രാജനും ഭാര്യക്കും ഉണ്ടായ ദാരുണാന്ത്യം വിരൽ ചൂണ്ടുന്നത് മുതലാളിത്ത വാഴ്ചയുടെ മറ്റൊരു മുഖം

  0
  100

  Dr. Anuja Joseph
  Trivandrum.

  “സാറെ നിങ്ങൾ എല്ലാവരും കൂടെയാണ് എന്റെ അച്ഛനെ കൊന്നത്, ഇനി അമ്മയും കൂടെ ആണ് ഉള്ളത് “ആ അമ്മയും ആ കുട്ടികളെ വിട്ടു പോയി.തിരുവനന്തപുരം നെല്ലിമൂട് ഭാഗത്തു 47വയസ്സുള്ള രാജന്റെയും ഭാര്യ അമ്പിളിയുടെയും ദാരുണ മരണം വീഡിയോ ആയിട്ടു പലരും ഇതിനോടകം കണ്ടു കഴിഞ്ഞു. വസ്തു തർക്കവും കുടിയൊഴിപ്പിക്കലും അവസാനിച്ചത് രാജന്റെയും അമ്പിളിയുടെയും മരണത്തിലായിരുന്നു വെന്നതാണ് ദുഃഖംകരം. വീട്ടിൽ നിന്നും അവരെ ഒഴിപ്പിക്കാൻ എത്തിയ മേലധികാരികൾ ഒരല്പം വിവേകത്തോടെ കാര്യങ്ങളെ സമീപിച്ചിരുന്നെങ്കിൽ നമുക്ക് രണ്ടു ജീവൻ നഷ്‌ടപ്പെടില്ലായിരുന്നു. രണ്ടു കുട്ടികൾ അനാഥർ ആകില്ലായിരുന്നു.

  Image may contain: 4 peopleചോറ് കഴിക്കുന്നതിനിടയിൽ വീട്ടിലേക്കു കടന്നു വന്ന അധികാരികൾ ബലപ്രയോഗം നടത്തി രാജനെ പുറത്തേക്കു കൊണ്ടു വരുകയും തങ്ങൾക്ക് കുറച്ചു കൂടെ സാവകാശം നൽകണമെന്ന അപേക്ഷ പോലും തള്ളിക്കളഞ്ഞവർക്ക് മുന്നിൽ ഗത്യന്തരമില്ലാതെ ഭാര്യയുടെ മേലും തന്റെ മേലും പെട്രോൾ ഒഴിക്കുകയും തുടർന്നു പോലീസിന്റെ ഇടപെടലിൽ തീ പടർന്നു പിടിക്കുകയും രാജനും ഭാര്യയും മരണപ്പെടുകയും ചെയ്തു.

  പ്രസ്തുത സംഭവത്തിൽ, തങ്ങളുടെ പപ്പയെയും അമ്മയെയും കണ്മുന്നിൽ നിമിഷനേരത്തിനുള്ളിൽ നഷ്‌ടപ്പെട്ട രണ്ടു കുട്ടികളുടെ സങ്കടത്തിനു എന്തു പകരം വയ്ക്കാനാകും.അവരുടെ മാനസിക നില പോലും കണ്ടു നിൽക്കാനാകുന്നില്ല. എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. ബാലവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മിഷനും ഉൾപ്പെടെ മേലധികാരികൾ എല്ലാം ഈ കുഞ്ഞുങ്ങൾക്ക് വേണ്ടി നടപടികൾ എടുക്കുമെന്ന് കരുതുന്നു, അപ്പന്റെയും അമ്മയുടെയും വേർപാട് ആ കുഞ്ഞുങ്ങളെ എത്ര മേൽ തളർത്തിയിട്ടുണ്ടാകുമെന്നത് ഊഹിക്കാവുന്നതേ ഉള്ളു.

  സമൂഹമാധ്യമങ്ങളിലെ നമ്മുടെ വാക്കുകൾ ഒന്നു കൊണ്ടും ആ കുഞ്ഞുങ്ങളുടെ വേദനക്ക് പകരമാകില്ല. കഴിയുന്നവർ ആ കുഞ്ഞുങ്ങളുടെ അടുക്കലേക്കു എത്തിച്ചേരുക (Trivandrum, Nellimmoodu),അവർക്ക് ആശ്വാസമാകാൻ കഴിഞ്ഞാൽ അത്രയും നല്ലത്, അവരുടെ ഇപ്പോഴത്തെ മാനസിക അവസ്ഥയിൽ ദയവു ചെയ്തു പോലീസിന്റെ സാന്നിധ്യം ഒഴിവാക്കാനെങ്കിലും അധികാരികൾ ശ്രദ്ധിക്കു. ആ കുട്ടികൾക്ക് സംരക്ഷണം ഉറപ്പ് വരുത്തുക. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ തക്ക നടപടികൾ ഉണ്ടാകണം.

  മറ്റുള്ളവർക്ക് മുന്നിൽ അപഹാസ്യനായി വീട്ടിൽ നിന്നും ഇറങ്ങി പോരേണ്ടുന്നവന്റെ മനസ്സു കാഴ്ചക്കാർക്കും ആക്രോശം നടത്തിയവർക്കും മനസ്സിലായില്ല , രാജനും ഭാര്യക്കും ഉണ്ടായ ദാരുണാന്ത്യം വിരൽ ചൂണ്ടുന്നത് മുതലാളിത്ത വാഴ്ചയുടെ മറ്റൊരു മുഖം, ആവർത്തിക്കാതിരിക്കട്ടെ ഇത്തരം സംഭവങ്ങൾ. ആറടി മണ്ണിനവകാശമെങ്കിലും നല്കരുതോ, നിങ്ങൾ എന്റെ പപ്പയെ കൊന്നു, അടക്കാനും സമ്മതിക്കില്ലെയെന്നു ആ കുഞ്ഞു ചോദിക്കുമ്പോൾ തകരുന്നത് സാക്ഷര കേരളത്തിന്റെ മുഖമാണെന്നതു മറന്നു കൂടാ.

