Sanuj Suseelan
ബോഡി ഷെയ്മിങ് ക്രൂരമായ ഒരു വിനോദമാണ്. ശരീരത്തിന്റെ നിറം, ഭാരം, അംഗവൈകല്യം തുടങ്ങിയ പ്രത്യേകതകളുടെ പേരിൽ ഒരാളെ ആക്ഷേപിക്കുന്നത് അയാളിൽ എന്തൊരു മാനസിക സംഘർഷമാണ് സൃഷ്ടിക്കുന്നതെന്ന് അനുഭവിച്ചിട്ടുള്ളവർക്കേ നന്നായി മനസ്സിലാവൂ. ജനിതകവും ശാരീരികവുമായ പ്രത്യേകതകൾ കാരണം തടി വയ്ക്കുന്നവരുണ്ട്. അലക്ഷ്യമായ ജീവിതരീതി കാരണം തടി കൂടുന്നവരുണ്ട്. എന്തായാലും നല്ല വലിപ്പമുള്ള ശരീരമുള്ളവരിൽ തൊണ്ണൂറു ശതമാനവും ഇരട്ടപ്പേരുകളും അവരുടെ തടി വിഷയമായുള്ള തമാശകളും ഒക്കെ കേട്ട് വളർന്നവരാവും. അങ്ങനെയുള്ള രണ്ടു സ്ത്രീകൾ ഒരു പ്രത്യേക സാഹചര്യത്തിൽ ഒരുമിക്കുന്നതും തങ്ങളുടെ സ്വപ്നം വെട്ടിപ്പിടിക്കാൻ ഇറങ്ങിത്തിരിക്കുന്നതുമാണ് Double XL എന്ന ഈ സിനിമയിൽ അണിയറക്കാർ പറയാനുദ്ദേശിച്ച കഥ.
പക്ഷെ അത്തരമൊരു സിനിമയിൽ ഉണ്ടാവേണ്ട ഒരാവേശമോ കയ്യടിപ്പിക്കുന്ന മുഹൂർത്തങ്ങളോ ഒന്നുമില്ലാതെ വളരെ ഫ്ലാറ്റായിട്ടാണ് ഈ വിഷയം സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. മാത്രമല്ല ഇതിൽ എല്ലാം വളരെ സ്മൂത്തായിട്ടാണ് നടക്കുന്നത്. അവരുടെ ഒരു സ്ട്രഗിൾ ഒന്നും ( അങ്ങനെ ഒന്ന് ഈ സിനിമയിൽ ഇല്ല എന്നതും എടുത്തു പറയണം ) കാഴ്ചക്കാരന്റെ തൊലിപ്പുറത്തുപോലും സ്പർശിക്കില്ല. എന്നിട്ടും ഈ സിനിമ കാണാൻ കാരണം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹുമ ഖുറൈഷിയും സോനാക്ഷി സിൻഹയുമാണ്. അവർ രണ്ടും പതിവുപോലെ മനോഹരമായി അഭിനയിച്ചിട്ടുണ്ട്. അതുപോലെ തന്നെ അവരുടെ സുഹൃത്തുക്കളുടെ വേഷം ചെയ്ത സഹീർ ഇഖ്ബാലും മഹത് രാഘവേന്ദ്രയും. പ്രശസ്ത ക്രിക്കറ്റ് താരം കപിൽ ദേവും ഒരു പ്രധാന സീനിൽ വന്നുപോകുന്നുണ്ട്. ഇങ്ങനെ അല്ലറ ചില്ലറ സംഗതികൾ ഒഴിച്ചാൽ ഒരു വികാരവുമില്ലാത്ത ഒരു സിനിമ. നെറ്റ് ഫ്ലിക്സിൽ ഓടുന്നുണ്ട്. വേണമെങ്കിൽ കണ്ടു നോക്കാം.