ഗോമൂത്രം കുടിച്ചാൽ കാൻസർ മാറുമോ ?

571

ഡോ.സുരേഷ് സി പിള്ള എഴുതുന്നു

ഗോ മൂത്രവും പഞ്ചഗവ്യവും (ചാണകം, ഗോമൂത്രം, പാല്, നെയ്യ്, തൈര്) കഴിച്ചാണ് തന്റെ സ്തനാർബുദം മാറിയതെന്ന് ഭോപ്പാലിലെ സ്ഥാനാർഥി പ്രഗ്യാ സിംഗ് താക്കൂർ. ഇതിൽ വാസ്തവം ഉണ്ടോ?

ഇല്ല എന്നാണ് പെട്ടെന്നുള്ള ഉത്തരം.

കാരണം മൂത്രം, ‘മൂത്രം’ ആണ് അത് മനുഷ്യന്റെ ആയാലും, ആനയുടെയോ, കഴുതയുടെയോ, പോത്തിന്റെയോ, പുലിയുടെയോ, പശുവിന്റെയോ ആയാലും.

സുരേഷ് സി പിള്ള
സുരേഷ് സി പിള്ള

ഗോ മൂത്രം സർവ്വ രോഗ സംഹാരി എന്ന രീതിയിൽ വൻ തോതിൽ പ്രചാരണം നടക്കുന്നു. രാജസ്ഥാനിലെ ഗവണ്മെന്റ് ഹോസ്പിറ്റലുകളിൽ ക്ലീനിങ്ങിനായി ഗോ മൂത്രം ഉപയോഗിക്കുന്നു, തുടങ്ങിയ വാർത്തകൾ നമ്മൾ കണ്ടതാണ്. ഗോ മൂത്രത്തിനു ചില നല്ല ഗുണങ്ങൾ ഇല്ലാതില്ല (ഉദാഹരണത്തിന് ആന്റി-ബാക്റ്റീരിയൽ പ്രവർത്തനം) എന്നാൽ ഇതിനു പല അഹിതകരമായ സവിശേഷതകളും ഉണ്ട്. ആദ്യം തന്നെ പറയട്ടെ, ഇതൊരു രാഷ്ട്രീയ പോസ്റ്റല്ല, അംഗീകൃത ശാസ്ത്ര ജേർണലുകളിൽ പ്രസിദ്ധീകൃതമായ ചില പ്രബന്ധങ്ങളുടെയും വാർത്തകളുടെയും ഒരു അവലോകനം മാത്രം ആണ്.

ഇനിയുള്ള കാര്യങ്ങൾ പാഠം ഒന്ന് പുസ്തകത്തിൽ നിന്നും (ചാപ്റ്റർ 7 പേജ് 25).

എന്താണ് മൂത്രം?
ആഹാര ദഹന പ്രക്രിയയ്ക്ക് ശേഷം ‘കിഡ്ണി’ (വൃക്ക) യുടെ അരിക്കൽ നടന്നു കഴിഞ്ഞു വരുന്ന ദ്രാവക രൂപത്തിലുള്ള ‘വേസ്റ്റ് (waste)’ ആണ് മൂത്രം. വെള്ളത്തിൽ ലയിക്കുന്ന പലതരം വേസ്റ്റ് കെമിക്കലുകളെ ശരീരം പുറന്തള്ളുന്നത് മൂത്രത്തിൽ കൂടിയാണ്. മൂത്രത്തിൽ 90-96% ൽ വരെ വെള്ളമാണ്. കൂടാതെ പല തരത്തിലുള്ള രാസപദാർത്ഥങ്ങളും മൂത്രത്തിൽ ഉണ്ടെങ്കിലും nitrogenous (നൈട്രജൻ അടങ്ങിയ) wastes ആയ യൂറിയ, യൂറിക് ആസിഡ് , ക്രിയാടിനിൻ (creatinine) തുടങ്ങിയവയാണ് മിക്കവാറും എല്ലാ സസ്തിനികളുടെയും മൂത്രത്തിൽ അടങ്ങിയിരിക്കുന്നത്. ഇതു കൂടാതെ, വളരെ ചെറിയ അളവിൽ ശരീരത്തിൽ ഉല്പാദിപ്പിക്കുന്ന പലതരത്തിലുള്ള ഹോർമോണുകൾ, മാംസ്യം (Protein), പലതരത്തിലുള്ള ഓർഗാനിക്, ഇനോർഗാനിക് സംയുക്തങ്ങളും മൂത്രത്തിൽ ഉണ്ടാവും. ഇവയുടെ അളവുകൾ ആഹാരം കഴിച്ചതനുസരിച്ചു മാറ്റം വരാം. ഒരു ലിറ്റർ മനുഷ്യ മൂത്രത്തിലെ മൂലകങ്ങളുടെ അളവ് കാർബൺ 6.8 g, നൈട്രജൻ 8.12 g, ഓക്സിജൻ 8.2 g , ഹൈ ഡ്രജൻ 1.5 g എന്നിങ്ങനെയാണ്.

