സംസ്ഥാന സർക്കാരിൻ്റെ വനിതാ ‘സംവിധായകരുടെ സിനിമ’ പദ്ധതി: ‘ഡിവോഴ്സ്’ ട്രെയിലർ പുറത്ത്.ആറ് സ്ത്രീകളുടെ ജീവിതവും അവരുടെ അതിജീവനാനുഭവങ്ങളും പങ്കുവെയ്ക്കുന്ന ഈ സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് മിനി ഐ.ജി ആണ്. ഫെബ്രുവരി 24നാണ് ചിത്രം തിയേറ്ററിലെത്തുക. ആണധികാരത്തിൻ്റെ കീഴിൽ നിന്നും സ്വാതന്ത്ര്യത്തിനായി നിയമപോരാട്ടം നടത്തുന്ന സ്ത്രീകളുടെ നിശ്ചയദാർഢ്യത്തെ ട്രെയിലറിൽ കാണാം.
മിനി ഐ.ജിയുടെ ആദ്യ സിനിമയാണ് ഡിവോഴ്സ്. സന്തോഷ് കീഴാറ്റൂർ, പി ശ്രീകുമാർ, ഷിബ്ല ഫറാഹ്, അഖില നാഥ്, പ്രിയംവദ കൃഷ്ണൻ, അശ്വതി ചാന്ദ് കിഷോർ, കെ പി എ സി ലീല, അമലേന്ദു, ചന്തുനാഥ്, മണിക്കുട്ടൻ, അരുണാംശു, ഇഷിതാ സുധീഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് ഡേവിസ് മാന്വലാണ്. സ്മിത അമ്പുവിന്റെ ഗാനങ്ങൾക്ക് സച്ചിൻ ബാബുവാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
ഒഫീഷ്യൽ ട്രെയ്ലർ പ്രകാശനം ചെയ്തുകൊണ്ട് സംവിധായിക വിധു വിൻസന്റ് കുറിച്ചത്
“ഒരു സ്ത്രീ ഒറ്റക്ക് തന്റേടത്തോടെ പൊരുതാൻ തീരുമാനിച്ചാൽ അതവൾ ചെയ്യുന്നത് അവൾക്ക് വേണ്ടി മാത്രമല്ല ചുറ്റുമുള്ള അനേകം സ്ത്രീകൾക്ക് കൂടി വേണ്ടിയായിരിക്കും എന്ന് ഓർമ്മിപ്പിച്ചത് മായ ആഞ്ജലോ ആയിരുന്നു. സംവിധായികയും നടിയുമായ മിനി l G തന്റെ ആദ്യ സിനിമയുമായി നമ്മുടെ മുന്നിലെത്തുമ്പോൾ അവർ കടന്നുവരുന്ന സഹന പർവ്വങ്ങൾ മായ ആഞ്ജലോ പറഞ്ഞത് എത്രയോ ശരിയാണെന്ന് വീണ്ടും ഓർമിപ്പിക്കുന്നു. വനിതാ സംവിധായകർക്ക് വേണ്ടിയുള്ള സംസ്ഥാന സർക്കാരിന്റെ സിനിമാ പദ്ധതിയിൽ മിനി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ആ കാലത്തും അതിനു ശേഷവുമൊക്കെ അവർ കടന്നുപോയ വ്യക്തിപരവും അല്ലാത്തതുമൊക്കെയായ പ്രതിസന്ധികൾ ഏതൊരാളെയും ഇല്ലാതാക്കാൻ പോലും പ്രഹരശേഷിയുള്ളതായിരുന്നു. തളർന്നു വീണു എന്നു തോന്നിയേടത്തു നിന്ന് ഓരോ തവണയും കരുത്തോടെ , ഉണർവോടെ മിനി എഴുന്നേറ്റ് വന്നു . കാലുഷ്യങ്ങളിൽ മുങ്ങി തളരുമ്പോൾ ഇടക്ക് മിനിയെ ഓർക്കും … ഒരുപാടൊരുപാട് സ്നേഹത്തോടെ, ആദരവോടെ മിനിയുടെ ചിത്രം ഡിവോഴ്സിന്റെ ഒഫീഷ്യൽ ട്രെയ്ലർ പ്രകാശനം ചെയ്യുന്നു.”