യുദ്ധത്തെ പ്രണയിക്കരുതേ !

0
1164
നാല്പത്തിനാല് സൈനികരുടെ ദാരുണമരണത്തിനിടയാക്കിയ പുൽവാമഭീകരാക്രമണത്തിനു (14-02-2019)  തിരിച്ചടിയായി  അതിന്റെ പന്ത്രണ്ടാംദിവസം (26-02-2019) പാകിസ്താനിലെ  ജെയ്ഷെ മുഹമ്മദിന്റെ ഭീകരക്യാമ്പുകൾക്കു നേരെ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തോടെ രണ്ടുരാജ്യങ്ങൾക്കുമിടയിൽ സംജാതമായ യുദ്ധാന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ആർട്ടിക്കിൾ എഴുതുന്നത്.
ഇന്ത്യയുടെ 12 ഫ്രഞ്ച് നിർമ്മിത മിറാഷ്-2000 വിമാനങ്ങൾ ബാലാക്കോട്ടിലെ പ്രധാനഭീകരക്യാമ്പിലും പാക് അധിനിവേശ കാശ്മീരിലെ മുസഫറാബാദിലെയും ചകോട്ടിയിലേയും ക്യാമ്പുകളിലും നടത്തിയ ആക്രമണത്തിൽ മുന്നൂറിലേറെ ഭീകരവാദികൾ കൊല്ലപ്പെട്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി.എന്നാൽ ഇന്ത്യൻ വിമാനങ്ങൾ അതിർത്തി ലംഘനം നടത്തിയതല്ലാതെ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടാക്കിയിട്ടില്ലെന്നു പാകിസ്താൻ വെളിപ്പെടുത്തുകയുണ്ടായി. ആക്രമണം നടന്നെങ്കിലും ആളപായത്തിന്റെ കാര്യത്തിൽ യാതൊരു വ്യക്തതയുമില്ലെന്ന് അൽജസീറ ഉൾപ്പെടെയുള്ള മാധ്യമസംഘങ്ങളും സംഭവസ്ഥലത്തു നിന്നും റിപ്പോർട്ട് ചെയ്തു.1000 കിലോ ഇസ്രായേൽ നിർമ്മിത സ്‌പൈസ് ബോംബുകളാണ് ആക്രമണത്തിന് ഇന്ത്യൻ സേന ഉപയോഗിച്ചത്‌.ലേസർ നിയന്ത്രിതമാണ് അതീവ കൃത്യതയുള്ള പ്രസ്തുത ബോംബുകൾ.പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനും പാക് സൈന്യത്തിന്റെയും ചാരസംഘടനയായ ഐ.എസ്.ഐയുടെയും പ്രിയപ്പെട്ടവനും ജെയ്ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസ്ഹറിന്റെ, ഭാര്യാസഹോദരനും ഭീകരസംഘടനയുടെ മുന്നണിപോരാളിയുമായ യൂസഫ് അസ്ഹറും ഇന്ത്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സംശയമുണ്ടെങ്കിലും ഇക്കാര്യത്തിലും ഒരു സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.
1971-നു ശേഷം പാകിസ്താന്റെ അതിർത്തി കടന്ന് ഇന്ത്യൻ വ്യോമസേന അക്രമണംനടത്തുന്നത് ഇതാദ്യമാണ്. തുടർന്നുള്ള ദിവസങ്ങൾ അതിർത്തിയിൽ പരസ്പരമുള്ള വെടിവയ്പ്പ് രൂക്ഷമാകുകയും നുഴഞ്ഞുകയറ്റശ്രമങ്ങൾ നടക്കുകയും ഇരുരാജ്യങ്ങളിലെയും സേനകളോട് യുദ്ധത്തിന് സജ്ജരാകാൻ അതാതു സർക്കാറുകൾ നിർദ്ദേശിക്കുകയുമുണ്ടായി. ഇന്ത്യൻ സൈനികകേന്ദ്രങ്ങൾക്കു നേരെ അക്രണംനടത്താൻ അമേരിക്കൻ നിർമ്മിത എഫ്-16 വിമാനങ്ങളും ചൈന-പാക് സംയുക്തമായി നിർമ്മിച്ച ജെ.