എപിഡോസ് – 1സീന്‍ 1

സമയം പത്തുപതിനൊന്നര പകല്‍. ക്യാമറ ആദ്യം കാണുന്നത് പത്രക്കടലാസില്‍ കെട്ടിയ മൂന്നു നാല് പച്ചക്കപ്പക്കിഴങ്ങുകളാണ്. അവ കൂട്ടിക്കെട്ടിയ ചരടില്‍ കിടന്ന് ആടുന്നുണ്ട്. ചരടിന്‍റെ മറുവശം കയ്യില്‍ പിടിച്ച് മെല്ലെ നടന്നുകൊണ്ടിരിക്കുന്ന മധ്യവയസ്കന്‍റെ – തങ്കച്ചന്‍റെ – പിന്‍ഭാഗം കാണാം. പോളോ ഷര്‍ട്ട്, ബെര്‍മുഡ, ഗ്ലാസ് ഒക്കെയാണ്. ചുണ്ടുകള്‍ വെളുത്തിട്ടുണ്ട്. എന്‍റെ കേരളം എത്ര സുന്ദരം എന്ന ദീദിഗാനം അയാള്‍ മൂളുന്നു.

സീന്‍ 2

ഗാനം മൂളി അയാള്‍ ഇപ്പോള്‍ നില്‍ക്കുന്നത് പലചരക്കുകടയുടെ മുന്നില്‍. പലചരക്കുകടക്കാരന്‍ മമ്മദ്ക്ക. ഇരുണ്ട നിറം. പറ്റെ മുറിച്ച മുടി. നാല്പത്തഞ്ച് വയസ് പ്രായം വരും. നല്ല ചിരി. ഇടതു കണ്‍പോളക്കു താഴെ വലിയ ഒരു മറുക്. കടയുടെ മുന്നില്‍ ഒരു നേന്ത്രക്കുല കെട്ടിത്തൂക്കാന്‍ സ്റ്റൂളില്‍ കയറി നില്‍ക്കുകയാണ്. അപ്പോഴാണ് തങ്കച്ചനെ കാണുന്നത്.
മമ്മദ്ക്ക:തങ്കച്ചോ, ഇങ്ങളിതെപ്പെത്തി, കണ്ടിട്ട് അറിഞ്ഞില്ലാന്ന്..വാ, വാ
തങ്കച്ചന്‍: ഇന്നലെ രാത്രി കുറെ വൈകിപ്പോയെന്നേ.. എന്തുണ്ട് മമ്മദേ വിശേഷം?
മമ്മദ്ക്ക: ഓ, നമുക്കെന്ത് വിശേഷം, ഇങ്ങനെ പോകുന്നു. ഹ, വന്ന കാലില്‍ നില്‍ക്കാതെ, അവിടെ ഇരിക്ക്..
തങ്കച്ചന്‍ കടയുടെ വരാന്തയിലെ അരമതിലില്‍ ഇരിക്കുന്നു. മമ്മദ്ക്ക കുല ബാലന്‍സ് ചെയ്യാനുള്ള ശ്രമത്തിലാണ്. തങ്കച്ചന്‍ എണീറ്റ് ചെന്ന് കുല താങ്ങി സഹായിക്കുന്നു.
മമ്മദ്ക്ക:ഹാ, ഇപ്പം ശരിയായി..എല്ലാവരുമുണ്ടോ, അതോ തനിച്ച് ഇങ്ങു പോന്നോ..
തങ്കച്ചന്‍:ആ, എല്ലാവരുമുണ്ട്..വര്‍ഷം എത്ര കടന്നുപോയി..
മമ്മദ്ക്ക: നിങ്ങടെ അമ്മച്ചിയുടെ മരണത്തിനല്ലേ ഇതിനു മുന്‍പ് വന്നത്, അതെത്രയാണ്ട് മുന്‍പാ, എനിക്കോര്‍മയുണ്ട്.. പിള്ളേരൊക്കെ ഇപ്പോള്‍ വലുതായിക്കാണും അല്ലേ.. രണ്ട് കുട്ട്യേളല്ലെ നിങ്ങക്ക്?

