ചില ഐഡന്റിറ്റി ക്രൈസിസുകൾ
Dr.Abdul sadiq
Psychiatrist
പലപ്പോഴും മാനസിക രോഗങ്ങൾ ശാരീരിക രോഗ ലക്ഷണമായിട്ടാവും ആദ്യം പ്രത്യേക്ഷപ്പെടുക. അങ്ങനെ വരുമ്പോൾ സൈക്യാട്രിസ്റ്റിന്റെയടുത്ത് രോഗി എത്താൻ കാലതാമസമെടുക്കും. കൂടാതെ മാനസിക രോഗത്തിന് ഡോക്ടറെ കാണിക്കാൻ മിക്കവാറും രോഗികൾ എതിർപ്പ് കാണിക്കുകയും ചെയ്യും. ശാരീരിക ലക്ഷണമായി മാനസികരോഗം കാണപ്പെടുകയും സൈക്യാട്രിസ്റ്റിനെ കാണിക്കാൻ രോഗി കൂട്ടാക്കാതിരിക്കുകയും ചെയ്യുമ്പോൾ ബന്ധുക്കൾ ലക്ഷണം പ്രകടമാകുന്ന ശരീരഭാഗത്തിന്റെ സ്പെഷ്യലിസ്റ്റാണെന്ന് കള്ളം പറഞ്ഞ് രോഗിയെ പരിശോധനക്ക് കൊണ്ട് വരാറുണ്ട്. ഇവിടെയാണ് ഒരു സൈക്യാട്രിസ്റ്റിന് അഭിനയിക്കാനുള്ള അനന്തസാധ്യതകൾ തുറന്നു കിട്ടുന്നത്. എത്തിക്കലി സ്പീകിംഗ്….കോവർട്ട് മെഡിക്കേഷനോ പ്രോക്സി മെഡിക്കേഷനോ അല്ലെങ്കിൽ അത്തരത്തിലുള്ള ഒരു സംഗതിയും അംഗീകരിക്കാൻ പാടുള്ളതല്ല. പക്ഷേ.. ചില വിട്ടു വീഴ്ചകൾ നമ്മൾ ചെയ്തു പോകും. ചില വേഷങ്ങളും ! അങ്ങനെ ഞാൻ ചെയ്ത ചില വേഷങ്ങളെക്കുറിച്ചും അതുണ്ടാക്കുന്ന ഐഡന്റിറ്റി ക്രൈസിസുമാണ് ഇനി പറയാൻ പോകുന്നത്.
ബീ പി ഡോക്ടർ 😜
ഒരു സകിസോഫ്രീനിയ അമ്മൂമ്മയെ അവരുടെ പേരമക്കൾ ബീ. പി യുടെ ഡോക്ടറാണ് ഞാനെന്ന് കള്ളം പറഞ്ഞ് പത്ത് വർഷത്തോളം എന്റെ പക്കൽ കൊണ്ട് വന്ന് സ്കിസോഫ്രീനിയക്ക് മരുന്ന് കഴിപ്പിച്ചു. പിന്നീട് അമ്മൂമ എങ്ങനെയോ അറിഞ്ഞു. ഞാൻ ബീ. പി യുടെ ഡോക്ടർ അല്ല എന്ന്. അത് അറിഞ്ഞേൽ പിന്നെ അവർ എന്നോട് വളരെ ലഘുവായ രീതിയിൽ ഒന്ന് വയലന്റായി.
“നിങ്ങൾ ബീ. പി യുടെ ഡോക്ടർ അല്ല.. അല്ലേ?”
ഒരിക്കൽ വന്നപ്പോൾ ഇരിക്കാൻ പോലും കൂട്ടാക്കാതെ അവർ എന്നോട് ആക്രോഷിച്ചു.
“അല്ലല്ലോ.. എന്ത് പറ്റി ?” അങ്കലാപ്പും ആശ്ചര്യവും ജാള്യതയും എല്ലാം ഒരുമിച്ച് മുഖത്ത് വരുത്തിക്കൊണ്ട് ഞാൻ ചോദിച്ചു.
“പിന്നെ നിങ്ങളെന്തിനാ…കഴിഞ്ഞ പത്തു വർഷം എന്നെകൊണ്ട് ബീ. പി. യുടെ മരുന്ന് കഴിപ്പിച്ചത്?
“അത് ഞാൻ… അത്… പിന്നെ ” ഞാൻ ബ ബ്ബ ബ്ബ അടിച്ചു. എല്ലാം നിങ്ങളുടെ പേരമക്കളുടെ തിരക്കഥയും സംവിധാനവു പ്രകാരമായിരുന്നുവെന്നും നിങ്ങളുടെ അസുഖമായ സ്കിസോഫ്രീനിയക്കുള്ള മരുന്ന് മാത്രമാണ് ഞാൻ നൽകിയിരുന്നതെന്നും അല്ലാതെ ബീ. പി ക്കുള്ളതല്ല എന്നുമൊക്കെ പറയണം എന്ന് തോന്നിയെങ്കിലും. ശബ്ദം പുറത്ത് വന്നില്ല. നല്ല ഗ്രിപ്പും ഡെപ്തും ഉള്ള റോളായിരുന്നെങ്കിലും ആ റോൾ കൂടുതൽ മുന്നോട്ടു പോയില്ല.