എഫ് 17തണ്ടർ വിമാനങ്ങളുമായി പാക് വ്യോമസേന അതിർത്തി കടന്നെത്തിയെങ്കിലും ഇന്ത്യൻ സേനയുടെ പ്രത്യാക്രമണത്തിൽ പിന്തിരിയുകയും ഒരു എഫ്-16 വിമാനം പാകിസ്താന് നഷ്ടമാകുകയുമുണ്ടായി. പ്രത്യാക്രമണത്തിനിടെ ഇന്ത്യയ്ക്ക് ഒരു മിഗ് 21 ബൈസൺ വിമാനവും നഷ്ടമായി. അതിന്റെ പൈലറ്റ് വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പാരഷൂട്ടിൽ താഴെയിറങ്ങിയെങ്കിലും പാക് അധിനിവേശ കാശ്മീരിൽ ആയതിനാൽ പാകിസ്താൻ സേന അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. അഭിനന്ദിനെ മർദ്ദിക്കുന്ന വിഡിയോകൾ പ്രചരിച്ചതോടെ ഇന്ത്യയിലും ആഗോളതലത്തിലും വിമർശനങ്ങൾ,പ്രതിഷേധങ്ങൾ, കാമ്പയിനുകൾ ഉണ്ടാകുകയും അതിനെത്തുടർന്ന് യുദ്ധത്തടവുകാരോട് പാലിക്കേണ്ട നീതികളെ കുറിച്ച് പ്രതിപാദിക്കുന്ന ജനീവകരാർ(1949) പ്രകാരം അദ്ദേഹത്തെ 01-03-2019 വെള്ളിയാഴ്ച രാത്രി ഇന്ത്യയ്ക്ക് കൈമാറുകയും ചെയ്തു.  (കഥ ഇതുവരെ).യുദ്ധമുണ്ടാകില്ലെന്ന പ്രതീക്ഷകൾ സജീവമാകുന്നതിനാൽ ഭീതിയ്ക്ക് ഒരല്പം ശമനം ഉണ്ടായിട്ടുണ്ട്. രണ്ടുരാജ്യങ്ങളും നൂറിലേറെ ആണവായുധങ്ങൾ നിർമ്മിച്ച് കുമിഞ്ഞുകൂട്ടി ഇരിക്കുമ്പോൾ യുദ്ധം സർവ്വനാശത്തിന്റേതാകും എന്നുറപ്പ്.
2016 സപ്തംബർ 18ന് കാശ്മീരിലെ ഉറിയിൽ സൈനികക്യാമ്പിനു നേരെനടന്ന ഭീകരാക്രമണത്തിൽ ഇരുപതോളം സൈനികരാണ് മരിച്ചത്. ഇതിന്റെ മറുപടിയായി ഇന്ത്യൻ സൈന്യം 2016 സെപ്റ്റംബർ 28ന് പാകിസ്ഥാൻ അതിർത്തി ലംഘിച്ചു സർജിക്കൽ സ്ട്രൈക്ക് നടത്തി ഭീകരരുടെ ഒളിത്താവളങ്ങൾ തകർത്ത് നാല്പതിലേറെ പേരെ വകവരുത്തി. മാധ്യമങ്ങൾ ഇങ്ങനെ റിപ്പോർട്ട് ചെയ്തിരുന്നതെങ്കിലും സർജിക്കൽ സ്ട്രൈക്ക് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ആ സാഹചര്യത്തിലാണ്, ഇപ്പോഴത്തെ വ്യോമാക്രമണത്തിലും ആക്രമണപക്ഷത്തിന്റെ വാദഗതികൾ കൊള്ളണോ തള്ളണോ എന്നുള്ള ആശയക്കുഴപ്പം ചിന്തിക്കുന്നവർക്ക് ഉണ്ടായിപ്പോകുന്നത്.
പുൽവാമ ചാവേറാക്രമണത്തെ തുടർന്നെഴുതിയ ‘ചാവേറും അശാന്തിയും’ എന്ന ലേഖനത്തിൽ
കാശ്മീർപ്രശ്നത്തെ രണ്ടുരാജ്യങ്ങളിലെ സർക്കാരുകൾ എങ്ങനെ മുതലെടുക്കുന്നു എന്നും ഭൂമിയിലെ സ്വർഗ്ഗത്തെ ഭീതിയുടെ നരകമാക്കിയതിനെക്കുറിച്ചും പറയുകയുണ്ടായി. ക്രിക്കറ്റ് പോലും യുദ്ധമാകുന്ന രണ്ടുരാജ്യങ്ങൾക്കിടയിൽ കാര്യങ്ങൾ ഇങ്ങനെ പരിണാമഗുപ്തിയിലേക്കു പോകുമ്പോൾ യുദ്ധത്തിനായി മുറവിളികൂട്ടുന്ന ഇവിടത്തെ തീവ്രദേശീയവാദികൾ അറിഞ്ഞിരിക്കേണ്ട ചിലകാര്യങ്ങളുണ്ട്.

