പി എസ് സി പ്രതീക്ഷ മലയാളത്തിലും നടത്താമെന്നു സമ്മതിച്ചിട്ടു സർക്കാർ പിന്മാറുന്നു, മാതൃഭാഷയോടു നീതികേട്‌

83

Divya T S Nemmara

കേരള അഡ്‍മിനിസ്‍ട്രേറ്റീവ് സര്‍വീസിനെതിരായ സമരം എന്തിന്? 19 സംശയങ്ങള്‍..*

1. കെഎഎസ് അടക്കം പിഎസ്‍സി പരീക്ഷകള്‍ക്ക് മലയാളത്തിലും ചോദ്യങ്ങള്‍ നല്‍കുമെന്നാണല്ലോ കേട്ടത്?
ഉ. കേട്ടത് ശരിയാണ്; സത്യമതല്ല. കഴിഞ്ഞ സെപ്‍റ്റംബര്‍ 17ന് വാര്‍ത്താമാധ്യമങ്ങളിലൂടെ ലോകം മുഴുവനുമുള്ള മലയാളികള്‍ കേട്ടത് ഇങ്ങനെയാണെന്നതു ശരിയാണ്. എന്നാല്‍ കുറച്ച് ചോദ്യങ്ങള്‍ മലയാളത്തില്‍ നല്‍കുമെന്നതൊഴിച്ചാല്‍ ഇംഗ്ലീഷിലാണ് പ്രധാന പരീക്ഷ. മലയാളത്തെ വെട്ടിയൊതുക്കിയാണ് കെഎഎസ് വന്നത്. എല്ലാ പിഎസ്‍സി പരീക്ഷകള്‍ക്കും മലയാളത്തിലും മറ്റ് മാതൃഭാഷകളിലും ചോദ്യങ്ങള്‍ നല്‍കുന്നതു വരെ സമരം തുടരും.

2. കേരളത്തിലെ എല്ലാ കുട്ടികളും ഇംഗ്ലീഷ് പഠിക്കുന്നുണ്ടല്ലോ? പിന്നെന്താ ഇംഗ്ലീഷില്‍ ചോദ്യങ്ങള്‍ ചോദിച്ചാല്‍ കുഴപ്പം?
ഉ. ഇംഗ്ലീഷ് മാധ്യമത്തില്‍ പഠിച്ചവര്‍ക്ക് കുഴപ്പമില്ല. അവര്‍‍ പഠിച്ചും കേട്ടു ശീലിച്ചും വളരുന്നത് അതിലാണ്. കുഴപ്പം മലയാള മാധ്യമത്തില്‍ പഠിച്ചവര്‍ക്കാണ്. മാതൃഭാഷ മാധ്യമത്തില്‍ പഠിച്ച കുട്ടികള്‍ ഇവിടം പുറകിലാകും. അവര്‍ റാങ്ക് പട്ടികയില്‍ ഇടം പിടിക്കില്ല. ഇടം കിട്ടിയാലും ഏറ്റവും പുറകിലാവും. ചുരുക്കത്തില്‍ ഉയര്‍ന്ന ജോലികള്‍ ഒരുകാലത്തും ലഭിക്കില്ലെന്നര്‍ത്ഥം.

3. അങ്ങനെ പറയുന്നത് ശരിയല്ലല്ലോ? ഇതിന്റെ സത്യമെന്താണ്?
ഉ. പിഎസ്‍സി പരീക്ഷകള്‍ ജ്ഞാനപരിശോധന പരീക്ഷയേക്കാളേറെ ശേഷി പരിശോധന പരീക്ഷയാണ്. ഒരു നിശ്ചിത സമയത്ത് നിങ്ങള്‍ക്ക് മുന്നിലുള്ള ചോദ്യങ്ങള്‍ക്ക് തന്നിട്ടുള്ളതിലെ ശരിയുത്തരം തിരഞ്ഞെടുത്ത് മാര്‍ക്ക് ചെയ്യുന്ന പരിശോധന രീതിയാണ് നിലവില്‍ അവലംബിക്കുന്നത്. ഒരു ചോദ്യം വായിച്ച് മനസിലാക്കി ശരിയുത്തരം മാര്‍ക്ക് ചെയ്യുന്നതിനെടുക്കുന്ന സമയം നിങ്ങളുടെ ഗ്രാഹ്യശേഷിയെ ആശ്രയിച്ചിരിക്കും. വായിച്ച് മനസിലാക്കിയെടുക്കാനുള്ള സമയം ദീര്‍ഘിച്ചാല്‍ അത് മറ്റു ചോദ്യങ്ങളെയും മൊത്തം മാര്‍ക്കിനെയും ബാധിക്കും. കൃത്യമായി അടയാളപ്പെടുത്താനാകില്ല. ഇത് ഉദ്യോഗാര്‍ത്ഥിയെ പുറകിലാക്കാന്‍ എളുപ്പവുമാണ്. നിങ്ങളാര്‍ജ്ജിച്ച ജ്ഞാനമല്ല, മറിച്ച് നിശ്ചിത സമയത്ത് തിരിച്ചറിഞ്ഞ് അടയാളപ്പെടുത്താനുള്ള കഴിവുമാത്രമാണ് അന്വേഷിക്കുന്നത്.

