യമനിലെ യാഥാസ്ഥിക കുടുബത്തിൽ അലി മുഹമ്മദ് – ഷോയ ദമ്പതികളുടെ മകൾ ആയിരുന്നു നുജൂദ്. തന്റെ ഉമ്മയുടെ പതിനഞ്ചാമത്തെ സന്തതിയായിരുന്നു അലി. അവളെ വിവാഹം കഴിപ്പിച്ചയക്കുമ്പോൾ അവൾ ഋതുമതി പോലുമായിരുന്നില്ല. ഒൻപതാമത്തെ വയസ്സിൽ അവൾ ഫൈസ് അലി താമർ എന്ന മുപ്പത്തിയൊന്നു വയസ്സുകാരന്റെ ഭാര്യയായി. വിവാഹ ജീവിതം എന്തെന്ന് അറിയാത്ത പ്രായത്തിൽ തന്നേക്കാൾ ഒരുപാട് പ്രായം കൂടിയ ഒരു മനുഷ്യന്റെ ഭാര്യ ആകേണ്ടി വന്നവൾ. ആദ്യ രാത്രിയിൽ തന്നെ അയാൾ അവളെ ക്രൂരമായി ബലാത്സംഗം ചെയ്തു. രാത്രികളിൽ അയാളെ ഭയന്ന് അവൾ വീടിനും ചുറ്റും ഓടുമ്പോൾ ഭീഷണിപ്പെടുത്തിയും ശാരീരികമായി ആക്രമിച്ചും അയാൾ അവളെ കിടപ്പു മുറിയിലേക്ക് വലിച്ചിഴക്കുന്നതു പതിവായി. 2008 ഏപ്രിൽ 2 ന് വിവാഹം കഴിഞ്ഞ് രണ്ടുമാസങ്ങൾക്കുശേഷം അവൾ രക്ഷപ്പെട്ടു. അവളുടെ പിതാവിന്റെ രണ്ടാം ഭാര്യയുടെ ഉപദേശപ്രകാരം അവൾ നേരെ കോടതിയിലേയ്ക്ക് കടന്നുചെല്ലുകയും വിവാഹമോചനത്തിന് ശ്രമിക്കുകയും ചെയ്തു. ഒരു ദിവസത്തിന്റെ പകുതിയോളം കാത്തിരുന്നപ്പോൾ ജഡ്ജി മൊഹമ്മദ് അൽ ഖാദയുടെ ശ്രദ്ധയിൽപ്പെടുകയുണ്ടായി. അയാൾ അവളെ തല്ക്കാലത്തേയ്ക്ക് ഒരു അഭയസ്ഥാനത്താക്കി. അവളുടെ പിതാവിനെയും ഭർത്താവിനെയും കസ്റ്റഡിയിൽ എടുക്കുകയുണ്ടായി.
നുജൂദ് അലി ഫ്രഞ്ച് ജേർണലിസ്റ്റായ ഡെൽഫിൻ മിനോയിയുമായി ചേർന്ന് പ്രസിദ്ധീകരിച്ച “ഞാൻ നുജൂദ്, വയസ്സ് പത്ത്, വിവാഹമോചിത”. എന്ന പുസ്തകം ലോക ചരിത്രത്തിൽ തന്നെ സംഭവമായി.
അലിയുടെ ധൈര്യത്തെക്കുറിച്ച് കോൻടോലീസ്സ റൈസും, ഹിലരി ക്ലിന്റണും പുകഴ്ത്തുകയുണ്ടായി. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ വിവാഹ മോചിത. നുജൂദ് അലിയിലൂടെയാണ് യമനിലെ പെൺകുഞ്ഞുങ്ങളുടെ വിവാഹ പ്രായം പതിനഞ്ചിൽ നിന്നും പതിനേഴായി പ്രഖ്യാപനം വരുന്നത്. ശൈശവ വിവാഹത്തിന്റെ മുറിവുകൾ ഇത്ര കർക്കശമായി ലോകത്തോട് വിളിച്ചു പറയാൻ ധൈര്യം കാണിച്ച മറ്റൊരു പെൺകുട്ടി ലോകചരിത്രത്തിൽ ഇല്ല. ഷാദാ നസീർ എന്ന മനുഷ്യാവകാശ പ്രവർത്തകയും വക്കീലുമായ സ്ത്രീയുടെ സംരക്ഷണം നുജൂദിനെ അവൾ ആഗ്രഹിച്ച വിധമുള്ള ജീവിതം വീണ്ടെടുക്കാൻ സഹായിച്ചു.