(കുല കെട്ടിക്കഴിഞ്ഞു. സ്റ്റൂളില്‍ നിന്ന് ഇറങ്ങി കാലുകൊണ്ട് ഒരരികിലേക്ക് തട്ടിനീക്കി വയ്ക്കുന്നു. തങ്കച്ചന്‍ വീണ്ടും അരമതിലില്‍ ഇരിക്കുന്നു)

തങ്കച്ചന്‍:ആ…. ചെറുക്കന്‍ ഇതാദ്യമാ നമ്മുടെ നാട് കാണുന്നത്….
(പെട്ടെന്ന ഒരാള്‍ കടയിലേക്ക് വരുന്നു. അന്‍പതിനു മുകളില്‍ പ്രായമുണ്ടാവണം. കഷ്ണ്ടി കയറിയിരിക്കുന്നു. കണ്ണട. മെലിഞ്ഞിട്ടാണ്. അപ്പുക്കുട്ടന്‍. വന്നപാടെ കടയിലേക്ക് തിടുക്കത്തില്‍ ചെന്നിട്ട്)
അപ്പുക്കുട്ടന്‍: മമ്മദേ കാച്ചിലിരുപ്പുണ്ടോ?
മമ്മദ്ക്ക:അയ്യോ കാച്ചില്‍ ഇല്ലല്ലോ അപ്പേട്ടാ…ഞാനിത്തവണ ടൗണില്‍ പോയിട്ട് കാച്ചിലു വാങ്ങീല്ല (തിരിഞ്ഞ് തങ്കച്ചനോടു കൂടെയായി) കാച്ചില്‍ ഇപ്പോള്‍ കിട്ടാനില്ലാന്നേ. ടൗണീന്ന് ഒടുക്കത്തെ വില കൊടുത്ത് നമ്മള്‍ ഇവിടെ കൊണ്ടുവന്നു വച്ചാല്‍ ആര്‍ക്കും വേണ്ടാ…
(അപ്പുക്കുട്ടനും തങ്കച്ചനെ കാണുന്നത് അപ്പോളാണ്. അടുത്തേക്ക് ചെന്നിട്ട്)
അപ്പുക്കുട്ടന്‍:അല്ലാ, ആരിത്, തങ്കച്ചനാ, എപ്പോള്‍ വന്നു? അതോ ഇവിടുണ്ടാരുന്നോ?
(തങ്കച്ചനും എണീല്‍ക്കുന്നു. ഇരുവരും പരസ്പരം കൈകൊടുക്കുന്നു. തങ്കച്ചന്‍ വീണ്ടും ഇരിക്കുന്നു)
അപ്പുക്കുട്ടന്‍:ചതിച്ചല്ലോ മമ്മദേ, ഞാന്‍ കാച്ചിലിന് എവിടെ പോകും? ബാലനു നാലുമണിക്ക് പോണല്ലോ. ഇനി ടൗണീല്‍ പോയിവരാന്‍ നേരമില്ല
മമ്മദ്ക്ക:നിങ്ങള്‍ ആ അന്ത്രുന്‍റെ കടയിലൊന്നു പോയി നോക്ക്. തങ്കച്ചന് പച്ചക്കപ്പ കിട്ട്യത് അവിടുന്നായിരിക്കും അല്ലേ തങ്കച്ചാ..
തങ്കച്ചന്‍:അതേ, രാവിലെ ഒന്നു നടക്കാനിറങ്ങിയപ്പോള്‍ കണ്ടതാ. അപ്പൂട്ടന്‍ അവിടെയും കൂടി നോക്ക്