4. ഈ ശേഷിയും ഭാഷയുമായി എന്തു ബന്ധം?
ഉ. ബന്ധമുണ്ട്. നിങ്ങള്‍ക്കറിയാവുന്ന ഭാഷയിലാണ് ചോദ്യങ്ങളെങ്കില്‍ നിങ്ങള്‍ എളുപ്പത്തില്‍ വായിച്ച് മനസിലാക്കി ശരിയുത്തരം കണ്ടെത്തും. അത്ര പരിചയമല്ലാത്ത ഭാഷയാണെങ്കില്‍ നിങ്ങള്‍ക്ക് കൂടുതല്‍ സമയം വേണ്ടിവരും. ഉയര്‍ന്ന സ്‍കോര്‍ ചെയ്യാനാകില്ല. പലതും സംശയത്തിലാകും തിരഞ്ഞെടുക്കുക. അത് ലഭിച്ച മാര്‍ക്കിനെ കൂടി അപകടത്തിലാക്കും. റാങ്ക് പട്ടികയില്‍ ഏറ്റവും പുറകിലാവും നിങ്ങളുടെ സ്ഥാനം.

5. ചെറിയ ക്ലാസ് മുതല്‍ കേരളത്തിലെ എല്ലാ കുട്ടികളും ഇംഗ്ലീഷ് പഠിച്ചല്ലേ വരുന്നത്? അവര്‍ നേരെ പഠിക്കാത്തതും കാരണമായിക്കൂടേ?
ഉ. അവര്‍ പഠിക്കാത്തതല്ല കാരണം. ഏതു ഭാഷയില്‍ പഠിച്ചില്ല എന്നതാണ് കാരണമായി കാണേണ്ടത്. ഒരു ഉദാഹരണം പറയാം. കേരളത്തില്‍ ഹിന്ദി ഒരു ഭാഷയായി പ്രൈമറിതലം മുതല്‍ കുട്ടികള്‍ പത്താം ക്ലാസ് വരെയും ചിലര്‍ പന്ത്രണ്ടാം ക്ലാസുവരെയും പഠിക്കുന്നുണ്ട്. പത്താംക്ലാസ് അടിസ്ഥാന യോഗ്യതയായി പിഎസ്‍സി ഒരു തൊഴില്‍ പരീക്ഷ ഹിന്ദിയില്‍ മാത്രം ചോദ്യങ്ങള്‍ നല്‍കി നടത്തിയാല്‍ എന്താവും സ്ഥിതി? ആ പരീക്ഷ ഹിന്ദി മാതൃഭാഷയായ ഒരു ഉത്തരേന്ത്യന്‍ ഉദ്യോഗാര്‍ത്ഥിയോടൊപ്പം ഇംഗ്ലീഷ് മീഡിയത്തിലും മലയാള മീഡിയത്തിലും പഠിച്ച മലയാളി ഉദ്യോഗാര്‍ത്ഥികളും എഴുതുന്നു എന്നും ഊഹിക്കുക. ആരാവും മുന്നിലെത്തുക? സംശയം വേണ്ട. ഉത്തരേന്ത്യന്‍ ഉദ്യോഗാര്‍ത്ഥി തന്നെയാവും. ആ ചോദ്യങ്ങള്‍ ചോദിച്ച ഭാഷ അവന് ശീലമുണ്ട് എന്നുമാത്രമാണ് അല്ലാതെ അവന്‍ മിടുക്കനായിട്ടൊന്നുമില്ല. മലയാളത്തില്‍ മാത്രമാണ് ചോദ്യങ്ങളെങ്കിലോ? മലയാള മാധ്യമത്തില്‍ പഠിച്ചയാള്‍ ഏറ്റവും മുന്നിലെത്തും. ഇതേ സ്ഥിതിയാണ് ഇംഗ്ലീഷില്‍ മാത്രം ചോദ്യങ്ങള്‍ ചോദിച്ച് പരീക്ഷ നടത്തുമ്പോള്‍ മലയാള മാധ്യമത്തില്‍ പഠിച്ച ഉദ്യോഗാര്‍ത്ഥികള്‍ പുറകിലാകാന്‍ കാരണം. നമ്മുടെ കുട്ടികള്‍ക്ക് ബുദ്ധിശക്തി കുറഞ്ഞിട്ടൊന്നുമല്ല, അവര്‍ക്ക് സുപരിചിതമായ ഭാഷയില്‍ പരീക്ഷ നടത്താന്‍ സ്വാതന്ത്ര്യം നേടി ഏഴു പതിറ്റാണ്ടായിട്ടും നമ്മുടെ ഭരണകൂടങ്ങള്‍ക്കായിട്ടില്ലെന്നതാണ് സത്യം.

