പൗരൻ ഭരണകൂടത്തിന് താഴെ നിസ്സഹായനായി നിൽക്കുന്ന പതിവിന് വിപരീതമായ വേറിട്ട കാഴ്ചയാണ് ഡൽഹി ഭരണാധികാരി നൽകുന്നത്

154

ഡോക്ടർ ഗംഗ എസ്

കേജരിവാൾ – ഒരു ജന നേതാവ് എന്ന് കേൾക്കുമ്പോൾ തന്നെ, ആദ്യത്തെ ചോദ്യം ആൾ ഏത് പാർട്ടിയുടെ ജാതി മതത്തിന്റെ, കുലമഹിമ പാരമ്പര്യത്തിന്റെ പ്രതിനിധി കൂടിയാണ് എന്നാണ്. അതില്ലാതെ വെറും ഒരു വ്യക്തിയെപ്പോലും വിലയിരുത്താൻ സാധിയ്ക്കാത്തപ്പോൾ ആണ് രാഷ്ട്രീയ പ്രവർത്തകൻ, പോരാഞ്ഞിട്ട് മുഖ്യമന്ത്രിയും. ഒരു വ്യക്തിയുടെ ജീവിത പശ്ചാത്തലത്തിൽ അച്ഛനമ്മമാർ, മറ്റ് ബന്ധുക്കൾ, രാഷ്ട്രീയ മത ജാതി പിൻബലം, പാരമ്പര്യം ഇതെല്ലാം തന്നെ ആ വ്യക്തിയുടെ പ്രവർത്തനം കൊണ്ട്, പ്രത്യേകിച്ച് രാഷ്ട്രീയമായ ശക്തിയും ഔന്നത്യവും കൊണ്ട് അപ്രസക്തമാവുന്നിടത്തു നിന്നാണ് കേജരിവാൾ ശ്രദ്ധേയനാവുന്നത്. ഒരു ഒറ്റയാൾ പട്ടാളം. ഗോരഖ്പൂർ ഐഐടി യുടെ ഉല്പന്നം, ഐ ആർ എസ് എന്നി ഉയർന്ന വിദ്യാഭ്യാസ യോഗ്യതകൾ മാത്രം അല്ല , അങ്ങനെ എങ്കിൽ കേരളത്തിൽ തന്നെ സിവിൽ സർവീസിൽ നിന്ന് ഉൾപ്പെടെ പലരും നടത്തിയ പ്രകടനങ്ങൾ കണക്കിലെടുത്താൽ വിദ്യാഭ്യാസം ഒരു അധിക യോഗ്യത അല്ല എന്ന് കാണാം.

Image result for kejrival janasabhaകേജരിവാളിന്റെ ഭരണത്തിൽ എത്ര കുറ്റങ്ങളും കുറവുകളും സൂക്ഷ്മദർശിനി ഉപയോഗിച്ച് കണ്ട് പിടിച്ചാലും, അദ്ദേഹത്തിന്റെ ഭരണ നേട്ടങ്ങളെ മുൻകാല സർക്കാരുകളുടെ ഭരണ നേട്ടങ്ങളുടെ പിന്തുടർച്ച ആണെന്ന് കണ്ടെത്തിയാലും, അദ്ദേഹത്തിന്റെ ഭരണ കാലം എന്ന് അവസാനിയ്ക്കുന്നുവോ അന്ന് ഡൽഹി തകർച്ചയിൽ ആണെന്ന് വന്നാൽ കൂടി അതിന്റെ ഉത്തരവാദിത്തം കേജരിവാളിന് ആണെന്ന് ആരോപിച്ചാലും, ചില വസ്തുതകൾ ആർക്കും മറയ്ക്കാൻ ആവുകയില്ല. അത്‌ അദ്ദേഹം ഒറ്റയ്ക്ക് തുടങ്ങി വച്ച ഒരു പാർട്ടിയുടെ നേട്ടങ്ങൾ ആണ്. അദ്ദേഹം പൊതുമുതൽ കട്ട് വാരി കുടുംബത്തു കൊണ്ട് പോകുകയില്ല. ഇതെന്റെ രക്തം ഇതെന്റെ മാംസം എന്ന് വാഴ്ത്തി സ്ഥാനങ്ങളും സമ്പത്തും സ്തുതിപാഠകർക്കും സ്വജനത്തിനും വാരി വീതം വച്ചു കൊടുക്കില്ല. അദ്ദേഹത്തിന്റെ ഭരണം വിലയിരുത്തപ്പെ ടുമ്പോൾ രാഷ്ട്രീയ കൊലപാതകങ്ങൾ, അഴിമതി കേസുകൾ, മാനഭംഗങ്ങൾ എന്നിവ പാർട്ടിയുടെ അകൗണ്ടിൽ വരില്ല എന്ന് പ്രതീക്ഷിക്കുന്നു. അഥവാ അങ്ങനെ വന്നാൽ ആ വ്യക്തി യെ ഒഴിവാക്കി പാർട്ടി ശുദ്ധീകരിയ്ക്കും. അല്ലാതെ, വ്യക്തി സംരക്ഷണം അല്ല നടപ്പിൽ ആക്കുക.