അപ്പുക്കുട്ടന്‍:എന്നാല്‍ പിന്നെ അങ്ങോട്ട് ചെല്ലട്ടെ..തങ്കച്ചാ, ഞാന്‍ അല്പം തിടുക്കത്തിലാ, നമുക്ക് പിന്നെക്കാണാം (തിടുക്കപ്പെട്ട് പോകുന്നു)
മമ്മദ്ക്ക:ഓന്‍റെ മകന്‍ ബാലന്‍ ഇന്ന് ആസ്ത്രേല്യായ്ക്ക് പോകുകാ. അതിനു കൊടുത്തുവിടാനാ ഈ കാച്ചില്‍. കുറെ മുന്‍പ് വന്ന് പച്ചക്കായ വാങ്ങീരുന്നു.
തങ്കച്ചന്‍:ഓ, അപ്പൂട്ടന്‍റെ മകന്‍ അങ്ങ് ഓസ്ട്റേലിയയില്‍ ആണോ?
മമ്മദ്ക്ക:ചെക്കന്‍ നല്ലപ്പോ പോവ്വല്ലെ, അവന്‍ മറ്റേതാ പടിച്ചേക്കണ്ത്. കമ്പ്യൂട്ടര്‍ കമ്പ്യൂട്ടര്‍..അങ്ങനെ ജോലി കിട്ടീതാന്നാ കേള്‍ക്കണത്. ഇവിടെയിപ്പ കുട്ടികള്‍ ആരാ ഒള്ളത്. എല്ലാരും പുറത്ത്. മിക്കവരും ദുബായില്‍. അന്ത്രോന്‍റെ മൂന്നു മക്കളും ഇങ്ലണ്ട്. പടിഞ്ഞാറെ തറയിലെ മൈതീന്‍റെ മകന്‍.. വേറെന്താ ഒരു സ്തലം..ക്യൂ…ക്യൂസിലണ്ടില്‍ ജോലി കിട്ടിപ്പോയിട്ട് ആറു മാസമേ ആയുള്ളൂ. (ഇടക്ക് ഉണങ്ങിയ മീന്‍ വട്ടികള്‍ കടക്കുള്ളില്‍ നിന്നെടുത്ത് മുറ്റത്തെ വെയിലില്‍ വെയ്ക്കുന്നുണ്ട്)
തങ്കച്ചന്‍:ക്യൂസിലണ്ടല്ല, ന്യൂസിലണ്ട്..
മമ്മദ്ക്ക:അതെ, ഒരു വീട്ടിലും ചെറുപ്പക്കാരില്ലാന്നായിന്നേ..പണ്ടൊക്കെ എന്ത് സന്തോഷാരുന്നു, വേണോ, നല്ല വെള്ളപരവയാണ്, ഇതമേരിക്കേല്‍ കിട്ടുമോന്ന് നോക്ക് (ഉണങ്ങിയ മീന്‍ കാട്ടുന്നു)
തങ്കച്ചന്‍:ശരിയാ, ഇതൊക്കെ കണ്ട കാലം മറന്നു. കപ്പയ്ക്ക് കൂട്ടാന്‍ ബെസ്റ്റല്ലേ, കുറ്ച്ച് എടുത്തോ.
മമ്മദ്ക്ക:ഇപ്പോ എല്ലാറ്റിനും വിലക്കൂടുന്നൂന്നു പറഞ്ഞ് ആള്‍ക്കാര് സാധനങ്ങള്‍ കുറച്ചേ വാങ്ങൂ.(മീന്‍ തൂക്കി പൊതിഞ്ഞ് കൊടുക്കുന്നു) സാമ്പത്തിക മാന്ദ്യം മൂലം ഉണക്കമീന്‍ ഒക്കെ വീണ്ടും തിന്നുതുടങ്ങീ.
(ക്യാമറ മതിലില്‍ തങ്കച്ചന്‍ വെച്ച കപ്പയിലേക്ക്)