6. നാമിങ്ങനെ മീഡിയം വേര്‍തിരിച്ച് വിലയിരുത്തുന്നത് ജനാധിപത്യ സമൂഹത്തിന് യോജിച്ചതാണോ?
ഉ. ഒരു മാധ്യമത്തില്‍ പഠിച്ചു വളര്‍ന്ന കുട്ടിക്ക് ആ മാധ്യമത്തില്‍ തൊഴില്‍ പരീക്ഷ എഴുതാന്‍ അവസരമുണ്ടാകുന്നതാണ് ജനാധിപത്യം. അതിന് മീഡിയം പറഞ്ഞാലേ ബോധ്യപ്പെടുയെങ്കില്‍ അതു പറയണം. അതാണ് പറയുന്നതും. ഇത് ബോധ്യപ്പെടാത്ത ബ്രിട്ടീഷ്ബാധ ബാക്കിയായവര്‍ക്ക് ഇന്ത്യന്‍ ഭാഷകളെ അംഗീകരിക്കാന്‍ എന്നും ഭയമാണ്. ലോകത്തെ സകല ജനാധിപത്യധ്വംസനങ്ങളും അവര്‍ പറ്റാവുന്നിടത്തെല്ലാം പറയും പ്രസംഗിക്കും എഴുതും. പക്ഷേ, സ്വന്തം മുറ്റത്തെ ഈ ജനാധിപത്യ വിരുദ്ധമായ കാര്യത്തെ കാണാന്‍ തന്നെ അവര്‍ക്ക് നാണവും ഭയവുമുണ്ട്. ഭയം അവരെ ഭരിച്ചു കൊണ്ടിരിക്കുന്നു. മരിക്കുവോളം തുടരും.

7. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് അതത് മാധ്യമത്തില്‍ പരീക്ഷ എഴുത്ത് സാധ്യമാണോ?
ഉ. സാധ്യമാണ്. ഇന്ത്യ ഒരു ബഹുഭാഷാ സൗന്ദര്യ രാജ്യമാണ്. ഭാഷാടിസ്ഥാനത്തിലാണ് നമ്മുടെ സംസ്ഥാനങ്ങളെല്ലാം രൂപീകൃതമായിരിക്കുന്നതും. ഇന്ന് ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും അവരുടെ മാതൃഭാഷയില്‍ പരീക്ഷകള്‍ നടത്തുന്നുണ്ട്. അതിനു പ്രാപ്‍തിയുള്ള ഭരണകൂടങ്ങളും ഉദ്യോഗസ്ഥരും അവര്‍ നേടി കഴിഞ്ഞു. ഇതെല്ലാം നമുക്കറിയാം. എന്നാലും അങ്ങനങ്ങട് അംഗീകരിച്ചു കൊടുക്കാന്‍ ഉള്ളിലെന്തോ തടസം ബാക്കി നില്‍ക്കുന്നവരാണ് ഇതൊന്നും ഇവിടെ നടക്കില്ലെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത്. ഹിന്ദി ദേശീയ ഭാഷയാവുന്നേ എന്നെല്ലാം പറഞ്ഞ് ഘോരഘോരം പ്രസംഗിച്ചു നടന്ന തെരുവോരങ്ങളും സെമിനാര്‍ ഹാളുകളുമുള്ള നാടാണ് കേരളം. അന്ന് മലയാളത്തെയും മറ്റ് ഇന്ത്യന്‍ ഭാഷകളെയും എടുത്ത് പൊക്കി നടന്നു. ആവശ്യം കഴിഞ്ഞാല്‍ ഉപേക്ഷിക്കുന്ന ഇത്തരം ഇരട്ടത്താപ്പുകളെല്ലാം കണ്ട് രേഖപ്പെടുത്തി വരുന്ന തലമുറക്കൊപ്പമാണ് ജീവിക്കുന്നതെന്നും കൂടി ഓര്‍ക്കുന്നത് നന്നാവും. ഭാഷാ രാഷ്‍ട്രീയം തിരിച്ചറിയാനുള്ള പാഠങ്ങള്‍ നാം പഠിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട പുസ്‍തങ്ങളെങ്കിലും വായിക്കുന്നത് സ്വയം ബോധ്യപ്പെടാന്‍ സഹായിക്കും.

8. ഏതൊക്കെയാണ് പുസ്‍തകങ്ങളാണ് വായിക്കേണ്ടത്?
ഉ. മലയാളികള്‍ ചുരുങ്ങിയത് രണ്ട് പുസ്‍തകം ആദ്യം വായിച്ചു കഴിഞ്ഞു വേണം ഭാഷാരാഷ്‍ട്രീയത്തിന്റെ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍. ഒന്ന് ഐപിഎസുകാരന്‍ കെ. സേതുരാമന്‍ എഴുതിയ മലയാളത്തിന്റെ ഭാവി. രണ്ട് ഡോ. പി. പവിത്രന്റെ മാതൃഭാഷക്കു വേണ്ടിയുള്ള സമരം. ഇതുപോലും വായിക്കാതെ കേരളപ്പിറവിക്കും ലോകമാതൃഭാഷ ദിനത്തിനുമെല്ലാം കിട്ടിയതെല്ലാം കാച്ചി വിടുന്ന പണ്ഡിതന്മാരുണ്ട്. കുഞ്ചന്‍ നമ്പ്യാരുണ്ടെങ്കില്‍ ഇവരെ പറ്റിയ കളത്തിലാക്കി നന്നായൊന്നു വര്‍ണിച്ചേനേ.

9. കെഎഎസ് സത്യത്തില്‍ ആരെയൊക്കെയാണ് ബാധിക്കുക?
ഉ. സംശയമില്ല. മലയാള മാധ്യമത്തില്‍ പഠിച്ച ലക്ഷകണക്കിന് ഉദ്യോഗാര്‍ത്ഥികളെ റാങ്ക് പട്ടികയില്‍ പുറകിലാക്കും. മലയാള മാധ്യമത്തില്‍ പഠിച്ചവരും ഇന്ന് പഠിക്കുന്നവരും കൂടുതലും കേരളത്തിലെ അടിസ്ഥാന ജനവിഭാഗമാണ്. പഠനത്തിന് വലിയ തുക കൊടുക്കാനില്ലാതെ പൊതുവിദ്യാലയങ്ങളിലെ സ്‍കോളര്‍ഷിപ്പുകളും ഒരു നേരത്തെ ഉച്ചഭക്ഷണവും വാങ്ങി കഴിച്ച് വളര്‍ന്ന സാധാരണക്കാരാണ് ഈ ചതിയിലൂടെ പുറന്തള്ളപ്പെടുന്നത്. ഒരു ഭാഷ എന്ന നിലയിലാണ് അവര്‍ ഇംഗ്ലീഷ് പഠിച്ചിട്ടുള്ളത്. ചോദ്യങ്ങള്‍ ഇംഗ്ലീഷിലാകുമ്പോള്‍ മലയാളത്തില്‍ സയന്‍സും കണക്കും ചരിത്രവും പൊതുവിജ്ഞാനവുമെല്ലാം പഠിച്ചവര്‍ സ്വാഭാവികമായും പുറന്തള്ളപ്പെടും. അവരുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ പരീക്ഷയില്‍ മലയാളത്തില്‍ ചോദ്യങ്ങള്‍ നല്‍കാത്തതിലൂടെ അവരെ ചതിച്ചിരിക്കുകയാണ്. ഒരു ജനതയുടെ കിനാവുകളെയാണ് അരിഞ്ഞ് വീഴ്‍ത്തിക്കൊണ്ടിരിക്കുന്നത്.