ഒരു യുദ്ധമെന്നത് ഇതുവരെ അഭിമുഖീകരിക്കാത്ത അത്തരക്കാർ, എല്ലായുദ്ധവും മാനവികതയ്‌ക്കെതിരെയെന്ന് മനസ്സിലാക്കാത്തത് അന്ധമായ ദേശീയബോധംകൊണ്ടുതന്നെയാണ്. 1947-ലെ കാശ്മീർയുദ്ധം, 1965-ലെ യുദ്ധം, 1971-ലെ ബംഗ്ളാദേശ് വിമോചനയുദ്ധം ഇങ്ങനെ വലിയ മൂന്നു യുദ്ധങ്ങൾ നടത്തിയ രാജ്യങ്ങളാണ് ഇന്ത്യയും പാകിസ്താനും. ഇന്ത്യൻ പ്രദേശത്തു നിന്ന് ഭീകരവാദികളെ ഒഴിപ്പിക്കാൻ നടത്തിയ കാർഗിൽ സൈനികനീക്കവും(1999)യുദ്ധമായിത്തന്നെയാണ് പരിഗണിക്കുന്നത്. 1965-ലെയും 1971-ലെയും യുദ്ധങ്ങളിലും കാർഗിൽ യുദ്ധത്തിലും മൊത്തം ആറായിരത്തിലേറെ സൈനികരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. മറുപക്ഷത്തു അതിലധികം മരണം ഉണ്ടായേക്കാം. ഈ യുദ്ധങ്ങളിലെല്ലാം വിജയം ഇന്ത്യയ്ക്കായിരുന്നു എന്നത്‌ സാങ്കേതികമായി ശരിയെങ്കിലും പരാജയപ്പെട്ടത് മനുഷ്യർ മാത്രമായിരുന്നു എന്നതുകൊണ്ട് ആ ശരിയെ ഖണ്ഡിക്കേണ്ടി വരുന്നു. അതിർത്തിയിൽ അടിക്കടിയുണ്ടാകുന്ന വെടിവയ്പ്പിൽ മരിച്ചവരുടെ എണ്ണം ഇതിൽ വരുന്നില്ല. 1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിൽ ഇന്ത്യയ്ക്ക് 3500-ലേറെ സൈനികരെയാണ് നഷ്ടമായത്. യുദ്ധത്തിൽ ‘വിജയിച്ച’ ചൈനയ്‌ക്കോ എണ്ണൂറോളവും.

ആധുനികലോകത്തു ഇന്ത്യ പങ്കെടുത്ത ഈ പ്രധാനപ്പെട്ട യുദ്ധങ്ങൾ ഒന്ന് റീവൈൻഡ് ചെയ്തുനോക്കിയാൽ മനസിലാകും അതിന്റെ ഭീകരത. ആക്രമണങ്ങളുടെയും യുദ്ധങ്ങളുടെയും വലിയൊരു സാംസ്‌കാരിക ചരിത്രം പറയാനുണ്ട് പാകിസ്താനും കൂടി ഉൾപ്പെട്ട അഖണ്ഡ ഭാരതത്തിന്. അതുപോലെതന്നെ യുദ്ധങ്ങളിൽ സംഭവിച്ച പശ്ചാത്താപങ്ങളുടെയും അശോക കഥകൾ പറഞ്ഞുതരാൻ സാധിക്കും. ചൈനയും അത്തരം വലിയൊരു സാംസ്കാരിക ചരിത്രത്തിന് ഉടമയാണ്. ചരിത്രങ്ങൾ ഇന്നലെകളിലെ തെറ്റുശരികളെ വിശകലനം ചെയ്തു ശരിയെ സ്വീകരിക്കാൻ വേണ്ടിയുള്ളതാകണം. സ്പർദ്ദയുടെ കോരപ്പുല്ലുകളെ വളർത്തി തമ്മിലടിക്കാൻ വേണ്ടിയുള്ളതാകരുത്.