സീന്‍ 3

(കുറെ വര്‍ഷം മുന്‍പ് നാട്ടിലെ വലിയ വീടായിരുന്നിരിക്കണം. ഗാംഭീര്യമുള്ള മുഖപ്പുകള്‍, എന്നാല്‍ ഭിത്തിയില്‍ പായല്‍ കയറി നിറം മങ്ങിയിട്ടുണ്ട്. തൊടി നിറയെ മരങ്ങളും കാട്ടു ചെടികളും തിങ്ങി നില്‍ക്കുന്നു)

സീന്‍ 4

(ടി വി ചാനലില്‍ അസിനുമായുള്ള അഭിമുഖം തകര്‍ക്കുന്നു. മുറിയില്‍ പഴയതെങ്കിലും കുലീനമായ ഫര്‍ണിച്ചറുകള്‍. ക്യാമറ പിന്നോട്ട് പോയി ടീവിയിലേക്ക് തുറിച്ച് നോക്കിയിരിക്കുന്ന ടീനേജ് കാരനെ കാണുന്നു. അമേരിക്കയിലെ ചെറുപ്പക്കാര്‍ ഉപയോഗിക്കുന്ന വേഷങ്ങള്‍ അലസമായി ധരിച്ചിരിക്കുന്നു. സോഫയിലെങ്ങും പയ്യന്‍റെ വസ്ത്രങ്ങളും മറ്റും ചിതറി കിടക്കുന്നു)
ടീനേജ് പയ്യന്‍: (ഉറക്കെ)ഓ ഷീ ഈസ് സോ ക്യൂട്ട്, ഐ വാണ്‍റ്റ് ടു മാരി ഹെര്‍ (പയ്യന്‍ ആവേശം മൂത്ത് കുറെ ഫ്ലയിങ് കിസുകള്‍ ടി വിക്ക് നേരെ അയക്കുന്നു)
ഒരു പെണ്‍കുട്ടിയുടെ ശബ്ദം: ഓ റിയലി, ഷീ ഈസ് മൈ ഏജ്, യു വാണ്ട് ടു മാരി?
(ഇപ്പോളാണ് ശബ്ദത്തിന്‍റെ ഉടമയായ പെണ്‍കുട്ടിയെ ക്യാമറ കാണുന്നത്. ഇരുപത്-ഇരുപത്തൊന്ന് പ്രായം. ജീന്‍സ്-ടീ ഷര്‍ട്ട് വേഷം. മുടി കേള്‍ ചെയ്ത് ഫാഷന്‍ ഉണ്ടാക്കിയിരിക്കുന്നു. ആള്‍ ലിപ്സ്റ്റിക് ചെയ്തുകൊണ്ടിരിക്കുകയാണ്)
ടീനേജ് പയ്യന്‍:ചേച്ചിക്ക് മാത്രം കല്യാണം കഴിച്ചാല്‍ മതിയോ, ഷീ ഈസ് മൈ ഹീറോയിന്‍
(വാതില്‍ തുറന്ന് കപ്പയും മറ്റുമായി തങ്കച്ചന്‍. പെണ്‍കുട്ടി പെട്ടെന്ന് എണീറ്റ്)
പെണ്‍ കുട്ടി:ഡാഡ്, യൂ നോ ഹീ ഫൗണ്ട് എ ബ്രൈഡ്. ഈ വെക്കേഷന് ഇവന്‍റെ കല്യാണം നടത്ത്..
(തങ്കച്ചന്‍ അത്ര ഇഷ്ടപ്പെടാത്തതു പോലെ ഇരുവരെയും മാറി മാറി നോക്കുന്നു. പെട്ടെന്ന് കറന്‍റ് പോകുന്നു. പെണ്‍കുട്ടി പൊട്ടിച്ചിരിക്കുന്നു. കയ്യടിക്കുന്നു. ടി വി യിലെ ചിത്രം നിലച്ചതില്‍ പയ്യനു ദേഷ്യം വരുന്നു)
ടീനേജ് പയ്യന്‍:ഓ ഷിറ്റ് (ബാക്കി വാക്കുകള്‍ പുറത്തുവരാതെയിരിക്കാന്‍ അവന്‍ തന്നെ ഒരു കുഷന്‍ എടുത്ത് വായപൊത്തി സോഫയിലേക്ക് മറിയുന്നു)