10. ചതിച്ചുവെന്നു പറയുന്നത് ശരിയാണോ? അങ്ങനെയെങ്കില്‍ ചതിച്ചതാരെല്ലാമാണ്?
ഉ. പിഎസ്‍സിയുടെ എല്ലാ പരീക്ഷകള്‍ക്കും മലയാളത്തിലും ചോദ്യങ്ങള്‍ വേണമെന്നാവശ്യപ്പെട്ട് ഒരു പതിറ്റാണ്ടായി കേരളത്തിലെ തെരുവോരങ്ങളില്‍ പ്രസംഗിച്ചും പോസ്‍റ്ററൊട്ടിച്ചും നടന്ന സംഘടനയാണ് മലയാള ഐക്യവേദിയും ഐക്യമലയാള പ്രസ്ഥാനവും. കെഎഎസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും ആദ്യവും അധികവും സന്തോഷിച്ചത് ഭാഷാസ്‍നേഹികളാണ്. എന്നാല്‍ പതിവു പോലെ മലയാളത്തെ വെട്ടിയൊതുക്കിയാണ് വരവെന്നറിഞ്ഞപ്പോള്‍ സമരത്തിന് നിര്‍ബന്ധിതരാകേണ്ടി വന്നു. 2019 ഓഗസ്റ്റ് 29ന് തിരുവനന്തപുരം പിഎസ്‍സി ഓഫീസിനു മുന്നില്‍ കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളും ജനാധിപത്യ വിശ്വാസികളും എഴുത്തുകാരും കലാകാരന്മാരുമെല്ലാം ചേര്‍ന്ന് തുടങ്ങിയ നിരാഹാര സമരം 19 ദിവസം നീണ്ടു നിന്നു. ചോദ്യങ്ങള്‍ മലയാളത്തിലും കൂടി നല്‍കിയാല്‍ ചോരുമെന്നാണ് പിഎസ്‍സി പറഞ്ഞ മുടന്തന്‍ന്യായം. അതായത് തര്‍ജ്ജമക്കെത്തുന്നവരെ വിശ്വസിക്കാന്‍ കൊള്ളില്ല എന്നാണ് ആ പറഞ്ഞതിലെ ധ്വനി. മുഴുവന്‍ മലയാളികളെയും ആക്ഷേപിച്ച ആ പ്രസ്‍താവനക്കെതിരെ ജനാധിപത്യബോധമുള്ളവരെല്ലാം ആഞ്ഞടിച്ചു. കേരളത്തിലെ എഴുത്തുകാരുടെ നേതൃത്വത്തില്‍ തിരുവോണ ദിവസം മലയാളികള്‍ പട്ടിണി സമരം നടത്തി. കേരളത്തിലെ പതിനാലു ജില്ലകളിലും ഇന്ത്യക്കകത്തും പുറത്തും മലയാളികള്‍ ഒന്നടങ്കം മലയാളത്തിനായി വിശന്നു കിടന്നു. തുടര്‍ന്ന് സെപ്‍റ്റംബര്‍ 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പിഎസ്‍സിയുമായി നടത്തിയ ചര്‍ച്ചയില്‍ കെഎഎസ് അടക്കം എല്ലാ പരീക്ഷകളിലും മലയാളത്തിലും ചോദ്യങ്ങള്‍ നല്‍കണമെന്ന് നിര്‍ദ്ദേശം നല്‍കി.

