാൽ ക്രൂയ്‌സ് ഷിപ്പുകൾ അധികവും ഇപ്പോൾ എത്തപ്പെട്ടിരിക്കുന്നത് തുർക്കിയിൽ ഉള്ള “”ഇസാമീർ”” (IZAMIR) തുറമുഖത്ത് ആണ്.കാർണിവൽ കോർപ്പറേഷന്റെ കുറെയധികം കപ്പലുകൾ സ്ക്രാപ്പിനായി കൈ മാറി.ബാക്കിയുള്ള കമ്പനികളുടെ കപ്പലുകൾ വേറെ പുറകെ.

ഞാൻ വായിച്ച ഒരു ലേഖനത്തിൽ പറയുന്നത്.കപ്പലിലെ ഒരു സാധനങ്ങൾ പോലും പാഴായി പോകുന്നില്ല എന്നതാണ്. ഏതേലും രീതിയിൽ അത് റീസൈക്കിൾ ആയി ഉപയോഗിക്കുന്നുണ്ട് എന്നത് തന്നെ.ലോകത്തിലെ തന്നെ ഹൈ ക്വാളിറ്റി ഉള്ള, കപ്പലിലെ വീട്ടുപയോഗ സാധനങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. അതു പോലത്തെ ഐറ്റംസ് മാത്രം വിൽപ്പനക്ക് വെച്ചിരിക്കുന്ന ഓൺലൈൻ സൈറ്റുകൾ ധാരാളമായിട്ട് ഉണ്ട്‌. വേറൊരു കാര്യം കപ്പൽ പൊളിക്കുന്ന സമയത്തെ പൊലൂഷൻ ആണ്.പ്ലാസ്റ്റിക്, ഉപയോഗ ശൂന്യമായ ഇ -വൈസ്റ്റുകൾ,ബൾബുകൾ, ടൈൽസ്, ഇരുമ്പ് മുറിക്കുമ്പോളുള്ള പുകയും മറ്റും WHO യുടെ കണക്ക് പ്രകാരം അനുവദിനിയമായ ലെവലിലും കൂടുതലാണ്.ഏകദേശം 3 മാസം മുതൽ ഒരു വർഷം വരെയാണ് ഒരു കപ്പൽ ഓർമ്മകൾ ആകാനുള്ള സമയം.

എത്രയൊക്കെ കപ്പലുകൾ ഓർമ്മയായാലും കപ്പലുകളിൽ ജോലി ചെയ്ത നമ്മുടെയൊക്കെ മനസ്സിൽ മായാത്ത മറയാത്ത ഒരു മുറിവായി വേദനയായി ഓർമ്മകളിൽ അവശേഷിക്കും ആ കപ്പലുകൾ. കാരണം ഒരു കാലത്ത് ഞാനും അതിൽ ഒരു ക്രൂ ആയിരുന്നു.ഇപ്പോൾ “സ്ക്രാപ്പ് ” എന്നു പുതിയ പേര് കിട്ടിയ കപ്പലുകൾ മുൻപ് നമ്മുടെയൊക്കെ ജീവിതമായിരുന്നു, വീടായിരുന്നു, റൂം ആയിരുന്നു, ജോലിസ്ഥലമായിരുന്നു. ആ കപ്പലായിരുന്നു ഒരു കോൺട്രാക്ടിൽ നമ്മുടെ എല്ലാം സന്തോഷവും സങ്കടങ്ങളും ഏറ്റു വാങ്ങിയതും. ഒരിക്കലെങ്കിലും നമ്മുടെ ആനിവേഴ്സറികൾ, ജന്മദിനങ്ങൾ, കൂടാൻ പറ്റാത്ത ഫങ്ങ്ഷനുകൾ ഒക്കെ ആഘോഷിച്ചത് ഈ കപ്പലുകളിൽ ആയിരിക്കാം.നമ്മുടെയൊക്കെ ജീവിതത്തിൽ നഷ്ടങ്ങൾ സംഭവിക്കാതെ ഉയർച്ചകൾ തന്ന നമ്മുക്ക് ഒരു അഡ്രസ്സ് തന്ന, നാട്ടിലൊക്കെ ഒരു അറിയപ്പെടുന്നവൻ ആക്കിയത് ഈ കപ്പലും കപ്പൽ ജീവിതവും ആണ്.പ്രതീക്ഷിക്കാം….വിശ്വസിക്കാം…പ്രാർത്ഥിക്കാം….ഒരു നല്ല മടങ്ങി വരവിനായി .പുതിയ ജീവിതത്തിനായി. കാത്തിരിക്കാം.