അമേരിക്കയെ കൊറോണ വിഴുങ്ങുമ്പോൾ ട്രംപിന്റെ വീണ വായന

66

Dona Mayoora (യു.എസ്.എ )

*

ഇറാനെ ട്വിറ്ററിൽ ചൊറിഞ്ഞുകൊണ്ടിരിക്കുന്നു അമേരിക്കൻ പ്രസിഡന്റ്. സ്വന്തം രാജ്യത്തെ കൊറോണ വൈറസ് കീഴടക്കികൊണ്ടിരിക്കുന്നു. ഗവണറുടെയും മേയറുടെയും ശ്രമഫലമായി ന്യൂയോർക്കിൽ ആർമി കോർപ്പ് എഞ്ചിനിയേഴ്സ് വന്ന് ഹോട്ടലുകളും ഡോർമുകളും ആശുപത്രിമുറികളാക്കി സജ്ജീകരിക്കുന്നു. സെന്റർ പാർക്കിൽ ഫീൽഡ് ഹോസ്പിറ്റലുകൾ ഉയരുന്നു. ആശുപത്രികൾ കൊവിഡ് ബാധിതരെ ചികിത്സിക്കാൻ കിണഞ്ഞ് ശ്രമിച്ചുകൊണ്ടിരിക്കുന്നു. എങ്കിലും ഡോക്ടർമാരും നേഴ്‌സുകളും ആവശ്യത്തിന് ഫെയിസ് മാസ്ക്കുകൾ പോലുമില്ലാതെ അവരുടെ ജീവൻ പണയം വച്ചാണ് രോഗികളെ പരിചരിക്കുന്നത്. ഒരു ഫെയിസ് മാസ്ക്ക് ഒന്നിലധികം ദിവസമാണ് പലരും ഉപയോഗിക്കുന്നതെന്ന് ചാനലുകൾക്ക് കൊടുക്കുന്നു ഇന്റർവ്യൂവിൽ അവർ പറയുന്നു. കാൻസർ രോഗിയായ മകൾ വീട്ടിൽ ഉള്ളത് കൊണ്ട് ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച് ജോലിക്ക് പോകുന്ന അമ്മയായ നഴ്സ്. ചെറിയ കുട്ടികൾ വീട്ടിൽ ഉള്ളത് കൊണ്ടും ഈ വൈറസിന്റെ കാഠിന്യം അറിയുന്നത് കൊണ്ടും വീടിനു പുറത്ത് ടെന്റടിച്ച് താമസിച്ച് ആശുപത്രിയിലേക്ക് പോകുന്ന ഡോക്ടർ. ഇവരിലൊക്കെ അവശേഷിക്കുന്നത് വർക്ക് എതിക്‌സും മനുഷ്യത്വവുമാണ്.