11. അത് നടപ്പായില്ലേ?
ഉ. ഇല്ല. അത് നടപ്പായില്ലെന്ന് മലയാളികളെ ഓര്‍മിപ്പിക്കാനാണ് കെഎഎസ് പരീക്ഷ നടക്കുന്ന ദിവസം സമരം നടത്താന്‍ വീണ്ടും നിര്‍ബന്ധിതരായത്. മുഖ്യമന്ത്രിയുടെ ഉറപ്പ് പത്രമാധ്യമങ്ങളില്‍ വലിയ രീതിയില്‍ വന്നതു മാത്രമാണ് ഇന്നും പ്രചരിക്കുന്നത്. എന്നാല്‍ നവംബര്‍ ഒന്നിന് പിഎസ്‍സി വിജ്ഞാപനം ഇറക്കിയതില്‍ മലയാളത്തെ വെട്ടിമാറ്റുകയായിരുന്നു. നിയമസഭ പിന്നീട് ഈ വിഷയം ചര്‍ച്ച പോലും ചെയ്‍തില്ല. എല്ലാ ചോദ്യങ്ങളും ഇംഗ്ലീഷിനൊപ്പം മലയാളത്തിലും നല്‍കില്ല, പകരം ഔദാര്യം പോലെ കുറച്ച് ചോദ്യങ്ങള്‍ മലയാളത്തില്‍ തരും. അത്രമാത്രം. ഇത് ജനാധിപത്യമര്യാദയല്ലെന്ന് ഞങ്ങളെങ്കിലും പറയണ്ടേ? പറയണം. ഉറക്കെ വിളിച്ചു പറയണം.

12. മലയാളത്തില്‍ കുറച്ച് ചോദ്യങ്ങള്‍ നല്‍കുന്നുണ്ടല്ലോ? അത് പോരേ?
ഉ. അത് പോര. അതില്‍ രണ്ട് തടസങ്ങളുണ്ട്. ഒന്ന് നേരത്തെ പറഞ്ഞ മലയാള മാധ്യമത്തില്‍ പഠിച്ച ഉദ്യോഗാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‍നം. രണ്ടാമത്തേത് മറ്റൊരു കെണിയാണ്. മലയാളത്തിലുള്ള അറിവന്വേഷിക്കാന്‍ നല്‍കുന്ന ചോദ്യങ്ങള്‍ മലയാള ഗവേഷക വിദ്യാര്‍ത്ഥികളെ പോലും കുഴക്കുന്നതാവും. അങ്ങനെ മലയാളം പ്രയാസമാണെന്നു പൊതുജനങ്ങള്‍ക്കിടയില്‍ വരുത്തി തീര്‍ത്ത് ഭാഷയോടുള്ള വെറുപ്പുണ്ടാക്കാനുള്ള ശ്രമവും ഇതിനു കൂടെ നടക്കുന്നുണ്ട്.

13. വ്യക്തമാക്കാമോ?
ഉ. പറയാം. ഒരു ഉദ്യോഗതലത്തില്‍ ആവശ്യമുള്ള ഭാഷാപരിജ്ഞാനം മാത്രമേ പരിശോധിക്കേണ്ടതുള്ളൂ. അതിനാവശ്യമായ ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തേണ്ടതും. കേരളത്തിലെ ഭരണഭാഷാ വകുപ്പിന്റെ കൈയില്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ നിര്‍മ്മിക്കാനുള്ള മിടുക്കരായ ഉദ്യോഗസ്ഥരുണ്ട്. അവരില്‍ നിന്നു കൂടി ഒരു ചോദ്യബാങ്ക് ഉണ്ടാക്കുന്നത് ഭാവിയില്‍ എല്ലാ വകുപ്പുകള്‍ക്കും അതോടൊപ്പം ഈ വകുപ്പുകളില്‍ ജോലിക്കെത്തുന്ന ഉദ്യോഗസ്ഥര്‍ക്കും എളുപ്പമാകും. എന്നാല്‍ ഇതിനു പകരം പരീക്ഷ ചോദ്യത്തിലല്ലാതെ ജീവിതത്തില്‍ ഒരിക്കല്‍ പോലും നേരിടേണ്ടി വരാത്ത കുഴപ്പം പിടിച്ച കുറേ ചോദ്യങ്ങള്‍ നല്‍കി വെറുപ്പിക്കുന്ന രീതിയാണ് തുടരുന്നത്. ചോദ്യകര്‍ത്താവിന്റെ ആത്മസായൂജ്യത്തിനപ്പുറം പരീക്ഷാര്‍ത്ഥിയെ പരിഗണിക്കാത്ത ചോദ്യങ്ങള്‍ പരിഷ്‍കരിക്കണം. ഏതു ജോലിക്കുള്ള വിഭാഗത്തിനാണ് ഇത് പ്രയോജനപ്പെടുക എന്നറിഞ്ഞ് ചോദ്യം നല്‍കാനുള്ള പ്രാപ്‍തിയെങ്കിലും നാം നേടേണ്ടതുണ്ട്. *

