ആസാദ്
വന്നുവന്ന് പുരയിടത്തില് അതിക്രമിച്ചു കയറി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു മണ്ണെടുക്കാന് മാഫിയകള് ധൈര്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. തടയാന് ശ്രമിച്ച സ്ഥലമുടമയെ യന്ത്രംകൊണ്ട് അടിച്ചു കൊല്ലുന്നു. ഇത് തലസ്ഥാന ജില്ലയില് ഇന്നലെ സംഭവിച്ചതാണ്.ഒരു ദിവസം മുമ്പ് മണ്ണുമാഫിയ കോട്ടയത്ത് വിവരാവകാശ പ്രവര്ത്തകനായ മഹേഷ് വിജയനു നേരെ വധശ്രമം നടത്തിയതായി വാര്ത്തയുണ്ടായിരുന്നു. പൊലീസ് മാഫിയാ പക്ഷം ചേരുന്നതുപോലെ കുറ്റകരമായ അലംഭാവം കാണിക്കുന്നു. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ഇത്തരം സംഭവങ്ങള് നടക്കുന്നുണ്ട്.
മണ്ണു മാഫിയ, മണല് മാഫിയ, പാറ/ ക്വാറി മാഫിയ തുടങ്ങിയ സമൂഹ വിരുദ്ധ ശക്തികളെ അഴിച്ചു വിടുന്നതാരാണ്? ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന് അധികാരപ്പെട്ടവര് മാഫിയാതണലുകളില് വിശ്രമിക്കുകയാണോ?
നിയമമെല്ലാം നോക്കുകുത്തിയാക്കി പ്രകൃതി വിഭവങ്ങള് കൊള്ളയടിക്കുന്ന സംഘങ്ങള് പെരുകുകയാണ്. കുന്നുകളിടിക്കുന്നു. തീരങ്ങള് തകര്ക്കുന്നു. നദികളെ നശിപ്പിക്കുന്നു. വയലുകള് നികത്തുന്നു. സാമൂഹ്യസുരക്ഷ പൂര്ണമായും തകരുകയാണ്.കാട്ടാക്കടയിലെ കൊലപാതകം മണ്ണു മാഫിയ നടത്തിയതാണ്. അതിന് അരുനിന്നവരില് ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമുണ്ട്. ഭരണകൂടത്തിന് കുറ്റവാളിയുടെ മുഖമുണ്ട്. ഉത്തരം പറയാന് ജില്ലാ ഭരണകൂടത്തിനും സംസ്ഥാന സര്ക്കാറിനും ബാധ്യതയുണ്ട്.ഞെട്ടിപ്പിക്കുന്ന കടന്നുകയറ്റവും അക്രമവും കൊലപാതകവുമാണ് കാട്ടാക്കടയിലുണ്ടായത്. സംഗീത് എന്ന നാല്പ്പതുകാരനാണ് സ്വന്തം പുരയിടത്തില് കൊല്ലപ്പെട്ടത്. ജെ സി ബികൊണ്ട് ഇടിച്ചുകൊല്ലാമെന്ന് മാഫിയാ ധിക്കാരത്തിന്റെ തിമര്പ്പാണ് ആളിയത്. ഇത് അധികാരത്തിന്റെ പിന്ബലത്തിലുള്ള അതിക്രമമാണ്. വ്യക്തികള് നടത്തുന്ന അക്രമവും കൊലയുംപോലെയല്ല അധികാര വൃന്ദത്തിന്റെ പിന്ബലത്തിലുള്ള കൊലകള്.
സര്ക്കാര് ഇതിനു മറുപടി പറയണം. കയറൂരി വിട്ട് കയ്യേറ്റ – കൊള്ള മാഫിയകളെ തുണയ്ക്കുന്ന നയം തിരുത്തണം. ഓരോ ജില്ലയിലുമുള്ള അനധികൃത പ്രകൃതി വിഭവ കൊള്ളകള് തടയണം. കണ്ണടച്ചു കീശ വീര്പ്പിക്കുന്ന ഉദ്യോഗസ്ഥരെയും രാഷ്ട്രീയ ജനപ്രതിനിധി ദല്ലാള് സംഘങ്ങളെയും അമര്ച്ച ചെയ്യണം. അല്ലെങ്കില് ഈ കൊലക്കുറ്റം സര്ക്കാര് ഏറ്റെടുക്കണം.
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.