അതേസമയം അമേരിക്കൻ പ്രസിഡന്റ് കൂടുതൽ വിഡ്‌ഢിത്തരം എഴുന്നളിച്ച് സ്വന്തം മുഖം മിനുക്കി വയ്ക്കാൻ നോക്കുന്നു. ഇടയ്ക്ക് ഇമ്പീച്മൻറ്റ് വന്നത് കൊണ്ട് വൈറസ് വിഷയത്തിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ലത്രെ! യു.എസ്സ് ഇന്റലിജൻസ് കമ്മ്യൂണിറ്റിയും സയന്റിസ്റ്റുകളും മാസങ്ങളായി ഈ വിപത്തിനെ പറ്റി മുന്നറിയിപ്പ് കൊടുക്കുന്നു. ട്രമ്പിന് രണ്ട് ദിവസം മുന്നേയാണ് ബോധോദയം ഉണ്ടായത്. വേണ്ടരീതിയിൽ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ ഈ വൈറസ് രണ്ട് ലക്‌ഷ്യം അമേരിക്കക്കാരുടെ മരണത്തിന് ഇടയാക്കിയേക്കും എന്ന റിപ്പോട്ട് വന്നതോടെ.
ഗ്രോസറി ഷോപ്പുകളുടെ ഷെൽഫുകൾ ഒഴിഞ്ഞ് കിടന്നപ്പോൾ അതിനു കാരണക്കാരായ ജനങ്ങളെ ട്രോൾ കൊണ്ട് പരിഹസിച്ചവർ ഇപ്പോൾ അന്തം വിടുന്നുണ്ടാവും. വീട്ടിനുള്ളിൽ നിന്നും പുറത്തേക്ക് ഇറങ്ങാനാവാതെ ഇരിക്കേണ്ടിവരുമെന്ന്, അവരെ രക്ഷിക്കാൻ അവരല്ലാതെ മറ്റാരും ഇല്ലെന്നും ഗ്രോസറി ഷോപ്പുകൾ കാലിയാക്കിയവർക്ക് അറിയുമായിരുന്നു. സെയിൽ കൂട്ടിയത് ഷോപ്പിംഗ് സെന്ററുകളിൽ മാത്രമല്ല. തോക്ക് വിൽക്കുന്ന ഇടങ്ങളിലുമാണ്. തോക്ക് വിൽപ്പന കുതിച്ചുയർന്നു. എന്തിനെയും ആയുധമെടുത്ത് തോൽപ്പിക്കുന്നത് മാത്രം കണ്ട് ശീലിച്ച മറ്റൊരു വിഭാഗം വൈറസിനെ വെടിവെച്ചിടാമെന്ന് കരുതി കാണും!

യു.എസിന്റെ പാൻഡെമിക് റെസ്പോൺസ് ടീമിനെ 2018ൽ ചിലവ് ചുരുക്കലിന്റെ ഭാഗമായി പിരിച്ച് വിട്ടിരുന്നു. ഈ വൈറസ് വ്യാപനം ഉണ്ടായപ്പോൾ അതിനെതിരെ ഉടനടി പ്രതിരോധിക്കാൻ അമേരിക്കയ്ക്ക് കഴിയാതെ പോയതിന്റെ ആദ്യകാരണം അതാണ്. ബാക്കിയുള്ളതൊക്കെ അതിന്റെ തുടർച്ചകൾ മാത്രം. ഇപ്പോൾ അമേരിക്കയിൽ യുദ്ധകാലയടിസ്ഥാനത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ ഫെബ്രുവരിമുതൽ തുടങ്ങണമായിരുന്നു. ഫെബ്രുവരിയിൽ ഫ്ലൂ വന്ന് മരിച്ചതെന്ന് കരുതിയിരുന്ന പലർക്കും കൊവിഡ് ബാധയായിരുന്നിരിക്കണം എന്നാണ് ഇപ്പോൾ ചില ഡോക്ടർമാർ പറയുന്നത്. ഇവിടെ അടുത്ത മൂന്ന് നാല് ആഴ്ച്ചകൾ ക്രിട്ടിക്കലാണ്. ഉയർന്നു വരുന്ന മരണസംഖ്യ കണ്ട് ഇപ്പോൾ തന്നെ ആളുകൾ ആശങ്കയിലാണ്.

ഇവിടെയിരുന്ന് ഇതൊക്കെ കാണുമ്പോൾ കേരളം നടത്തുന്ന പ്രതിരോധപ്രവർത്തനം കണ്ട് ഞാൻ അഭിമാനിക്കുന്നു. ഇവിടെയുള്ള സുഹൃത്തുകളോട് ആദ്യ കൊവിഡ് പോസിറ്റീവ് കേസ് മുതൽ കേരളം കൈകൊണ്ട നിലപാടും നടത്തി വരുന്ന പ്രതിരോധ പ്രവർത്തനങ്ങളെ പറ്റിയും പറയുമ്പോൾ അവർക്ക് അതിശയമാണ്. ഈ കാലം, ഇങ്ങനെ രണ്ടിടങ്ങൾ…