നിങ്ങള്‍ക്കുമുന്നിലുള്ള സുഹൃത്തുക്കളോടു സംസാരിക്കുന്നതിനെക്കാള്‍ സമയം ഓണ്‍ലൈന്‍ സുഹൃത്തുക്കളുമായി സംവദിക്കാന്‍ ഉപയോഗിക്കുന്ന ഇക്കാലത്ത് സൗഹൃദശൃംഖലാ വെബ്സൈറ്റുകളിലെ അപ്ലിക്കേഷനുകളുമായി കൂട്ടിമുട്ടാത്തവരുണ്ടാകില്ല. ഫെയ്സ്ബുക്ക്പോലുള്ള സൗഹൃദശൃംഖലകളില്‍ വേണ്ടതിനും വേണ്ടാത്തതിനും ഇത്തരം അപ്ലിക്കേഷനുകള്‍ (App) ധാരാളം കാണാം. അവ ആവശ്യമുണ്ടെങ്കില്‍മാത്രം തെരഞ്ഞെടുത്താല്‍മതി. അതുകൊണ്ട് അവയില്‍ ക്ലിക്ക്ചെയ്യുംമുമ്പ് അല്‍പ്പം ആലോചിക്കണമെന്നു മാത്രം.
ഫെയ്സ്ബുക്ക് Appകള്‍ വികസിപ്പിക്കുന്ന വ്യക്തികളിലും സ്ഥാപനങ്ങളിലും ഒരു പരിധിക്കപ്പുറം നിയന്ത്രണം തങ്ങള്‍ക്കില്ലെന്ന് ഫെയ്സ്ബുക്ക്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഫെയ്സ്ബുക്ക് Appകള്‍മൂലം ഉണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് ഫെസ്യ്ബുക്ക് ഉത്തരവാദിത്തം ഏറ്റെടുക്കില്ല എന്നര്‍ഥം. വളരെയൊന്നും സാങ്കേതികവൈദഗ്ധ്യം ആവശ്യമില്ലാതെതന്നെ സൃഷ്ടിക്കാവുന്ന ഫെയ്സ്ബുക്ക് Appകള്‍ വ്യക്തിപരമായ വിവരങ്ങളും മറ്റു ഡാറ്റകളും ചോര്‍ത്തിയെടുക്കുന്ന കാര്യത്തില്‍ പലപ്പോഴും ഒന്നാംസ്ഥാനത്താണ്.
ഇത്തരംAppകളില്‍ നമ്മള് ആദ്യം പരിചയപ്പെട്ടത് ചില ഓണ്‍ലൈന്‍ ഗെയിമുകളാണ്. പിന്നീട് ഫെയ്സ്ബുക്ക് ഉപയോഗിക്കുന്ന വ്യക്തികളെ ലക്ഷ്യംവച്ച് അവരുടെ മാനസികനില ചൂഷണംചെയ്യുന്ന പലതരം അപ്ലിക്കേഷനുകള്‍ ഉണ്ടാക്കപ്പെട്ടു. അതില്‍ സാധാരണമായ ഒരു ഉദാഹരണമാണ് See who views your profile എന്നറിയപ്പെട്ട Appകള്‍. അതായത് ആരാണ് നിങ്ങളുടെ പ്രൊഫൈല്‍ കാണാനെത്തിയത് എന്നു കണ്ടുപിടിക്കാന്‍ സഹായിക്കും എന്ന് വാഗ്ദാനംചെയ്യുന്ന Appകള്‍. നിങ്ങളുടെ ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയും നിങ്ങളുടെ വിവരങ്ങള്‍ ഇവയുടെ ഡെവലപ്പറിന്റെ കൈകളിലെത്തുകയുംചെയ്യുന്നു. ഇത്തരം സോഫ്റ്റ്വെയറുകള് വികസിപ്പിക്കുന്ന ചെറുകിട ഡെവലപ്പേഴ്സ് നിങ്ങളുടെ സ്വകാര്യവിവരങ്ങള്‍ എത്ര ഉത്തരവാദിത്തത്തോടെ കൈകാര്യംചെയ്യുമെന്ന് നമുക്ക് ഉറപ്പിക്കാന്പറ്റില്ല.
അതുപോലെതന്നെ നിങ്ങളുടെ പേരില്‍ ഫെയ്സ്ബുക്ക് അപ്ഡേറ്റ് നടത്താനുള്ള സ്വാതന്ത്ര്യവും ഈ കമ്പനികള്‍ ഇത്തരം Appകളിലൂടെ നേടിയെടുക്കാറുണ്ട്. ഇതുവഴി നിങ്ങളെ വിശ്വസിച്ച് ഇത്തരം ലിങ്കുകളില്‍ ക്ലിക്ക്ചെയ്യുന്ന നിങ്ങളുടെ സുഹൃത്തുക്കളും ഇത്തരം Appകളുടെ ഇരയാവുകയും ഒരുപക്ഷേ, നിങ്ങളുടെ സൗഹൃദത്തെത്തന്നെ ബാധിക്കുകയുംചെയ്യും.
