ശല്യതന്ത്രം ഒരു ശല്യമാകുമ്പോൾ…

54

ഡോ.കെ.പി.മോഹനൻ

ശല്യതന്ത്രം ഒരു ശല്യമാകുമ്പോൾ…

ആയുർവേദത്തിലെ രണ്ട് ചികിത്സാ വിഭാഗങ്ങളാണ് ഔഷധ പ്രാധാനമായ ചരകവും ശസ്ത്രക്രീയ പ്രധാനമായ സുശ്രുതവും. ബി.സി. എട്ടിനും ആറിനും ഇടയിൽ ജീവിച്ചിരുന്ന സുശ്രുതനാണ് സുശ്രുത സംഹിതയുടെ രചയിതാവ്. ശദാബ്ദങ്ങളിലെ കൂട്ടിചേർക്കലുകളുൾപ്പെടെ പിൽക്കാലത്ത് നാഗാർജുനൻ സുശ്രുത സംഹിത ക്രോഡീകരിച്ചു. പൂർവ്വസംഹിതയും ഉത്തര സംഹിതയും അടങ്ങുന്ന സുശ്രുത സംഹിതയിൽ ആകെ 186 ആദ്ധ്യായങ്ങൾ ഉണ്ട്. ഇതിൽ പറയുന്ന ശസ്ത്രക്രീയ രീതികളാണ് ശല്യതന്ത്രം (ജനറൽ സർജറി), ശാലക്യതന്ത്രം(ചെവി, കണ്ണ്, മൂക്ക്, ശിരസ് എന്നീ ഭാഗങ്ങളിലെ സർജറി)എന്നിവ. അനസ്തീഷ്യ എന്നത് മദ്യം, കഞ്ചാവ്, എന്നിവയായിരുന്നു. എന്നാലും അന്നത്തെ ഏറ്റവും വലിയ അനസ്തീഷ്യ ബലമായി കൈകാലുകൾ കെട്ടിയിടൽ തന്നെയായിരുന്നു. 1120 തരം രോഗങ്ങളെയും, 700ഓളം ഔഷധ സസ്യങ്ങളെയും 64 ഔഷധ ധാധുക്കളെയും കുറിച്ച് ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഹെർണിയ, ഭഗന്ഥരം തുടങ്ങിയ നമുക്ക് പരിചിതമായ രോഗങ്ങളെ കുറിച്ചുമുണ്ട്. അടർന്ന് പോയമൂക്കിനെയൊക്കെ മറ്റ് ഭാഗങ്ങളൊക്കെ വെട്ടിയെടുത്ത് തുന്നിപ്പിടിപ്പിക്കുന്ന …ഇപ്പോഴത്തെ മോഡേൺ മെഡിസിനിലെ പ്ലാസ്റ്റിക് സർജറിയുടെ പുരാതന ആശയങ്ങളൊക്കെ സുശ്രുത സംഹിതയിൽ ഉണ്ടെന്നുള്ളത് വസ്തുതയാണ്. ഇത്തരത്തിലുള്ളതൊ അല്ലെങ്കിൽ കുറച്ച് വ്യത്യസ്തമായതോ ആയ പലതരത്തിലുള്ള ചികിത്സവിധികൾ ലോകമെമ്പാടും പല സംസ്ക്കാരങ്ങളുടെ ഭാഗമായി ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. മനുഷ്യന്റെ അതിജീവനത്തിന്റെ ഭാഗമായി 2500 വർഷം മുമ്പ് തന്നെ ശസ്ത്രക്രീയ സമ്പ്രദായങ്ങളിൽ അറിവുണ്ടായിരുന്ന സുശ്രുതനെ ആധുനിക ലോകം ശസ്ത്രക്രീയയുടെ പിതാവ് എന്ന് വിളിച്ച് ആദരിക്കുന്നതിൽ അതിശയോക്തി ഇല്ലതന്നെ…പക്ഷെ ഇപ്പോഴും അതിലൊക്കെ തന്നെ ഊറ്റം കൊണ്ട്, ഒരു പരിഷ്ക്കാരവും വരുത്താതെ, എല്ലാത്തിനും പ്രതിവിധി അതിൽ തന്നെ ഉണ്ട് എന്നുള്ള അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുകയും കപട വൈദ്യന്മാർക്ക് കുടപിടിക്കുകയും ചെയ്യുന്ന ഒരു വലിയ ജനവിഭാഗം നിലനിൽക്കുന്ന രാജ്യമാണ് നമ്മുടേത്…അതിനെയൊക്കെ നിയമങ്ങളാക്കി മാറ്റുന്ന ഭരണകൂടങ്ങളും…

