എയിഡ്സ് വൈറസ് ഒരാളുടെ ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞു ഏതാണ്ട് ഒന്നോ രണ്ടോ മാസം കഴിയുമ്പോള്‍ തന്നെ അയാള്‍ക്ക് ഫ്ലൂ ബാധ പോലെയുള്ള ലക്ഷണങ്ങള്‍ ഉണ്ടാവുക പതിവാണ്. ചിലപ്പോള്‍ ഒരു ലക്ഷണങ്ങളും വര്‍ഷങ്ങളോളം വന്നില്ല എന്നും വരാം. രോഗമുള്ള പലര്‍ക്കും അതറിയാന്‍ കഴിയുകയില്ല. അപരിചിതരുമായി ഉറകള്‍ ഉപയോഗിക്കാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എയിഡ്സ് വരുവാനുള്ള സാധ്യത ഉണ്ടായി എന്ന് വന്നു വരാം.മറ്റു പലരീതിയിലും ഈ അസുഖം വരാം എങ്കിലും ഇതാണ് രോഗം വരുന്നതിന്റെ പ്രധാന കാരണം.
താഴെ പറയുന്ന ചില ലക്ഷണങ്ങള്‍ നോക്കുക.
പനി
ശരീരത്തില്‍ എച്.ഐ.വി അണുവിന്റെ ബാധ ഉണ്ടാവുമ്പോള്‍ പനി വരുന്നത് സാധാരണയാണ്. തളര്‍ച്ച, ലിംഫ് നോഡുകള്‍ വലുതാവുക, തൊണ്ടയില്‍ അസ്വസ്ഥത അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവും. വൈറസ് ശരീരത്തില്‍ പടരുന്ന സമയം ആണ് ഇത്. അവയുടെ എണ്ണം ക്രമാതീതമായി ഈ കാലയളവില്‍ വര്‍ദ്ധിക്കുന്നു. നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങള്‍ നടത്തുന്ന വിഫല ശ്രമങ്ങളാണ് ഈ പനിയായും മറ്റും രോഗിക്ക് അനുഭവപ്പെടുന്നത്.
തളര്‍ച്ച
ശരീരത്തിലെ രോഗ പ്രതിരോധ പ്രക്രിയയുടെ പാര്‍ശ്വഫലമായി തളര്‍ച്ച ഉണ്ടാകുന്നു. ക്ഷീണവും തളര്‍ച്ചയും എയിഡ്സ് രോഗത്തിന്റെ ആദ്യകാലതും അവസാന കാലത്തും അനുഭവപ്പെടാം. വളരെ ആരോഗ്യമുള്ളവര്‍ക്ക് അപ്രതീക്ഷിതമായി തളര്‍ച്ച ശ്വാസം മുട്ടല്‍ തുടങ്ങിയ വിഷമതകള്‍ ഈ രോഗം മുഖേന വരുന്നതായിരിക്കും ചിലപ്പോള്‍ രോഗത്തിന്റെ ആദ്യ ലക്ഷണമായി അനുഭവപ്പെടുന്നത്.
വേദന അനുഭവപ്പെടുക
പേശികള്‍ക്ക് വേദന അനുഭവപ്പെടുക, ലിംഫ് നോഡുകള്‍ വലുതാവുക തുടങ്ങിയ ലക്ഷണങ്ങളും വളരെ സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങള്‍ ആണ്. മുട്ടുകള്‍ക്ക് വേദന വരുന്നതും വളരെ സാധാരണമാണ്. മനുഷ്യന്റെ ലിംഫ് നോഡുകള്‍ രോഗപ്രതിരോധ സംവിധാനത്തിന്റെ ഭാഗമാണ്. ശരീരത്തില്‍ അണുബാധകള്‍ ഉണ്ടാവുംപോഴാണ് അവ വലുതാവുന്നത്. തൊണ്ട വേദന, തല വേദന തുടങ്ങിയവയും അനുഭവപ്പെടും.
ചര്‍മ്മത്തില്‍ പാടുകള്‍ വരുക
എയിഡ്സ് രോഗത്തിന്റെ ആദ്യകാല ലക്ഷണങ്ങളില്‍ ഒന്നാണ് ഇത്. പിങ്ക് നിറത്തില്‍ ചൊറിച്ചില്‍ ഉണ്ടാക്കുന്ന തരത്തിലാവും ഇത് സാധാരണയായി വരുന്നത്. നോര്‍മ്മല്‍ ആയുള്ള ചികിത്സകള്‍ കൊണ്ട് ഇത് ചിലപ്പോള്‍ മാറി എന്ന് വരില്ല.