പാമ്പ് ഡോക്ടർ 😜
പാമ്പ് കടിച്ചതിന്റെ വിഷം ഇറക്കാൻ വേണ്ടി ഒരു ഓട്ടോറിക്ഷക്കാരൻ തന്റെ ഭാര്യയെ എന്നെ കാണിക്കാൻ കൊണ്ട് വന്നു. പാമ്പിന്റെ പല അവസ്ഥാന്തരവും സൈക്കോസിസുകളിൽ കണ്ടിട്ടുണ്ട്. പക്ഷേ.. പാമ്പ് വിഷം രക്തത്തിൽ കേറിയ ഒരു സൈക്കോസിസ് അവസ്ഥാന്തരം ഒരു രോഗിയിൽ ഇതാദ്യമാ. പാമ്പ് കടിച്ചത് ഏകദേശം ഒരു വർഷം മുമ്പായിരുന്നു. അന്ന് മെഡിക്കൽ കോളേജിൽ കാണിച്ചപ്പോൾ ഇരുപത്തിനാലു മണിക്കൂർ ഒബ്സെർവഷനിൽ വെച്ച് കുഴപ്പമില്ല എന്ന് പറഞ്ഞ് വീട്ടിലേക്ക് അയച്ചതായിരുന്നു. എന്നാൽ ഭാര്യക്ക് പിറ്റേ ദിവസം മുതൽ പാമ്പ് കടിച്ച വലതു തള്ളവിരലിൽ ചുട്ടു പൊള്ളുന്ന വേദനയും ശരീരം മൊത്തത്തിൽ തളർച്ചയും അനുഭവപ്പെട്ടു. അയാൾ നേരെ ഭാര്യയെ കോഴിക്കോട്ടെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിൽ കൊണ്ട് പോയി വീണ്ടും പരിശോധിപ്പിച്ചു. ഒരു കുഴപ്പവുമില്ല എന്ന് അവരും പറഞ്ഞു. പക്ഷേ വേദനക്കും തളർച്ചക്കും ഒരു മാറ്റാവുമുണ്ടായില്ല. രക്തത്തിൽ പാമ്പിന്റെ വിഷം കേറിയിട്ടുണ്ട് അതുകൊണ്ടാണ് വേദനും തളർച്ചയും എന്നാണ് രോഗി പറഞ്ഞു കൊണ്ടിരുന്നത്. പിന്നീടങ്ങോട്ട് അയാളുടെ ഓട്ടോറിക്ഷക്കും അയാൾക്കും റെസ്റ്റ് ഉണ്ടായിട്ടില്ല. എന്നും രാവിലെ ഓട്ടോയിൽ അയാൾ ഭാര്യയേയും കൊണ്ട് പാമ്പ് വിഷം ഇറക്കാനുള്ള ചികിത്സക്കുള്ള നേട്ടോട്ടമായിരുന്നു. ഏറ്റവും ഒടുവിൽ ആരോ പറഞ്ഞാണ് അവർ എന്നെ കാണിക്കാൻ വരുന്നത്.
‘രക്തത്തിൽ പാമ്പിന്റെ വിഷം കലർന്നിട്ടുണ്ട് ‘
എന്ന ഒരു സൊമാറ്റിക് ഡെലുഷണൽ ബിലീഫ് ആയിരുന്നു ഓട്ടോറിക്ഷക്കാരന്റെ ഭാര്യക്ക് ( ഡെല്യൂഷനും സൊമറ്റിക് ഡെല്യൂഷനുമൊക്കെ വേണ്ടവർക്ക് ഗൂഗിൾ ചെയ്യാം). മരുന്ന് കഴിച്ചപ്പോൾ ഡെല്യൂഷനൊക്കെ പോയി. അതോടെ പെരുവിരലിന്റെ വേദനയും ശരീരത്തിന്റെ തളർച്ചയും പൂർണ്ണമായും മാറിപ്പോയി. രണ്ട് മൂന്ന് മാസം മരുന്ന് കഴിച്ച് ലക്ഷണങ്ങൾ പാടെ കുറഞ്ഞപ്പോൾ രോഗി മരുന്ന് നിർത്തി. എന്നോട് ചോദിക്കുകയോ പറയുകയോ ഒന്നും ചെയ്തില്ല.
ഒരു ദിവസം ഓട്ടോറിക്ഷാക്കാരൻ ഓട്ടോയുടെ കിക്കറ് വലിക്കുന്ന വേഗത്തിൽ എന്റെ പരിശോധനമുറിയിലേക്ക് ഒറ്റക്ക് ഓടിക്കേറി വന്നു.