സ്വാതന്ത്ര്യാനന്തരം ആയുധശേഷിയിൽ ഒന്നുമില്ലാതെ തുടങ്ങിയ ഇന്ത്യ 2018-ലെ ‘ഗ്ലോബൽ ഫയർ പവർ’ റാങ്കിങ് അനുസരിച്ചു സൈനികശക്തിയിൽ നാലാംസ്ഥാനത്താണ്. അമേരിക്കയും റഷ്യയും ചൈനയും മാത്രമാണ് ഇന്ന് ഇന്ത്യയ്ക്ക് മുകളിലുള്ളവർ. നൂറ്റാണ്ടുകൾ നമ്മെ അടക്കിഭരിച്ച ബ്രിട്ടനും വൻശക്തിയായ ഫ്രാൻസും രണ്ടാംലോകമഹായുദ്ധകാലത്തെ വൻപുലികൾ ആയിരുന്ന ജർമ്മനിയും ജപ്പാനും ഇറ്റലിയും ആയുധശക്തിയിൽ ഇന്ത്യയ്ക്ക് പിറകിലാകുമ്പോൾ അതിനെ ഇന്ത്യയുടെ മഹത്തായ പുരോഗതിയെന്ന നിലയിൽ കാണുന്നവരാണ് അധികവും എങ്കിലും മൂന്നുലക്ഷം കോടിയിലേറെ രൂപ പ്രതിരോധത്തിന് വാരിക്കോരി ചിലവഴിക്കുന്ന ദരിദ്രനാരായണന്മാരുടെ ഒരു രാജ്യത്തിന്റെ ആ അവസ്ഥകൾ സങ്കടത്തോടെയേ നമുക്കു കാണാനാകൂ. എത്രയോ വികസനപദ്ധതികൾക്കു ചെലവഴിക്കേണ്ട പണം, എത്രയോ പേരുടെ കണ്ണീരൊപ്പേണ്ട പണം, എത്രയോ വയറുകൾക്കു സുഭിക്ഷതയുടെ സംതൃപ്തി നൽകേണ്ട പണം ലോകആയുധവ്യാപാരത്തിന്റെ ഖജനാവുകളിലേക്കു പറന്നുപോകുകയാണ്. അതിന്റെ മറവിൽ വലിയവലിയ അഴിമതികളും. പട്ടാളക്കാർക്കുള്ള ശവപ്പെട്ടിയിൽ പോലും കയ്യിട്ടുവാരിയ ദേശസ്നേഹികൾ ഇവിടെയുണ്ട്. ബോഫേഴ്സ് അഴിമതി, വർത്തമാനകാല രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന റാഫേൽ അഴിമതി…എങ്ങനെ ഇനിയും എണ്ണിയാലൊടുങ്ങാത്ത അഴിമതിക്കഥകൾ ഉണ്ട് പ്രതിരോധരംഗത്തിനു പറയാൻ. അമ്പതിനായിരം കോടിയിലേറെ രൂപ പ്രതിരോധത്തിന് മുടക്കി ഇന്ത്യയെന്ന വലിയ അയൽക്കാരനോട് പിടിച്ചുനിൽക്കാൻ പാടുപെടുന്ന പാകിസ്താനും ദാരിദ്ര്യത്തിന്റെയും അരക്ഷിതാവസ്ഥയുടെയും അനവധി  കഥകൾ പറയാനുണ്ടാകും. ഇന്ത്യയാകട്ടെ പാകിസ്താനെക്കൂടാതെ വലിയ അയൽക്കാരനായ ചൈനയെയും ഭയന്നാണ് ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നത്. ചൈനയോ അമേരിക്കയെ സർവ്വമേഖലയിലും മറികടക്കാനുള്ള നെട്ടോട്ടത്തിലുമാണ്. മക്മോഹൻ രേഖയിലും റാഫ്ക്ലിഫ് രേഖയിലും അനുനിമിഷം പുകയുന്ന യുദ്ധതന്ത്രങ്ങൾ അനവധി പ്രത്യാഘാതങ്ങളോടെ അവർത്തിച്ചുകൊണ്ടേയിരിക്കുന്നു.

ശതവർഷയുദ്ധങ്ങളും ലോകമഹായുദ്ധങ്ങളും അരങ്ങേറിയ യൂറോപ്പിന്റെ ഭൂമി ഇന്ന് ശാന്തമാണ്.