സീന്‍ – 5

(തങ്കച്ചനും ഭാര്യ മേഴ്സിക്കുട്ടിയും പഴയ ഡൈനിങ് ടേബിളിനു ഇരുപുറവും ഇരിക്കുന്നു. മേഴ്സിക്കുട്ടി കപ്പ ഒരുക്കുന്നുണ്ട്. പഴയകാലവും പടിഞ്ഞാറന്‍ രീതികളും സമ്മേളിക്കുന്ന വസ്ത്രധാരണവും മറ്റും. തങ്കച്ചന്‍ അല്പം വിഷാദമനസ്ക്കനാണ്)
തങ്കച്ചന്‍:എടീ വിചാരിച്ചതു പോലെ പെട്ടെന്നൊന്നും കാര്യം നടക്കുമെന്ന് തോന്നുന്നില്ല. ഇവിടെ നല്ല പയ്യന്മാരെ കണ്ട് കിട്ടാന്‍ പഴയതുപോലെ എളുപ്പമല്ല
മേഴ്സിക്കുട്ടി:അതെന്താ അച്ചായാ അങ്ങനെ, കാര്യം നടക്കില്ലാന്ന് ഇങ്ങനെ നമ്മളു വന്നിറങ്ങി ഒരു ദിവസം കൊണ്ട് തന്നെ തീരുമാനിക്കാന്‍?
തങ്കച്ചന്‍:ഇവിടുള്ള പയ്യന്മാരെല്ലാം ഐ ടി ഫീല്‍ഡല്ലേന്ന്. ഓസ്റ്റ്രേലിയക്ക് അവന്മാര്‍ക്കു തന്നെത്താന്‍ പോകാം. ബാക്കി ഉള്ളവന്മാര്‍ ഇംഗ്ലണ്ടില്‍. പിന്നെ കുറെ എണ്ണം നാട്ടില്‍ തന്നെ നല്ല സാലറി കിട്ടുന്ന കമ്പനികളിലാ. അവര്‍ക്ക് മറുനാടെന്ന് കേള്‍ക്കുന്നതേ പുഛം. പിന്നെ വേണമെങ്കില്‍ ദുബായിലോ കുവൈറ്റിലോ പോയിയിരിക്കുന്ന ചെക്കന്മാരെ തപ്പണം. അതിന് ഈ രണ്ടാഴ്ച കൊണ്ട് തികയുമോടീ?
മേഴ്സിക്കുട്ടി: അച്ചായന്‍ വിഷമിക്കാതെ, സൂസമ്മച്ചേച്ചി ഒരു ബ്രോക്കെറെ ഇങ്ങോട്ട് പറഞ്ഞു വീട്ടെന്ന് കുറച്ചു മുന്‍പാ വീളിച്ച് പറഞ്ഞത്.
(അപ്പോള്‍ കോളിംഗ് ബെല്ലടിക്കുന്നു)
മേഴ്സിക്കുട്ടി:(ആഹ്ലാദത്തോടെ എണീറ്റ്) ദേ ഇത് സൂസമ്മച്ചേച്ചി പറഞ്ഞയച്ച ആള്‍ തന്നെ. അച്ചായന്‍ ഒന്നു ചെന്ന് നോക്കിക്കെ