വയറിളക്കവും ശര്‍ദ്ദിയും
ഏതാണ്ട് മുപ്പതു ശതമാനം ആളുകള്‍ക്കും വയറിളക്കം, ശര്‍ദ്ദി തുടങ്ങിയ കാര്യങ്ങള്‍ എയിഡ്സ് രോഗത്തിന്റെ പ്രാരംഭ അവസ്ഥയില്‍ തന്നെ കാണുന്നു. എയിഡ്സ് രോഗത്തിന്റെ ചികിത്സ ചെയ്യുമ്പോഴും ഇത് കാണപ്പെടുന്നു. സാധാരയായി നടത്താറുള്ള ഒരു ചികിത്സകൊണ്ടും ഇത്തരത്തിലെ വയറിളക്കം ഭേദമാവില്ല.
ശരീരം ക്ഷീണിക്കുക
കഫം ഇല്ലാത്ത ചുമ
പലര്‍ക്കും ഇതായിരിക്കും ആദ്യ ലക്ഷണം. വല്ല അലര്‍ജിയോ മറ്റോ ആയിരിക്കാം ഇതെന്ന് ചിലപ്പോള്‍ രോഗി കരുതാം. പക്ഷെ ഇത് വര്‍ഷങ്ങളോളം തുടരാം. ആന്റി ബയോട്ടിക്കുകള്‍, ചുമക്കുള്ള സിറപ്പുകള്‍ തുടങ്ങിയവയൊന്നും ഇതിനു ശമനം വരുത്തില്ല.
ന്യുമോണിയ
സാധാരണയായി മനുഷ്യനെ ബാധിക്കാത്ത അണുക്കള്‍ ശ്വാസകോശത്തെ ബാധിക്കും. ന്യൂമോസിസ്ടി ന്യുമോണിയ ആണ് ഇതില്‍ പ്രധാനി. ഇതിനെ എയിഡ്സ് ന്യുമോണിയ എന്നും പറയും. ടോക്സോപ്ലാസ്മോസിസ്, ഹെര്‍പിസ് എന്നീ അണുക്കള്‍ തലച്ചോറില്‍ ബാധിക്കുന്നതും വളരെ സാധാരണം ആണ്. കാന്‍ഡിഡ എന്ന ഫംഗസിന്റെ ബാധ ശരീരത്തില്‍ ക്രമാതീതമായി ഉണ്ടാവുന്നതും വളരെ സാധാരണമാണ്.
രാത്രിയില്‍ വിയര്‍ക്കുക
രോഗ ബാധയുടെ ആദ്യ ഘട്ടങ്ങളില്‍ രാത്രിയില്‍ അമിതമായി വിയര്‍ക്കുന്നത് കാണാവുന്നതാണ്. രോഗത്തിന്റെ അവസാന കാലത്തും ഇതുണ്ടാവാം. അന്തരീക്ഷത്തിലെ ചൂട്, വ്യായാമം ഇവയ്കൊന്നും ഈ വിയര്‍ക്കലുമായി ഒരു തരത്തിലും ബന്ധം ഇല്ല. ഈ ലക്ഷണം അവഗണിക്കാന്‍ പ്രയാസമാണ്. രാത്രിയില്‍ ബെഡ് ശീട്ടും മറ്റും നനഞ്ഞു കുതിരുന്നത് കാണാം.
നഖങ്ങള്‍ക്ക് വരുന്ന വ്യതിയാനങ്ങള്‍
രോഗത്തിന്റെ അവസാന ഘട്ടത്തില്‍ നഖങ്ങളില്‍ വ്യതിയാനങ്ങള്‍ വന്നു തുടങ്ങും. ആകൃതിക്കുള്ള മാറ്റങ്ങള്‍, നഖങ്ങള്‍ വെടിച്ചു കീറുക, നഖങ്ങള്‍ക്ക് നിറ വ്യത്യാസമുണ്ടാവുക തുടങ്ങിയവ കണ്ട് വരുന്നു. ഫംഗസിന്റെ ബാധയുണ്ടാവുന്നതാണ് ഇതിന്റെ കാരണം. രോഗിയുടെ രോഗപ്രതിരോധ ശേഷി നശിക്കുന്നതാണ് കാരണം. വായിലും തൊണ്ടയിലും എല്ലാം ഇത്തരത്തില്‍ ഫംഗസ് ബാധയുണ്ടാവും.