ഗോ മൂത്രത്തിന്റെ ഗുണങ്ങൾ എന്തൊക്കെ?
ഗോ മൂത്രത്തിന്റെ ‘ആന്റി-ബാക്റ്റീരിയൽ ആക്ടിവിറ്റി (ബാക്റ്റീരിയയെ കൊല്ലാനുള്ള കഴിവ്) യെ ക്കുറിച്ചു ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. 2012 ൽ നടന്ന ഒരു ഗവേഷണ പടനാപ്രകാരം (ref: Antimicrobial Activities of Cow Urine Against Various Bacterial Strains Anami et al. Int J Recent Adv Pharm Res, 2012;2(2):84-87 ISSN: 2230-9306;) ഗോ മൂത്രം Staphylococcus aureus, Escherichia coli, Pseudomonas fragi, Bacillus subtilis, Streptococcus agalactiae and Proteus vulgaris തുടങ്ങിയ ബാക്റ്റീരിയകളെ നശിപ്പിക്കാൻ പ്രാപ്തിയുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പക്ഷെ പല പശുക്കളിൽ നിന്നെടുത്ത മൂത്രത്തിന് പല തരത്തിലുള്ള പ്രവർത്തന ശേഷി ആണ് കാണിച്ചത് (ഗോ മൂത്രത്തിലുള്ള കെമിക്കലുകളുടെ വ്യതിയാനമാണ് ഇതിനു കാരണമായി പറഞ്ഞത്). രണ്ട് US പേറ്റന്റുകളും U.S. Patents (No. 6,896,907 and 6,410,059) ഇതിനായി അവാർഡ് ചെയ്തിട്ടുണ്ട്.

ഗോ മൂത്രത്തിന് ക്യാൻസർ പ്രതിരോധിക്കാനുള്ള കഴിവുണ്ടോ?
അമേരിക്കയിലെ ക്യാൻസർ ഗവേഷണത്തിന് പ്രശ സ്ഥമായ Mayo ക്ലിനിക്കിലെ Dr. Donald Hensrud പറയുന്നത് “I think I’m perfectly comfortable in saying that I’m aware of no data that cow’s urine — or any other species’ urine — holds any promise … in treating or preventing cancer,” (അതായത്, ഗോ മൂത്രം എന്നല്ല, ഒരു തരം മൂത്രവും, ഇതുവരെ ക്യാൻസർ ചികിത്സക്ക് ഫലപ്രദമായി കണ്ടിട്ടില്ല എന്ന്). (Reference: http://www.livescience.com/42529-cow-urine-health-benefits-…).

ഗോ മൂത്രം കുടിക്കാമോ?