കേജരിവാൾ മുഖ്യമന്ത്രിയായി മൂന്നാമത്തെ തവണയും ബഹുപൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നിൽ ഡൽഹിയിലെ ജനങ്ങളുടെ പിന്നോക്കാവസ്ഥ യെന്നോ നിരക്ഷരത എന്നോ വിവേചനം അനുഭവിയ്ക്കുന്ന ന്യുന പക്ഷം ഭൂരിപക്ഷമായ പ്രദേശം (81 % ഹിന്ദുക്കൾ ആണ് 13% മാത്രമേ ന്യുന പക്ഷം ഉള്ളൂ ) എന്നോ ഒന്നിലും ചാരാവുന്നതല്ല.ഡൽഹി കേന്ദ്ര ഭരണത്തിന്റെ സിരാകേന്ദ്രവും മൂക്കിന് താഴെയുമാണ്. പോലിസ് പോലും സ്റ്റേറ്റ് ഭരണത്തിന്റെ അധീനതയിലില്ല. രാഷ്ട്രീയപരമായി പ്രബലമായ പാരമ്പര്യമോ പാർട്ടിയോ കുടുംബ പേരോ മറ്റ് യാതൊരു പ്രിവിലേജും അദ്ദേഹത്തിന് ഇല്ല എന്നല്ല ഉപയോഗിച്ചിട്ടില്ല. നേരെ മറിച്ചു ബിജെപിയുടെയും കോൺഗ്രസ്ന്റെയും ശക്തി കോട്ടയാണ് ആയിരുന്നു, കേജരിവാൾ ഒറ്റയ്ക്ക് വന്നു കണ്ട് കീഴടക്കിയത്.

Image result for kejrival janasabha(ആദ്യ കാലത്ത് അണ്ണാ ഹസാരെയുടെ അനുകൂലി എന്ന അവസരം കിട്ടി എങ്കിലും. )തൂക്കു മന്ത്രിസഭയല്ല, ഡൽഹി ജനത ഏറെക്കുറെ ഒറ്റക്കെട്ടായി ചൂൽ തിരഞ്ഞെടുത്തത് എന്നതിനർത്ഥം കേജരിവാൾ ഭരണത്തിൽ ഭൂരിപക്ഷ ത്തിനും യഥാർത്ഥത്തിൽ തൃപ്തി ആണ്, കൃത്രിമ കണക്കുകളിൽ അല്ല തൃപ്തി അളക്കപ്പെട്ടത്. ഡൽഹി നിവാസികൾക്കു സൗജന്യമായി മാസം 20000 ലിറ്റർ വെള്ളം, 200 യൂണിറ്റ് വരെ വൈദ്യുതി, മൊഹല്ലു ക്ലിനിക്കുകൾ, ക്ലാസ് മുറികൾ, വനിതകൾക്ക് സൗജന്യ ബസ് യാത്ര എന്നിവ ലഭ്യമാക്കി അദ്ദേഹം സാധാരണ ജനമനസ്സുകളിലേക്ക് അനായാസം ഓടിക്കയറി.

ഇടയ്ക്ക്, വായു മലിനീകരണം രൂക്ഷമായപ്പോൾ ഒറ്റ ഇരട്ട അക്കങ്ങൾ നമ്പരുകൾ ഉള്ള വാഹനങ്ങൾ ഒന്നിരാടം നിരത്തിൽ ഇറക്കാൻ നിയന്ത്രണം ഏർപ്പെടുത്തി. അതെല്ലാം അദേഹത്തിന്റെ ജനസമ്മതി കൂട്ടിയതേ ഉള്ളൂ. നികുതി പിരിവ് കൃത്യമായി ചെയ്തു കൊണ്ട്, മിച്ച ബഡ്ജറ്റ് ഉണ്ടാക്കി. ഇന്ത്യയെ സംബന്ധിച്ച് അടുത്ത കാലത്തെ അത്ഭുതം ആണ് പ്രവർത്തനം കൊണ്ട് രാഷ്ട്രീയനേതാവ് ജനങ്ങളെ കീഴടക്കുക എന്നത്, പ്രത്യേകിച്ച് ചില വിഗ്രഹങ്ങളെ ജന മനസുകളിൽ ലാത്തി, ജലപീരങ്കി, തോക്ക്, വാചക കസർത്തു ഫുൾ പ്രതിമ, ഫ്‌ളക്‌സ് മുതലായവ ഉപയോഗിച്ച്, ബലം പ്രയോഗിച്ചു തള്ളിക്കയറ്റുന്ന കാഴ്ച പതിവ് ആയ ഇക്കാലത്തു.