ഭൂഖണ്ഡത്തിലെ രാജ്യങ്ങൾ മിക്കതും സമ്പദ്സമൃദ്ധിയുടെ പാതയിലാണ്. യൂറോപ്പിലെ രാജ്യാതിർത്തികൾ ഏഷ്യൻ-ആഫ്രിക്കൻ ഭൂഖണ്ഡങ്ങളിലെ പോലെ മൈൻപാടങ്ങളും മരണംപതിയിരിക്കുന്ന നരകങ്ങളും അല്ല. അവിടെ മുൾവേലികളും മുഖാമുഖം ഗർജ്ജിക്കുന്ന ആയുധങ്ങളുമില്ല. സ്വർഗ്ഗീയസുന്ദരമായ പാർക്കുകളും റെസ്റ്റോറന്റുകളും ആണ് .വിലക്കുകൾ ഇല്ലാതെ ജനം അതിർത്തികൾ മറന്നു അങ്ങോട്ടുമിങ്ങോട്ടും സ്നേഹയാത്രകളിൽ ആണ്. മതത്തിന്റെ അതിപ്രസരമില്ലായ്മയും  രാഷ്ട്രീയത്തിന്റെ സഹിഷ്ണുതാപാഠങ്ങളും ആ ഭൂഖണ്ഡത്തെ വർത്തമാനകാല ഭൂമിയിലെ സ്വർഗമാകുന്നു. മാനവികതയോടു അടങ്ങാത്ത അഭിനിവേശമുള്ള ജനത പുഞ്ചിരികൊണ്ടു പരസ്പരം സ്വീകരിക്കുന്നു. അവർ ജീവിതത്തെ അത്രയും ആസ്വാദ്യകരമാക്കുന്നു. നമ്മളോ? യുദ്ധത്തിന്റെ നാമ്പുകൾ പാകാൻ തീവ്രദേശീയതയുടെ പാടങ്ങൾ അനുദിനം ഉഴുതുമറിച്ചിടുന്നു. ജനങ്ങളിൽ യുദ്ധഭ്രാന്തു വളർത്തി രാഷ്ട്രീയഗൂഢലക്ഷ്യങ്ങൾക്ക് ഉപയോഗിക്കാൻ ഭരണാധികാരികളും രാഷ്ട്രീയക്കാരും മത്സരിക്കുന്നു. വിശപ്പിന്റെ മൂർദ്ധന്യത്തിലും യുദ്ധത്തെയോർത്തു അന്തരംഗങ്ങളെ അഭിമാനപൂരിതമാക്കുന്നു.

ലോകത്തു ഇതുവരെ ഉണ്ടായിട്ടുള്ളതിൽ ഏവുംവലിയ യുദ്ധമായ രണ്ടാംലോകമഹായുദ്ധം മരണസംഖ്യകൊണ്ടും ഏറ്റവും വലുതായി തുടരുന്നു. എട്ടുകോടിയോളം ആളുകളാണ് ആ യുദ്ധത്തിൽ മരിച്ചൊടുങ്ങിയത്. അമേരിക്കയുടെ കുപ്രസിദ്ധമായ അണുബോംബാക്രമണത്തിൽ തകർന്ന ജപ്പാന്റെ യാതനകളും കണ്ണീരും കണ്ടതും ഈ യുദ്ധത്തിൽ തന്നെ. ലിറ്റിൽ ബോയിയും ഫാറ്റ് മാനും ചുട്ടെരിച്ച ഹിരോഷിമ നാഗസാക്കി നഗരങ്ങളിൽ വർത്തമാനകാലത്തും അതിന്റെ ജീവിക്കുന്ന സ്മാരകങ്ങളുണ്ട്. ജപ്പാൻ പൂർവ്വാധികം ഭംഗിയോടെ ഉയർത്തെഴുന്നേറ്റെങ്കിലും യുദ്ധത്തെ വെറുക്കുന്ന ജനതയായി അവർ പരിവർത്തനം ചെയ്യപ്പെട്ടു. ആയുധമത്സരങ്ങളിൽ നിന്നൊഴിഞ്ഞു സാമ്പത്തികപുരോഗതിയുടെ ഉത്തുംഗതയിൽ വിരാജിക്കുന്ന ആ രാജ്യം ജനതയുടെ ജീവിതനിലവാരത്തിന്റെ കാര്യത്തിൽ യൂറോപ്പിനെ പോലും പിന്നിലാക്കി. അത് ഏവർക്കും ഒരു പാഠമാകണം. വിയറ്റ്നാം യുദ്ധവും കൊറിയൻ യുദ്ധവും ഇറാക്ക് യുദ്ധവും ഇസ്രായേൽ -അറബ് യുദ്ധങ്ങളും അഫ്ഗാൻ യുദ്ധവും സിറിയൻ യുദ്ധവും…അങ്ങനെ ചെറുതും വലുതുമായി നീണ്ടുപോകുന്ന യുദ്ധങ്ങളുടെ ലിസ്റ്റെടുത്താൽ വിജയിച്ചവർ ഉണ്ടെങ്കിൽ പോലും അവരും യാതനകളുടെ കയത്തിൽ കഷ്ടപ്പെട്ടിട്ടുണ്ട്. ആരും വിജയിക്കത്തെ യുദ്ധങ്ങളുടെ കാലമാണ് ഇപ്പോൾ. ആയുധങ്ങള്കൊണ്ടു ഒരു ജനതയുടെയും രാജ്യത്തിന്റെയും മേൽ പരമാധികാരം സ്ഥാപിക്കാൻ ഇനിയാർക്കും കഴിയില്ല. കൊല്ലാം…എന്നാൽ തോൽപ്പിക്കാൻ കഴിയില്ല. .
