സംസ്ഥാന സർക്കാർ കുട്ടികൾക്കായി നടപ്പാക്കാൻ പോകുന്ന ലൈംഗീക വിദ്യാഭ്യാസത്തെക്കുറിച്ച് ചില സംശയങ്ങളുണ്ട്

247

Geordie George

സംസ്ഥാന സർക്കാർ കുട്ടികൾക്കായി നടപ്പാക്കാൻ പോകുന്ന ലൈംഗീക വിദ്യാഭ്യാസത്തെ ഡോക്ടർമാർ ഉൾപ്പെടെയുള്ള പല സുഹൃത്തുക്കളും പ്രതീക്ഷയോടെയാണ് കാണുന്നത്. ഒരു eternal skeptic ന് ഇക്കാര്യത്തിലും ചില സംശയങ്ങൾ ഉണ്ട്.

“ലൈംഗികതയെപ്പറ്റി സമൂഹത്തില്‍ തെറ്റായ പല ധാരണകളും നിലനില്‍ക്കുന്നുണ്ടെന്നും ഇത് തിരുത്താന്‍ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും” മുഖ്യമന്ത്രി നിർദ്ദേശിച്ചതായി മാധ്യമങ്ങളിൽ നിന്ന് അറിയുന്നു. സംശയങ്ങൾ ഇവിടെ തുടങ്ങുന്നു.

  1. ആദ്യത്തെ ആശങ്ക, ലൈംഗീക വിദ്യാഭ്യാസം എന്ന് പറഞ്ഞു തുടങ്ങുന്നത് അവസാനം പ്രത്യുല്പാദന വിദ്യാഭ്യാസത്തിൽ ഒതുങ്ങിപ്പോകുമോ എന്നതാണ്. കേരളത്തിലെ പൊതുബോധത്തിലും പലപ്പോഴും വിദ്യാഭ്യാസ പ്രവർത്തകരുടെ ഇടയിൽപ്പോലും ലൈംഗീക വിദ്യാഭ്യാസം എന്ന് പറഞ്ഞാൽ പ്രത്യുൽപ്പാദനം എങ്ങനെ നടക്കുന്നു എന്നതിന്റെ വിവരണമാണ്. ഇവിടെ രണ്ടു പ്രധാന പ്രശ്നങ്ങൾ ഉണ്ട്.

a. പ്രത്യുത്പാദനം എങ്ങനെ നടക്കുന്നു എന്ന കാര്യത്തിൽ ഇവിടത്തെ കടുത്ത മതമൗലീകവാദികക്കുപോലും ഒരു വിപരീതാഭിപ്രായം ഇല്ല. അതായത് പുരുഷന്റെ ശുക്ലം, സ്ത്രീയുടെ അണ്ഡം, ഇവയുടെ കൂടിച്ചേരൽ, ഗർഭധാരണം, പ്രസവം ഇതൊക്കെ എല്ലാ സസ്തനികൾക്കും ഏതാണ് ഒരേ രീതിയിൽ തന്നെയാണ്. അതുമാത്രം പഠിപ്പിക്കാൻ ഒരു ലൈംഗീക വിദ്യാഭ്യാസത്തിന്റെ ആവശ്യമുണ്ടോ? പശുവിൻ്റെയും ആനയുടെയും പ്രത്യുൽപാദനത്തിന്റെ കൂടെ മനുഷ്യരുടേതും പഠിപ്പിച്ചാൽ പോരേ? ഇതു മാത്രം പഠിപ്പിച്ചതുകൊണ്ട് ലൈംഗീക കാര്യങ്ങളിൽ ഇന്ന് നിലവിലുള്ള ഏതെങ്കിലും തെറ്റിദ്ധാരണ മാറുമോ? സാധ്യത വളരെ കുറവാണ്.