സീന്‍ – 6

(തങ്കച്ചന്‍ ഒരു പകപ്പോടെ വാതില്‍ തുറക്കുമ്പോള്‍ മാര്യേജ് ബ്യൂറോയുടെ പരസ്യത്തില്‍ അഭിനയിക്കുന്ന കെ പി എ സി ലളിതയുടെ തനിപ്പകര്‍പ്പായി ഒരു പെണ്ണുമ്പിള്ള മുന്നില്‍. ചട്ട, മുണ്ട്, നേര്യത്, കുട, കണ്ണട, ഡയറി ഇത്യാദി സഹിതം)
കൊച്ചുമറിയാമ്മ:മനസിലായില്ല അല്യോ? ഞാന്‍ കൊച്ചുമറിയാമ്മച്ചേട്ടത്തി. അങ്ങു കൂത്താട്ടുകുളത്തൂന്നു വരികാ, സൂസിക്കുഞ്ഞ് പറഞ്ഞ ആളാണേ…തങ്കച്ചനല്യോ? എനിക്ക് മനസിലായി
തങ്കച്ചന്‍:(വീടിനുള്ളിലേക്ക് നോക്കി) മേഴ്സിക്കുട്ട്യേ…മേഴ്സിക്കുട്ട്യേ
മേഴ്സിക്കുട്ടി(കപ്പ ഒരുക്കുന്ന കത്തി സഹിതം പ്രത്യക്ഷപ്പെട്ട്, കൊച്ചു മറിയാമ്മച്ചേട്ടത്തിയെ കണ്ട് ബോധിച്ച് ചിരിയോടെ): ആഹാ, ഞങ്ങള്‍ ഇപ്പോ പറഞ്ഞു നിര്‍ത്തിയതേയുള്ളൂ, നൂറായുസാണല്ലോ ചേട്ടത്തിക്ക്, വന്നാട്ടെ വന്നാട്ടെ..
കൊച്ചുമറിയാമ്മ:ആ അതു പറ..സൂസിക്കുഞ്ഞിന്‍റെ മുറിച്ച മുറി, മേഴ്സിക്കുഞ്ഞല്യോ, എനിക്ക് മനസിലായി
(തങ്കച്ചന്‍ ഒന്നു പരിഭ്രമിക്കുന്നു. എല്ലാവരും അകത്തേക്ക്. പോകുന്ന പോക്കില്‍ കൊച്ചുമറിയാമ്മ പെണ്‍കുട്ടിയെ കണ്ട് സ്തബ്ധയാകുന്നു. ഇത്രക്ക് പ്രതീക്ഷിച്ചില്ല എന്ന മട്ടില്‍. പിന്നെ സമനില വീണ്ടെടുത്ത് സംതൃപ്തയായി)
കൊച്ചുമറിയാമ്മ:ആ, മോളല്ലേ, മേഴ്സിക്കുഞ്ഞിന്‍റെ മുറിച്ച മുറി, എന്നതാ മോടെ പേര്?
പെണ്‍കുട്ടി:ഐ ആം മെര്‍ളിന്‍, മമ്മീ ഹൂ ഈസ് ദിസ് ഓണ്ടീ?
മേഴ്സിക്കുട്ടി:ഷീ ഈസ് എ ഫ്രന്‍റ് ഓഫ് യുവര്‍ സൂസി ആന്‍റി
കൊച്ചുമറിയാമ്മ:(പേരു മനസിലായില്ലെങ്കിലും) ഹഹ..നല്ല പേര്, ആളെപ്പോലെ തന്നെ, ഉം..ഉം (പിന്നെ തിരിഞ്ഞ് തങ്കച്ചനോടും മേഴ്സിക്കുട്ടിയോടുമായി) ഇനി നിങ്ങള്‍ പേടിക്കണ്ട, നല്ല മണിമണീപോലത്തെ കൊച്ചന്മാരെ ഈ കൊച്ചുമറിയാമ്മച്ചേട്ടത്തി കൊണ്ടുവരും (പെണ്‍കുട്ടിക്ക് കാര്യം മനസിലാകുന്നു. അവള്‍ ഈര്‍ഷ്യയോടെ മുഖം തിരിക്കുന്നു. തങ്കച്ചനും മേഴ്സിക്കുട്ടിയും കൊച്ചുമറിയാമ്മച്ചേട്ടത്തിയും-ഇടക്കിടെ തിരിഞ്ഞ് നോക്കിക്കൊണ്ട്-ഡൈനിങ് റൂമിലേക്ക് പോകുമ്പോള്‍ സോഫയില്‍ കിടന്നിരുന്ന പയ്യനു ജീവന്‍ വെച്ച് എണീറ്റ് പെണ്‍ കുട്ടിക്കു നേരെ കുസൃതി ആംഗ്യം കാണിച്ചു കൊണ്ട്)
ടീനേജ് പയ്യന്‍:യൂ നോ വാട്ട് സൂസി ഓണ്ടീസ് ഫ്രന്‍റ് സെഡ്, ഷീ വില്‍ ബ്രിംഗ് സംബഡി ലൈക്ക് കിങ് കോങ് ഫോര്‍ യൂ, യൂ ആര്‍ ഫിനിഷ്ഡ് മൈ ഡിയര്‍ മെര്‍ളിന്‍ മണ്‍റോ…ഹഹഹ
(പെണ്‍കുട്ടി ഒരു കുഷന്‍ കൊണ്ട് പയ്യനെ എറിയുന്നു. കറന്‍റ് വരുന്നു. പയ്യന്‍ റിമോട്ടിനായി ചാടുന്നു. ടി വിയില്‍ ഇപ്പോള്‍ അസിന്‍ ഇല്ല. ഇന്‍റര്വ്യൂ കഴിഞ്ഞിരിക്കുന്നു)
ടീനേജ് പയ്യന്‍:(നിരാശനായി കുഷന്‍ കെട്ടിപ്പിടിച്ച് സോഫയിലേക്ക് വീണ്ടൂം മറിഞ്ഞ്)ഓ മൈ ഡാര്‍ളിങ് അസിന്‍, മിസ് യൂ.. ചേച്ചീ ഇതാണോ ദെയര്‍ ഗോഡ്സോണ്‍ കണ്ട്റി? ഒന്ന് ടീ വി കാണാന്‍ പോലും പറ്റത്തില്ല ഇവിടെ..