“ഡോക്ടറേ സംഗതി പ്രശ്നായി. സൈക്യാട്രിസ്റ്റിനെയാണ് കാണിക്കുന്നത് എന്ന് അവൾക്ക് അറിയില്ലായിരുന്നു. പാമ്പിന്റെ ഡോക്ടർ ആണെന്നാണല്ലോ നമ്മൾ അവളോട് പറഞ്ഞിരുന്നത്. ഇപ്പൊ ആരോ പറഞ്ഞ് സംഗതി പൊളിഞ്ഞു. അതുകൊണ്ട് അവൾ ചോദിക്കുമ്പോൾ ഡോക്ടർ പാമ്പിന്റെ ഡോക്ടർ ആണെന്ന് സമ്മതിച്ചു കൊടുത്തേക്കണേ. ഇല്ലെങ്കിൽ നമുക്ക് രണ്ടു പേർക്കും ഓടാനുള്ള വഴി നോക്കി വെക്കുന്നതാണ് നല്ലത് ”
എങ്ങോട്ട് ഓടാനാണ്. അങ്ങനെ ഓടിയാൽ എത്ര വരെ ഓടും. അതുകൊണ്ട് ഞാൻ ചിലതൊക്കെ മനസ്സിൽ ഗണിച്ചു വെച്ചു. നിങ്ങൾ എന്തിന്റെ ഡോക്ടർ ആണെന്ന് രോഗി ചോദിച്ചപ്പോൾ
“ഞാൻ പാമ്പിന്റെ ഡോക്ടർ ആണ് ” എന്ന് നെഞ്ച് നിവർത്തി പറഞ്ഞു. എല്ലാം ശുഭകരമായി പര്യവസാനിച്ചു. അതുകൊണ്ട് ആ റോൾ ഇപ്പോളും അഭിനയിച്ചു കൊണ്ടിരിക്കുന്നു.
മൂലക്കുരു സ്‌പെഷ്യലിസ്റ്റ് 😜
മാനസിക രോഗത്തിന്റെ ഭാഗമായി മൂലക്കുരുവിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച ഒരു രോഗിയുടെ ബന്ധു ഫോണിൽ എന്നെ വിളിക്കുന്നു.
“മൂലക്കുരുവിന്റെ ഡോക്ടർ പറഞ്ഞത് അവന് മൂലക്കുരുവൊന്നുമില്ല…നിങ്ങൾ പോയി ഒരു സൈക്യാട്രിസ്റ്റിനെ കാണിച്ചാൽ മതിയെന്ന്. പക്ഷേ…. ആള് സൈക്യാട്രിസ്റ്റിനെ കാണിക്കാൻ എന്ന് പറഞ്ഞിട്ട് വരുന്നില്ല. കൊണ്ട് വരാൻ വേറെ എന്തെങ്കിലും ടെക്നിക്ക് ഉണ്ടോ”
“നിങ്ങൾ നിങ്ങളുടേതായ എന്തെങ്കിലും ഐഡിയ പ്രയോഗിച്ചു കൊണ്ട് വരൂ ”
“അത് നടക്കുമെന്ന് തോന്നുന്നില്ല ”
“എങ്കിൽ ബലപ്രയോഗം വേണ്ടി വരും”
“ആള് കുറച്ച് ഹെവി ആണ്. ബലപ്രയോഗം റിസ്ക്കാണ്. വേറെ എന്തെങ്കിലും ടെക്നിക് ”
“ഞാൻ മൂലക്കുരുവിന്റെ ഡോക്ടർ ആണെന്ന് പറഞ്ഞോളൂ “.
ഈ റോൾ ഇപ്പോളും വളരെ നന്നായിട്ട് പോകുന്നുണ്ട്. രോഗിയുടെ ഭാഗത്ത് നിന്ന് നല്ല കോപ്പറേഷൻ ഉണ്ട്. അവൻ നല്ല സന്തോഷത്തിലുമാണ്. മൂലക്കുരു രോഗത്തിന് മാനസിക രോഗത്തേക്കാളും സ്റ്റിഗമ ഉണ്ടെന്ന് അതോടെ എനിക്ക് മനസ്സിലായി.
ഇങ്ങനെ കുറേ കാലമായി പലതിന്റെയും ഡോക്ടറായി വേഷം കെട്ടുന്നു. ഇപ്പോൾ എനിക്ക് തന്നെ സംശയം ഞാൻ എന്തിന്റെ ഡോക്ടർ ആണെന്ന്. ബീ പി യുടെ യാണോ… പാമ്പിന്റെയാണോ… പൈൽസിന്റെയാണോ അതോ മറ്റു വല്ലതിന്റെയമാണോ എന്ന്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി സപ്ലൈ ഓഫിസർ, വില്ലേജ് ഓഫീസർ, താഹസിൽദാർ അങ്ങനെയുള്ള നമുക്ക് ഒരു ഗന്ധവുമില്ലാത്ത റോളും അഭിനയിക്കാൻ കിട്ടാറുണ്ട്. രോഗിയുടെ കുടുംബങ്ങങ്ങൾ നൽകുന്ന ഏത് റോളും തന്മയത്തത്തോടെ അഭിനയിച്ചു കൊടുക്കുക.
അത് മാത്രമേ ഞാൻ ഇപ്പോൾ ചിന്തിക്കുന്നുള്ളൂ.
ഇനി നിങ്ങൾ നിങ്ങൾ പറയൂ
“എനിക്ക് എന്തേലും കുഴപ്പണ്ടോ?”