b. മനുഷ്യന്റെ ലൈംഗീകതയെപ്പറ്റിയുള്ള വിദ്യാഭ്യാസം പ്രത്യുൽപാദനത്തിൽ ഊന്നിയുള്ളതായിരിക്കരുത്. ഒരു ജീവിതകാലത്തിൽ ആയിരക്കണക്കിന് പ്രാവശ്യം ലംഗീകബന്ധത്തിൽ ഏർപ്പെടുന്ന മനുഷ്യൻ ഇന്നത്തെ നിലയിൽ ഒന്നോ രണ്ടോ പ്രാവശ്യമേ പ്രത്യുൽപാദനം നടത്തുന്നുള്ളൂ. അതുകൊണ്ട് ലൈംഗീകതയെ പ്രത്യുൽപാദനത്തിൽ നിന്ന് മോചിപ്പിച്ച് മനുഷ്യർ ആസ്വദിക്കുന്ന ഒരു പ്രക്രിയയായി പഠിപ്പിക്കാൻ പോകുന്നുണ്ടോ? ഇതില്ലാതെയുള്ള ലൈംഗീക വിദ്യാഭാസംകൊണ്ട് എന്തു പ്രയോജനം?

c ഈ കാര്യങ്ങളിൽ ശാസ്ത്രീയ നിലപാടുകൾ കൃതമായി പകർന്നു കൊടുക്കാൻ സാധിക്കുന്നില്ല എങ്കിൽ, മത സാഹിത്യത്തിന്റെ വികലവീക്ഷണങ്ങളെ ശരിവയ്ക്കുന്ന തരത്തിലാവും സർക്കാരിന്റെ ലൈംഗീകവിദ്യാഭ്യാസവും. മതങ്ങളെ പിണക്കിക്കൊണ്ട് ലൈംഗീകതയെ സ്വതന്ത്രമായും ശാസ്ത്രീയമായും പഠിപ്പിക്കാൻ സർക്കാർ തയാറാകുമോ?

  1. ലൈംഗീകത വിവാഹബന്ധത്തിനുള്ളിൽ മാത്രമേ പാടുള്ളൂ എന്ന് നിയമമില്ല. വിവാഹേതരലൈംഗീകത നിയമവിധേയമായ രാജ്യമാണ് നമ്മുടേത്. എന്നാൽ നമ്മുടെ നാട്ടിൽ എല്ലാ ജാതിക്കാരും മതക്കാരും യോജിക്കുന്ന ഒരേയൊരു കാര്യമാണ് വിവാഹേതര ലൈംഗീകത നിഷിദ്ധമാണ് എന്നത്. സ്ത്രീയുടെ ഗർഭപാത്രത്തിന്റെ താക്കോൽ തങ്ങൾതന്നെ കൈവശം വയ്ക്കണം എന്ന് എല്ലാ ജാതിമത നേതാക്കൾക്കും നിർബന്ധമാണ്.

a. സർക്കാർ നടപ്പാക്കുന്ന ലൈംഗീക വിദ്യാഭ്യാസത്തിൽ എന്താവും നിലപാട്? വ്യക്തികൾക്ക് ഈ നാട്ടിലെ നിയമങ്ങൾ അനുവദിക്കുന്ന ലൈംഗീക സ്വാതന്ത്ര്യത്തെപ്പറ്റി കൃത്യമായി പഠിപ്പിക്കുമോ? അതോ മതങ്ങളെ പ്രീതിപ്പെടുത്താൻ ഇക്കാര്യത്തിലും മൗനം പാലിക്കുമോ?

b. ഗർഭനിരോധനം, ഗർഭധാരണം, അബോർഷൻ തുടങ്ങിയ കാര്യങ്ങളിൽ സ്ത്രീകൾക്കുള്ള അവകാശങ്ങളെപ്പറ്റി കൃത്യമായ വിവരങ്ങൾ കൈമാറുമോ? അതോ മതങ്ങളുടെ പാപ-പുണ്യ സങ്കൽപ്പങ്ങളെ അലോസരപ്പെടുത്താതിരിക്കാൻ അതിലും വെള്ളം ചേർക്കുമോ?