ഒരിക്കലും അരുത് എന്നാണ് പഠനങ്ങൾ കാണിക്കുന്നത്. കുടിക്കുക മാത്രമല്ല മറ്റു വസ്തുക്കളിൽ കലർത്തി കഴിക്കുകയും ചെയ്യരുത്. കാരണം ഗോ മൂത്രം വഴി പല മാരക രോഗങ്ങളും പകരാം എന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത് . ഓസ്ട്രെലിയയിലെ സിഡ്ണി യൂണിവേഴ്സിറ്റിയിലെ അസ്സോസിയേറ്റ് പ്രൊഫസർ (associate professor in veterinary biostatistics and epidemiology) ആയ Dr. Navneet Dhand, പറയുന്നത് “three diseases prevalent in India that could potentially be transmitted to people in the raw urine of infected cows: leptospirosis, which can cause meningitis and liver failure; arthritis-causing brucellosis; and Q-fever, which can cause pneumonia and chronic inflammation of the heart.” (https://www.bloomberg.com/…/cow-urine-can-sell-for-more-tha…). അല്ലെങ്കിൽ തന്നെ ഒരു ജീവിയുടെ വൃക്ക അരിച്ചു തിരസ്കരിച്ച മാലിന്യങ്ങൾ വേറൊരു ജീവിക്ക് കുടിക്കാൻ കൊടുക്കുന്നത് സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ലല്ലോ. ഗോ മൂത്രത്തിന്റെ ഗുണഗണങ്ങളെ പറ്റിയുള്ള പല റിപ്പോർട്ടുകളും വേണ്ട രീതിയിലുള്ള ക്ലിനിക്കൽ ട്രയലുകൾ നടത്താതെയുള്ളതും അപകടകരമാം വിധം വഴി തെറ്റിക്കുന്നതാണ്. ആയതിനാൽ തത്ക്കാലം ഗോ മൂത്രം അടുക്കള തോട്ടത്തിലെ ചെടികൾക്ക് നിയന്ത്രിതമായ തോതിൽ വളമായി മാത്രം ഉപയോഗിക്കുക.

References (കൂടുതൽ വായനയ്ക്ക്)

പാഠം ഒന്ന് (Paadam Onnu Book ചാപ്റ്റർ 7 പേജ് 25); (http://www.indulekha.com/paadam-onnu-self-help-suresh-c-pil…)

A. Sathasivam, M. Muthuselvam, and R. Rajendran, “Antimicrobial activities of cow urine distillate against some clinical pathogens,” Global Journal of Pharmacology, vol. 4, no. 1, pp. 41–44, 2010.

S. A. Mandavgane, A. K. Rambhal, and N. K. Mude, “Development of cow urine based disinfectant,” Natural Product Radiance, vol. 4, pp. 410–412, 2005.

R. A. Elegbe; D. D. O. Oyebola (1977). “Cow’s urine poisoning in Nigeria: cardiorespiratory effects of cow’s urine in dogs”. Transactions of the Royal Society of Tropical Medicine and Hygiene. 71 (2): 127–132. doi:10.1016/0035-9203(77)90076-1. Retrieved 29 March 2015.

Cow urine to be used to clean Rajasthan government hospitals”. India Today. 5 May 2015. Retrieved 9 May 2015. http://indiatoday.intoday.in/…/cow-urine-raja…/1/433666.html

Anami et al. Int J Recent Adv Pharm Res, 2012;2(2):84-87 ISSN: 2230-9306; www.ijrapronline.com 84 Antimicrobial Activities of Cow Urine Against Various Bacterial Strains

http://nirmukta.com/…/cows-excreta-as-medicine-insult-to-hu…. Cow’s Excreta as Medicine: Insult to Humanity

“Don’t use cow urine to treat infant epilepsy, Kwara warns mothers”. Premium Times. 2 February 2013. Retrieved 29 March 2015.
(http://www.premiumtimesng.com/…/118417-dont-use-cow-urine-t…)

Efficacy of Cow Urine as Plant Growth Enhancer and Antifungal Agent, Advances in Agriculture
Volume 2015 (2015), Article ID 620368, http://dx.doi.org/10.1155/2015/620368

A. B. Basak, M. W. Lee, and T. S. Lee, “Inhibitive activity of cow urine and cow dung against Sclerotinia sclerotiorum of cucumber,” Mycobiology, vol. 30, no. 3, pp. 175–179, 2002.

Advertisements