Baiju Raju

നമുക്ക് ആത്മാവ് ഉണ്ടോ ?
.
നമ്മുടെ ശരീരത്തിൽനിന്ന് ആത്മാവ് ഇറങ്ങിപ്പോവുമ്പോൾ ആണ് മരണം സംഭവിക്കുക എന്നാണു പലരുടെയും വിശ്വാസം. പല മതങ്ങളിലും സിനിമകളിലും ഒക്കെ ആത്മാവിനെപ്പറ്റി പറയുന്നുണ്ട്. ആഗ്രഹസാഫല്യം ലഭിക്കാതെ ഒരാൾ മരിച്ചാൽ അയാളുടെ ആത്മാവ് അവിടെ ചുറ്റിപ്പറ്റി നിൽക്കും. സാഫല്യം ലഭിച്ചാൽ സ്വർഗ്ഗത്തിലേക്കു പോവും എന്നൊക്കെ
.
ആത്മാവ് ഉണ്ടോ ഇല്ലയോ എന്നൊന്നും ഒരു രീതിയിലും ശാസ്ത്രീയമായ പരീക്ഷണങ്ങളിലൂടെ തെളിയിക്കാൻ ഉള്ള വഴികളൊന്നും നമുക്കിപ്പോൾ ഇല്ല. എന്നാൽ ചില വസ്തുതകൾ കണക്കിലെടുത്താൽ നമുക്ക് ചില നിഗമനങ്ങളിൽ എത്താം.നമുക്ക് കൈകാലുകളോ, കണ്ണോ, ചെവിയോ, ഹൃദയമോ ഒന്നും ഇല്ലാതെ ജീവിക്കാം. നമ്മുടെ തലച്ചോർ മാത്രം പ്രവർത്തിച്ചാൽ മതി. ബോധം എന്നുള്ളത് തലച്ചോറിനെ മാത്രം ആശ്രയിച്ചാണ് ഉള്ളത്. തലച്ചോർ മരിച്ചാൽ ( മസ്തിഷ്ക്ക മരണം ) പിന്നെയും നമുക്ക് ജീവിക്കാം. അപ്പോഴും ഹൃദയവും, ശ്വാസകോശവും, ഒക്കെ പ്രവർത്തിക്കും.

ഇനി ഹൃദയവും, ശ്വാസകോശവും പ്രവർത്തനം നിലച്ചാലും ഇലക്ട്രിക് ഉപകരണങ്ങൾ വഴി ആവശ്യത്തിന് വേണ്ട ഇലക്ട്രിക് പൾസ് കൊടുത്തു നമുക്ക് അവയെ പ്രവർത്തിപ്പിക്കാം. പക്ഷെ മസ്തിഷ്ക്ക മരണം സംഭവിച്ചാൽ പിന്നെ ആൾ മരിച്ചതായി ശാസ്ത്രം വിധി എഴുതും. കാരണം ചിന്തയും, പുറം ലോകവുമായുള്ള ബന്ധങ്ങളും അതോടെ അവസാനിക്കും. എന്നാൽ മറ്റു ശരീര ഭാഗങ്ങൾ കുറച്ചു മണിക്കൂറുകളോ, ദിവസങ്ങളോ ഒക്കെ പ്രവർത്തിക്കാം.
( മസ്തിഷ്ക്ക മരണം സംഭവിച്ച ആളുകളുടെ ഹൃദയവും, കിഡ്നിയും, കണ്ണു തുടങ്ങിയ ശരീര ഭാഗങ്ങൾ മറ്റുള്ളവർക്ക് ദാനം ചെയ്യാൻ പറ്റിയ ഒരു സമയം ആണിത് )