വേണമെങ്കിൽ യുദ്ധമോഹിക്കു ഒരു യുദ്ധവിരുദ്ധനോട് ചോദിക്കാം, നീയൊരു അഹിംസാവാദിയെങ്കിൽ നിന്റെ കരണക്കുറ്റിക്ക് അടിയ്ക്കുന്നവനെ സമാധാനം ചൊല്ലി വിടുമോ അതോ തിരിച്ചടിക്കുമോ എന്ന്. അതിർത്തിവാദത്തെ തിരസ്കരിക്കുന്ന നീയെന്തിന് വീടിനുചുറ്റും മതിലുകെട്ടി എന്ന് ചോദിക്കുകയും ചെയ്യാം. ആ മതിൽ കൊണ്ട് നിന്റെ കുടുംബം അനുഭവിക്കുന്ന സുരക്ഷതന്നെയാണ് സുദീർഘമായ അതിർത്തിവേലികൾ കൊണ്ട് രാജ്യം അനുഭവിക്കുന്നതെന്നും വാദിക്കാം. എക്കാലത്തെയും രാഷ്ട്രവാദങ്ങളിൽ അതിർത്തികൾ നൽകുന്ന വികാരം ചെറുതുമല്ലായിരുന്നു. വൈകാരിക വിഷയങ്ങളോ മുതലെടുപ്പുകളോ ഇല്ലാത്ത രണ്ടുവ്യക്തികളുടെ കാര്യത്തിലോ കുടുംബങ്ങളുടെ കാര്യത്തിലോ സംഭവിക്കുന്നതല്ല രാജ്യങ്ങളുടെ കാര്യത്തിൽ. ഒരുപാട് തന്ത്രങ്ങളും നയതന്ത്രങ്ങളും കുതന്ത്രങ്ങളും കാപട്യങ്ങളും ഉണർന്നുപ്രവർത്തിക്കുന്ന മേഖലകളിൽ ഭരണാധികാരികൾ യുദ്ധത്തെ തങ്ങളുടെ താത്പര്യത്തിനുവേണ്ടി ഉപയോഗപ്പെടുത്തിയേക്കാം. രണ്ടോ അതിലേറെയോ പ്രദേശങ്ങളോ കൂട്ടരോ പക്ഷം തിരിഞ്ഞ് ആയുധങ്ങളോടു കൂടിയും സേനയെ ഉപയോഗിച്ചും നടത്തുന്ന പോരാട്ടമാണ് യുദ്ധം. അതിനവർക്ക് പല ലക്ഷ്യങ്ങളും ഉണ്ടാകും. വംശീയതയും മതവും രാഷ്ട്രീയവുമൊക്കെ അതിൽ പക്ഷംപിടിക്കുന്നു.