  **

  Sudha Menon

  കേരളം ലോകോത്തര മോഡൽ ഒന്നും ആയില്ലെങ്കിലും സാരമില്ല, അത്യാവശ്യം മനുഷ്യത്വവും, കോമൺസെൻസും, കരുണയും, ഉത്തരവാദിത്വ ബോധവും ഉള്ള പോലീസും, ഉദ്യോഗസ്ഥരും, അധികാരികളും എങ്കിലും ഉണ്ടായാൽ മതിയായിരുന്നു. ആ കുട്ടി വിരൽ ചൂണ്ടുന്നത് നമ്മൾ നിരന്തരം മേനി പറഞ്ഞുകൊണ്ടിരിക്കുന്ന സമത്വത്തിന്റെയും, സാമൂഹ്യനീതിയുടെയും, മാനവികതയുടെയും ‘റൊമാന്റിസൈസ്ഡ് ‘ വ്യാഖ്യാനങ്ങളുടെ കാപട്യങ്ങൾക്കു നേർക്കാണ്. മനുഷ്യർ വരുമാനമോ, ജോലിയോ ഇല്ലാതെ ജീവിക്കാൻ ബുദ്ധിമുട്ടുന്ന ഈ മഹാമാരിയുടെ കാലത്ത് തന്നെ മൂന്ന് സെന്റിന്റെ കേസുകൾ അത്യധികം ആവേശത്തോടെ, ചോറുണ്ണാൻ പോലും അനുവദിക്കാതെ ഏറ്റെടുക്കുന്ന പോലീസ് എന്ത് തരം കേരളത്തെയാണ് പ്രതിനിധീകരിക്കുന്നത്? ജിഷ്ണു പ്രണോയിയുടെ അമ്മയോട് മോശമായി പെരുമാറിയതും ഇതേ പോലീസ് ആയിരുന്നു.
  Image may contain: 1 personഅൻവറിനെയും, തോമസ് ചാണ്ടിയെയും അതുപോലുള്ള വൻകിട കയ്യേറ്റക്കാരെയും അവർ ഒരിക്കലും വലിച്ചിഴക്കുകയോ, അവരുടെ മക്കളുടെ മുഖത്ത് നോക്കി ‘ഡാ നിർത്തെടാ’ എന്ന് ആക്രോശിക്കുകയോ ചെയ്യില്ല. പ്രിവിലേജുകൾ ഇല്ലാത്ത സാധുക്കളോടു എപ്പോഴും അധികാരത്തിന്റെ ഭാഷ ഇങ്ങനെതന്നെയാണ്. ഏതെങ്കിലും കുറച്ചു പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ദളിതരെയും, ഭൂരഹിതരെയും ജനപ്രതിനിധികൾ ആക്കി ആഘോഷിച്ചാൽ തീരുന്നതല്ല ആ അഹങ്കാരവും പുച്ഛവും. ഭൂമി കയ്യേറുന്ന മാഫിയകൾക്ക് എതിരെ നടപടി എടുക്കുമ്പോൾ പോലീസും ഭരണകൂടവും കാണിക്കുന്ന ശ്രദ്ധയും, ബഹുമാനവും, കാലതാമസവും ഒന്നും തന്നെ മൂന്ന് സെന്റിൽ താമസിക്കുന്ന രോഗികളായ സാധുക്കളുടെ കാര്യത്തിൽ ഉണ്ടാകാത്തത് അത്ര നിഷ്‌ക്കളങ്കം ഒന്നുമല്ല. കടുത്ത അനീതിയും, മനുഷ്യവിരുദ്ധവും ആണത്. പൊലീസിന് അല്പമെങ്കിലും കരുണയും നീതിബോധവും ഉണ്ടായിരുന്നെങ്കിൽ ഒഴിവാക്കാൻ പറ്റുമായിരുന്ന ഈ രണ്ടു മരണങ്ങൾ അതുകൊണ്ടു തന്നെ കൊലപാതകങ്ങൾ ആണ്, ആത്മഹത്യ അല്ല. ഇൻസ്റ്റിറ്റ്യുഷണൽ മർഡർ. അങ്ങനെതന്നെ നമ്മൾ പറയണം.
  ഏറ്റവും വേദന ഇത്തരം തിരിച്ചറിവുകൾ ഉണ്ടാകാൻ എപ്പോഴും ഓരോ ജീവൻ കുരുതി കൊടുക്കേണ്ടി വരികയും ആ ദുരന്തങ്ങളുടെ ഓർമയിൽ വിതുമ്പി ജീവിക്കാൻ കുഞ്ഞുങ്ങളുടെ ജീവിതം ബാക്കിയാവുകയും ചെയ്യുന്നു എന്നുള്ളതാണ്. ഇനി ഒരു ചർച്ച ഉണ്ടാവാൻ അടുത്ത ഒരു ദുരന്തം ഉണ്ടാകണം. ബാക്കിയെല്ലാം മാറ്റമില്ലാതെ തുടരും..