മതദൈവങ്ങളെ പുച്ഛിക്കരുത്

157

ഷിന്റോ പോൾ

മതം ഉപേക്ഷിക്കൂ മനുഷ്യരാകൂ എന്ന സ്വതന്ത്രചിന്തകരുടെ ആഹ്വാനത്തോട് ശക്തമായി വിയോജിക്കുന്നു.ലോകം ഉണ്ടാക്കുകയും നോക്കി നടത്തുകയും ചെയ്യുന്ന മതദൈവങ്ങളെ ഏതെങ്കിലും രീതിയില്‍ നോവിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നത് ശരിയല്ല എന്നാണ് എനിക്ക് പറയാനുള്ളത്.

ഈ വിവിധ മതദൈവങ്ങളോളം വിശാലഹൃദയമുള്ള ഒരു മനുഷ്യനെപ്പോലും ഞാനിതുവരെ കണ്ടിട്ടില്ല. സ്വന്തം സമുദായ ഉന്നമനത്തിനും പ്രീണനത്തിനുമോക്കെയാണ് മനുഷ്യര്‍ എക്കാലവും ശ്രമിച്ചുവരുന്നത്. മനുഷ്യര്‍ മതദൈവങ്ങളെ അപേക്ഷിച്ച് സങ്കുചിത ചിന്താഗതിക്കാരാണ്.

ഭൂമിയിലുള്ള സകല സംഭവങ്ങളും ഉണ്ടാക്കിയത് അല്ലാഹു ആണെന്ന് മുസ്ലീമുകള്‍ വിശ്വസിക്കുന്നു. അറേബ്യയില്‍ ഉണ്ടാവുന്ന ഈത്തപ്പഴവും എണ്ണയും ലോകത്തെവിടെയും കാശുകൊടുത്ത് വാങ്ങാന്‍ തയാറുള്ള എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ ലഭ്യമാവുന്നു. പെട്രോള്‍ നിറച്ച ഒരു വാഹനം അത് ഓടിക്കുന്നത്ഹിന്ദുവോ ക്രിസ്ത്യാനിയോ നിരീശ്വരവാദിയോ എന്ന് നോക്കാതെ ഓടുന്നു. അല്ലാഹു അറിയാതെ ഒരു വണ്ടിയും ഓടില്ലല്ലോ. ഈത്തപ്പഴം തിന്നുമ്പോള്‍ എല്ലാ ജീവജാലങ്ങള്‍ക്കും ജാതിമതഭേദം ഇല്ലാതെ മധുരം അനുഭവവേദ്യമാവുന്നു.

മഴ പെയ്യുന്നതിനെപ്പറ്റി ചിന്തിച്ചുനോക്കുക. ക്രിസ്ത്യാനികളുടെ ദൈവം ആണ് മഴ പെയ്യിക്കുന്നത് എന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. എന്നാല്‍ എല്ലാ മതക്കാര്‍ക്കും കിട്ടുന്ന രീതിയില്‍ മഴ പെയ്യുന്നു. അദ്ദേഹം ഒരു തിരിച്ചുവ്യത്യാസവും കാണിക്കുന്നില്ല.

മിഡില്‍ ഈസ്റ്റില്‍ അമേരിക്കക്കാരുടെയും റഷ്യക്കാരുടെയും ഐസിസിന്റെയുമൊക്കെ ബോംബ്‌ വീഴുമ്പോള്‍ ജൂതനോ മുസല്‍മാനോ കുര്‍ദിയോ എന്ന ഭേദമില്ലാതെ മനുഷ്യര്‍ മരിക്കുന്നു. കുട്ടികളോ സ്ത്രീകളോ വൃദ്ധനോ യുവാവോ എന്ന വ്യത്യാസം പോലും കണക്കിലെടുക്കപ്പെടുന്നില്ല.

അക്ഷയതൃതീയ ദിനത്തില്‍ സ്വര്‍ണ്ണം വാങ്ങുന്ന കസ്റ്റമര്‍ക്ക് മതഭേദമില്ലാതെ ഐശ്വര്യം വാരിക്കൊരിക്കൊടുക്കാന്‍ ഹിന്ദു ദൈവം മടികാട്ടാറില്ല. ദൈവത്തിന്‍റെ മുടിയില്‍നിന്നും ഒഴുകുന്ന നദി സര്‍വ്വ മതസ്ഥര്‍ക്കും ജലം ലഭ്യമാക്കുന്നു. ദൈവകോപം കൊണ്ട് വെള്ളപ്പൊക്കമുണ്ടാവുമ്പോള്‍ എല്ലാ മതക്കാരില്‍ നിന്നും ആളുകള്‍ മുങ്ങിമരിക്കുന്നു. വരള്‍ച്ച വരുമ്പോള്‍ എല്ലാവരുടെ കൃഷിസ്ഥലവും ഉണങ്ങുന്നു. പട്ടിണികൊണ്ട് ഭക്ഷണം കഴിക്കാന്‍ കഴിയാത്തവര്‍ മതഭേദമില്ലാതെ മരിക്കുന്നു.

സ്വജനപക്ഷപാതം ഒരു ദൈവത്തിന്റെയും രീതിയല്ല.എല്ലാ ദൈവങ്ങളും പണക്കാരെ ഒരുപോലെ ബഹുമാനിക്കുന്നു. പാവങ്ങള്‍ ഏതു മതക്കാരായാലും അവര്‍ക്ക് ഏറെക്കുറെ ഒരുപോലെ ദുരിതങ്ങള്‍ ലഭിക്കുന്നു. ചുഴലിക്കാറ്റുവരുമ്പോള്‍ കടലില്‍പ്പോയവരില്‍നിന്നും മതഭേദമില്ലാതെ ആളുകള്‍ മരിക്കുന്നു. ദൈവങ്ങള്‍ നിഷ്പക്ഷരാണ്. അവര്‍ നല്ലവരാണ്. മതമേതായാലും മനുഷ്യര്‍ അവരെ ഉപേക്ഷിക്കരുതേ.