കണ്‍ഫ്യൂഷന്‍
ഡിമെന്‍ഷ്യ പോലെ മനുഷ്യന്റെ ഓര്‍മ്മയെ ബാധിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ എയിഡ്സ് വരുന്നവരിലും ഉണ്ട്. ഓര്‍മ്മ ശക്തി കുറയ്കുന്ന ഈ അസുഖം എയിഡ്സ് സംബന്ധമായ ഓര്‍മ്മക്കുറവ് എന്നുതന്നെയാണ് അറിയപ്പെടുന്നത്. ഇവര്‍ക്ക് ഓര്‍മ്മക്കുറവ് ഉണ്ടാവുന്നതിനോടൊപ്പം സ്വഭാവത്തിലും വ്യതിയാനങ്ങള്‍ വരും. ശരീരത്തിന്റെ ചലനങ്ങളില്‍ മാറ്റങ്ങള്‍, തളര്‍ച്ച, നടക്കുവാനും എഴുതുവാനും ഉള്ള കഴിവ് നശിക്കുക തുടങ്ങിയ മാറ്റങ്ങളും സാധാരണമാണ്.
ഹെര്‍പ്പീസ് ബാധ
വായിലും ഗുഹ്യ ഭാഗങ്ങളിലും ഹെര്‍പ്പീസ് അണുബാധ വരുന്നത് എയിഡ്സ് രോഗത്തിന്റെ മറ്റൊരു ലക്ഷണം ആണ്. രോഗത്തിന്റെ തുടക്കത്തിലും അവസാന ഘട്ടത്തിലും ഇത് കണ്ടു വരുന്നു. ഗുഹ്യ ഭാഗങ്ങളിലുള്ള ഹെര്‍പ്പീസ് വൃണം ഉണ്ടാക്കുകയും അതുവഴി അണുക്കള്‍ പുറത്തേക്കു വരുകയും ചെയ്യും. ഇത്തരത്തില്‍ ഉള്ളവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എയിഡ്സ് പിടിപെടാന്‍ വളരെ എളുപ്പമാണ്. രോഗപതിരോധ ശക്തി കുറഞ്ഞിരിക്കുന്നതിനാല്‍ എയിഡ്സ് ഉള്ളവരില്‍ വരുന്ന ഹെര്‍പ്പീസ് രോഗം കടുത്ത തരത്തില്‍ ഉള്ളതായിരിക്കും(എയിഡ്സ് ഇല്ലാത്തവരിലും ഈ രോഗം ഉണ്ടാവും).
ന്യൂറോപ്പതി
ഞരമ്പുകള്‍ക്ക് പെരുപ്പ് , കൈകാലുകള്‍ക്ക് ബലക്ഷയം തുടങ്ങിയ രോഗങ്ങള്‍ എയിഡ്സ് രോഗികളിലും കാണപ്പെടുന്നു. ചികിത്സിക്കാത്ത പ്രമേഹ രോഗികള്‍ക്ക് വരുന്ന ന്യൂറോപ്പതി പോലെയാണ് ഇവിടെയും രോഗത്തിന്റെ ലക്ഷണങ്ങള്‍. ഞരമ്പുകള്‍ക്കുവരുന്ന നാശം ആണ് ഇതിന്റെ കാരണം.
ആര്‍ത്തവ വ്യതിയാനങ്ങള്‍
സ്ത്രീകള്‍ക്ക് ആര്‍ത്തവ ചക്രത്തില്‍ മാറ്റങ്ങള്‍ എയിഡ്സ് കൊണ്ട് ഉണ്ടാവുന്നു. രക്തനഷ്ടം കുറയുക, ആര്‍ത്തവം വരുന്നതിന്റെ എണ്ണം കുറയുക തുടങ്ങിയവ സംഭവിക്കാം. ശരീരത്തിന്റെ തൂക്കം കുറയുന്നതുകൊണ്ടും, ആരോഗ്യം നശിക്കുന്നത് കൊണ്ടും ആണ് ഇങ്ങിനെ സംഭവിക്കുന്നത്. സ്ത്രീകളില്‍ എയിഡ്സ് മൂലം ആര്‍ത്തവം നേരത്തെ നിലച്ചു എന്നും വരാം.