ഒരു ചൂലിൽ എന്തിരിയ്ക്കുന്നു എന്ന് ചോദിയ്ക്കില്ല ഡൽഹി എങ്കിലും. ഒരു ചൂലിൽ എല്ലാം ഇരിയ്ക്കുന്നു എന്നവർ പറഞ്ഞു. ഡൽഹി യൂജീൻ തൊഴുത്തല്ല എങ്കിൽ കൂടി തൂത്ത് വൃത്തിയാക്കാൻ ഉണ്ട് ചിലയിടങ്ങളിൽ. അഴിമതിയുടെ പൊത്തുകളിൽ. അതൊരു അടയാളം ആണ് ചിഹ്നം ആണ്, വൃത്തിയാക്കലിന്റെ. ‘ചൂൽ ‘ ഒരു കെട്ടു ഈർക്കിലുകളുടെ സമാഹാരമാണെങ്കിൽ, അത്‌ കേജരിവാൾ എന്ന ചരട് ഉപയോഗിച്ച് കെട്ടി വച്ച ഒന്നാണ്.

ആം ആദ്മി എന്നത് സാധാരണക്കാരൻ എന്ന അർത്ഥം ഉള്ളത് കൊണ്ട് കമ്മ്യൂണിസവുമായി സൈദ്ധാന്തികമായി ചേർന്ന് നിൽക്കുന്നെങ്കിലും, ഇന്നത്തെ അവസ്ഥയിൽ രണ്ടും തമ്മിൽ പ്രായോഗികമായി കടലും കടലാടിയും തമ്മിലുള്ള വ്യത്യാസം ഉണ്ട്. കമ്മ്യൂണിസത്തിൽ കാലങ്ങളായി കെട്ടി നിന്നോ ഒഴുക്ക് നിലച്ചോ അടിഞ്ഞു കൂടിയ കീടങ്ങളും മാലിന്യങ്ങളും ആം ആദ്മി പാർട്ടിയിൽ എത്തുമ്പോൾ ശുദ്ധീകരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ആം ആദ്മി പേര് തെറ്റിദ്ധാരണ ഉണ്ടാക്കുന്നത് ആണെങ്കിലും ഔരത്തിനും പരിഗണന കിട്ടുന്ന ഇടം ആണ്. അങ്ങനെ അത്‌ ആം ഔരത് പാർട്ടി കൂടി ആണ്. അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത മാത്രം അല്ല അതിന്റെ ഗുണനിലവാരവും മേന്മയും ആണ് സാധാരണ ജനങ്ങളുടെ ജീവിത നിലവാരം നിശ്ചയിയ്ക്കുന്നത്. വികസനം എന്നതിനെ പൊതു ജനം അഴിമതി എന്ന് ധരിച്ചു വച്ചേക്കുന്നുണ്ട് . അതിൽ സത്യം ഉണ്ട് താനും. പൗരൻ ഭരണകൂടത്തിന് താഴെ നിസ്സഹായമായി നിരായുധനായി കിടക്കുന്ന പതിവിന് വിപരീതമായി വേറിട്ട കാഴ്ചയാണ് ഡൽഹി ഭരണാധികാരി നൽകുന്നത്. ഭാവിയിൽ , ഒരു സംസ്ഥാന മുഖ്യമന്ത്രി പ്രധാനമന്ത്രി ആയ ചരിത്രം ഉള്ള നമുക്ക് വീണ്ടും ഒരു മുഖ്യമന്ത്രി പ്രധാനമന്ത്രി ആവുന്നതിൽ അപാകതകളില്ല എന്ന് ചിന്തിച്ചു നോക്കുന്നതിൽ കുഴപ്പമില്ല, എങ്കിലും അത്രയും ബൃഹത്തായ ഒരു പദ്ധതിയ്ക്ക് വേണ്ടുന്ന ആൾബലമോ സംഘടനാ ശക്തി യോ സമർഥ്യ പാടവമോ ഉള്ള ഉപ നേതാക്കളോ അണികളോ കേജരിവാളിന്റെ സഹായത്തിനു തല്ക്കാലം ഇല്ല.