  1. മൂന്നാമത്തെ പ്രശ്നം അല്പം കൂടി സങ്കീർണ്ണമാണ്. ലൈംഗീകത = പ്രതുൽപാദനത്തിന്റെ ബയോളജി എന്ന് നിർവചിക്കുമ്പോൾ ലൈംഗീകത എന്നാൽ സ്ത്രീയും പുരുഷനും തമ്മിൽ മാത്രം നടക്കുന്ന പ്രക്രിയ എന്ന ആശയമാവും പഠിപ്പിക്കുക.

a. ലൈംഗീകബന്ധത്തിൽ ഏർപ്പെടുന്നവർ പുരുഷനും സ്ത്രീയും ആയിരിക്കണം എന്ന് ഒരു നിർബന്ധവുമില്ല. നിയമപരമായിത്തന്നെ ഏത് രണ്ട് വ്യക്തികൾക്കും ലൈംഗീകബന്ധത്തിൽ ഏർപ്പെടാം. ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് സർക്കാർ പാഠ്യപദ്ധതിയിൽ ഉണ്ടാവുമോ? സ്ത്രീ-പുരുഷ ബൈനറിയിൽ നിന്ന് വിമുക്തമായിരിക്കുമോ സർക്കാർ പാഠ്യപദ്ധതി?

b. ജനസംഖ്യയിൽ വളരെ വലിയൊരു വിഭാഗം ആസ്വദിക്കുന്ന ലൈംഗീകത സ്വയംഭോഗമാണ്. ഇതിനെപ്പറ്റി സർക്കാർ എന്തുപറയും എന്നറിയാൻ താല്പര്യമുണ്ട്. ആധുനീക വൈദ്യശാസ്ത്രം പറയുന്ന നിലപാടുകൾക്കനുസരിച്ച് സ്വാഭാവികവും ആരോഗ്യകരവുമായ പ്രക്രിയയാണെന്നു പഠിപ്പിക്കുമോ? അതോ മതസദാചാരത്തിനു് കീഴടങ്ങി ഈ വിഷയത്തിൽ മൗനം പാലിക്കുമോ?

c മുകളിൽ പറഞ്ഞവ കൂടാതെ മറ്റനേകം അന്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും ജാതി-മത വിശ്വാസങ്ങളും ആചാരവുമായി ബന്ധപ്പെട്ട് നമുക്കിടയിലുണ്ട്. ആദ്യമായി ഋതുമതിയാവുന്ന പെൺകുട്ടിയെ കോലം കെട്ടിക്കുന്ന ആഘോഷം മുതൽ ആർത്തവവും ഗർഭവും സ്ഖലനവും തുടങ്ങി ലൈംഗീകതയുമായി ബന്ധപ്പെട്ട കാര്യങ്ങളിലുള്ള അന്ധവിശ്വാസങ്ങൾക്ക് അവസാനമില്ല.

ഇക്കാര്യത്തിൽ പൂർണമായും ശാസ്ത്രത്തിനൊപ്പം നിൽക്കുന്ന നിലപാട് സർക്കാർ എടുക്കുമോ?

നമ്മുടെ നാട്ടിലെ ഇന്നത്തെ പരിതഃസ്ഥിതിയിൽ ലൈഗീകവിദ്യാഭ്യാസം എന്നാൽ ഒരൽപം ബയോളജി എന്നതിലപ്പുറം പലതുമാണ്. ആയിരിക്കണം.

പ്രത്യുൽപ്പാദനത്തിനപ്പുറമുള്ള ലൈംഗീകതയെല്ലാം മ്ലേച്ഛമായ കാമം മാത്രമാണെന്ന ലൈനിൽ സർക്കാർ ലൈംഗീക വിദ്യാഭ്യാസം നടത്തിയാൽ അതീ തലമുറയോട് ചെയ്യുന്ന നൂറ്റാണ്ടിന്റെ അനീതി ആയിരിക്കും. സ്ത്രീപുരുഷ സംയോഗത്തിനപ്പുറമുള്ള ലൈംഗീകത എന്നാൽ വ്യതിയാനങ്ങളോ വൈകൃതങ്ങളോ ആണെന്ന ധാരണ പരത്തുന്ന വിദ്യാഭ്യാസം വലിയോരു ദുരന്തമായിരിക്കും.

ശാസ്ത്രത്തിൽ മാത്രം ഊന്നിയ നിലപാടെടുക്കാൻ ഈ സർക്കാർ തയാറാവുമോ എന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുന്നു.