ഫെയ്സ്ബുക്ക്വഴി നടത്തുന്ന മത്സരങ്ങളിലും പോളുകളിലും ഇത്തരം Appകള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. നിങ്ങള്‍ പലപ്പോഴും ഒരു വിശ്വസനീയമായ സ്ഥാപനത്തിന്റെ പേരില്‍ കാണുന്ന Appകള്‍ അവര്‍ക്കുവേണ്ടി ഡിസൈന്‍ചെയ്തു നല്‍കുന്നത് ഒരു ചെറുകിട കമ്പനിയായിരിക്കും.
നിങ്ങളുടെ മൊബൈല്‍ഫോണുകളില്‍ ഇന്‍സ്റ്റാള്‍ചെയ്യുന്ന അപ്ലിക്കേഷനുകളിലും ഇത്തരം അപകടങ്ങള്‍ പതിയിരിക്കുന്നുണ്ട്. നിങ്ങളുടെ ഇ മെയില്‍ പാസ്വേഡ് അടക്കം ഓട്ടോമാറ്റിക്കായി ശേഖരിക്കുന്ന ഇത്തരം സോഫ്റ്റ്വെയറുകള് മാരകമായ പ്രശ്നങ്ങളാണ് ഉണ്ടാക്കാന്‍ പോകുന്നത്. പ്രത്യേകിച്ച് നിങ്ങളുടെ സാമ്പത്തിക ഇടപാടുകളടക്കം മൊബൈലിലൂടെ നടത്തുന്ന ഈ കാലഘട്ടത്തില്‍ പോര്‍നോഗ്രഫിക് സൈറ്റുകളിലേക്കും മറ്റ് ആശ്വാസ്യമല്ലാത്ത പ്രവണതകളിലേക്കും കുട്ടികളെ നയിക്കാന്പറ്റിയ ഒരു വഴികൂടിയാണ് ഇത്തരം Appകള്‍ എന്നറിയുക. മാത്രമല്ല, നിങ്ങള്‍ സ്വകാര്യമായി ക്ലിക്ക്ചെയ്ത ഒരു ലിങ്ക് ഇന്‍ഫര്‍മേഷന്‍ നിങ്ങളുടെ ടൈംലൈനില്‍ പോസ്റ്റ്ചെയ്യുന്നതുവഴി നിങ്ങളുടെ സാമൂഹികബന്ധങ്ങളെ തകര്‍ക്കാനും ഇവയ്ക്കു കഴിയും.
സുരക്ഷിതമായ ഫെയ്സ്ബുക്ക് ഉപയോഗത്തിന്റെ ആദ്യപടിയായി ഇന്നുതന്നെ നിങ്ങളുടെ ഫെയ്സ്ബുക്ക് ഹോംപേജിന്റെ വലതുവശത്ത് മുകളില്‍ ഹോം ഓപ്ഷന് വലതുവശത്തു കാണുന്ന ഡ്രോപ്ഡൗണ് മെനുവില്‍ ക്ലിക്ക്ചെയ്യുക. അതില്‍ പ്രൈവസി സെറ്റിങ്ങിന്റെ കീഴില്‍ Apps and Website സെലക്റ്റ്ചെയ്യുക. പലരുടെയും ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ ഇത്തരം ആപ്പിന്റെ ലിസ്റ്റുകള്‍ പല പേജുകള്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. നിങ്ങള്‍ക്ക് നൂറു ശതമാനം വിശ്വസിക്കാവുന്ന ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ പരിമിതമായ ആപ്പുകള്‍ ഒഴിച്ച് എല്ലാം നീക്കംചെയ്യുക. തുടര്‍ന്ന് ഫെയ്സ്ബുക്ക് ഉപയോഗത്തില്‍ നിങ്ങളുടെ ഇന്‍ഫര്‍മേഷന്‍ ഷെയര്‍ചെയ്യുന്ന ഇത്തരം ഒരു ആപ്പ് റിക്വസ്റ്റും സ്വീകരിക്കാതിരിക്കുക. അതുപോലെ നിങ്ങളുടെ സുഹൃത്തുകള്‍ക്ക് ഇത്തരം ആപ്പ് റിക്വസ്റ്റുകള്‍ അയക്കാതിരിക്കുക.
Comments are closed.