14. ഇപ്പോള്‍ സമരം നടത്തുന്നത് ആരാണ്?
ഉ. ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് സമരം തുടങ്ങിയത്. ആ സമരത്തിനു ശക്തി പകര്‍ന്നവരാണ് ഇന്നും രംഗത്ത്. ഞങ്ങള്‍ പന്തലേ പൊളിച്ചിട്ടുള്ളൂ. സമരം തീര്‍ത്തിട്ടില്ല. ഭരണകൂടങ്ങള്‍ മലയാളത്തിനു നല്‍കുന്ന ഉറപ്പ് പതിറ്റാണ്ടുകളായി ചരിത്രരേഖകളായതിനാല്‍ അന്നേ ആഹ്ലാദപ്രകടനം നടത്താതെ മാറി നിന്ന് കാണുകയായിരുന്നു.

15. സമരക്കാരുടെ ആവശ്യം ലളിതമായി പറഞ്ഞാല്‍?
ഉ. വോട്ടു ചോദിക്കുന്ന ഭാഷയില്‍ തൊഴിലെടുക്കാനുള്ള അവകാശം തട്ടിക്കളയുന്നവര്‍ ഓരോ തെരഞ്ഞെടുപ്പു കാലത്തും ഇംഗ്ലീഷില്‍ ചുമരെഴുതി, നോട്ടീസടിച്ച്, കവലപ്രസംഗം നടത്തി ഇംഗ്ലീഷില്‍ വോട്ടഭ്യര്‍ത്ഥിച്ച് അവരുടെ വാദമാണ് ശരിയെന്നു തെളിയിക്കണം. ആ ബാധ്യത അവര്‍ക്കുണ്ട്. മലയാളത്തിനായി സഭക്കകത്ത് പറയാത്തവര്‍ പുറത്തു പറഞ്ഞു നടക്കുന്ന നാണക്കേട് ഒഴിവാക്കിത്തരണം.

16. ഇതെന്തു കൊണ്ടാണ് രാഷ്‍ട്രീയ പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കാത്തത്?
ഉ. മലയാളം വോട്ടുബാങ്കല്ല എന്നതു തന്നെയാണ് പ്രധാന കാരണം. മലയാളത്തിനൊപ്പം നിന്നാലും നിന്നില്ലെങ്കിലും ജയപരാജയങ്ങളെ വല്ലാതെ ബാധിക്കില്ല. ഐക്യമലയാള പ്രസ്ഥാനത്തിന് മലയാളത്തെ വൈകാരിക തലത്തിലെത്തിച്ച് വോട്ടുബാങ്കാക്കണമെന്നില്ല. വിവേകതലത്തിലെത്തിയാല്‍ ഈ നാട്ടിലെ ഓരോ മണ്‍തരിയും പ്രതികരിച്ച് തുടങ്ങും. മലയാളം മനസില്‍ കുടിയേറുന്ന കാലവും അക്കാലത്തെ തലമുറയും പാതാളത്തില്‍ നിന്ന് പടകയറി വരുന്ന പോലെ വരും. അവരുടെ ചോദ്യങ്ങള്‍ക്ക് അന്ന് മറുപടി പറയാന്‍ ഇപ്പോള്‍ തടസം നില്‍ക്കുന്നവരും ആട്ടിയകറ്റുന്നവരും തെളിവുകളന്വേഷിച്ച് പരക്കം പായേണ്ടി വരും.