ലോകത്തെ ഏറ്റവും വലിയ കാർഷികരാജ്യങ്ങളിലൊന്നെന്ന് അഭിമാനിക്കാൻ നമ്മൾ ശ്രമിക്കില്ലെങ്കിലും ലോകത്തെ നാലാമത്തെ വലിയ സൈനികശക്തിയെന്നു നമ്മൾ അഭിമാനിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്നു. അതാണ് ജനതയുടെ അജ്ഞത. ദേശസ്നേഹം കൊടുമ്പിരികൊണ്ടാൽ പിടിച്ചുനിർത്തുക വലിയ പാടാണ്. യുദ്ധത്തിനുവേണ്ടി മുറവിളികൂട്ടുന്നവർ സേഫ്‌സോണിൽ ഇരിക്കുന്നവരാണ്. യുദ്ധം നേരിട്ട് ബാധിക്കുന്ന സംസ്ഥാനങ്ങളിൽ ഉള്ളവരുടെ ഭീതിയെ കുറിച്ച് നമുക്കറിയില്ല.യുദ്ധം ഒരു രാജ്യത്തെ അര നൂറ്റാണ്ടെങ്കിലും പിന്നിലാക്കും. ഇന്ദിരാഗാന്ധിയുടെ കാലത്തെ പാകിസ്താനല്ല ഇന്ന്. അവർക്കും ഉണ്ട് സജ്ജീകരണങ്ങൾ. അതുകൊണ്ടുതന്നെ ഏകപക്ഷീയമായ വിജയം ഇനി ഇന്ത്യയ്ക്കുണ്ടാകില്ല.

സാമ്പത്തികമായി ഏറെ വളരാൻ ആഗ്രഹിക്കുന്നരാജ്യങ്ങൾ യുദ്ധം തിരഞ്ഞെടുക്കില്ല. പ്രാദേശികമായ ഒരു പ്രളയം നമ്മെ എന്തുമാത്രംവലച്ചു എന്നറിയാമല്ലോ..അതിന്റെ എത്രയോ മടങ്ങു ദുരിതമാണ് യുദ്ധംവിതയ്ക്കുക. ഇന്നത്തെ സുഖലോലുപതയിൽ നിന്ന് വെല്ലുവിളിക്കുന്നവർ നാളെ പലതും കട്ട് ചെയ്യപ്പെടുമ്പോൾ അതിനോട് പൊരുത്തപ്പെട്ടു എന്ന് വരില്ല. ഒരു മണിക്കൂർ വൈദ്യുതി ഇല്ലെങ്കിൽ ജീവിക്കാൻ കഴിയാത്തവരാണ് യുദ്ധമോഹികൾ. സത്യത്തിൽ നമ്മൾ പലരും വിദേശങ്ങളിലല്ലാതെ യുദ്ധംകണ്ടിട്ടില്ല,അനുഭവിച്ചിട്ടില്ല. അടുത്ത അമ്പതുവർഷത്തിൽ മനുഷ്യർ നേരിടുന്ന വലിയ പത്തുപ്രശ്നങ്ങളിൽ ആറാംസ്ഥാനം യുദ്ധത്തിന് നൽകുകയുണ്ടായി നോബൽ സമ്മാന ജേതാവായ റിച്ചാർഡ്.ഇ.സ്മാലി. തങ്ങളുടെ താത്പര്യങ്ങൾക്കനുസരിച്ചു പ്രവർത്തിക്കാൻ ശത്രുക്കളെ നിർബന്ധിതരാക്കുവാനുള്ള ബലപ്രയോഗമാണ് യുദ്ധമെന്നു പ്രഷ്യൻ സൈനിക ജനറലായ കാൾവോൺക്ലോസേവിറ്റ്സ് നിർവ്വചിക്കുകയുണ്ടായി.

യുദ്ധങ്ങൾ ലോകത്തെ എത്ര മഹദ് സംസ്കാരങ്ങളെയാണ് തകർത്തെറിഞ്ഞത്. ഏറ്റവും പഴക്കമേറിയ സംസ്കാരങ്ങൾ നിലനിന്ന ഇറാക്കിലും സിറിയയിലും അഫ്ഗാനിലും ഇന്നവയുടെ ശേഷിപ്പുകൾ പോലുമില്ലാതെ മണൽക്കൂനകൾ ആയി മാറിക്കഴിഞ്ഞു.