മാത്രം അല്ല അഴിമതിയിൽ വേരിറങ്ങി ഉറച്ചു പോയ സ്ഥിരം താപ്പാനകൾ കളം സ്വന്തം ആക്കിയിരിക്കുന്ന മിക്ക സംസ്ഥാനങ്ങളും ഒന്നേ ന്ന് ഉഴുതു മറിച്ചു പുതിയ അവബോധത്തിന്റെ വിത്തിറക്കുക എന്നത് സാഹസം ആണ്. സമയം വേണം. ഉത്തരത്തിൽ ഇരിയ്ക്കുന്നത് എടുക്കാൻ ശ്രമിയ്ക്കുമ്പോൾ അത്‌ വഴുതി വീഴുകയോ പിടി തരാതിരിയ്ക്കുക ചെയ്യുകയും ഒപ്പം കക്ഷത്തിൽ ഇരിയ്ക്കുന്നത് ഉറപ്പായും വീഴുകയും ചെയ്യും എന്ന് വന്നാൽ. ഈ പാഠം കേജരിവാളിന് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. അങ്ങനെ സംസ്ഥാന നേതാവിനെ ദേശീയതയിലേക്ക് ആകർഷിച്ചു ഒന്നും അല്ലാതാക്കാൻ ഇല്ലാതാക്കാൻ തല്പര കക്ഷികൾ നിഷ്കളങ്ക ഭാവേന എങ്കിലും ശ്രമിച്ചു കൂടായ്കയില്ല. അതിൽ അദ്ദേഹം തല വച്ചു കൊടുക്കുമോ അങ്ങനെ സംഭവിച്ചാൽ തല പോകുമോ അതോ മുഴുവനും കിട്ടുമോ പോകുമോ എന്നൊക്കെ വരും കാലം പറഞ്ഞു തരും. ദേശീയ നേതൃ നിരയിലേയ്ക്ക് വരണം എങ്കിൽ തല്ക്കാലം ഡൽഹി സത്യസന്ധത ഉള്ള വിശ്വസ്തർ കൂടി ആയ ആരെയെങ്കിലും ഏല്പിച്ചിട്ട്. ആം ആദ്മി യുടെ പ്രചാരകൻ ആയി പാർട്ടിയെ ശക്തിപ്പെടുത്താൻ ആൾ നേരിട്ട് ഇന്ത്യ ആകെ സഞ്ചരിയ്ക്കേണ്ടതുണ്ട്.

എങ്ങനെ ആയാലും, ഒരു വ്യക്തി ഒരു സ്ഥാനത്തു നിന്ന് വിരമിയ്ക്കുമ്പോൾ ആത്മനിന്ദയോ കുറ്റബോധമോ മനസാക്ഷി കുത്തോ തോന്നുന്നിടത്തു നിന്നാണ് അയാൾ ചെയ്തിരുന്നത് മനഃപൂർവം ആയ തെറ്റുകൾ ആയിരുന്നു എന്ന് മനസ്സിൽ ആവുക. ആ തോന്നൽ ഇല്ലാതെ സ്വ സ്ഥാനത്ത് നിന്ന് വിരമിച്ചു പോകാൻ സാധിയ്ക്കുന്നവരിൽ ഒരാൾ തീർച്ചയായും കേജരിവാൾ ആണ്.
രാഷ്ട്രീയത്തിൽ ശത്രുക്കൾ ആശയത്തെ ആശയം കൊണ്ടല്ല നേരിടുന്നത്, ആശയം ഉല്പാദിപ്പിയ്ക്കുന്ന ഫാക്ടറി തന്നെ ഇല്ലാതാക്കി കൊണ്ടാണ്. കേജരിവാൾ സ്വന്തം സുരക്ഷയിലും കൂടുതൽ ശ്രദ്ധിയ്‌ക്കേണ്ടിയിരിയ്ക്കുന്നു, പ്രത്യേകിച്ച് ശത്രുക്കൾ ശക്തരും അധികാര ഭ്രാന്ത് പിടിച്ചവരും ആയത് കൊണ്ട്. മടിയിൽ കനം ഇല്ലെങ്കിലും ചിലപ്പോൾ വഴിയിൽ പേടിയ്ക്കണം.

Nb : ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും വക്താവോ വക്കാലത്തു ഏറ്റെടുത്ത ആളോ അല്ല. മുൻ‌കൂർ ജാമ്യം.
ഗംഗ എസ്