പറഞ്ഞു വന്നത് നവംബർ 20 ലെ ഒരു ഗസറ്റഡ് നോട്ടിഫിക്കേഷൻ ആണ്.. ആയുഷിന്റെ അധീനതയിലുള്ള Central Council of Indian Medicine (CCIM) ആണ് ഈ നോട്ടിഫിക്കേഷൻ ഇറക്കിയത്. ബിരുദാനന്തര ബിരുദമുള്ള ആയുർവേദ ഡോക്ടർമാർക്ക് 39 തരത്തിലുള്ള ജനറൽ സർജറികളും 19 തരത്തിലുള്ള ഇ.എൻ.റ്റി സർജറികളും ചെയ്യാനുള്ള അനുവാദം നൽകികൊണ്ടുള്ള ഉത്തരവാ‍യിരുന്നു അത്. “ആധുനിക വൈദ്യത്തിന്റെ രീതികളെ പിൻ‌വാതിലൂടെ കൊള്ളയടിക്കുന്ന പരിപാടിയാണെന്നും, ഒരു പിന്തിരിപ്പൻ ആശയമാണെന്നുമാണ്” ഇതിനെ വിമർശിച്ചു കൊണ്ട് ഐ.എം.എ പറഞ്ഞത്. മാത്രമല്ല അത്തരം സർജറികൾ ആയുർവേദത്തിന്റെ പുരാതന ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ള രീതിയിലുള്ളതാവണമെന്നും അല്ലാതെ മോഡേൺ മെഡിസിനിൽ നിന്ന് മോഷ്ടിക്കുകയല്ല വേണ്ടത് എന്നും പ്രസ്താവന ഇറക്കിയിട്ടുണ്ട്.

1671ൽ ലീവൻ ഹോക്ക് മൈക്രോസ്കോപ്പ് കണ്ടു പിടിച്ചതോടെ സൂക്ഷ്മ പ്രപഞ്ചം ഗോചരമായി…ലൂയി പാസ്റ്ററിന്റെ അണുസിദ്ധാന്തത്തിലൂടെ സർജറി കെട്ടുകഥകളുടേയും അന്ധവിശ്വാസങ്ങളുടേയും അർദ്ധ സത്യങ്ങളുടേയും ചങ്ങലകൾ ഭേദിച്ച് അതിന്റെ ഔന്നിത്യങ്ങളിലേയ്ക്ക് യാത്ര ആരംഭിച്ചു..അതോടൊപ്പം അനസ്തീഷ്യ ശാസ്ത്രവും… Freidrich Wilhelm Adam Serturner 1850 കളിൽ ഒപ്പിയം (കറുപ്പ്) ചെടികളിൽ നിന്ന് മോർഫിൻ വേർതിരിച്ചു. മോർഫിൻ കണ്ട് പിടിത്തത്തോടെ അനസ്തീഷ്യ രംഗം മോർഫിൻ കയ്യടക്കി… ഫിനോൾ എന്ന കാർബോണിക് ആസിഡ് ആയിരുന്നു ആദ്യകാല ആധുനിക സർജറികളിൽ അനസ്തീഷ്യ ആയി ഉപയോഗിച്ചത്..പിന്നീട് ഈഥർ ഉപയോഗിച്ചു…1925 ൽ മഹാത്മാ ഗാന്ധിക്ക് അപ്പന്റിക്സ് സർജറി നടത്തിയപ്പോൾ അനസ്തീഷ്യ ആയി ഉപയോഗിച്ചത് ഈഥറാണ്… ഇന്ന് propofol, lidocaine, Diprivan തുടങ്ങി ഒരു പാട് മരുന്നുകൾ അനസ്തീഷ്യയ്ക്ക് ഉപയോഗിക്കുന്നു. അതു കൊണ്ട് തന്നെ ആധുനിക സർജറികൾ ഒരു നേരിയ വേദന പോലും അറിയിക്കാതെ അണു വിമുക്തമായി അനേകം ജീവനുകൾ ഒരുപാട് കാലത്തേയ്ക്ക് കൂടി നീട്ടി കൊടുത്തു കൊണ്ടിരിക്കുന്നു…ഇതിനിടയിൽ പഴമയുടെ ഊറ്റം പറഞ്ഞ് കപട വൈദ്യന്മാർക്ക് താക്കോൽ ഏൽപ്പിക്കുന്നത് പിന്തിരിപ്പൻ തന്നെയാണ്….ജനങ്ങളെ ചതിക്കലാണ്…സർവോപരി അശാസ്ത്രീയമാണ്..എണ്ണേം തൈലവും തടവലും പിഴിച്ചിലുമൊക്കെ ഓക്കെ…അത്ര മതി.. അല്ലാതെ ആധുനിക മാനവന്റെ നെഞ്ചിൽ കത്തി വയ്ക്കാനുള്ള പഴമകളുടെ മോഹം അനുവദിക്കാൻ പാടില്ല തന്നെ..എ.വി.