  • മസ്‌തിഷ്‌ക്ക മരണം സംഭവിച്ചുകഴിഞ്ഞ മനുഷ്യന്റെ ജീനുകള്‍ മരണത്തിനു ശേഷമുള്ള നാലു ദിവസങ്ങള്‍ കൂടി ജീവിച്ചിരിക്കുമെന്നു സയന്‍സ് മാഗസിനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നു. ക്യാൻസർ ജീനുകള്‍ ഈ ദിവസങ്ങളില്‍ കൂടുതല്‍ ആക്ടീവാകും. ഈ അവസ്ഥ അവയവങ്ങള്‍ മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയകള്‍ക്ക് ശേഷമുള്ള രോഗിയുടെ ക്യാൻസർ സാധ്യത കൂട്ടുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
  • നമ്മുടെ ശരീര ഭാഗങ്ങൾ ചലിപ്പിക്കുവാൻ തലച്ചോറിന്റേതിന് സമാനമായ ഇലക്ട്രിക്ക് പൾസുകൾ കൊണ്ട് സാധിക്കും. ഹൃദയത്തിനു പകരം ഇലക്ട്രിക് മോട്ടോർ പമ്പു ഉപയോഗിച്ചു ജീവിക്കുന്ന ആളുകൾ ഇപ്പോൾ ഉണ്ട്. ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ തലച്ചോർ ആണ് നാം. കയ്യും, കാലും, ഹൃദയവും ഒക്കെ തലച്ചോറിന്റെ സപ്പോർട്ടിങ് അവയവങ്ങൾ ആണ്. അതു ഇല്ലെങ്കിലും നാം ഉണ്ടാവും. തലച്ചോർ മാത്രം പ്രവർത്തിച്ചാൽ നാം ആയി.
  • തലച്ചോറിന്റെ അകത്തു നടക്കുന്ന ഓർമയും, പ്രവർത്തങ്ങളും ഒക്കെ ന്യൂറ്രോ കണക്ഷനുകളും, രാസപ്രവർത്തനം വഴി ഉള്ള ഇലക്ട്രിക്ക് പൾസുകളും മുഖേനെ ആണെന്ന് മനസിലാക്കിയിട്ടുണ്ട്. ചെറിയ രീതിയിലുള്ള പരീക്ഷണങ്ങൾ വഴി കൃത്രിമമായി ആ ഇലക്ട്രിക്ക് പൾസുകൾ ഉണ്ടാക്കുവാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്.

ചുരുക്കി പറഞ്ഞാൽ നമ്മുടെ ഓർമ, ബോധം എന്നൊക്കെ പറയുന്നത് തലച്ചോറിലെ രാസപ്രവർത്തനം ആണ്.
ആത്‌മാവ്‌ എന്ന കാര്യം ശാസ്ത്രീയമായ കാര്യങ്ങളിലോ, ആശുപത്രിയിലോ ഒന്നുംവരുന്നേ ഇല്ല.
ആത്മാവ് കഥകളിലും, മതങ്ങളിലും മാത്രം.

മരിച്ചതിനു ശേഷം നമ്മുടെ ശരീരത്തിന് അല്ലെങ്കിൽ ശരീരത്തിലെ ആറ്റങ്ങൾക്കു എന്തു സംഭവിക്കുന്നു ?

മരിക്കുമ്പോൾ നമ്മുടെ ശരീരത്തിൽനിന്ന് എനർജി പുറത്തു പോവും.. എനർജി ഉള്ളത് ജീവനുള്ള ശരീരവും, എനർജി ഇല്ലാത്തതു ശവശരീരവും എന്നാണു പലരും കരുതിയിരിക്കുന്നത്.എന്നാൽ അങ്ങനെ അല്ല.നമ്മൾ മരിച്ചാലും നമ്മുടെ ശരീരത്തിലെ പല അവയവങ്ങളും സാവകാശം ആണ് മരിക്കുന്നതു. മരിച്ചു മണിക്കൂറുകൾ കഴിഞ്ഞു നഖവും,ആണുങ്ങളുടെ താടിരോമവും വളർന്നിരിക്കുന്നതു പലരും ശ്രദ്ധിച്ചിട്ടുണ്ടാവും.

  • വൃക്കയും, കരളും, ഹൃദയവും ഒരാൾ മരിച്ചു 30 മിനിറ്റുള്ളിൽ എടുത്തു 6 മണിക്കൂറിനുള്ളിൽ മറ്റൊരാൾക്ക് വച്ചാൽ വീണ്ടും സാധാരണ രീതിയിൽ പ്രവർത്തിക്കും.
  • നമ്മുടെ ചർമം.. നമ്മൾ മരിച്ചു 12 മണിക്കൂർകൂടി ജീവിക്കും. ആ സമയത്തിനുള്ളിൽ അത് എടുത്തു മറ്റൊരാൾക്ക് പ്രയോജനപ്പെടുത്താം.
  • ദഹനപ്രക്രിയ ദിവസങ്ങളോളം നടക്കും.