*17. ഈ സമരത്തോട് ശക്തമായി വിയോജിക്കുന്നവരുമുണ്ടല്ലോ?
ഉ. സമരത്തോട് വിയോജിക്കുന്നവരുണ്ടാകും. വിയോജിക്കാനുള്ള അവസരം ജനാധിപത്യസ്വഭാവമാണ്. പക്ഷേ, വിയോജിക്കുന്നതിന്റെയും യോജിക്കുന്നതിന്റെയും യുക്തിയെ ഭാവിതലമുറ ചോദ്യം ചെയ്യും. നിങ്ങളാരുടെ കൂടെയാണ്. നഷ്‍ടപ്പെടുന്നവരോടൊപ്പമോ, നേടിയവരോടൊപ്പമോ എന്നത് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. ഈ സമരം മലയാള ഐക്യവേദി തുടങ്ങിയതല്ല. മലയാള ഐക്യവേദി ഏറ്റെടുക്കുകയാണുണ്ടായത്. എഴുത്തച്ഛനും പൂന്താനവും ജോര്‍ജ് മാത്തനും മക്തിതങ്ങളും ചാവറയച്ചനും ഏആറും ഗുരുവും ആശാനും ബഷീറും എംടിയും വി.ആര്‍. കൃഷ്ണയ്യരും ഒഎന്‍വിയും എല്ലാം അവരവരുടെ കാലത്ത് തുടര്‍ന്ന ആശയത്തെ മലയാള ഐക്യവേദി തെരുവില്‍ നിന്ന് വിളിച്ചു പറഞ്ഞു തുടങ്ങിയെന്നേയുള്ളൂ. മാതൃഭാഷാദിനത്തില്‍ ഉപരാഷ്‍ട്രപതി വെങ്കയ്യനായി‍‍ഡുവും ഇതു തന്നെയാണ് പറഞ്ഞത്. കീഴ്‍കോടതി വരെയുള്ള ഭാഷ മാതൃഭാഷയായിരിക്കണമെന്ന്. മലയാള ഐക്യവേദി ഒത്തു തീര്‍ത്ത് സമരം നിര്‍ത്തിയെന്നെല്ലാം ആരുടെങ്കിലും കൈയില്‍ നിന്ന് ആനുകൂല്യം പറ്റിയവര്‍ ഫേസ്‍ബുക്കില്‍ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കും. അത് കൈപ്പറ്റിയ ആനുകൂല്യത്തിനും കൈപ്പറ്റാനുള്ള ആനുകൂല്യത്തിനും അവര്‍ ചെയ്യേണ്ട പണിയാണ്. അതവര്‍ക്ക് വൃത്തിയായി ചെയ്യാനാകട്ടെ. നാളെ അവര്‍ വെങ്കയ്യനായിഡു മലയാള ഐക്യവേദിക്ക് വേണ്ടി സംസാരിച്ചതാണെന്നും പറയാം. വെറുതേയിരിക്കുമ്പോള്‍ വിറച്ചിരിക്കുക എന്നൊരു ചൊല്ലുണ്ട്. വിറച്ചിരുന്നെങ്കിലും അവര്‍ പറയട്ടെ അത് സമരക്കാര്‍ക്കും ഒരു തരത്തില്‍ ഗുണമാണ്.

18. ഫെബ്രുവരി 22 ചരിത്രത്തില്‍ എങ്ങനെയാണ് ഓര്‍മിക്കപ്പെടുക?
ഉ. മലയാളത്തെ വഞ്ചിച്ച ദിനമായാണ് ചരിത്രത്തില്‍ ഫെബ്രുവരി 22 ഓര്‍മിപ്പിക്കപ്പെടുക.

19. എന്തിനാണീ 19 ല്‍ സംശയങ്ങളൊതുക്കാന്‍ പറഞ്ഞത്?
ഉ. 1947 ല്‍ സ്വാതന്ത്ര്യം നേടി ഭാഷാടിസ്ഥാനത്തില്‍ 1956 കേരള സംസ്ഥാന രൂപീകരണം കഴിഞ്ഞ് 64 കൊല്ലമായെങ്കിലും മലയാളത്തിനായി ചരിത്രപ്രസിദ്ധമായ 19 ദിവസത്തെ നിരാഹാരം കിടക്കേണ്ടി വന്നത് ഓര്‍മിക്കാന്‍.