ഓരോ യുദ്ധവും അടുത്ത യുദ്ധത്തിന്റെ കാരണമാണ് അവശേഷിപ്പിക്കുന്നത്. യുദ്ധത്തിന് നീതികൾ ഇല്ല..അത് അനീതിമാത്രം. അതുനമ്മെ നൂറ്റാണ്ടുകൾ പിന്നിലാക്കി പ്രാകൃതമായൊരു കാലത്തിലേക്ക് കൈപിടിച്ചുനടത്തുന്നു.. മനുഷ്യൻ തന്റെ ബുദ്ധികൊണ്ടും പ്രയത്നം കൊണ്ടും നേടിയതൊക്കെയും ഒരുനിമിഷം കൊണ്ട് ഇല്ലാതാക്കുന്നു. യുദ്ധം അഭയാർഥികളെ പ്രസവിച്ചുകൊണ്ടേയിരിക്കുന്നു. തീരാത്ത പലായനങ്ങൾക്കിടയിൽ കടലെടുത്തതും തീയെടുത്തും കുഞ്ഞുങ്ങൾ മാലാഖച്ചിറകുവീശി ഈ നരകത്തിൽ നിന്നും രക്ഷപെടുന്നു. കർണ്ണപുടങ്ങളെ തുളയ്ക്കുന്ന ശബ്ദത്തിന്റെ ചീളുകളിൽ ജനതയ്ക്കു ഭ്രാന്തുപിടിക്കുന്നു. രാഷ്ട്രങ്ങൾ ചാരക്കൂനകൾ ആകുന്നു. വിലാപങ്ങളുടെ ഉച്ചകോടിയോടെ മനുഷ്യരാശി അലിഖിതമായൊരു ചരിത്രത്തിന്റെ അദൃശ്യമായ താളുകളിൽ വിലയംപ്രാപിക്കുന്ന ഭാവികാലം നമ്മെ തുറിച്ചുനോക്കുന്നു.

യുദ്ധമില്ലാതിരുന്നെങ്കിൽ ‘ആറടി’യിലേറെക്കിട്ടു-
മെന്നസത്യമകതാരിൽ മിന്നലടിച്ചു
മൃത്യുഞ്ജയമല്ലയിത്, ‘മൃത്യു’ ജയമെന്നറിഞ്ഞു
തോൽവിഭാരമേറുന്നേരം തലകുനിച്ചു !

യുദ്ധാനന്തരമെന്ന എന്റെയൊരു പഴയ കവിതയിൽ പോരാട്ടത്തിൽ മൃത്യു പൂകിയവരുടെ ഗതികിട്ടാത്ത ആത്മാക്കൾ യുദ്ധക്കളത്തിൽ ശത്രുമിത്രഭേദമന്യേ സംഗമിക്കുമ്പോൾ അവർ കണ്ടെത്തുന്നു. യുദ്ധം ഇല്ലാതിരുന്നെങ്കിൽ അടക്കംചെയ്യാനുള്ള ആറടി മണ്ണല്ല അതിനേക്കാൾ ലഭിക്കുമായിരുന്നു. മൃത്യുഞ്ജയമല്ല , ഇവിടെ യുദ്ധത്തിൽ ജയിച്ചത് മൃത്യു മാത്രമാണ്. അപ്പോൾ ആ പോരാളികളുടെ തലകൾ അറിയാതെ കുനിഞ്ഞുപോയി. യുദ്ധത്തെ കുറിച്ചോർക്കുമ്പോൾ നമ്മുടെ തലകളും കുനിയട്ടെ.

മണ്ണുവാരി പ്രതിജ്ഞകൾ എടുക്കുന്ന വീരന്മാരേ
ഓർക്കുകയാ സത്യമേറ്റ മണൽത്തരികൾ
നശിയ്ക്കില്ല,യിഹമിതിൽ കൊടിയനാശംമോഹിച്ചു
കാലാന്തരജന്മങ്ങൾക്കും സംഗരമേകും !

കൈയിൽ ഒരുപിടി മണ്ണുവാരി പകയുടെയും പ്രതികാരത്തിന്റെയും പ്രതിജ്ഞകൾ  എടുക്കുമ്പോൾ ഓർക്കുക…നിങ്ങൾ നാളെ മണ്ണടിഞ്ഞാലും നിങ്ങളുടെ പകയുടെ പ്രതിജ്ഞയേറ്റ മണൽത്തരികൾ അങ്ങനെ തന്നെ അവശേഷിക്കും. അവ അനന്തരതലമുറകളെ ആ മണ്ണിനുവേണ്ടി പോരാടാൻ പ്രേരിപ്പിച്ചുകൊണ്ടേ ഇരിക്കും. വെറിയുടെ കൈമാറ്റങ്ങൾ അരുത്. വരുംതലമുറകൾ ഭൂമിയിൽ സന്തോഷത്തോടെ ജീവിക്കട്ടെ….