മരിച്ചാലും നമ്മുടെ ശരീരത്തിലെ എനർജി അവിടെത്തന്നെയുണ്ടാവും. ഓരോ ആറ്റത്തിലെയും എനർജി നമ്മൾ മരിക്കുന്നതിന് മുന്നേയും, പിന്നെയും ഒരേപോലെ ആയിരിക്കും. പിന്നെ എന്താണ് നമ്മുടെ ശരീരത്തിന് സംഭവിക്കുന്നത് ??
.
നമുക്കറിയാം നമ്മുടെ ജീവിതം എന്നത് താൽക്കാലികമായ ഒരു സംഭവം ആണ്. പക്ഷെ നമ്മുടെ ശരീരത്തിലെ ഒട്ടുമിക്ക ആറ്റങ്ങളും എന്നെന്നേക്കുമായി ‘ജീവിക്കുന്നു’ എന്നതാണ് സത്യം.
ശവശരീരം സാധാരണ കുഴിച്ചിടുകയോ, കത്തിച്ചു കളയുകയാണോ ആണ് പതിവ്.
കത്തിച്ചു കളയുന്ന ശരീരം ഓക്സിജനുമായി ചേർന്നു കാർബൺ ഡയോക്സൈഡും, വെള്ളവും, നൈട്രജനും, സൾഫർ ഡയോക്സൈഡും ഒക്കെ ഉണ്ടാവുന്നു.
കുഴിച്ചിടുകയാണെങ്കിൽ ശരീരത്തിലെ മൃദുവായ ഭാഗങ്ങളൊക്കെ ബാക്ടീരിയയും, മറ്റു ചെറു ജീവികളും തിന്നു തീർക്കുന്നു. അങ്ങനെ അവ ബാക്ടീരിയയുടെയോ ചെറു പ്രാണികളുടെയോ ശരീരം ആയി മാറുന്നു. കുറയൊക്കെ കാർബൺ ഡയോക്സൈഡ് ആയി മാറുന്നു.

കട്ടി കൂടിയ ശരീര ഭാഗങ്ങളായ എല്ലും പല്ലും ഒക്കെ സാവകാശമേ നശിക്കൂ. അവയിലെ കാൽസ്യവും, ഫോസ്ഫറസും ചെടികൾക്കുള്ള ആഹാരമായി മാറുന്നു. ചെടികൾ മൃഗങ്ങളുടെ ആഹാരമായി മാറുന്നു. അവ മരിക്കുമ്പോൾ വീണ്ടും ജൈവ മണ്ഡലത്തിലെ ആഹാരശൃംഗല ഇങ്ങനെ ആവർത്തിച്ചുകൊണ്ടിരിക്കും…ചെടിയുടെ ഭാഗങ്ങളായ അരിയും, ഗോതമ്പും, മറ്റു ധാന്യങ്ങളും, പച്ചക്കറികളും ഒക്കെ നമ്മൾ കഴിക്കുന്നു.

എന്നാൽ നമ്മുടെ ശരീരത്തിലുള്ള റേഡിയോ ആക്റ്റീവ് പദാർത്ഥങ്ങൾ ജൈവ മണ്ഡലത്തിലേക്ക് കടക്കുന്നതിനു മുൻപായി ജീർണിച്ച അപചയം സംഭവിച്ചു പോകുന്നു. റേഡിയോ ആക്റ്റീവ് പൊട്ടാസ്യം കാൽസ്യം ആയി മാറുന്നു. ശരീരത്തിലെ തോറിയവും, യുറേനിയവും ലെഡ് (ഈയം) ആയി മാറുന്നു.

ചില ഭാഗങ്ങൾ അവസാനം ഹീലിയം ആയി മാറുന്നു. ഭൂമിയുടെ ഗുരുത്വകർഷണത്തിനു ഹീലിയത്തെ അധികം പിടിച്ചു വയ്ക്കാനുള്ള കഴിവില്ലാത്തതിനാൽ അവ ശൂന്യാകാശത്തിലേക്ക് കുറശ്ശേ നഷ്ടപ്പെട്ടു പോകുവാനും ഇടയാവുന്നു. അവ അധികവും, സൂര്യനിലും, ചിലതു വ്യാഴത്തിലും, ബാക്കി ഉള്ളത് നമ്മുടെ സൗരയൂഥത്തിൽ നിന്നുപോലും രക്ഷപ്പെട്ടു പോവുന്നു.

ചുരുക്കി പറഞ്ഞാൽ നമ്മുടെ ശരീരം എന്നത് ചുറ്റുപാടുകളിൽ നിന്നും പല വിധത്തിലുള്ള ഊർജം സ്വരുക്കൂട്ടി നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുവാനുള്ള താൽക്കാലികമായ ഉപകരണം മാത്രം ആണ്. ( എന്നു കരുതി മനസു ഉണ്ട് എന്നല്ല പറഞ്ഞത് ). ഈ ഊർജം നശിക്കുന്നില്ല. ജീവികളായും, തിരിച്ചു മൂലകങ്ങൾ ആയും, വീണ്ടും ജീവജാലങ്ങൾ ആയും മാറിക്കൊണ്ടേ ഇരിക്കുന്നു.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.