നീതിയെ ഉയര്‍ത്തിപ്പിടിക്കുകയാണ് സുപ്രീംകോടതിയുടെ പണി, അല്ലാതെ അനീതിയെ അരക്കിട്ടുറപ്പിക്കാന്‍ അനുരഞ്ജനിത്തിനിറങ്ങുകയല്ല

216

Dr. Abdussalam Ahmed എഴുതുന്നു

സുപ്രീംകോടതിയും കുടുംബകോടതിയും തമ്മില്‍ വ്യത്യാസമുണ്ട് എന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ ശാഹീന്‍ ബാഗ് സമരക്കാരുമായി ഒത്തുതീര്‍പ്പിന് മധ്യസ്ഥന്മാരെ നിയോഗിച്ചതോടെ, പിണങ്ങി കഴിയുന്ന ഭാര്യാഭര്‍ത്താകന്മാര്‍ക്കിടയില്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്ന കുടുംബകോടതിയില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല സുപ്രീകോടതി എന്ന് വ്യക്തമായി. ബാബരി മസ്ജിദ് കേസില്‍ നടന്ന അതേ അണിയറ നാടകങ്ങളാണ് നടക്കുന്നത്. ആദ്യം മധ്യസ്ഥ ശ്രമം, പിന്നെ ഏകപക്ഷീയമായ വിധി. ആര്‍ജ്ജവത്തോടെയും നിഷ്പക്ഷമായും വിധി പറയുന്ന സ്വതന്ത്ര കോടതി എന്ന് ഒരു കാലത്ത് ലോകത്ത് മുഴുവന്‍ പേരെടുത്ത നമ്മുടെ സുപ്രീംകോടതി ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഇന്ദിരാഗാന്ധിയുള്‍പ്പെടെയുള്ള ഭരണാധികാരികള്‍ക്കെതിരെ അത് പലപ്പോഴും നട്ടെല്ല് നിവർത്തി വിധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നത്‌ ഭരണാധികാരികള്‍ക്കുമുമ്പില്‍ മുട്ടുവിറക്കുകയും ഭരണകൂടത്തിന് ദല്ലാള്‍പണി നടത്തുകയും ചെയ്യുന്ന സംവിധാനമായി.

നീതിയെ ഉയര്‍ത്തിപ്പിടിക്കുകയാണ് സുപ്രീംകോടതിയുടെ പണി, അല്ലാതെ അനീതിയെ അരക്കിട്ടുറപ്പിക്കാന്‍ അനുരഞ്ജനിത്തിനിറങ്ങുകയല്ല. അനുരഞ്ജനത്തിന് അത്ര വലിയ താല്‍പര്യമുണ്ടെങ്കില്‍ അമിത്ഷായുടെ അടുത്തേക്ക് രണ്ട് മധ്യസ്ഥന്മാരെ വിട്ടുകൂടെ? വേട്ടക്കാരെ വിട്ട് ഇരകളോട് അനുരഞ്ജനം പറഞ്ഞു ചെല്ലുന്നവര്‍ വേട്ടക്കാരോടൊപ്പമാണ് എന്നതിന് വേറെ തെളിവ് വേണോ? രാജ്യത്തെ 20 കോടി പൗരന്മാരെ ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയുന്നതല്ല,ശാഹീന്‍ബാഗിലെ ഗതാഗതം മുടങ്ങുതാണ് സുപ്രീംകോടതിയുടെ വിഷമം. സമരത്തെ മൂലക്കാക്കി മുന്നോട്ട് പോകാമെന്ന് കരുതേണ്ട. ശാഹീന്‍ബാഗിലെ ഒരു റോഡല്ല, ഡല്‍ഹി മുഴുവന്‍ സ്തംഭിക്കുന്ന സമരമാണ് വരാന്‍ പോകുന്നത്. അപ്പോള്‍ മധ്യസ്ഥന്മാര്‍ വേട്ടക്കാരോട് പോയി അനുരഞ്ജനം നടത്തേണ്ടിവരും.

Advertisements