തുടരും

You May Also Like

ജിമെയിലില്‍ ഇമെയില്‍ ട്രാക്കിംഗ് & ഷെഡ്യൂളിങ്ങ്

ഒരു സുഹൃത്തിന് പിറന്നാളിനു ഇമെയില്‍ അയക്കണം എന്ന ലക്ഷ്യത്തോടെ ആണ് ജിമെയില്‍ തുറന്നത്. മറന്ന്‌ പോകാന്‍ സാധ്യത ഉള്ളത് കൊണ്ട് ഇമെയില്‍ ഷെഡ്യൂള്‍ ചെയ്തു വച്ചേക്കാം എന്ന് കരുതി ജിമെയില്‍ തുറന്നപ്പോള്‍ അതില്‍ ഷെഡ്യൂള്‍ കാണുന്നില്ല, ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ച് ഗുരുവായ ഗൂഗിളിനോട് ചോദിച്ചു അപ്പോള്‍ മൂപ്പര് കുറച്ച് വഴികള്‍ പറഞ്ഞ് തന്നു. അങ്ങനെ ഷെഡ്യൂളിങ്ങ് അന്വേഷിച്ച് ഇറങ്ങിയ എന്‍റെ കാലില്‍ തേടിയ വള്ളി മാത്രം അല്ല കൂടാതെ വേറെ ചില വള്ളികള്‍ കൂടി ചുറ്റി. ഷെഡ്യൂളിങ്ങ് അന്വേഷിച്ചു നടന്ന എനിക്ക് നമ്മള്‍ അയച്ച ഇമെയില്‍ ട്രാക്ക്‌ ചെയ്യുന്നുള്ള വഴിയും കിട്ടി എന്ന് സാരം, അവ ഇവിടെ പരിചയപ്പെടുത്തുന്നു.

ആസൈ ആസൈയായ് എന്ന തമിഴ് സിനിമയിലൂടെ നായികയായി അരങ്ങേറിയ പത്തനംത്തിട്ടക്കാരി

Sreejith Saju മലയാളികളാണെങ്കിലും അന്യഭാഷയില്‍ തുടക്കം കുറിച്ച അഭിനേതാക്കള്‍ അനവധിയാണ്. ആസൈ ആസൈയായ് എന്ന തമിഴ്…

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന സൂപ്പര്‍ സ്റ്റാര്‍

ദിവസങ്ങള്‍ക്ക് മുന്‍പാണ് ക്രിസ്റ്റ്യാനോ തനിക്ക് ലഭിച്ച ഗോള്‍ഡന്‍ ബൂട്ട് പലസ്തീനിലെ കുട്ടികള്‍ക്കായി ദാനം ചെയ്ത് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. അതുപോലെ മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നതിലും വന്ന വഴി മറക്കാത്ത ഒരാളാണ് ക്രിസ്റ്റ്യാനോ എന്ന നിസ്സംശയം പറയാം. കാരണം ക്രിസ്റ്റ്യാനോയുടെ ഇപ്പോഴത്തെ സൌഭാഗ്യങ്ങള്‍ക്കും അന്തസ്സിനും അദ്ദേഹം കടപ്പെട്ടിരിക്കുന്നത് അദേഹത്തിന്റെ പഴയ ചങ്ങാതിയായ ആല്‍ബര്‍ട്ട് ഫാന്ട്രുനോടാണ്.

വംശിയ അധിക്ഷേപങ്ങള്‍ ഭാരതീയ സംസ്കാരത്തില്‍

വംശങ്ങള്‍ ഉത്ഭവിച്ച കാലം മുതലേ വംശിയാധിക്ഷേപങ്ങളുമുണ്ട്. പക്ഷെ ഇന്നത്തെ കാലത്ത് ഈ പദം കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ തെളിയുന്നത് വെളുത്ത വര്‍ഗ്ഗകാര്‍ക്ക് കറുത്ത വര്‍ഗ്ഗകാരോടുള്ള വിദ്വാഷമാണ്. സത്യത്തില്‍ വെളുത്ത വര്‍ഗ്ഗകാര്‍ക്ക് മാത്രമുള്ള പ്രശ്‌നമാണോ ഈ വംശിയ അധിക്ഷേപങ്ങള്‍?ഒരിക്കലുമല്ല.. ഇതിന്റെ വേരുകള്‍ തേടി പോകുകയാണെങ്കില്‍ പേരുകേട്ടതും, ഏറ്റവും പൂരതനവുമായ നമ്മുടെ ഭാരതീയ സംസ്‌കാരത്തില്‍ പോലും വംശിയ വിദ്വേഷതിന്റെയും,അധിക്ഷേപങ്ങളുടെയും വ്യക്തമായ തെളിവുകള്‍ കാണുവാന്‍ സാധിക്കുന്നതാണ്…